വ്രതം പകരേണ്ടത് – ഷാമില്‍ ഒളവണ്ണ
കാരുണ്യവാനായ രക്ഷിതാവ് മനുഷ്യ സമൂഹത്തിന് ഓരോ വര്‍ഷവും ചെയ്തുപോയ പാപങ്ങളുടെ കറയില്‍ നിന്ന് മനസ്സിനെ ശുദ്ധമാക്കി വീണ്ടെടുക്കുന്നതിന് ‘റമദാന്‍’ എന്ന പരിശുദ്ധ മാസത്തെ ഒരുക്കിയിരിക്കുന്നു. പശ്ചാത്തപിച്ചും, അനുഗ്രങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയും, ഏറെ സൂക്ഷ്മതയോടെ റമദാനിലെ ഓരോ ദിനവും നാം കഴിച്ചുകൂട്ടുന്നു. ലോകത്തിന്റെ രക്ഷിതാവ് പ്രഭാതം മുതല്‍ പ്രദോഷം വരെ പണക്കാരനെയും പാവപ്പെട്ടവനെയും ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ ഒരു നേരത്തെ അന്നത്തിന്റെ വിലയും അത് ലഭ്യമാക്കുന്നതിനുള്ള ത്യാഗവും റമദാനിലെ ഓരോ ദിവസത്തിലൂടെയും പരിചയിപ്പിക്കുന്നു. എന്നാല്‍ ഇന്ന് പ്രദേശത്തിലെ ബാങ്കിന് കാതോര്‍ത്ത് നിറയുന്ന തീന്‍മേശകളും, ഉള്ളതിന്റെ ധാരാളിത്തത്തിന്റെ പെരുന്നാള്‍ സുദിനത്തെ ഉറ്റുനോക്കിക്കൊണ്ട് വാങ്ങിവെക്കുന്ന വസ്ത്രങ്ങളും റമദാനിന്റെ അലങ്കാരങ്ങളായി മാറിയിരിക്കുന്നു. നമുക്ക് ഇത്തരം വിഭവങ്ങള്‍ വാങ്ങാനും, അത് പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹത്തോടെ നല്‍കാനും സാധിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. എന്നാല്‍ നമ്മുടെ കുടുംബങ്ങളിലോ, സൗഹൃദങ്ങളിലോ നാം പ്രിയമോടെ നോക്കിക്കാണുന്ന നമ്മുടെ ബന്ധങ്ങളിലോ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ തനിക്ക് എല്ലാം നല്‍കിയിരുന്ന തന്റെ പിതാവിന്റെ മരണത്തിനു മുന്നില്‍ പകച്ച് നില്‍ക്കേണ്ടി വന്നതും അല്ലെങ്കില്‍ ശിഷ്ട ജീവിതത്തിന്റെ ആശങ്കകളെ കരിച്ചുകളയുമാറ് വന്നു ഭവിച്ച രോഗങ്ങളെ കൊണ്ടും മറ്റുമായി ജീവിതയാത്രയില്‍ എവിടെയോ വെച്ച് ഒറ്റപ്പെട്ടുപോയ ഒത്തിരി ഹൃദയങ്ങള്‍ നമുക്ക് കാണാം.
ഇത്തരത്തില്‍ ആശയറ്റ് തേടിവരാന്‍ ആരുമില്ലാത്ത ഹൃദയങ്ങൡലക്ക് സ്‌നേഹത്തിന്റെയും നന്മയുടെയും ചില അപ്രതീക്ഷിത സമ്മാനങ്ങളുമായി കടന്നുചെല്ലണം. അപ്പോഴാണ് വ്രതം നമ്മുടെ ഉള്ളില്‍ പ്രതിഫലിച്ചതിന്റെ നന്മ സമൂഹത്തിന് അനുഭവിക്കാന്‍ സാധ്യമാവുക.