2 Tuesday
December 2025
2025 December 2
1447 Joumada II 11

വ്യക്തി സ്വാതന്ത്ര്യം പോലെ സാമൂഹിക ധാര്‍മിക നിയമങ്ങളും സുപ്രധാനം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ /ഹുസൈന്‍ കൊടിഞ്ഞി

തുടരെത്തുടരെ വന്ന ഏതാനും വിധികളിലൂടെ സുപ്രീംകോടതി മുമ്പില്ലാത്ത വിധം പൊതുജന സംസാരത്തിന്റെ അജണ്ട നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു. അവയെ ചരിത്രപരമെന്ന് പലരും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം സമൂഹത്തിലെ ചില വിഭാഗങ്ങളില്‍ അവ ഭീതിയുളവാക്കുന്നുണ്ട്. ഈ വിധികളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?
സാമൂഹ്യ പ്രസക്തമായ വിധികളുടെ തുടരെത്തുടരെയുള്ള പ്രഖ്യാപനം മുമ്പില്ലാത്തതാണ്. ഹാദിയ കേസിലെ വിധി, സ്വകാര്യതയുമായി ബന്ധപ്പെട്ട ആധാര്‍ കേസിലെ വിധി, മുത്വലാഖുമായി ബന്ധപ്പെട്ട വിധി, ദയാവധവുമായി ബന്ധപ്പെട്ട വിധി, സ്വവര്‍ഗഭോഗത്തെയും വ്യഭിചാരത്തെയും ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധികള്‍ എന്നിവ അവയില്‍ ചിലതാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ളതാണ് ഈ  വിധികളെല്ലാം. പുരോഗമന തല്‍പരരല്ലാത്ത ശക്തികളില്‍ നിന്ന് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വേളയില്‍ ഇത് പ്രശംസനീയമാണ്. അതേ സമയം സാമൂഹ്യ ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് അമിതമായി ചായുന്നതും വളരെ ഉത്ക്കണ്ഠയുണ്ടാക്കുന്ന കാര്യമാണ്. ഐ പി സി സെക്ഷന്‍ 377 റദ്ദു ചെയ്ത് സ്വവര്‍ഗഭോഗം ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റിയതും സെക്ഷന്‍ 497 റദ്ദു ചെയ്തതും ഗൗരവപൂര്‍വം പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്.
ഈ കോടതിവിധികള്‍ ദൂരവ്യാപകമായ ്രപത്യാഘാതങ്ങളുണ്ടാക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ പരാമര്‍ശിക്കുന്ന സ്വാതന്ത്ര്യം നിരുപാധികമല്ല. നിയമ വ്യവസ്ഥയാലല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ നിഷേധിക്കാനാവില്ല.  ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് മൗലികാവകാശങ്ങള്‍. സമൂഹത്തില്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനത്തിന് അനിവാര്യമാണ് ഈ നിയന്ത്രണങ്ങള്‍. കാലാതിവര്‍ത്തിയായ ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്ന സമൂഹം അരാജകത്വത്തിലേ ഏര്‍പ്പെടൂ.
കൂടുതല്‍ വിശദീകരിക്കാമോ?
ദൈവം എല്ലാ ജീവജാലങ്ങളെയും ജോഡികളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ഉദ്ദേശ്യം സന്താനോല്പാദനാണ്. എല്ലാ മതദര്‍ശനങ്ങളും സ്വവര്‍ഗരതിയെ പാപമായി കാണുന്നു. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമല്ലാതാക്കിയത് സുസ്ഥാപിത വിവാഹ സമ്പ്രദായത്തിന് വെല്ലുവിളിയാണ്. കോടതി പാശ്ചാത്യ റാഡിക്കല്‍ ലിബറലിസത്തിലേക്ക് വേഗം സഞ്ചരിക്കുന്നതായി തോന്നുന്നു. വ്യത്യസ്ത വിശ്വാസങ്ങളും സാംസ്‌കാരിക വ്യവസ്ഥകളും നിലവിലുള്ള ഇന്ത്യ പോലൊരു രാജ്യത്തിന് ഇത് അനുയോജ്യമായിരിക്കില്ല.
വ്യഭിചാരവുമായി ബന്ധപ്പെട്ട്, ഐ പി സി 1860 ലെ സെക്ഷന്‍ 497 ഉം സി സി പി 1973 ലെ സെക്ഷന്‍ 198 ഉം (വ്യഭിചാരക്കുറ്റം ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഭാര്യമാരെ തടയുന്ന) കോടതി ലിംഗഭേദമില്ലാത്തതും ഭരണഘടനാ വിരുദ്ധമല്ലാത്തതുമാക്കണമായിരുന്നു. നിലവിലുള്ള വിധി ദാമ്പത്യബന്ധങ്ങള്‍ തകരുന്നതിലേക്ക് നയിക്കും. ഈ വിവാഹ ബന്ധങ്ങളിലുണ്ടാകുന്ന മക്കളുടെ ഭാവിയും അപകടത്തിലാവും. ഭാര്യാഭര്‍ത്താക്കന്മാരിലൊരാള്‍ വ്യഭിചാരത്തിലേര്‍പ്പെടുന്നതുമൂലം ദമ്പതികളിലൊരാള്‍ ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് വ്യഭിചാരത്തില്‍പ്പെട്ട ഭാര്യയെ/ഭര്‍ത്താവിനെ സെക്ഷന്‍ 306 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാം എന്ന് സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇത് ദാമ്പത്യപ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യാ നിരക്ക് വര്‍ധിപ്പിക്കും. ഐ പി സി 1860 ലെ സെക്ഷന്‍ 498 (എ) പ്രകാരം വ്യഭിചാരം കുറ്റകൃത്യമാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. ക്വാലാലമ്പൂരില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ഒരു ലീഗല്‍ കോണ്‍ഫറന്‍സില്‍ ഈയിടെ ഞാന്‍ പങ്കെടുക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശങ്ങളുടെ ചാര്‍ട്ടറില്‍ ധാര്‍മിക മൂല്യങ്ങള്‍ എങ്ങനെ സമന്വയിപ്പിക്കാം എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു മുഴുവന്‍ ചര്‍ച്ചയും മനുഷ്യാവകാശങ്ങളുടെ സാര്‍വലൗകിക പ്രഖ്യാപനത്തിന് സമാനമായി മനുഷ്യ ഉത്തരവാദിത്വങ്ങളുടെ സാര്‍വലൗകിക പ്രഖ്യാപനത്തിന് ആ സമ്മേളനം ആവശ്യപ്പെട്ടു.
ശക്തമായ അഭിപ്രായങ്ങളുണ്ടായിട്ടും മുസ്‌ലിം ഗ്രൂപ്പുകളൊന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
മുസ്‌ലിം സമുദായ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് ഞാന്‍ പറയും. അവര്‍ കോടതിയില്‍ അവരുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും നമ്മുടെ സാമൂഹ്യ ഘടനയ്ക്ക് ഈ മാറ്റങ്ങളുണ്ടാക്കുന്ന ഗുരുതരമായ ഭീഷണികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യണമെന്നായിരുന്നു. ഈ മാറ്റങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമല്ല, സമൂഹത്തിലൊന്നാകെ ഗുരുതരമായ ഫലങ്ങളുണ്ടാക്കും എന്നതിനാല്‍ നമ്മുടെ സാമൂഹ്യ ജീവിതത്തെ ഒരുമിച്ചു നിര്‍ത്തുന്ന സാര്‍വലൗകിക ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം അവര്‍ക്കുണ്ട്. സമൂഹത്തിന്റെ പൊതുനന്മ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സമുദായം ഈ വിഷയത്തില്‍ നിയമ നടപടികളില്‍ ഭാഗഭാഗക്കാവേണ്ടതായിരുന്നു.
മുത്വലാഖ് വിഷയത്തിലും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡി (AIMPLB) ന്റേത് ശരിയായ നിലപാടായിരുന്നില്ല. അത്യാവശ്യമായി മുത്വലാഖ് വിഷയത്തെ കോടതിയിലേക്ക് കൊണ്ടുവന്നതിന് പിന്നിലുള്ള അജണ്ട തുറന്നു കാണിക്കുന്നതിന് പകരം മുത്വലാഖിലെ ചട്ടങ്ങള്‍ സംരക്ഷിക്കാനാണ് എ ഐ എം പി എല്‍ ബി ആഗ്രഹിക്കുന്നത്. നിലവിലെ മുസ്‌ലിം വ്യക്തിനിയമം മുഖ്യമായും കീഴ്‌വഴക്കത്തിന്റെ – അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനിന്റെയും ഹദീസിന്റെയുമല്ല – അടിസ്ഥാനത്തിലുള്ളതാണ്. മുസ്‌ലിം വ്യക്തി നിയമങ്ങള്‍ ആശ്രയിക്കുന്ന മുഹമ്മദന്‍ ലോ സ്വഭാവത്തില്‍ സങ്കുചിതമായ പുരുഷ പക്ഷപാതിത്വം പുലര്‍ത്തുന്നതാണ്. ആധികാരിക സ്രോതസ്സുകളനുസരിച്ച് മുസ്‌ലിം വ്യക്തി നിയമം ക്രോഡീകരിക്കാന്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍  ലോ ബോര്‍ഡ് മുന്നോട്ടു വരണം. പാര്‍ലമെന്റിലൂടെ അനിവാര്യമായ നിയമ നിര്‍മാണം നടത്താനുള്ള സംഘടിതമായ ശ്രമം രാഷ്ട്രീയ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടാവണം. ഒടുവിലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടും വ്യക്തിനിയമങ്ങളുടെ ക്രോഡീകരണത്തിന്റെ ആവശ്യകത പ്രാധാന്യപൂര്‍വം പറയുകയുണ്ടായി.
ഏകീകൃത സിവില്‍ കോഡിന് ഈ ഭിന്നതകള്‍ പരിഹരിക്കുന്നതില്‍ സഹായിക്കാന്‍ കഴിയുമോ?
ഇല്ല. അനവധി സംസ്‌കാരങ്ങളുടെയും വിശ്വാസ രീതികളുടെയും സംഗമ ഭൂമിയാണ് ഇന്ത്യ. ഇവരെയെല്ലാം ഒരു ഏകീകൃത വ്യക്തിനിയമത്തിനു കീഴില്‍ കൊണ്ടുവരല്‍ അപ്രായോഗികമാണ്. ഇത് അനിവാര്യമോ ആവശ്യമോ അല്ലെന്ന് അഭിപ്രായപ്പെട്ട ലോ കമ്മീഷന്‍ ഏകീകൃത സിവില്‍ നിയമം എന്ന ആശയത്തെ തന്നെ നിരാകരിച്ചിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ തുല്യത കണ്ടുവരുന്നതിന് മുമ്പ് സമുദായത്തിനുള്ളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ തുല്യത കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടതെന്ന് ലോ കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കാനാണ്. ”ഭിന്നതയെ അംഗീകരിക്കുന്നതിലേക്ക് മിക്ക രാജ്യങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നു. കേവലം വ്യത്യാസം നിലനില്‍ക്കുന്നു എന്നതിന്റെ അര്‍ഥം വിവേചനമുണ്ടെന്നല്ല, സുശക്തമായ ജനാധിപത്യത്തിന്റെ അടയാളമാണത്.” ലോ കമ്മീഷന്‍ പറയുന്നു. നമ്മുടെ ജുഡീഷ്യല്‍ വ്യവസ്ഥയുടെ മാതൃക വ്യക്തിനിയമങ്ങളുടെ ബഹുസ്വരതയായിരിക്കണം. ഏകീകൃത സിവില്‍ കോഡിനായി വാദിക്കുന്നവര്‍ സമത്വത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള വ്യക്തിനിയമമല്ല, ബ്രാഹ്മണിക്കല്‍ സിവില്‍ കോഡാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. തങ്ങളുടെ വ്യക്തി നിയമങ്ങള്‍ റദ്ദു ചെയ്യുന്നതിനോട് ഒരു സമുദായവും യോജിക്കുന്നില്ല. ഏകീകൃത സിവില്‍ നിയമത്തിനായി ഒച്ചവെക്കുന്നത് ചില രാഷ്ട്രീയ അജണ്ടയുള്ള ഏതാനും ഗ്രൂപ്പുകള്‍ മാത്രമാണ്.
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍
Back to Top