30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

സംഘ്പരിവാര്‍ – പോലീസ് കണ്‍കെട്ടുകളി അവസാനിപ്പിക്കണം: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: സംഘ് പരിവാര്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് കേരളത്തിന്റെ മണ്ണില്‍ വേദിയൊരുക്കുന്ന നിയമപാലകരെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട് മിഠായിത്തെരുവില്‍ മുസ്‌ലിംകള്‍ക്കെതിരെ പരസ്യമായി കൊലവിളി നടത്തിയ സംഘ്പരിവാര്‍ ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ പൊലീസിന്റെ കണ്‍കെട്ടുകളി പ്രബുദ്ധ കേരളത്തിന് തീരാകളങ്കമാണ്.
കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുജാഹിദ് പ്രസ്ഥാനത്തെ അന്ധവിശ്വാസങ്ങളുടെയും ജീര്‍ണമായ യാഥാസ്ഥിതികതയുടെയും ആലയങ്ങളില്‍ കൊണ്ടുകെട്ടാന്‍ അനുവദിക്കില്ല. മാരണം, കൂടോത്രം, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളത്തിലെ മുസ്‌ലിംകള്‍ക്ക് നിര്‍ഭയത്വത്തിന്റെ സന്ദേശം നല്‍കിയ മുജാഹിദ് പ്രസ്ഥാനം ഐക്യത്തിന്റെ പേരില്‍ അത്തരം അന്ധവിശ്വാസങ്ങളെ അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ മുജാഹിദുകള്‍ക്കാവില്ല. മുജാഹിദ് ഐക്യകരാര്‍ വ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുകയും വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തവര്‍ തന്നെയാണ് ഐക്യം തകര്‍ത്തതെന്നിരിക്കെ, മര്‍ക്കസുദ്ദഅ്‌വ കെ എന്‍ എമ്മിന്റെ പേരില്‍ ദുരാരോപണം ഉന്നയിക്കുന്നത് വാദിയെ പ്രതിയാക്കുന്ന ഫാസിസ്റ്റ് കുതന്ത്രമാണ്. ഇസ്‌ലാഹീ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളും കേരളത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയും ഉള്‍ക്കൊണ്ടുകൊണ്ട് കര്‍മപദ്ധതികളുമായി മുന്നോട്ടുപോകാന്‍ ആരുടെയും അനുമതിപത്രം മുജാഹിദുകള്‍ക്കാവശ്യമില്ല.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍, അഡ്വ. എം മൊയ്തീന്‍ കുട്ടി, എം അഹ്മദ്  കുട്ടി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, അഡ്വ. പി കുഞ്ഞമ്മദ്, കെ പി സകരിയ്യ, ശംസുദ്ദീന്‍ പാലക്കോട്, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹ്മാന്‍, അബ്ദുസ്സലാം തൃശൂര്‍, എം എം ബഷീര്‍ മദനി, വി മുഹമ്മദ് സുല്ലമി, കെ എം സുബൈര്‍, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, ഖാസിം മദനി പുളിക്കല്‍, അബ്ദുസ്സലാം പുത്തൂര്‍, റുഖ്‌സാന വാഴക്കാട്, പാത്തൈകുട്ടി ടീച്ചര്‍, ഡോ. ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഹാസില്‍ മുട്ടില്‍ പ്രസംഗിച്ചു.
Back to Top