1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഷഹീന്‍ബാഗിനെ മുതലെടുക്കുന്നവര്‍ – ഇജാസ് അഹമ്മദ് ഡല്‍ഹി

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അമിത്ഷാ പറഞ്ഞ വാക്കുണ്ട്: നിങ്ങള്‍ ദേഷ്യത്തോടെ വാട്ടിങ് മെഷീനില്‍ ബട്ടന്‍ അമര്‍ത്തി ഞെക്കിയാലേ ഷഹീന്‍ബാഗിനു കറന്റടിക്കുകയുള്ളൂവെന്ന്. പിന്നീട് ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് ചെറുതും വലുതുമായ നിരവധി വാക്്ശരങ്ങള്‍ ഷഹീന്‍ബാഗിനെ ലക്ഷ്യംവെച്ച് വന്നു. മോദിയുടെ തെരഞ്ഞെടുപ്പ് പ്രഭാഷണങ്ങളില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ സീലംപൂര്‍, ജാമിയ, ഷഹീന്‍ബാഗ് തുടങ്ങിയ പ്രദേശങ്ങളെ പേരെടുത്ത് പറഞ്ഞിരുന്നു.
ഷഹീന്‍ബാഗ് സമരത്തെ അടിച്ചൊതുക്കുന്നതിനെ ബി ജെ പി ഭയപ്പെടുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണ് മുത്വലാഖ് നിയമം കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ബി ജെ പിക്ക് മുസ്‌ലിം സ്ത്രീകളുടെ സമരത്തെ അടിച്ചൊതുക്കാനാവില്ല. അതുകൊണ്ടു തന്നെ സമരപന്തലിനു നിശ്ചിതദൂരം മാറിയാണ് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തത്. സമരസമിതി പ്രതിനിധികള്‍ പൊലീസുമായി സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനു ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഈ സമരം സമാധാനപരമായി അവസാനിപ്പിക്കരുതെന്ന് മുകളില്‍ നിന്നുള്ള ഉത്തരവുണ്ടെന്ന് ഒരു പൊലീസ് ഓഫീസര്‍ പറഞ്ഞതായ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഷഹീന്‍ബാഗ് ബി ജെ പിക്കു വേണമെന്നാണ് അവര്‍ കരുതുന്നത്. ഷഹീന്‍ബാഗിനു വര്‍ഗീയനിറം നല്‍കിയാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അത് ഹിന്ദുക്കളുടെ വോട്ടുകള്‍ ഏകീകരിക്കാന്‍ കാരണമാകുമെന്നാണ് അവരുടെ കണ്ണക്കുകൂട്ടല്‍.
എന്നാല്‍ ആം ആദ് മി പാര്‍ട്ടി ഷഹീന്‍ബാഗിനെ കണ്ട മട്ടില്ല. 2013-ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. ഇത് തൂക്കുസഭയ്ക്കു വഴിവെച്ചതോടെ 2015-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. ബി ജെ പിയെ ചെറുക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെക്കാള്‍ മികച്ചത് ആം ആദ്മി പാര്‍ട്ടിയായിരിക്കുമെന്ന് കരുതിയ മുസ്‌ലിം വോട്ടര്‍മാര്‍ കെജ്‌രിവാളിനാണ് വോട്ടുചെയ്തത്.ഇത്തവണയും മുസ്‌ലിം പിന്തുണ തനിക്കു ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.
അതേ സമയം, മൃദുഹിന്ദുത്വ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും പ്രചാരണമുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ഹനുമാന്‍ സ്‌തോത്രം ചൊല്ലി ശ്രദ്ധ നേടിയിരുന്നു. ഹനുമാന്‍ ഭക്‌ത് കെജ്‌രിവാള്‍ എന്ന പേരു വരെ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

Back to Top