24 Wednesday
April 2024
2024 April 24
1445 Chawwâl 15

ശിഥിലമാകുന്ന കുടുംബത്തനിമ – എ ജമീല ടീച്ചര്‍

പവിത്രവും പാവനവുമായ കുടുംബ സംസ്‌കാരമുള്ള പ്രദേശമാണ് കേരളം. സുന്ദരമായ ഒരു കുടുംബ രംഗം കിനാവുകണ്ട് വൈദേശികള്‍ ഒളിഞ്ഞുനോക്കിയിരുന്നത് കേരളത്തിലേക്കായിരുന്നു. ‘നമ്മളൊന്ന് നമുക്കൊന്ന്’ എന്നത് വിട്ട്, അച്ഛന്‍, അമ്മ, മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്‍, അമ്മായി, ചിറ്റപ്പന്‍ തുടങ്ങി കുടുംബത്തിന്റെ എണ്ണവണ്ണം വിശാലമായിരുന്നു അന്ന്. ആര്‍ക്കും ആരെയും അധികപ്പറ്റായി തോന്നിയിരുന്നില്ല.
ഓരോരുത്തരെയും ഇരിക്കേണ്ടിടത്ത് ഇരുത്താനും പരസ്പരം ബഹുമാനാദരവുകള്‍ കൈമാറാനും പഴമക്കാര്‍ക്ക് ആരുടെയും ഉപദേശം ആവശ്യമായിരുന്നില്ല. ഒരുവേള ദു:ഖങ്ങളുടെ ആഴക്കടലില്‍ മുങ്ങിത്താഴുന്നവരെ അതില്‍ നിന്ന് കൈപിടിച്ച് കയറ്റാന്‍ മറ്റു കുടുംബാംഗങ്ങള്‍ ബാധ്യസ്ഥരായിരുന്നു. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഒരു പാത്രത്തില്‍ നിന്ന് ഒന്നിച്ച് തിന്നും ഒരു പായ വിരിച്ച് ഒരുമിച്ചുറങ്ങിയും അവര്‍ ജീവിതം ധന്യമാക്കി. ആഗ്രഹങ്ങള്‍ കുറച്ചുകൊണ്ട് ഉള്ളതുകൊണ്ട് ഓണമാക്കി. ഇക്കാര്യത്തില്‍ കേരളത്തിലെ എല്ലാ മതവിഭാഗക്കാരും ഏതാണ്ട് ഒരേ മനസ്സിന്റെ ഉടമകളായിരുന്നു. പുരുഷന്മാര്‍ കുടുംബത്തിന്റെ സംരക്ഷകരായി. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ അവര്‍ നെട്ടോട്ടംനടത്തുകയും ചെയ്തു.
ഇതേ സമയം സ്ത്രീകളും ഒട്ടും മോശക്കാരായിരുന്നില്ല. വീടിനകം കൈകാര്യം ചെയ്തുകൊണ്ട് അവര്‍ ഐശ്വര്യമുള്ള കുടുംബനാഥകളായി മാറി. കാറ്റത്തും മഴയത്തും അണഞ്ഞുപോകാത്ത കെടാവിളക്കുകളായി. പോയ കാലം പെണ്ണിനെ വര്‍ണിച്ച് പാടിയിരുന്നതും അങ്ങനെയായിരുന്നല്ലോ.
വീടിന് പൊന്മണി വിളക്കു നീ
തറവാടിന് നിധി നീ കുടുംബിനീ
പകലിരവെല്ലാം പണിചെയ്താലും
പരിഭവമില്ല പകയില്ല
പരിപാവനമാം പരിമളമുയരും
പനിനീര്‍ പുഷ്പം വിരിയുക നീ
ഇങ്ങനെ തന്നെയായിരുന്നു അന്ന് കുടുംബിനികള്‍. ജീവിതത്തില്‍ എല്ലാറ്റിലും മീതെ അവര്‍ക്കുണ്ടായിരുന്നത് സ്വന്തം ഭര്‍ത്താവും മക്കളും കുടുംബവും ഒക്കെത്തന്നെയായിരുന്നു. അതിലവര്‍ക്ക് ആരോടും പരിഭവവുമുണ്ടായിരുന്നില്ല. ശമ്പളമില്ലാത്ത ജോലിയല്ലേ ഈ ചെയ്യണത് എന്ന വികൃതി ചോദ്യം അന്നാരും അവരോട് ചോദിച്ചിരുന്നില്ല. ദൈവത്തിന്റെ പ്രതിനിധി എന്ന തങ്ങളുടെ ജീവിത നിയോഗം ഭംഗിയായി പൂര്‍ത്തിയാക്കുകയായിരുന്നു അവര്‍. പഴയ കാലത്ത് സ്‌കൂള്‍ പാഠപുസ്തകത്തിലെ ഒന്നുരണ്ട് വരികള്‍ കൂടി കുറിച്ചുവെക്കട്ടെ:
അമ്മ തന്നെ എന്നെ കുളിപ്പിക്കണം,
ഉടുപ്പ് ഇടീക്കണം,
പാട്ടുപാടാന്‍ ചേച്ചിയുണ്ട്,
കൂട്ടുകൂടാന്‍ അനിയനുണ്ട്.
എന്നാലും എല്ലാറ്റിനും
എനിക്ക് അമ്മ തന്നെ വേണം
അമ്മക്ക് അടുക്കളയില്‍
പണിയെടുക്കണം.
പശുവിനെ കറക്കണം.
അപ്പൂപ്പനെയും അമ്മൂമ്മയെയും
അനിയനെയും നോക്കണം.
എന്നാലും ഞാന്‍ കരഞ്ഞാല്‍
അമ്മ ഓടിയെത്തും
വാരിയെടുത്ത് ഉമ്മവെക്കും.
സ്വന്തം അമ്മയെക്കുറിച്ചുള്ള ഒരു കൊച്ചു കുട്ടിയുടെ വിവരണമായിരുന്നു അത്. ധന്യയായ ഒരു കുടുംബിനിയുടെ ചിത്രമാണ് പാഠഭാഗം വരച്ചുകാട്ടിയിരുന്നത്. ഫെമിനിസ്റ്റുകള്‍ക്ക് വലിയ വായില്‍ ഒച്ചയെടുക്കാന്‍ മറ്റൊന്നും വേണ്ടിവന്നില്ല. ഏറെയൊന്നും  വൈകാതെ പുസ്തകത്തില്‍ നിന്ന് ഈ അമ്മ ഒളിച്ചോടുകയും ചെയ്തു. സ്ത്രീപുരുഷ സമത്വ വാദക്കാര്‍ക്ക് ഇത്തരം ഒരു അമ്മയെ എങ്ങനെ വെച്ചുപൊറുപ്പിക്കാനാകും? അതുകൊണ്ടുതന്നെ പഴയകാല കുടുംബ പ്രതാപങ്ങളും വീട്ടിനു മണിദീപങ്ങളും നാട്ടിന് പതാകകളുമൊക്കെയായ നാരീ മണികള്‍ ഇന്ന് പഴങ്കഥകളായി മാറി.
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഉപമകള്‍ പോലെ. വര്‍ത്തമാനകാലം വിളമ്പിത്തരുന്ന വാര്‍ത്താ വിഭവങ്ങള്‍ അങ്ങനെയാണല്ലോ. ആര്‍ക്കും ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ. ഭര്‍ത്താവിന് ഭാര്യയെ, ഭാര്യക്ക് ഭര്‍ത്താവിനെ. പച്ചക്കറി മുറിക്കാനുള്ള കറിക്കത്തി പോലും ഇപ്പോള്‍ വീടുകളില്‍ സൂക്ഷിച്ചു കൂടെന്നുള്ളതാണ് ശരി. ഏത് സമയവും അവ ജീവനുള്ള മനുഷ്യരുടെ കഴുത്തറുക്കാന്‍ കൂട്ടുകൂടി എന്നു വരാം. പാവം കത്തികളൊന്നും പിഴച്ചിട്ടല്ല, വീടിനകത്തുള്ള നിവാസികള്‍ അത്രകണ്ട് തരം താഴ്ന്ന് പോയി എന്നര്‍ഥം.
പഴയ സ്‌നേഹ സമാശ്വാസ തൊട്ടു തലോടലുകള്‍ക്ക് പകരം കൊടും ക്രൂരതകളുടെ കൊണ്ടുകൊടുക്കല്‍ ഇടങ്ങളായി മാറുകയാണ് വീടകങ്ങള്‍. ഭ്രാന്തമായ നാനാ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥമായ മനസ്സുകള്‍ക്കടിമപ്പെടുകയാണ് കുടുംബാംഗങ്ങള്‍. ശാലീനതയുടെ പര്യായമായി മാറേണ്ട സ്ത്രീകള്‍ വരെ. കാമവും ക്രോധവുമെല്ലാം അവിടെ ഉള്‍പ്പോരുകളായി മാറുന്നു. വൈരുധ്യം നിറഞ്ഞ ജീവിത സുഖത്തിനുവേണ്ടി വ്യര്‍ഥമായ ഒരു വെമ്പല്‍ കൊള്ളല്‍. കാമുകന്റെ കൂടെ ഒളിച്ചോടാന്‍ കൊതിക്കുന്ന ഭാര്യ, സ്വന്തം ഭര്‍ത്താവിനെയും താന്‍ നൊന്തു പെറ്റ പിഞ്ചു മക്കളെയും വരെ കറിക്കത്തിക്കിരയാക്കുന്ന ഭാര്യ. കാമുകിക്കുവേണ്ടി, മിന്നുകെട്ടി സ്വീകരിച്ച സഹധര്‍മിണിയെയും പിഞ്ചോമനകളെയും ഇല്ലായ്മ ചെയ്യാന്‍ ധൃതി കാണിക്കുന്ന ഭര്‍തൃമനസ്സ്. ഇങ്ങനെ തികച്ചും മലീമസവും അസ്വസ്ഥവുമായ കലാപഭൂമികയായി മാറുന്നുണ്ടോ പുതിയകാലത്ത് കേരളീയ കുടുംബം എന്നതാണ് സംശയം.
ഏതാനും ചിലരുടെ കോപ്രായങ്ങളും ക്രൂരതകളും സമൂഹത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുകയാണ്. ഇബ്‌ലീസിന് കൈകൊട്ടിച്ചിരിക്കാന്‍ അവസരമുണ്ടാക്കിക്കൊണ്ട്. പുതു തലമുറയില്‍ ധാര്‍മിക പാഠങ്ങള്‍ പഠിപ്പിച്ചെടുക്കുക എന്നത് മാത്രമാണ് പരിഹാരം. അതിരുവിടുന്ന കുറ്റപ്പെടുത്തലുകളെക്കാള്‍ ധര്‍മചിന്തകളുടെ പുനസ്ഥാപനമായിരിക്കും ഫലപ്രദമാവുക. കുടുംബം എന്ത്? എന്തിന് എന്ന തിരിച്ചറിവാണിതില്‍ പ്രധാനം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (64:14)
ഇപ്പറഞ്ഞതിനര്‍ഥം കുടുംബത്തിനകത്ത് ഭാര്യാഭര്‍തൃ മക്കള്‍ പരസ്പരം ശത്രുതാ മനസ്സോടെ കണ്ടുകൊണ്ടിരിക്കണമെന്നല്ല. ഭാവിയില്‍ അങ്ങനെ വരാനുള്ള നേരിയ പഴുതുപോലും ഉണ്ടാക്കാതെ സൂക്ഷിക്കുക എന്നുള്ളതാണ്. പരസ്ത്രീ പുരുഷബന്ധങ്ങള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ കയറിക്കൂടുന്നതാണ് ഇതില്‍ ഏറെയും ശ്രദ്ധിക്കേണ്ടത്. മൊബൈല്‍ ഫോണുകള്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകളിലെ ദുരുപയോഗങ്ങള്‍ മുതലായവയ്ക്ക് നിയന്ത്രണം വെക്കുക എന്നതാണ് സൂക്ഷ്മതയിലെ ഒന്നാം പാഠം. പരസ്ത്രീപുരുഷ സംസര്‍ഗം ഇവയിലൂടെയാണെങ്കിലും അതിരുവിട്ടാല്‍ തെറ്റല്ലാതാകുന്നതെങ്ങനെയാണ്? ഇതേക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആനിന്റെ പ്രതിപാദനം ശ്രദ്ധിച്ചാലറിയാമത്. ”പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക.” (വി.ഖു 33:32)
പ്രവാചക കുടുംബത്തില്‍ മ്ലേച്ഛതകള്‍ ഒരിക്കലും കടന്നുവരാതിരിക്കാനായി വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണിവിടെ. എന്നുവെച്ച് മറ്റു മുസ്‌ലിം സ്ത്രീകള്‍ക്ക് എന്തുമാവാം. ആരോടും സംസാരിക്കാം. കൊഞ്ചിക്കുഴഞ്ഞ് വര്‍ത്തമാനം പറയാം. ശേഷം കൈയിലുള്ളത് വിട്ട് പറക്കുന്നതിന്റെ പിന്നാലെപ്പോകാന്‍ ആസൂത്രണമുണ്ടാക്കാം എന്നൊന്നും ഇതിനര്‍ഥമില്ല. മറിച്ച് മുസ്‌ലിംസ്ത്രീ എന്ന് മാത്രമല്ല, കുടുംബ ഭദ്രത ഇഷ്ടപ്പെടുന്ന ഏത് സ്ത്രീക്കും മാതൃകയാകാവുന്ന ഉപദേശങ്ങളാണ് ദൈവിക വചനങ്ങള്‍. സംസാരത്തിലും വ്യഭിചാരം കടന്ന് കൂടാ എന്നതിലേക്കുള്ള സൂചന കൂടിയാണത്.
ലൈംഗികതയിലെ ധാര്‍മികത
കാമ്യ വസ്തുക്കളോടുള്ള താല്പര്യം മനുഷ്യന്റെ ജഡികേഛകളില്‍ പെട്ടതാണ്. വായു, വെള്ളം, ഭക്ഷണം മുതലായി നിലനില്‍പിന്നാധാരമായവ കഴിച്ചാല്‍ മനുഷ്യ ജീവിതത്തിന്റെ സുന്ദരമായ വശം കൂടിയാണത്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പരസ്പര ആകര്‍ഷണമാണ് ഇതില്‍ പ്രധാനം. മനുഷ്യനൊഴികെയുള്ള ഇതര ജീവികളില്‍ ഇത് ഇണചേരലിലവസാനിക്കുന്നു. മനുഷ്യനോ അവന്‍ ഇണയുമായി ജീവിതം പങ്കുവെക്കുകയാണ് ചെയ്യുന്നത്. തന്റെ ഇണ എന്നും തന്റേതായിരിക്കുമെന്നും തന്റെ ജീവിതസുഖങ്ങളില്‍ പങ്കാളിയാവണമെന്നുള്ളതുമാണ് മനുഷ്യ താല്പര്യം.
വിവാഹത്തിലൂടെ കുടുംബം എന്ന സ്ഥാപനം രൂപപ്പെടുന്നു. അതിന്റെ വികാസങ്ങളാണ് വംശം, സമൂഹം, ഗോത്രം, സാര്‍വലൗകിക സമൂഹം മുതലായ സങ്കല്പങ്ങളെല്ലാം. അതിനുവേണ്ടി അധ്വാനിക്കാനും ജീവിത വിഭവങ്ങള്‍ കണ്ടെത്താനുമുള്ള വാസനയും മനുഷ്യന്റെ മാത്രം പ്രത്യേകത തന്നെ. അപ്പോഴാണ് ലൈംഗികത ധാര്‍മികതയായി മാറേണ്ടതും. ഒരു കര്‍മം നന്മയാകുമ്പോഴാണല്ലോ അത് ധാര്‍മികമാണെന്ന് പറയുക. ഒരു പ്രവൃത്തി തിന്മയാകുമ്പോള്‍ അതിനെ അധാര്‍മികമെന്നും പറയുന്നു. ഒരു വസ്തുവിന്റെ മേന്മ അതിന്റെ ഉപയോഗം എത്രകണ്ട് ഫലപ്രദമാണ് എന്നതിനെ ആശ്രയിച്ചായിരിക്കും. അതുപോലെ തന്നെ മനുഷ്യനും. ഒരു അധ്യാപകന്‍ വിദ്യാര്‍ഥികളോടുള്ള തന്റെ ഉത്തരവാദിത്വം ഭംഗിയായി പൂര്‍ത്തീകരിക്കുന്നേടത്താണ് അധ്യാപകധര്‍മം നിറവേറുന്നത്. ലൈംഗികതയും അങ്ങനെത്തന്നെ.
മക്കളും കുടുംബവും സമൂഹവുമായി അച്ചടക്കമുള്ള ഒരു സംവിധാനത്തിലേക്ക് ലൈംഗികത ചേര്‍ന്ന് നില്ക്കുമ്പോള്‍ അതും ധര്‍മമായിമാറുന്നു. സ്‌നേഹത്തിലധിഷ്ഠിതമായിരിക്കണമത്. ഇല്ലെങ്കില്‍ ലൈംഗികത തികഞ്ഞ വഞ്ചനയായി മാറും. ഇത്തരം വഞ്ചനകളിലേക്കാണ് പുതിയകാല സമൂഹം വഴിമാറി ചിന്തിച്ചുവരുന്നത്. അപരന്റെ ഭാര്യയെ മോഹിക്കുക. അവളെ കാമിക്കുക. സ്വന്തമാക്കാന്‍ ശ്രമിക്കുക. അതുവഴി അന്യനെയും അവന്റെ കുടുംബത്തെയും ശിഥിലമാക്കാന്‍ ശ്രമിക്കുക ഇതൊക്കെ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ച കുടുംബത്തിന്നിടയില്‍ വളരുന്ന ശത്രുതയല്ലാതെ മറ്റെന്താണ്?
കുടുംബം ഹൈന്ദവ
സംസ്‌കാരത്തില്‍
പരസ്പരം കലഹിക്കാതെ വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസ പരിണാമ പൂര്‍ണത ലക്ഷ്യംവെച്ചുകൊണ്ടാണ് ഹിന്ദു ദര്‍ശനത്തില്‍ വിവാഹം നടക്കേണ്ടത്. അതിന്റെ സനാതന ധര്‍മങ്ങള്‍ എന്നൊന്നുള്ളത് ഹിന്ദുമത ധര്‍മാടിസ്ഥാനങ്ങളായ വേദസൂക്തങ്ങള്‍ വിശദീകരിക്കുന്നുമുണ്ട് അത്യന്തം പവിത്രമായ ഒരു കുടുംബസാമൂഹ്യ ചടങ്ങായിട്ടാണ് വിവാഹത്തെ ഹൈന്ദവദര്‍ശനങ്ങള്‍ നോക്കിക്കാണുന്നത്. അഗ്നിസാക്ഷിയായി വധൂവരന്മാര്‍ അന്യോന്യം കൈകോര്‍ത്തിണക്കി നമ്മള്‍ ഒന്ന് സ്വയം ബന്ധുജന സുഹൃദ് സമൂഹമധ്യേ പ്രതിജ്ഞയെടുക്കുന്നു. അഗ്നി ഈശ്വര പ്രതീകമായ വിജ്ഞാനപ്രകാശമാണ്. ആ വിശുദ്ധാഗ്നിയെ സാക്ഷിനിര്‍ത്തിക്കൊണ്ട് വധുവിനെ വരന്‍ സമീപത്തേക്കാനയിക്കുന്നു. ജനകമഹാരാജാവ് തന്റെ പുത്രി സീതയുടെ കൈ പിടിച്ച് വിവാഹവേദിയിലേക്ക് ആനയിച്ച് വിശിഷ്ട വിശ്വാമിത്ര മഹര്‍ഷി ശ്രേഷ്ഠരുടെ സ്വബന്ധു സമൂഹങ്ങളുടെ മധ്യത്തില്‍ ശ്രീരാമനായി മകളെ ദാനം ചെയ്തതുപോലെ.
കുടുംബം ക്രിസ്തുമതത്തില്‍
ദൈവം ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചു. പിന്നീട് മനുഷ്യനില്‍ നിന്നുതന്നെ സ്ത്രീയെ സൃഷ്ടിച്ചു. അതിനാല്‍ അടിസ്ഥാനപരമായിത്തന്നെ സ്ത്രീയും പുരുഷനും അപൂര്‍ണരാണ്. തങ്ങളുടെ നഷ്ടപ്പെട്ട പകുതിയെ കണ്ടെത്തലാണ് ക്രൈസ്തവ മതത്തില്‍ വിവാഹം. സമൂഹത്തിന്റെ അനുമതിയോടെ മാത്രമേ അതാകാവൂ. ആണിനെയും പെണ്ണിനെയും ഒന്നാക്കാനും ഒരുമിച്ചു ജീവിപ്പിക്കാനും സമൂഹം ഏര്‍പ്പെടുത്തിയ സംവിധാനമാണ് വിവാഹം.
ദൈവം ആദി മുതലേ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായവര്‍ ഒന്നാകേണ്ടവരാണ്. അക്കാരണത്താല്‍ അവര്‍ ഒറ്റ ശരീരമായിത്തീരും (ഉല്പത്തി 3:25). വിവാഹത്തിലൂടെയാണ് ഈ ഒന്നായിച്ചേരല്‍. പ്രധാനമായ രണ്ട് സവിശേഷതകളാണ് ക്രിസ്തീയ വിവാഹത്തിലുള്ളത്. ഒന്ന് ഏകത്വം. രണ്ട് അഭേദ്യത. ഒരു പുരുഷന്‍ ഒരു സ്ത്രീയോട് മാത്രം ചേരുക എന്നതാണ് ഏകത്വം കൊണ്ടുള്ള വിവക്ഷ. ദമ്പതികളുടെയും അവരുടെ മക്കളുടെയും വ്യക്തിപരവും മനശ്ശാസ്ത്രപരവും സാമൂഹികവുമായ പ്രത്യേകതയാണ് ഏകത്വം. അതുകൊണ്ടുതന്നെ വേര്‍പെടുത്താന്‍ കഴിയാത്തതാണ് ക്രിസ്തീയ വിവാഹങ്ങള്‍. ‘ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ പേര്‍പെടുത്താതിരിക്കട്ടെ’ (മത്തായി 19:5-6)
കുടുംബം ഇസ്‌ലാം മതത്തില്‍
ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന്റെ തുടക്കമാണ് കുടുംബം. ദൈവത്തിന്റെ ഏകത്വമാണ് ഇസ്‌ലാമിക സംസ്‌കൃതിയുടെ മൂലബിന്ദു. പ്രപഞ്ചത്തില്‍ ദൈവത്തിനുള്ള അനിഷേധ്യവും അലംഘനീയവുമായ ഉടമാവകാശവും പരമാധികാരവും പ്രഖ്യാപനം ചെയ്യുന്ന തൗഹീദ് അഥവാ ഏകദൈവവിശ്വാസം. മനുഷ്യനാകട്ടെ ഭൂമിയില്‍ ദൈവത്തിന്റെ സൃഷ്ടിയും. ദൈവത്തിന്റെ അടിമയായി ജീവിക്കലാണ് മനുഷ്യനിയോഗം. സ്ത്രീയും പുരുഷനും ഇതില്‍ തുല്യരാണ്. മനുഷ്യന്‍ ജന്മനാ പാപിയാണെന്നോ പാപം പെണ്ണിന്റെ പ്രേരണയാല്‍ കൈവരിച്ചതാണെന്നോ ഉള്ള സങ്കല്പം ഇസ്‌ലാമിലില്ല. ശുദ്ധ പ്രകൃതിയിലാണ് മനുഷ്യന്റെ ജനനം. പിന്നീട് സ്വന്തം കര്‍മങ്ങള്‍ അവനെ നല്ലതിലേക്കും ചീത്തയിലേക്കും നയിക്കുന്നു. കുടുംബഘടനക്കും മതശാസനകള്‍ക്കും അനുസരിച്ചായിരിക്കണമതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ജീവിതത്തെ സചേതനമായ ഒരു ഏകകമായിട്ട് കാണുന്ന ഇസ്‌ലാം അതിന്റെ ഒരു യൂനിറ്റായ കുടുംബത്തെക്കുറിച്ചും സുവ്യക്തമായ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുന്നു.
”മനുഷ്യരേ, ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ നാഥനോടുള്ള ഉത്തരവാദിത്വത്തെ സൂക്ഷിക്കുക. അതില്‍നിന്നു തന്നെ അതിന്റെ ഇണയെയും അവര്‍ സൃഷ്ടിച്ചു. പിന്നീട് ഇരുവരില്‍ നിന്നുമായി അനവധി സ്ത്രീ പുരുഷന്മാരെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത്, ആ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളുടെ കുടുംബബന്ധത്തെയും സൂക്ഷിക്കുക.” (വി.ഖു 4:1)
പ്രവാചക വചനങ്ങള്‍ വിവാഹത്തെയും കുടുംബവ്യവസ്ഥിതിയെയും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് എണ്ണുന്നത്. സ്ത്രീ പുരുഷന്മാരുടെ സൃഷ്ടിപ്പിനെയും സ്‌നേഹം, കാരുണ്യം എന്നതില്‍ ബന്ധിതമായ വിവാഹബന്ധത്തെയും ദൈവത്തിന്റെ ദൃഷ്ടാന്തമായിട്ടാണ് കാണുന്നത്. കുടുംബബന്ധത്തിലെ വിവിധ വ്യവസ്ഥിതികളിലെല്ലാം വിശ്വാസത്തിന് നിര്‍ണായക പങ്കുണ്ട്. അനന്തരാവകാശമോ ഒസ്യത്തോ വഴി അമുസ്‌ലിമായ ഒരു പുത്രനോ പിതാവിനോ ഒരു മുസ്‌ലിമിന്റെ സ്വത്തില്‍ അവകാശമില്ല. അത്രമേല്‍ വ്യവസ്ഥാപിതമാണ് ഇസ്‌ലാമിലെ കുടുംബം.
സാമൂഹ്യവത്ക്കരണം
സാമൂഹികവത്ക്കരണമാണ് കുടുംബത്തിന്റെ മറ്റൊരുലക്ഷ്യം. ഞാന്‍ എന്റേത്, ഞങ്ങള്‍ ഞങ്ങളുടേത് എന്ന് വിട്ട് നാം നമ്മുടേത് എന്ന സാമൂഹികതയിലേക്കുള്ള പ്രയാണമായിരിക്കണം ഇസ്‌ലാമിലെ കുടുംബം. നബി(സ) ഒരിക്കല്‍ പറഞ്ഞു: ഒരു പിതാവിന് മക്കള്‍ക്കായി നല്‍കാവുന്നതില്‍ ഏറ്റവും നല്ലത് അവരുടെ സദ്‌വിദ്യാഭ്യാസവും പരിശീലനവുമാണ്. തന്റെ മൂന്ന് പെണ്‍മക്കളെയോ സഹോദരിമാരെയോ പരിപാലിച്ച് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും പരിശീലനവും നല്‍കുക. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ക്ക് കഴിവ് വരുന്നതുവരെ അവരോട് ദയയോടെ പെരുമാറുക. ഇങ്ങിനെ ചെയ്യുന്നവന്‍ ദൈവാനുഗ്രഹത്താല്‍ തനിക്ക് വേണ്ടി സ്വര്‍ഗത്തില്‍ ഒരു സ്ഥാനം നേടിയിരിക്കുന്നു”.
ഇത്തരം പ്രവാചക വചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളം കാണാം. കുഞ്ഞുനാളില്‍ മാതാപിതാക്കളില്‍ നിന്ന് കിട്ടേണ്ട ഈ വക തര്‍ബിയത്തിന്റെ കുറവാണ് പെണ്‍കുട്ടികളെ വഴിവിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. വിലപിടിപ്പുള്ള മൊബൈലുകള്‍ ഭാര്യമാര്‍ക്കുവേണ്ടി സമ്മാനമായി നല്‍കുന്ന ഭര്‍ത്താക്കന്മാരും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുകയില്ല. ധര്‍മപാഠങ്ങളുടെ കുറവും വര്‍ധിച്ചുവരുന്ന ഭോഗാസക്തിയുമാണ് എല്ലാ കുറ്റകൃത്യങ്ങളിലെയും മുഖ്യവില്ലന്‍ എന്ന് പറയേണ്ടതില്ലല്ലോ. തദ്‌വിഷയത്തില്‍ എല്ലാ ജാതിമത വിഭാഗക്കാരും ജാഗ്രത കാണിച്ചാല്‍ കേരളീയ കുടുംബത്തിന്റെ പഴയ സൗന്ദര്യം ഇനിയും തിരിച്ചെടുക്കാനായി എന്നുവരാം.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x