23 Monday
December 2024
2024 December 23
1446 Joumada II 21

വൈരാഗ്യം തീര്‍ക്കാന്‍ പൊക്കിയെടുക്കുന്ന കേസുകള്‍ – അബ്ദുര്‍റസാഖ് പനമ്പിലാവ്

1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പങ്ക് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നു. നല്ല കാര്യം. കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്നു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കമല്‍നാഥ്. കമല്‍നാഥിന് കലാപത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ തന്നെ നല്‍കണം. എന്നാല്‍, സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കളി എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. പൊളിറ്റിക്കല്‍ വെന്റെറ്റ ഇത്ര വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കപ്പട്ട ഒരുകാലം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളെയും അവരുടെ മക്കളെയും മരുമക്കളെയുമൊക്ക വേട്ടയാടലാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന ജോലി. അന്വേഷണം നടക്കുന്നതിനിടയില്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറാവുന്നവര്‍ക്ക് പ്രത്യേക ഇന്‍സന്റീവുണ്ട്. അത്തരക്കാരുടെ വീടിനടുത്തേക്ക് സി ബി ഐയെയോ മറ്റു അന്വേഷണ ഏജന്‍സികളെയോ മഷിയിട്ട് തെരഞ്ഞാല്‍ കാണില്ല! സ്വന്തം പാര്‍ട്ടിയിലെ അഴിമതി വീരന്മാരും കലാപത്തിന് നേതൃത്വം നല്‍കിയവരും പുണ്യവാളന്‍മാരായി വിലസുകയും ചെയ്യുന്നു.
സിഖ് വിരുദ്ധ കലാപം മാത്രമല്ല, ഗുജറാത്ത്, മുസഫര്‍ നഗര്‍ തുടങ്ങി മോദിക്കും അമിത് ഷാക്കും പങ്കുള്ളവ ഉള്‍പ്പെടെ അസംഖ്യം വര്‍ഗീയ (മുസ്ലിം വിരുദ്ധ) കലാപങ്ങളും പുനരന്വേഷിക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോ? മോദിക്ക് സ്തുതി പാടുന്ന സര്‍ക്കാര്‍ വിലാസം ഏജന്‍സികളുടെ അന്വേഷണത്തെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സര്‍ക്കാറിന്റെ ഒരുതരത്തിലുള്ള ഇടപെടലുകളും ഇല്ലാത്ത നിഷ്പക്ഷ അന്വേഷണം നടന്നാല്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ അഴിയെണ്ണേണ്ടി വരും. സിഖ് വിരുദ്ധ കലാപത്തെ ‘കൂട്ടക്കൊല’യെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് അങ്ങനെപറയാന്‍ ഇവര്‍ക്ക് നാവു പൊങ്ങില്ല. ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്യുകയും പത്തു കൊല്ലം തുടര്‍ച്ചയായി ഭരണം കയ്യാളിയിട്ടും ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഭീകര കലാപങ്ങളില്‍ പങ്കുള്ളവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അലംഭാവം കാട്ടുകയും ചെയ്ത കോണ്‍ഗ്രസ് വിതച്ചത് കൊയ്യുകയല്ലേ.

Back to Top