8 Tuesday
July 2025
2025 July 8
1447 Mouharrem 12

വീണ്ടും പ്രകോപനം: കടലില്‍ നിന്ന് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

യു എസ് ഭീഷണി തള്ളി വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. കടലിലെ പ്രതലത്തില്‍നിന്നാണ് പുതിയതരം ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ആണവായുധ വാഹകശേഷിയുള്ള ഈ മിസൈല്‍ മുങ്ങിക്കപ്പലില്‍നിന്നും തൊടുക്കാം. ഈ വര്‍ഷം ഇത് 11ാം തവണയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. ഈ മിസൈല്‍ 450 കിലോമീറ്റര്‍ പറന്ന് കടലില്‍ പതിച്ചതായി കൊറിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കൊറിയയില്‍ ‘കിഴക്കന്‍ കടല്‍’ എന്നറിയപ്പെടുന്ന ജപ്പാന്‍ കടലിലാണ് മിസൈല്‍ പതിച്ചത്. യു എസുമായി ആണവ ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചതിന് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. വൈദേശിക ഭീഷണി ചെറുക്കാനും സ്വയം പ്രതിരോധത്തിനുമാണ് പുതിയ നീക്കമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.
‘പുഗുക്‌സോങ്3’ എന്ന പേരുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ആ രാജ്യത്തിന്റെ വാര്‍ത്ത ഏജന്‍സി കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് 1,900 കിലോമീറ്റര്‍ പരിധിയുണ്ട്.
അയല്‍രാജ്യങ്ങളുടെ സുരക്ഷക്ക് ഇത് ഭീഷണിയല്ലെന്ന് ഉത്തര കൊറിയ അറിയിച്ചു. മിസൈല്‍ പരീക്ഷണങ്ങളില്‍ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഭരണാധികാരി കിം ജോങ് ഉന്നിന്റെ പടം ഉത്തര കൊറിയ പുറത്തുവിടാറുണ്ട്. ഇത്തവണ അതുണ്ടായില്ല. മിസൈലിന്റെ പരിധി നോക്കുമ്പോള്‍, ദക്ഷിണ കൊറിയക്കും ജപ്പാനുമാണ് പ്രധാനമായും ഇത് ഭീഷണിയായി വരുക.
എന്നാല്‍, മുങ്ങിക്കപ്പലില്‍നിന്നാണ് തൊടുക്കുന്നതെങ്കില്‍ ആര്‍ക്കാണ് ഭീഷണിയാവുക എന്നത് കൃത്യമായി പറയാനുമാകില്ല. നിലവില്‍ ഉത്തര കൊറിയയുടെ പക്കലുള്ള മുങ്ങിക്കപ്പലുകള്‍ ’90കളില്‍ നിര്‍മിച്ചവയാണ്. ഇതിന് 7,000 കിലോ മീറ്റര്‍ വരെ പരിധിയുണ്ടെന്ന് ‘റോയിറ്റേഴ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയ പ്രകോപനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. ആണവ നിരായുധീകരണം ലക്ഷ്യമിട്ടുള്ള കൃത്യമായ ചര്‍ച്ചകളിലേക്ക് ആ രാജ്യം വരണമെന്നും യു.എസ് നിര്‍ദേശിച്ചു.

Back to Top