22 Sunday
December 2024
2024 December 22
1446 Joumada II 20

സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ –  അബ്ദുസ്സമദ് അണ്ടത്തോട്

കേരള മുഖ്യമന്ത്രി പിണറായിയുടെ ജാതിയാണ് ഇന്നു കേരളം ചര്‍ച്ച ചെയ്യുന്നത്. ഒരിക്കലും ആ ജാതി കേരള മുഖ്യമന്ത്രിയാകാന്‍ കൊള്ളില്ല എന്നാണ് പലരും പറഞ്ഞു വരുന്നത്. ഇന്ന ജാതിക്കു ഇന്നതെ ചെയ്യാവൂ എന്നത് നമ്മുടെ പൊതു ബോധത്തില്‍ അടിഞ്ഞു കൂടിയ മാലിന്യമാണ്. ജാതിയുടെ പാപഭാരം ഏല്‍ക്കേണ്ടി വന്നവരില്‍ പ്രമുഖനാണ് ഭരണഘടനാ ശില്പികളില്‍ ഒരാളായ അംബേദ്കര്‍ എന്നതും നാം കാണാതെ പോകരുത്. ജാതി ജനനത്തോടെ വന്നു ചേരുന്നതും മരണത്തോടെ മാത്രം അവസാനിക്കുന്നതുമാണ്. അതെ സമയം സമ്പത്തും ദാരിദ്ര്യവും വന്നു പൊയ്‌ക്കൊണ്ടിരിക്കും. അതൊരു താല്‍ക്കാലിക അവസ്ഥയാണ്. ഇന്നത്തെ സമ്പന്നന്‍ നാളെ ദരിദ്രനാവുക എന്നതും തിരിച്ചും ഒരു സാധാ സംഭവം മാത്രമാണ്.
ഇന്ത്യന്‍ ഭരണഘടന സംവരണത്തെ കുറിച്ച് സംസാരിക്കുന്നതു സാമ്പത്തിക അവസ്ഥകളെ പരിഗണിച്ചല്ല എന്നത് സുവ്യക്തമാണ്. പല കാരണങ്ങളാല്‍ അധികാരത്തില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വേറിട്ട് പോയവരെ തിരിച്ചു കൊണ്ട് വരിക എന്നതാണ് സംവരണത്തിന്റെ അടിസ്ഥാനമായി പറയുന്നത്. ജാതി സമ്പ്രദായം അതിന്റെ ഏറ്റവും മോശവും ശക്തവുമായ നിലയില്‍ നിലനിന്നിരുന്ന നാടാണ് നമ്മുടേത്. നമ്മുടെ നാട്ടില്‍ അധികാരമെല്ലാം സവര്‍ണ വിഭാഗം കയ്യടക്കിയിരുന്നു. അതിലേക്കു ചരിത്ര പരമായ കാരണങ്ങളാല്‍ പിറകോട്ടു പോയവരെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് ഭരണ ഘടന സംവരണം കൊണ്ട് ഉദ്ദേശിച്ചത്. ഇത്തരം ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന ബന്ധപ്പെട്ട മേഖലകളില്‍ ലഭിച്ചു എന്ന് വന്നാല്‍ അവസാനിപ്പിക്കേണ്ടതാണ് ഈ സംവരണം. നമ്മുടെ നാട്ടില്‍ ഇപ്പോഴത്തെ അവസ്ഥ വെച്ച് ആ രീതിയിലേക്ക് എത്തിപ്പെടാന്‍ ഇനിയും കാലങ്ങള്‍ വേണ്ടി വരും എന്നുറപ്പാണ്. സംവരണം കേവലം ജോലിക്കു മാത്രമല്ല വിദ്യാഭ്യാസത്തിലും അതുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട് നടപ്പാക്കിയതിനു ശേഷമാണ് നമ്മുടെ മുന്‍ നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി വന്നു തുടങ്ങിയത് എന്നത് മറ്റൊരു സത്യം.
പ്രജകളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതു ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിനു പരിഹാരം സംവരണമല്ല. പകരം സര്‍ക്കാര്‍ അതിനുതകുന്ന സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം. സാമ്പത്തിക സംവരണം എന്നത് തന്നെ ഭരണ ഘടന വിരുദ്ധമാണ് എന്നിരിക്കെ ഒരു ഭരണ ഘടന ഭേദഗതിയിലൂടെ മാത്രമേ അത് സാധ്യമാകൂ. അതിലപ്പുറം ഭരണ ഘടനയുടെ മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ക്കും എതിരാണ് എന്ന് വരികില്‍ അത്തരം ഒന്ന് നടപ്പാക്കാനുള്ള സാധ്യത വളരെ കുറവാണ്. സംവരണ കാര്യത്തില്‍ ആര്‍ എസ് എസ് പണ്ട് മുതലേ സ്വീകരിച്ച ഒരു നിലപാടുണ്ട്. അത് സാമ്പത്തിക സംവരണമാണ്. ജാതികള്‍ അത് പോലെ നില നില്‍ക്കണം എന്നതാണ് അവരുടെ നിലപാട്. അത് കൊണ്ടാണ് കേരള മുഖ്യമന്ത്രിയുടെ ജാതിയും തൊഴിലും അവര്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നത്. ചെത്തുകാരന്റെ മകന്‍ എന്നും ചെത്തിയാല്‍ മതി എന്നതും ആ നിലപാടിന്റെ പേരിലാണ്.
ജാതിയുടെയും മറ്റു പിന്നോക്കാവസ്ഥകളുടെയും പേരില്‍ സംഭവിച്ചു പോയ ദുരന്തങ്ങളെ മാറ്റിയെടുക്കുക എന്നതാണ് സംവരണ ലക്ഷ്യം. ജാതിയും മതവും ചോദിക്കാനും പറയാനും പാടില്ല എന്നിരിക്കെ തന്നെ നമ്മുടെ നാട്ടില്‍ എന്തും അതിന്റെ പേരിലാണ് വിലയിരുത്തുന്നത്. സത്യങ്ങളെ അംഗീകരിച്ചു കൊണ്ട് മാത്രമേ യഥാര്‍ത്ഥ പുരോഗതി സാധ്യമാകൂ. ആര്‍ എസ് എസിനും സി പി എമ്മിനും സംവരണ വിഷയത്തില്‍ ഒരേ ശബ്ദമായതു എന്ത് കൊണ്ടെന്നു പരിശോധിക്കണം.
സംഘപരിവാറും അവരുടെ സഹായികളും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ദേശീയതയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഈ മൂല്യങ്ങളുടെ അടിത്തറയില്‍ നാം സൃഷ്ടിച്ച ഭരണഘടനയും അതിന്റെ സ്തംഭങ്ങളായ ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷത എന്നീ ആശയങ്ങളും സംഘപരിവാറിനു യോജിക്കാനാവുന്ന കാര്യങ്ങളല്ല. അതുകൊണ്ട് ഭരണഘടനയേക്കാള്‍ തങ്ങള്‍ക്ക് വിശ്വാസങ്ങളെയും ആചാരങ്ങളെയുമാണ് ആശ്രയിക്കാനാവുന്നത് എന്ന് അവര്‍ നിരന്തരമായി പ്രഖ്യാപിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ വെള്ളത്തിലെ വരപോലെയായി. കാര്‍ഷിക ദുരിതം ലക്ഷണക്കിന് പേരുടെ ആത്മഹത്യയിലേക്ക് നയിച്ചു. നോട്ട് നിരോധനം, ജി എസ് ടി പോലുള്ള ഭ്രാന്തന്‍ പരിഷ്‌ക്കാരങ്ങള്‍ ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുകയും കോടികളെ വഴിയാധാരമാക്കുകയും ചെയ്തു.
(മോദിയെ ചോദ്യം ചെയ്യാന്‍  പോകുന്നത് കര്‍ഷകന്‍, മറിയം ദാവ്‌ലെ , സമകാലിക മലയാളം വാരിക, 2019 ജനുവരി 7)
Back to Top