8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

സംഘപരിവാര്‍ അടിയന്തിരാവസ്ഥക്കെതിരെ ജനകീയ പ്രതിരോധം ഉയരണം – കെ എന്‍ എം

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: നരേന്ദ്രമോദി ഭരണത്തിന്‍ കീഴില്‍ സംഘപരിവാര്‍ രാജ്യത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കെതിരെ രാജ്യവ്യാപകമായ പ്രതിരോധം ഉയര്‍ന്നു വരണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ‘ലീഡേഴ്‌സ് കോണ്‍ക്ലേവ്’ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അകാരണമായി ജയിലിലടയ്ക്കുന്നത് ഭയപ്പെടുത്തി കാര്യങ്ങള്‍ സാധിക്കുകയെന്ന ഫാസിസ്റ്റ് ഭീകരതയാണ്. ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ അകാരണമായി ജയിലിലടച്ച സഞ്ജീവ് ഭട്ടിനെ വിട്ടയക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
റഫാല്‍ വിമാന ഇടപാടില്‍ രാജ്യത്തിന്റെ പ്രതിരോധ ഖജനാവ് കൊള്ളടയിക്കാന്‍ അംബാനിക്ക് വഴിതുറന്നു കൊടുക്കുകയും നോട്ട് നിരോധനത്തിലൂടെയും പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് രാജ്യത്തെ ജനങ്ങളെ പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം. അഴിമതിയും വര്‍ഗീയ ഫാസിസവും ആള്‍ക്കൂട്ട ഭീകരതയും വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കിയിട്ടും കുറ്റകരമായ മൗനം തുടരുന്ന ഇടത് കക്ഷികളുടെ നിലപാട് ആശങ്കാജനകമാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രചാരണങ്ങള്‍ക്ക് വിരുദ്ധമാണ് മുത്തലാഖ് എന്നിരിക്കെ അതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആരെങ്കിലും നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതിന് പരിഹാരം ചെയ്യാന്‍ നിയമം നിലവിലുണ്ടെന്നിരിക്കെ പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സിലൂടെ മുത്തലാഖ് ബില്‍ കൊണ്ടുവന്നത് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയെന്ന സംഘ് പരിവാര്‍ അജണ്ട മാത്രമാണ്. സാമ്പത്തിക തട്ടിപ്പുകാരെയും ലൈംഗിക കുറ്റവാളികളെയും മത സ്ഥാപനങ്ങളുടെയും മത സംഘടനകളുടെയും നേതൃത്വസ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വിശ്വാസികള്‍ ആര്‍ജവം കാണിക്കണമെന്ന് കെ എന്‍ എം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു. എ അബ്ദുല്‍അലി മദനി, ഡോ. കെ അബ്ദുറഹ്മാന്‍, പ്രഫ കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി അബ്ദുല്ലത്തീഫ്, എം അഹ്മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ഡോ. ഫുഖാര്‍ അലി, ഹാസില്‍ മുട്ടില്‍, സല്‍മ അന്‍വാരിയ്യ, ശുക്കൂര്‍ കോണിക്കല്‍, പി പി ഖാലിദ്, സുഹൈല്‍ സാബിര്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍ പ്രസംഗിച്ചു. അഡ്വ. എം മൊയ്തീന്‍കുട്ടി, കെ അബൂബക്കര്‍ മൗലവി, അഡ്വ. ഹനീഫ, അലി പത്തനാപുരം, അഡ്വ. കുഞ്ഞമ്മദ്, കെ എല്‍ പി ഹാരിസ്, എം എം ബശീര്‍ മദനി, ഖദീജ നര്‍ഗീസ്, യു പി യഹ്്‌യാഖാന്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ പ്രസീഡിയം നിയന്ത്രിച്ചു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x