ശിര്‍ക്കിനും അല്ലാഹുവിന്റെ ഇദ്‌നോ? – പി കെ മൊയ്തീന്‍ സുല്ലമി
സിഹ്‌റ് ശിര്‍ക്കാണ്. ഒരു കാര്യം ശിര്‍ക്കാണെങ്കില്‍ അതിന് തഅ്‌സീറുണ്ട് (ഫലമുണ്ട്) എന്നു വിശ്വസിക്കലും ശിര്‍ക്കു തന്നെയാണെന്ന് തൗഹീദ് മനസ്സിലാക്കിയ മദ്‌റസാവിദ്യാര്‍ഥികള്‍ക്കു വരെ അറിയാവുന്ന കാര്യമാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെങ്കില്‍, പ്രസ്തുത പ്രാര്‍ഥന ഫലം ചെയ്യുമെന്ന് വിശ്വസിക്കലും ശിര്‍ക്കു തന്നെയാണ്. വിഗ്രഹത്തോടു തേടല്‍ ശിര്‍ക്കാണെങ്കില്‍ അത് ഫലം ചെയ്യുമെന്ന് വിശ്വസിക്കലും ശിര്‍ക്കു തന്നെയാണ്. ഔലിയാക്കള്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറഞ്ഞു കാര്യം നേടിത്തരും എന്ന വിശ്വാസം ശിര്‍ക്കാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
എന്നാല്‍ പ്രസ്തുത ശുപാര്‍ശ ഫലം ചെയ്യുമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കുതന്നെയാണ്. ഏലസ്സും ഉറുക്കും ശരീരത്തില്‍ ബന്ധിക്കല്‍ ശിര്‍ക്കാണെന്നാണ് നബി(സ) പഠിച്ചത്. അതേ പ്രകാരം തന്നെ ഏലസ്സും ഉറുക്കും ശരീരത്തില്‍ ബന്ധിച്ചാല്‍ രോഗം മാറുമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കു തന്നെയാണ്.
ശിര്‍ക്കിനോ ഹറാമുകള്‍ക്കോ കുഫ്‌റിനോ അല്ലാഹു ഒരിക്കലും അനുവാദം നല്‍കുന്നതല്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യാപിച്ചുകിടക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. കാരണം മേല്‍ പറഞ്ഞ മൂന്നു കാര്യങ്ങളും അല്ലാഹു അവന്റെ വേദഗ്രന്ഥങ്ങളിലൂടെ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്.
അല്ലാഹു അരുളി: ”നബിയേ, പറയുക: നീച കര്‍മം ചെയ്യുവാന്‍ അല്ലാഹു കല്പിക്കുകയേയില്ല'(അഅ്‌റാഫ് 28). ”തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കുവാനുമാണ്. അവന്‍ നിരോധിക്കുന്നത് നീച വൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്” (നഹ്ല്‍ 90).
‘അല്ലാഹുവിന്റെ ‘ഇദ്‌ന്’ ഉണ്ടെങ്കില്‍ സിഹ്‌റു ഫലിക്കും എന്ന് ചിലയാളുകള്‍ പറഞ്ഞുകാണുന്നു. എന്നാല്‍ മഹാപാപങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുവാദമോ സമ്മതമോ ഉണ്ടാകുന്നതല്ല എന്നല്ലേ വിശുദ്ധ ഖുര്‍ആന്‍ നസ്സ്വായി പഠിപ്പിക്കുന്നത്? ‘എന്റെ അനുവാദം കൂടാതെ ഇവനെ ആര്‍ക്കും തൊടാന്‍ പോലും സാധ്യമല്ല’ എന്ന വിധം ഒരാള്‍ പറഞ്ഞാല്‍ ‘അവനെ തൊടുന്ന വിഷയത്തില്‍ മേല്‍ പ്രകാരം പറഞ്ഞവന്റെ അനുവാദമില്ല’ എന്നാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല.
‘അല്ലാഹുവിന്റെ അനുവാദം കൂടാതെ അതുകൊണ്ട് (സിഹ്‌റുകൊണ്ട്) ഒരാളെയും ദ്രോഹിക്കാന്‍ അവര്‍ക്ക് സാധ്യമല്ല’ എന്നു പറഞ്ഞാല്‍ ‘സിഹ്‌റു കൊണ്ട് മറ്റൊരു വ്യക്തിയെ ദ്രോഹിക്കുന്നതില്‍ അല്ലാഹുവിന്റെ അനുവാദമില്ല’ എന്നാണ് അല്ലാഹുവിന്റെ കല്പന. ഇതിന് തുല്യമായ വേറെയും വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ദര്‍ശിക്കാന്‍ കഴിയും. നബി(സ)ക്കെതിരില്‍ പിശാചിന്റെ സഹായത്തോടെ രഹസ്യ സംഭാഷണം നടത്തുകയെന്നത് മുശ്‌രിക്കുകളുടെ സമ്പ്രദായമായിരുന്നു. എന്നാല്‍ നബി(സ)ക്ക് ഒരു പിശാചിന്റെ ശര്‍റും ഫലിക്കുന്നതല്ലെന്ന് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യവുമാണ്. അത്തരം ജിന്നു പിശാചുക്കളുടെ സഹായത്തോടെ നബി(സ)യെ ദ്രോഹിക്കാന്‍ മനുഷ്യപ്പിശാചുക്കള്‍ക്ക് സാധ്യമല്ലെന്നും അതിന് അല്ലാഹു അനുവാദം നല്‍കുന്നതല്ല എന്നും അല്ലാഹു ഉണര്‍ത്തുന്നു:
”ആ രഹസ്യ സംസാരം പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദു:ഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്. എന്നാല്‍ അല്ലാഹുവിന്റെ ‘ഇദ്‌ന്'(അനുമതി) കൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല”(മുജാദില 10). അഥവാ നബി(സ)യെയോ സത്യവിശ്വാസികളെയോ ദ്രോഹിക്കാന്‍ അല്ലാഹു ‘അനുവാദം’ നല്‍കുന്നതല്ല എന്നതാണ് മേല്‍ പറഞ്ഞ വചനത്തിന്റെ താല്‍പര്യം. കാരണം ചീത്ത കാര്യങ്ങള്‍ അല്ലാഹു അനുവാദം നല്‍കുന്നതല്ലെന്ന് നിരവധി വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളിലൂടെ വ്യക്തമാക്കപ്പെട്ട കാര്യമാണ്. ഖുര്‍ആനിന്റെ ഒന്നാമത്തെ വിശദീകരണം ഖുര്‍ആന്‍ തന്നെയാണ്. രണ്ടാമത്തെ വിശദീകരണം ഹദീസുകളാണ്. തഫ്‌സീറുകള്‍ ഖുര്‍ആനിന്റെ മൂന്നാമത്തെ വിശദീകരണം മാത്രമാണ്. അങ്ങനെയാണ് ഇന്നേവരെയുള്ള യഥാര്‍ഥ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെല്ലാം വ്യക്തമാക്കിയിട്ടുള്ളതും.
എന്നാല്‍ മുജാഹിദുകള്‍ എന്നവകാശപ്പെടുന്നവര്‍പോലും ഈ ക്രമം തെറ്റിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്ന വിഷയത്തില്‍ ഖുര്‍ആനും സ്വഹീഹായ ഹദീസുകളും വകവെക്കാതെ നേരെ മുഫസ്സിറുകളിലേക്ക് തിരിയുന്നതായാണ് കാണുന്നത്. ചിലപ്പോള്‍ മുഫസ്സിറിന്റെ (വ്യാഖ്യാതാവിന്റെ) അഭിപ്രായം ഖുര്‍ആനിന്റെ നസ്സ്വിന്(വ്യക്തമായ കല്പനയ്ക്ക്)തന്നെ വിരുദ്ധമായിരിക്കും.
അല്ലാഹുവിന്റെ ‘ഇദ്‌ന്’ (അനുവാദം, സമ്മതം) എന്ന പദം തന്നെ വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ചുവന്നിട്ടുള്ളത് വ്യത്യസ്ത അര്‍ഥങ്ങളിലൂടെയാണ്. ഒന്ന്, അല്ലാഹുവിന്റെ കല്പന എന്ന അര്‍ഥത്തില്‍ വന്നിട്ടുണ്ട്. അല്ലാഹു അരുളി: ‘അല്ലാഹുവിന്റെ കല്പനപ്രകാരം അനുസരിക്കപ്പെടുവാന്വേണ്ടിയല് ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല’ (സുറതുന്നിസാഅ് 64). രണ്ട്, അല്ലാഹുവിന്റെ സഹായം എന്ന അര്‍ഥത്തിലും ‘ഇദ്‌ന്’ എന്ന പ്രയോഗം വന്നിട്ടുണ്ട്. അല്ലാഹു അരുളി: ‘എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ(സഹായത്തോടുകൂടി) വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുള്ളത്’ (സൂറതുല്‍ബഖറ 249). മൂന്ന്, അല്ലാഹുവിന്റെ അറിവ് എന്ന അര്‍ഥത്തിലും പ്രസ്തുത പദം വന്നിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക. ‘അതിന്റെ രക്ഷിതാവിന്റെ അനുവാദപ്രകാരം(അറിവോടെ) അത് എക്കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും’ (സൂറതു ഇബ്‌റാഹീം 25)
ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമതുത്തൗഹീദ് സമ്പൂര്‍ണമായും ഉള്‍ക്കൊണ്ട ഒരു സത്യവിശ്വാസിയെ അല്ലാഹു എക്കാലത്തും നല്ല ഫലങ്ങള്‍ നല്‍കുന്ന ഒരു മരത്തോട് ഉപമിച്ചിരിക്കുകയാണ്. ഇവിടെ ‘ഇദ്‌ന്’ കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന്റെ മുന്നറിവാണ്. അതവന്‍ ലൗഹുല്‍ മഹ്ഫൂളില്‍ മുന്‍കൂട്ടി രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. നാല്, അല്ലാഹുവിന്റെ പ്രത്യേകമായ കല്പനയ്ക്കും ‘ഇദ്‌ന്’ എന്ന പ്രയോഗം വന്നിട്ടുണ്ട്. പ്രവാചകന്മാര്‍ക്ക് മുഅ്ജി സത്ത് പ്രകടിപ്പിക്കണമെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ അനുവാദവും ഉത്തരവും വേണം. സൂറത് ഇസ്‌റാഈലിലെ 90 മുതല്‍ 93 വരെയുള്ള വചനങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു. അല്ലാഹു അരുളി: ‘അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു ദൃഷ്ടാന്തവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല’ (സൂറത് ഇബ്‌റാഹീം 11)
എന്നാല്‍ ദൃഷ്ടാന്തം അഥവാ മുഅ്ജിസത്ത് എന്നത് ജനങ്ങളുടെ ഹിദായത്തുമായി ബന്ധപ്പെടുന്ന കാര്യമായതിനാല്‍ അത് കൊണ്ടുവരാന്‍ അല്ലാഹു അനുവാദം കൊടുത്തേക്കും, കൊടുത്തിട്ടുമുണ്ട്. അത് സിഹ്‌റ് പോലെ ജനങ്ങളെ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്ന കാര്യവുമല്ലല്ലോ. ഇനി പരലോകത്ത് അല്ലാഹുവിന്റെ അനുവാദമോ സമ്മതമോ സത്യനിഷേധികള്‍ക്കോ ദുഷ്‌കര്‍മങ്ങള്‍ക്കോ ലഭിക്കുന്നതല്ല. അവിടെയും ശുപാര്‍ശക്ക് അനുവാദം കൊടുക്കുന്നവരും കൊടുക്കപ്പെടുന്നവരും അല്ലാഹു ഇഷ്ടപ്പെടുന്ന സത്യവിശ്വാസികള്‍ മാത്രമായിരിക്കും. അല്ലാഹു അരുളി: ‘അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്’ (സൂറതുല്‍ബഖറ 255). മറ്റൊരു വചനം ഇപ്രകാരമാണ്. ‘അവന്‍ തൃപ്തിപ്പെട്ടവര്ക്കുവേണ്ടിയല് ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല’ (സൂറതുല്‍അന്‍ബിയാഅ് 28).
അല്ലാഹുവിന്റെ അനുവാദം (ശുപാര്‍ശ) അബൂലഹബിനും അബൂജഹലിനും ലഭിക്കുന്നതല്ല. അനുവാദം കൊടുത്താല്‍ ലഭിക്കും എന്ന് വാദിക്കുന്നവര്‍ക്ക് അങ്ങനെയും വാദിക്കാവുന്നതാണ്. സിഹ്‌റിനും ശിര്‍ക്കിനും അനുവാദം കൊടുക്കുമെന്നും ഫലിക്കുമെന്നുമൊക്കെയുള്ള വിശ്വാസം ശിര്‍ക്കന്‍ വിശ്വാസമാണ്. അക്കാര്യം അല്ലാഹു തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ‘ബഹുദൈവവിശ്വാസികള്‍ പറഞ്ഞേക്കും. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിര്‍ക്ക് ചെയ്യുമായിരുന്നില്ല’ (സൂറതുല്‍അന്‍ആം 148). അഥവാ ഞങ്ങള്‍ ശിര്‍ക്ക് ചെയ്തത് അല്ലാഹു അനുവദിച്ചിട്ടാണെന്ന് മുശ്‌രിക്കുകള്‍ പറയും.