22 Sunday
December 2024
2024 December 22
1446 Joumada II 20

വ്രതാനുഷ്ഠാനവും  ജൈവ വിശുദ്ധിയും – ഡോ. പി എം മുസ്തഫ കൊച്ചിന്‍

ബഹുഭൂരിപക്ഷം രോഗവും അനാരോഗ്യവും, അമിതവും അനിയന്ത്രിതവും, അഹിതവുമായ ഭക്ഷണ ശൈലിയുടെ സൃഷ്ടിയാണെന്നതില്‍ സംശയമില്ല. ഷുഗര്‍, പ്രഷര്‍, കാന്‍സര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവ ജീവിത ശൈലീ രോഗങ്ങള്‍ ആണ്. ദേഹത്തെയും ദേഹിയെയും ബാധിക്കുന്ന രോഗബീജങ്ങളെ നശിപ്പിക്കുന്ന ആത്മീയ ദിവ്യൗഷധമാണ് വ്രതം. ആത്മാവിനേല്ക്കുന്ന
മുറിവുകള്‍ക്കുള്ള ദിവ്യ ലേപനവുമാണിത്.
പ്രാവ്, കോഴി, താറാവ്, ആട്, പൂച്ച, നായ എന്നീ പല വളര്‍ത്തുജീവികള്‍ക്കും ദീനമുണ്ടാകുമ്പോള്‍ തീറ്റയെടുക്കാതെ നിരാഹാര വ്രതമനുഷ്ഠിക്കുന്ന പ്രകൃതി പ്രതിഭാസം നാം സ്ഥിരം കാണുന്നതാണ്. ജന്തു ലോകത്തില്‍ ഉപവാസമനുഷ്ഠിക്കുന്ന ജീവികള്‍ ധാരാളമുണ്ട്. ശിശിര നിദ്രാ (Hibernation), ഗ്രീഷ്മ നിദ്രാ (Aestivation), സുഖസുഷുപ്തി (Dormancy), പ്യൂപാ ഘട്ടം (Diapause) എന്നിവ ഉപവാസത്തിന്റെ വിവിധ രീതികളാണ്. കൂടാതെ ഭക്ഷണ- ജല ദൗര്‍ലഭ്യത നേരിടാനും, ദേശാടനത്തിനിടയിലും, ശിശു പരിലാളനത്തിനുമായി ജീവജാലങ്ങള്‍ വ്രതം അനുഷ്ഠിക്കുന്നു. അലാസ്‌കയിലെ മലയണ്ണാന്‍ ഒന്‍പത് മാസവും, ന്യൂസിലാന്റഇലെ ടുവാടര്‍ പല്ലി ആറു മാസവും, ശിശിര വ്രതമെടുക്കുമ്പോള്‍, ആഫ്രിക്കന്‍ ശ്വാസകോശ മത്സ്യം ആറ് മാസവും, ഏഷ്യന്‍ ജെര്‍ബോ എലികള്‍ ഒരു മാസവും ഗ്രീഷ്മ വ്രതമനുഷ്ഠിക്കുന്നു.
ഈല്‍ മത്സ്യവും, സാല്‍മണ്‍ മത്സ്യവും, ചാരത്തിമിംഗലവും ആര്‍ട്ടിക് ആള പക്ഷിയും ദേശാടന കാല വ്രതനുഷ്ഠിക്കുന്നവരാണെങ്കില്‍, ആസ്‌ട്രേലിയയിലെ എമുവും, അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനും അടയിരിക്കുമ്പോള്‍ രണ്ടു മാസക്കാലം വ്രതത്തിലായിരിക്കും. പരാന്ന വിരയുടെ സിസ്റ്റ് ഘട്ടവും സുഖസുഷുപ്തി ഘട്ടവും, പൂമ്പാറ്റകളുടെ പ്യൂപ്പാ ഘട്ടവും വ്രതരൂപങ്ങളാണ്.
മനുഷ്യന്‍ ഭൂമിയില്‍ ജീവിതമാരംഭിച്ചതു മുതല്‍ വ്രതവും ഉണ്ടായിരിക്കാം. വിവിധ മതഗ്രന്ഥങ്ങളില്‍ ഉപവാസ നിര്‍ദേശങ്ങള്‍ കാണാനാവും. ബുദ്ധമതത്തില്‍ വാവുകള്‍ തോറും ഉപവാസമുണ്ട്. ബുദ്ധലാമമാരുടെ വ്രതത്തില്‍ ഉമിനീര്‍ പോലും ഇറക്കില്ല. ജൈനര്‍ തുടര്‍ച്ചയായ ‘നാല്‍പത്’ ദിന വ്രതമാണ് ഒരു ഉപവാസം. ഹിന്ദു മതത്തില്‍ ഏകാദശി വ്രതം, നവരാത്രി വ്രതം, ശിവരാത്രി വ്രതം, പ്രദോഷ വ്രതം, ഷഷ്ഠി വ്രതം, ചതുര്‍ദശി, ദശമി, അഷ്ടമി, വാവ് എന്നീ വ്രതങ്ങള്‍ കാണാന്‍ കഴിയും. കര്‍മ പാപങ്ങളില്‍ നിന്ന് വിരമിച്ച് ഗുണങ്ങളോടൊപ്പം വസിക്കുകഎന്നതാണ് ഉപവാസം എന്ന് അഗ്നിപുരാണം പറയുന്നു. ജൂതരുടെ പഴയ നിയമത്തില്‍ മൂസ(അ), 40 പകലും 40 രാത്രിയും അന്ന പാനീയങ്ങള്‍ വെടിഞ്ഞ് ഉപവസിച്ചതായി (പുറപ്പാട് 34:28) കാണാം. നാല്, അഞ്ച്, ഏഴ്, പത്ത് മാസത്തിലെ ഉപവാസങ്ങള്‍ സന്തോഷവും ആഹ്ലാദവും നല്‍കും (സ്‌കറിയാ 8:19) എന്ന് പറയുന്നു. പൂര്‍ണ ഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും വിലാപത്തോടും കൂടെ ദൈവത്തിലേക്ക് പിന്തിരിയുക (യൂയേല്‍ 2:12) എന്ന് ബൈബിള്‍ പറയുന്നു. ഉപവാസം എന്താവരുതെന്ന് കൃത്യമായി ഏശയാ 58:3-6 വചനങ്ങളിലുണ്ട്.
പുതിയ നിയമത്തില്‍ 40 പകലും 40 രാവുകളും ഈസാ(അ) ഉപവസിച്ചുവെന്ന് മത്തായ് 4:12 ലും അദൃശ്യനായ ദൈവമൊഴികെ മനനുഷ്യരാരും കാണാതെയാണ് ഉപവസിക്കേണ്ടതെന്ന് മത്തായ് 6:18 ലും, കപട ഭക്തി നടിച്ച് മ്ലാനവദനരായി ഉപവസിക്കുന്നതിനെ ഈസ(അ) വെറുത്തതായി മത്തായ് 6:16 ലും പറയുന്നു. കൂടാതെ മാര്‍ക്കോസ് 2:18ലും ലൂക്കോസ് 18:2 ലും ഉപവാസം പരാമര്‍ശ വിഷയമാണ്.
വിശുദ്ധ ഖുര്‍ആനില്‍ ദോഷബാധയെ സൂക്ഷിക്കാന്‍ നോമ്പനുഷ്ഠിക്കണമെന്ന് സൂറതുല്‍ ബഖറ 173 ലും, നോമ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് 2:187 ലും, രോഗി, യാത്രക്കാര്‍ എന്നിവര്‍ക്ക് നോമ്പിന് ഇളവുണ്ടെന്ന് 2:185 ലും പറയുന്നുണ്ട്. പ്രവാചകന് പട്ടിണിയുണ്ടായിരുന്ന മക്കാ കാലഘട്ടത്തിലല്ല, മദീന കാലത്ത് ഹിജ്‌റ രണ്ടാം വര്‍ഷമാണ് റമദാന്‍ വ്രതം ആരംഭം കുറിച്ചത്. വ്രതം അടിസ്ഥാനപരമായി ആത്മീയ വിശുദ്ധി ലക്ഷ്യമിടുന്നുവെങ്കിലും തല്‍ഫലമായി സാധ്യമാകുന്ന ഭൗതിക ശാരീരിക നേട്ടങ്ങളെ നിരാകരിക്കുന്നുമില്ല. ആരോഗ്യപാലനത്തിനും രോഗമുക്തിക്കും വ്രതം ആവശ്യമെന്ന് ആരോഗ്യലോകം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ഇറ്റലിയിലെ നേപ്പിള്‍സുകാരായ   ഡോക്ടര്‍മാര്‍ 170 വര്‍ഷം മുമ്പ് വരെയും പനി വന്നാല്‍ വ്രതമായിരുന്നു ഉപദേശിച്ചിരുന്നത്. പനിക്കാരെ 40 ദിനം  വരെയും വ്രതമനുഷ്ഠിക്കാന്‍ അവര്‍ അുവദിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിക്കു ശേഷം രോഗമുക്തിക്കായ് ഉപവാസവും മിതാഹാരവും ഹിതാഹാരവും ശീലിച്ചാല്‍ മതിയെന്ന് പറഞ്ഞവരാണ് മഹാത്മാ ഗാന്ധി, മൊറാര്‍ജി ദേശായ് എന്നീ ഭാരതീയരും മോറീസ് ഫ്രെഡ്മാന്‍ പിയേഴ്‌സണ്‍, ലൂജി കോര്‍ണാരോ, പ്രൊ.അര്‍ണോള്‍ഡ്, ഡോ. മക്കാരിസണ്‍, ഡോ. ഡ്യൂയി എന്നീ പാശ്ചാത്യരും.
അമേരിക്കയിലെ നാച്ചുറല്‍ ഹൈജീന്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ‘വ്രതം നിങ്ങളുടെ ജീവന്‍ രക്ഷയ്ക്ക്” (Fasting Can Save Your Life) എന്ന ഗ്രന്ഥരചന നടത്തിയ ഡോ. ഹര്‍ബര്‍ട്ട് എം ശെല്‍ട്ടന്‍ സ്വന്തമായി ടെക്‌സാസിലെ സാന്‍ ആന്റോണിയോയില്‍ ഉപവാസത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കേന്ദ്രം നടത്തിയിരുന്നു.ആധുനിക ശാസ്ത്രം മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിും വ്രതം നിര്‍ദ്ദേശിക്കുന്നുണ്ട്. മാനസിക സമ്മര്‍ദം ലഘൂകരിക്കാനും ശരീരം ആയാസാവസ്ഥയിലാക്കാനും മനശ്ശാസ്ത്രം നിര്‍ദേശിക്കുന്ന പല കാര്യങ്ങളിലൊന്ന് വ്രതമാണ്. ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ എന്ന മന:ശാസ്ത്രജ്ഞന്റെ ‘സമൂഹ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍’ (Principles of Sociolgoy)എന്ന കൃതിയില്‍ ഇത്തരം കാര്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്.
നോമ്പ് നോറ്റ് ജീവിതം നയിച്ചാല്‍ ഒരുപാട് തലവേദനകള്‍ ഒഴിവാക്കാം. തലവേദനയും, ചെന്നിക്കുത്തും രോഗമല്ലെന്നും രോഗലക്ഷണങ്ങളില്‍ ഒന്നാണെന്നും അതിന് കാരണം ഭക്ഷണമാണെന്നും കാലിഫോര്‍ണിയയിലെ ഡോ. ഡോണാള്‍ഡ് സാലിസോ അഭിപ്രായപ്പെട്ടിരുന്നു. ചിക്കാഗോയിലെ ഡയണ്ട് തലവേദനാശുപത്രി സ്ഥാപിച്ച ഡോ. സെയ്‌റ മോര്‍ ഡെയ്മണ്ട്. അദ്ദേഹത്തിന്റെ രോഗികളില്‍ അഞ്ച് ശതമാനത്തിന്റെയും ചെന്നിക്കുത്ത് ഭക്ഷണം മൂലമാണെന്നാണ് പറഞ്ഞത്. അമേരിക്കന്‍ അലര്‍ജി കോളേജിലെ ഫുഡ് അലര്‍ജി സമിതിയില്‍ പതിനഞ്ച് വര്‍ഷം ചെയര്‍മാന്‍ പദവി അലങ്കരിച്ച ഡോ. ജെയിംസ് ബ്രണിമാന്‍ പറയുന്നത് ചെന്നിക്കുത്തിന്റെ 75% വും ഭക്ഷണം മൂലമാണെന്നാണ്.
ജലദോഷം രോഗമല്ല രോഗലക്ഷണമാണ് എന്നാണ് ഡോ. ടില്‍ഡണ്‍ പറയുന്നത്. മിനി സോട്ട സര്‍വകലാശാലയിലെ ഡോ. ഹരോള്‍ഡ് ഡീ ഹസിന്റെ പഠനങ്ങളില്‍ ജലദോഷത്തിന്റെ മരുന്നുകളൊന്നും യഥാര്‍ഥ പരിഹാരമല്ലെന്നും തെളിയിച്ചിട്ടുണ്ട്. ജൈവമാലിന്യ ശേഖരങ്ങള്‍ കുമിഞ്ഞ് കൂടുമ്പോള്‍, അധികശേഖരം പുറം തള്ളാനായി. ജലദോഷം എന്ന പുതിയ വഴി ശരീരം തുറക്കുന്നു. ജലദോഷത്തിന്റെ ആദ്യലക്ഷണം ഉണ്ടാകുമ്പോള്‍ തന്നെ വ്രതം ആരംഭിക്കാം. ജലദോഷ കാഠിന്യമനുസരിച്ച് വ്രതദിനം വര്‍ധിപ്പിക്കാം. വ്രതം മൂലം ജലദോഷാസ്വാസ്ഥ്യങ്ങളും അതിന്റെ ദൈര്‍ഘ്യവും നന്നായി കുറയും.
നാസാരന്ധ്രത്തിലെ സൈനസ് നാളികളിലെ നീര്‍കെട്ടും കഫദോഷവുമാണ് സൈനസൈറ്റീസ്. നീണ്ട വ്രതം കൊണ്ട് അതില്‍ നിന്ന് മോചനം നേടാനാവുമെന്ന് ഡോ. വീഗര്‍ പറയുന്നു. പെന്‍സില്‍വാനിയക്കാരന്‍ ഡോ. എഡ്്‌വേര്‍ഡ് ഫുക്കര്‍ ഡെവി പ്രാതല്‍ ഒഴിവാക്കിയപ്പോള്‍ സ്വന്തം ശരീരത്തിന് വന്ന മാറ്റം അദ്ദേഹത്തെ ഉപവാസ ചികിത്സകനാക്കിമാറ്റി. ശരീര ധര്‍മശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ഉപവാസം ആഗിരണപ്രക്രിയ കുറയ്ക്കുകയും വിസര്‍ജനപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി കാണാന്‍ കഴിയും. ശരീരത്തിലെ വസര്‍ജന ശുദ്ധീകരണ അവയവങ്ങളില്‍ വ്രതത്തോടനുബന്ധിച്ച് വ്യതിയാനങ്ങള്‍ പ്രത്യക്ഷമാകും. ഉമിനീര്‍ രസത്തിന്റെ അളവ് കുറയുകയും സാന്ദ്രതയും കയ്പും ദുസ്വാദും അനുഭവപ്പെടുകയും ചെയ്യുന്നു. വിയര്‍പ്പുപോലെ മൂത്രത്തിനും ദുര്‍ഗന്ധമുണ്ടാകുന്നു. ഹൃദയ മിടിപ്പ് കുറയുന്നു. ശരീരത്തിന് പ്രാണവായു അല്പം മതിയെന്നത് ഹൃദയത്തിന് ഒരു താല്‍ക്കാലിക വിശ്രമവും വേണ്ടത്ര ആശ്വാസവും ജോലി ഭാരം കുറയുകയും ചെയ്യുന്നു. വെളുത്ത രക്താണുവിന്റെ എണ്ണം കുറയുന്നതുമൂലം മജ്ജയ്ക്ക് വിശ്രമം ലഭിക്കുന്നു. രക്തശുദ്ധീകരണം, ദുര്‍മേദസ്സ് ഒഴിവാക്കല്‍, അധ്വാനം കുറയല്‍ എന്നിവ മൂലം ആന്തരികാവയവത്തിന് വിശ്രമവും ഓജസ്സും ഉണര്‍വും ശക്തിയും കൈവരിക്കാനാവുന്നു. കരളില്‍ ശുദ്ധീകരണവും മിനുക്കുപണിയും നടക്കുന്നതിനാല്‍ കരള്‍ വീക്കത്തില്‍ നിന്ന് മുക്തനാവുന്നു. വൃക്കയിലെ നെഫ്രോണുകളും ട്യൂബുകളും നല്ലപോലെ ശുദ്ധിയാക്കാന്‍ വ്രതം മൂലം സാധ്യമാകുന്നു. കാഴ്ചശക്തിയും, സ്പര്‍ശന ശക്തിയും, ഘ്രാണശക്തിയും, കേഴ്‌വി ശക്തിയും, സ്വാദും വര്‍ധിക്കുന്നു. നാഡി ഞരമ്പുകളും തലച്ചോറും ശുദ്ധീകരിക്കുന്നത് മൂലം വ്രതകാലത്ത് മാനസികാസ്വാസ്ഥ്യം കുറയുന്നു.
വ്രതനാളില്‍ ഉല്പാദിപ്പിക്കുന്ന ചില നാഡി സംവഹനികള്‍ (NeuroTransitter) സ്ത്രീ ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച് പ്രത്യുല്‍പാദന ശേഷിയും ഗര്‍ഭപാത്ര ശേഷിയും വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.  പുരാതന ഈജിപ്ഷ്യരും പാഴ്‌സികളും സ്ത്രീകള്‍ക്ക് വ്രതം നിര്‍ദേശിച്ചിരുന്നു.
ഖരദ്രവ്യ ആഹാരങ്ങള്‍ ശരീരത്തിന് ലഭ്യമാകാത്ത അനിശ്ചിതാവസ്ഥയാണ് നിരാഹാരം, മുഴുപ്പട്ടിണി, ഉപവാസത്തില്‍ ക്ലിപ്തപ്പെടുത്തിയ സമയനിഷ്ഠ മാനസികമായ ഉന്നത നിലവാരം നല്‍കുന്നതിനാല്‍ പാര്‍ശ്വ ഫലമുണ്ടാവുന്നില്ല. ഇന്ദ്രിയ വ്യവസ്ഥകളെ ചിട്ടപ്പെടുത്തുകയും വ്യവസ്ഥാപിതമായി അതിനെ ക്രമീകരിക്കുകയും അതുവഴി ശാരീരികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതിന് വ്രതത്തിന്റെ പങ്ക് നിസ്തുലമാണ്. ആയുര്‍വേദത്തില്‍ ലംഘനം (മെലിയിക്കല്‍) എന്ന ഉപവാസ രീതിയുണ്ട്. രക്തശുദ്ധി, കഫശമനം, ത്വക്‌രോഗം തുടങ്ങിയവയ്ക്ക് ലംഘനോപവാസം വിധിക്കുന്നുണ്ട്. ശുദ്ധോപവാസം, നിര്‍ജല ഉപവാസം, ജലപാന ഉപവാസം എന്നിവ ആയുര്‍വേദത്തിലെ ഉപവാസ രീതികളാണ്.
പ്രകൃതി ജീവനത്തില്‍ ആമാശയ വിശ്രമത്തിനും മലദ്വാര വിശ്രമത്തിനും രക്തത്തിലെ വിഷാംശം പുറന്തള്ളല്‍ എന്നിവയ്ക്ക് ചികിത്സോപാധിയായി ഉപവാസം നിര്‍ദേശിക്കുന്നു. പ്രകൃതി ജീവനത്തില്‍ ഒരു പ്രധാന വിധിയാണ് ഉപവാസം. പ്രകൃതി ജീവനവും ആയുര്‍വേദവും മാത്രമല്ല, അലോപ്പതി പോലും ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് ആഹാര നിയന്ത്രണ ഉപവാസം നിര്‍ദേശിച്ചുവരുന്നു.
ശരീരത്തിന്റെ ജൈവ വിശുദ്ധിയാണ് ആത്മീയ വിശുദ്ധിക്ക് നിദാനം (A Clean Psychology Follows A clean Physiology) ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരത്തിലേ കുടികൊള്ളുകയുള്ളൂ (A Sound mind can exist only in a sound body) എന്നീ രണ്ട് ആപ്തവാക്യങ്ങള്‍ വ്രതത്തിനെ സംബന്ധിച്ച് അര്‍ഥവത്താണ്.
Back to Top