ശ്രീലങ്കയില്‍ മുസ്‌ലിം സിംഹള സംഘര്‍ഷം
ശ്രീലങ്കയിലെ നിഗോംബോയില്‍ അവിടുത്തെ മുസ്‌ലിം വിഭാഗവും സിംഹള വിഭാഗവും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷമായിരുന്നു കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈസ്റ്റര്‍ ദിനത്തില്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയതും ഇരുന്നൂറിലധികം ആളുകള്‍ മരിച്ചതും ഇവിടെയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിം വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാകുകയും അവര്‍ക്കെതിരേ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി സൈന്യത്തെ വിന്യസിച്ചിരുന്നു. സൈന്യത്തെ പ്രദേശത്ത് നിന്ന് കുറച്ച് വരുന്നതിനിടെയാണ് ഇപ്പോഴത്തെ സംഘര്‍ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ വ്യാപകമായി തെരുവുകളിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിട്ട വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് സൈന്യത്തെ വീണ്ടും പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ചില സിംഹള വിഭാഗങ്ങളും മുസ്‌ലിംകളും തമ്മില്‍ നേരത്തേയും ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ഏതെങ്കിലും സംഘര്‍ഷത്തിന്റെ ചുവട് പിടിച്ചാണോ അതോ ബോംബ് സ്‌ഫോടന പശ്ചാത്തലത്തില്‍ ബോധപൂര്‍വം മുസ്‌ലിം വിഭാഗങ്ങളുമായി ഒരു സംഘര്‍ഷം രൂപപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഇപ്പോഴത്തെ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പറയാനാകില്ലെന്നാന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.