7 Saturday
March 2026
2026 March 7
1447 Ramadân 18

വെളിച്ചം യു എ ഇ ദേശീയ സംഗമം സമാപിച്ചുമാനവിക സമാധാനാത്തിന് ഖുര്‍ആനിക സന്ദേശത്തിന് പ്രചാരം നല്‍കണം

‘വെളിച്ചം’ യു എ ഇ ദേശീയ സംഗമത്തിന്റെ സമാപന സെഷനില്‍ കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ പ്രഭാഷണം നടത്തുന്നു

അബൂദബി: ‘വെളിച്ചം’ യു എ ഇ ദേശീയ സംഗമം അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സമാപിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി ഉദ്ഘാടനം ചെയ്തു. മനുഷ്യപുരോഗതിയുടേയും മാനവിക സമാധാനത്തിന്റെയും ആദാരമായ വിശുദ്ധ ഖുര്‍ആനിനെ സമൂഹത്തില്‍ സജീവമാക്കി നിര്‍ത്താന്‍ വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുല്‍ഫിക്കര്‍ മുസഫ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ‘ചിന്തയുടെ ഖുര്‍ആന്‍: നവോത്ഥാനത്തിന്റേയും’ വിഷയത്തില്‍ പ്രഭാഷണം നടത്തി. ചിന്ത മരവിച്ച ലോകത്തേക്കല്ല പുതുമയുടെ പ്രപഞ്ചത്തിലേക്കാണ് ആവര്‍ത്തിച്ചുള്ള ഖുര്‍ആന്‍ പഠനം മനുഷ്യനെ കൊണ്ടെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഖുര്‍ആനിക അധ്യാപന ജീവിതം; ആസ്വാദനം’ വിഷയത്തില്‍ അസൈനാര്‍ അന്‍സാരി പ്രഭാഷണം നടത്തി. അക്ഷര വായനക്കപ്പുറം ആശയവായനയിലൂടെ കാവ്യാത്മകമായി ഖുര്‍ആനിനെ സമീപിക്കുമ്പോള്‍  ഖുര്‍ആന്‍ പഠനവും അധ്യാപനം പോലെ ആസ്വാദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഗായിക ആയിഷ അബ്ദുല്‍ ബാസിത്, ഷാര്‍ജ അല്‍ സബാഹ് ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഇ വി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അതിഥികളായി. കേരള സോഷ്യല്‍ സെന്റര്‍ പ്രതിനിധി കെ ബി ബീരാന്‍കുട്ടി, അബൂദബി മലയാളി സമാജം പ്രതിനിധി ഷിബു വര്‍ഗീസ്, റസ്മുദ്ദീന്‍ ചേന്ദര, ശരീഫ് ആമയൂര്‍, മുജീബ് റഹ്മാന്‍ പ്രസംഗിച്ചു. വനിതാ സംഗമത്തില്‍ ‘നവയുഗത്തിലെ രക്ഷിതാക്കള്‍’ വിഷയത്തില്‍ മുഹ്‌സിന പത്തനാപുരം പ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തിലെ പ്രയാസങ്ങളും സമൂഹത്തിന് ജീവിതാനുഭവങ്ങളും നവയുഗത്തിലെ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ മാത്രമേ ജീവിതവിജയം നേടാന്‍ സാധിക്കൂവെന്ന് മുഹ്‌സിന പറഞ്ഞു. ‘മദ്രസ പഠനം: കുട്ടികള്‍, രക്ഷിതാക്കള്‍’ വിഷയത്തില്‍ റിയാസുദ്ദീന്‍ സുല്ലമി ക്ലാസ്സെടുത്തു. മൂല്യങ്ങള്‍ പകര്‍ത്താന്‍ മത വിദ്യാഭ്യാസം അനിവാര്യമാണെന്നും മതവിദ്യാഭ്യാസം മക്കളില്‍ നിന്ന് അകലുന്നത് രക്ഷിതാക്കളുടെ പരാജയത്തിന്റെ ആരംഭമാണെന്നും അദ്ദേഹം പറഞ്ഞു. അനീസ ടീച്ചര്‍, വഹീദ ടീച്ചര്‍, അസ്മാബി ടീച്ചര്‍ പ്രസംഗിച്ചു. മൊയ്തീന്‍ പുന്നയൂര്‍കുളം അമീന ടീച്ചര്‍, സുമയ്യ എന്നീ പഠിതാക്കള്‍ അനുഭവം പങ്കുവെച്ചു. സര്‍ഗവിരുന്നില്‍ ഇബ്‌റാഹിം കുട്ടി, ബദറു മുസഫ എന്നിവര്‍ ഗാനവും ഷാര്‍ജ ബാലവേദി ടീം ചിത്രീകരണവും അവതരിപ്പിച്ചു.’വെളിച്ചം’ യു എ ഇ മൂന്നാംഘട്ട വിജയികളായി എം ടി റിയാസ് അല്‍ഐന്‍, അമീന മറിയം അബൂദബി, ഫിജുല അസ്‌ലം മുസഫ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി. ബാലവെളിച്ചം രണ്ടാംഘട്ടത്തില്‍ മുഹമ്മദ് ഷാദിന്‍, സുല്‍ഫിക്കര്‍ മുസഫ, നിഹാന്‍ നസീം ദുബൈ, മുഹമ്മദ് ഐമന്‍ മുസഫ ജേതാക്കളായി. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററ് സെക്രട്ടറി എം പി മുഹമ്മദ് റഷീദ് സമ്മാനദാനം നിര്‍വഹിച്ചു. സമാപന സെഷനില്‍ കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ പ്രഭാഷണം നടത്തി. ഖുര്‍ആനിന്റെ വെളിച്ചം മനുഷ്യ മനുഷ്യ മസ്തിഷ്‌കത്തിലാണ് പ്രകാശം പരത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ മതഗ്രന്ഥം എന്നതിനപ്പുറം മനുഷ്യന്റെ ജീവിത മാര്‍ഗവും നിത്യജീവിതത്തിന് ജീവന്‍ നല്‍കുന്നതുമാണ്. ഖുര്‍ആന്‍ കൊണ്ട് മതമുണ്ടാക്കാനല്ല മതത്തെ ജീവിപ്പിക്കാനാണ് പഠിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബിര്‍ ഷൗക്കത്ത്, നൗഫല്‍ ഹാദി, അഷ്‌റഫ് സുല്ലമി കിഴുപറമ്പ് പ്രസംഗിച്ചു. 

വെളിച്ചം’ യു എ ഇ ദേശീയ സംഗമത്തില്‍ അബ്ദുസ്സലാം മുട്ടില്‍ പ്രഭാഷണം നടത്തുന്നു.
Back to Top