വീടും വിശ്വാസവും പരിസ്ഥിതി സൗഹൃദമാകണം – സി എ സഈദ് ഫാറൂഖി
ഈ സൃഷ്ടി പ്രപഞ്ചം അനുഗൃഹീതമാണ്. മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും അത് സ്പര്‍ശിച്ചു നില്‍ക്കുന്നു. സമഗ്രവും സമീകൃതവും സന്തുലിതവുമാണ് അതിന്റെ സുപ്രധാന സവിശേഷത. മനുഷ്യ ജന്മത്തിന്റെ വളര്‍ച്ചയും തുടര്‍ച്ചയും ഇവിടമാണ് നടക്കുന്നത്. മനുഷ്യജന്മം എത്ര ആദരണീയമാണ്. തനിക്കു ചുറ്റുമുള്ള ഈ ലോകം തനിക്കുവേണ്ടി സംവിധാനിച്ചിരിക്കുന്നതാണ് എന്ന ബോധം മനുഷ്യനെ എന്തുമാത്രം നന്ദിയുള്ളവനും ഉത്തരവാദിത്തമുള്ളവനുമാക്കുന്നു . വളരുന്നവനും വളര്‍ത്തുന്നവനുമാണ് മനുഷ്യന്‍. വളരേണ്ടവനും വളര്‍ത്തേണ്ടവനുമാണെന്ന ബോധവും അവനു വേണം. താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ വളരാനും വളര്‍ത്താനും സൗകര്യമൊരുക്കേണ്ടതും അവനാണ്. താന്‍ ജീവിക്കുന്ന ചുറ്റുപാട് തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന സമുന്നതബോധം അവനെ ഉയര്‍ന്ന നിലപാടുകളിലേക്ക് നയിക്കും. അപരബോധം എല്ലാ അന്യതാബോധങ്ങളില്‍ നിന്നും അവനെ രക്ഷിക്കും. അതാണ് ശരിയായ മനുഷ്യ ചിന്തയും സഹജബോധവും.
എത്ര പാരസ്പര്യത്തോടു കൂടിയാണ് ഈ പ്രപഞ്ചം സംവിധാനിക്കപ്പെട്ടിരിക്കുന്നത് . നമ്മുടെ ചുറ്റുപാടുകള്‍ നമുക്കുവേണ്ടി ഏതെല്ലാം വിധത്തിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് . മനുഷ്യജന്മം അതിന്റെ സമാരംഭത്തില്‍ തന്നെ കുറ്റമറ്റ പരിസ്ഥിതി സംവിധാനത്തിലാണ് വളര്‍ത്തപ്പെട്ടിട്ടുള്ളത്. ആദ്യ മനുഷ്യന്റെ സൃഷ്ടിപ്പും സംരക്ഷണവും സസൂക്ഷ്മം വിവരിക്കുന്ന വിശുദ്ധ ഖുര്‍ആനിക വചനത്തില്‍ അതിന്റെ പൊരുള്‍ നമുക്ക് വായിച്ചെടുക്കാനാകും. ബഹുതല സ്പര്‍ശമായ പരിസ്ഥിതി ഘടന ആദമിന്റെ സൃഷ്ടിപ്പിനോടനുബന്ധിച്ച് ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.
ഒന്ന്, ഈ ലോകത്ത് ജീവിക്കാനനുയോജ്യമായ രൂപകല്പനയാണ് മനുഷ്യ ജന്മത്തിനായി അല്ലാഹു നല്‍കിയിരിക്കുന്നത്. അത്തരത്തിലാണ് ആദമിനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. രണ്ട്, തനിക്കു ചുറ്റുമുള്ള ലോകം തിരിച്ചറിയുന്ന വിധം ഓരോ വസ്തുവിന്റെയും നാമവിശേഷണം ആദമിനെ ബോധിപ്പിച്ചു. മൂന്ന്, ഒറ്റപ്പെടാതിരിക്കാനായി തന്നില്‍ നിന്നുതന്നെ തനിക്കനുയോജ്യയായ ഇണയെ അവന്‍ സൃഷ്ടിച്ചു നല്‍കി. നാല്, ഇരുവര്‍ക്കും സുഖസുന്ദര ജീവിതം നയിക്കാനായി അനുയോജ്യമായ സ്വര്‍ഗത്തില്‍ അവരെ പാര്‍പ്പിച്ചു. അഞ്ച്, ലഭ്യമായ പരിസ്ഥിതിയില്‍ പാലിക്കേണ്ട മര്യാദകളെ കൃത്യമായി അറിയിച്ചു. ആറ്, പരിസ്ഥിതി ലംഘനം നടത്തിയാല്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും മാറ്റപ്പെടുമെന്നും ക്രമരഹിതരില്‍ പെട്ടുപോകുമെന്നും മുന്നറിയിപ്പു നല്‍കി.
എക്കാലത്തെ മനുഷ്യനും ഈ സംഭവങ്ങളില്‍ കൃത്യമായ പാഠമുണ്ട്.
- അനുയോജ്യമായ സൃഷ്ടിപ്പിനു വിധേയരാണ് നാമെല്ലാം.
- തനിക്കു ചുറ്റുമുള്ള ലോകത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇവിടെ നാം ജീവിക്കേണ്ടത്.
- ഇണയോടൊത്തുള്ള ജീവിതമാണ് സുരക്ഷിത സമാധാന ജീവിതം.
- സുഖ സുന്ദര ജീവിതത്തിനായി അനുവദിച്ച വഴികളെല്ലാം ഉപയോഗപ്പെടുത്താം.
- വിലക്കുകളെ വിലമതിക്കാതെ അതിലംഘിച്ചാല്‍ സമാധാന ജീവിതം നഷ്ടമാകും.
- ലഭ്യമായ ചുറ്റുപാടും പരിസ്ഥിതിയും പരിഗണിച്ചാണ് ഓരോരുത്തരും ഈ ലോകത്ത് കഴിഞ്ഞുകൂടേണ്ടത്.
- പരിസ്ഥിതിക്കേല്‍ക്കുന്ന ആഘാതം സുസ്ഥിര ജീവിതത്തെ പാടെ തകിടം മറിക്കും.
മനുഷ്യ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ പരിസരങ്ങള്‍ക്കും ചുറ്റുപാടിനുമാണ് പരിസ്ഥിതി എന്ന് പറയുന്നത്. തന്റെ ആരോഗ്യവും ആയുസ്സും ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ എല്ലാ തലങ്ങളെയും അത് ചൂഴ്ന്നു നില്ക്കുന്നു. വൈയക്തികവും കുടുംബപരവും ദേശപരവും രാജ്യപരവും ലോകപരവുമായ സകല സാമൂഹിക ഘടകങ്ങളും ഉള്‍ച്ചേര്‍ന്നതാണത്. ആകാശ ഭൂമിയും അവയ്ക്കിടയിലുള്ളതും അതിനു മുകളിലും താഴെയുള്ളതും ഇതിന്റെ അവിഭാജ്യഘടകങ്ങളാണ്. എല്ലാം ഒന്നുചേര്‍ന്ന് ഒന്നായി നില്ക്കുന്ന, ഒന്ന് മറ്റൊന്നായി നിലനില്ക്കുന്ന അത്ഭുത ലോകമാണത്. വേര്‍പെടുത്താനോ വേര്‍പിരിയാനോ സാധിക്കാത്തവിധം ഉള്‍ക്കൊള്ളല്‍ പ്രക്രിയ അതിശക്തമായി നില്ക്കുന്ന ഇടമാണത്.
ഒന്നിനെയും കൂടുതല്‍ പരിഗണിക്കുകയോ കൂടുതല്‍ അവഗണിക്കുകയോ ചെയ്തുകൂടാത്തതാണ്. പരിഗണിക്കപ്പെടേണ്ടതിനെ പരിഗണിച്ചും മാറ്റിനിര്‍ത്തേണ്ടതിനെ മാറ്റിനിര്‍ത്തിയും മാറി നില്‍ക്കേണ്ടതില്‍ നിന്ന് മാറിനിന്നും ബുദ്ധിപൂര്‍വം നീങ്ങേണ്ട ലോകമാണത്. തനിക്കാവശ്യമില്ലാ എന്നതുകൊണ്ടുമാത്രം നശിപ്പിക്കപ്പെടേണ്ടതോ തനിക്കാവശ്യമുള്ളതാണ് എന്നുകരുതി ഭോഗിച്ചു തീര്‍ക്കേണ്ടതോ ആയി അവിടമൊന്നുമില്ല. പരിസ്ഥിതിയുടെ സന്തുലനം കാത്തുസൂക്ഷിക്കപ്പെടേണ്ടതും കാവലേര്‍പ്പെടുത്തി കരുതലോടെ സമീപിക്കേണ്ടതുമാണ്. ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന എല്ലാ മാര്‍ഗരേഖകളും ഇതാണ് സൂചിപ്പിക്കുന്നത്.
സമുന്നതനായ നിന്റെ രക്ഷിതാവിനെ നീ പ്രകീര്‍ത്തിക്കുക. അവന്‍ സൃഷ്ടിച്ചു സംവിധാനിച്ചവനും കൃത്യത നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനുമാണ്. പരിസ്ഥിതി സംവിധാനിച്ചിരിക്കുന്നത് പ്രപഞ്ചനാഥനാണ്. പാരിസ്ഥിതിക അവബോധം ലഭിച്ചവരാണ് പ്രവാചകന്മാര്‍. അതുകൊണ്ടുതന്നെ അവരുടെ ജീവിതം പരിസ്ഥിതി സൗഹൃദമായിരുന്നു. അവര്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ ഏറെ ക്രമീകരിച്ചുകൊണ്ടാണ് അവര്‍ പ്രബോധനദൗത്യം നിര്‍വഹിച്ചിരുന്നത്. വിശ്വാസ സംരക്ഷണത്തിനുതകാത്ത പരിതസ്ഥിതിയില്‍ നിന്നും വിശ്വാസത്തെ സംരക്ഷിക്കാന്‍ അനുയോജ്യമായ ചുറ്റുപാടുകള്‍ തേടി അവര്‍ ജന്മദേശങ്ങള്‍ തന്നെ വിട്ടുപോന്നിട്ടുണ്ട്.
സര്‍വരാലും ആദരിക്കപ്പെടുന്ന, ഓര്‍ക്കപ്പെടുന്ന പ്രവാചകനായ ഇബ്‌റാഹീം നബി(അ) അദ്ദേഹത്തിനനുയോജ്യമായ പരിസരം സജ്ജമാക്കി, നിലവിലുള്ള പ്രതലത്തില്‍ നിന്നു മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്ന പദപ്രയോഗം ഏറെ അര്‍ഥവത്തായതാണ്. അല്ലാഹു പറയുന്നു: ”ആ പുണ്യഭവനം നിലകൊള്ളുന്ന സ്ഥലം ഇബ്‌റാഹീമിന്റെ ജീവിതപരിസരമായി നാം ഒരുക്കിക്കൊടുത്തു.” ഇവിടെ പ്രയോഗിച്ചിരിക്കുന്ന ബവ്വഅ്‌നാ എന്ന പദപ്രയോഗം ഏറെ ശ്രദ്ധേയമാണ്. ബവ്വഅ എന്ന അറബി വാക്കിനര്‍ഥം പരിസ്ഥിതി ഒരുക്കി എന്നാണ്. ഈ പദത്തില്‍ നിന്നാണ് (ബീഅത്) പരിസ്ഥിതി എന്ന അര്‍ഥപൂര്‍ണമായ പദം ജനിക്കുന്നത്.
തന്റെ സംശുദ്ധവിശ്വാസം പ്രബോധിതര്‍ക്ക് പകര്‍ന്നുനല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്തയച്ചപ്പോള്‍ മലിനമായ പരിസരത്ത് അത് സ്വീകരിക്കപ്പെടാതെ വന്നു. അപ്പോള്‍ തന്റെ സന്തതികളെയെങ്കിലും പ്രബോധനയോഗ്യമായ പരിസ്ഥിതിയില്‍ വളര്‍ന്നുകാണാന്‍ അല്ലാഹു അദ്ദേഹത്തിനു നല്‍കിയ ഇടമാണത്. ഒരു വിശ്വാസിയുടെ പരിസ്ഥിതി പ്രതലം എന്ന് പറയുന്നത് താന്‍ സംരക്ഷിക്കപ്പെടാന്‍ ബാധ്യതപ്പെട്ട സകലതും സംരക്ഷണവിധേയമാകുന്ന പരിസരപ്രതലമാണ്. തന്റെ ആരോഗ്യം, സമ്പത്ത്, ആയുസ്സ്, ജീവിതവിഭവങ്ങള്‍, ആത്മീയവും ഭൗതികവും ബൗദ്ധികവുമായ സൂക്ഷിപ്പുകള്‍, തന്റെ വിശ്വാസ ആദര്‍ശ മേഖലകള്‍, തന്റെ തലമുറകള്‍ എല്ലാം അതിലുള്‍പ്പെടുന്നു.
സൂറതു യൂനുസില്‍ 93-ാം വചനത്തില്‍ ബനൂ ഇസ്‌റാഈലുകാരെക്കുറിച്ചും അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ ഇതേ പദപ്രയോഗമാണ് വിശുദ്ധ ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്: ”തീര്‍ച്ചയായും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് സംതൃപ്തവും സമൃദ്ധിയുമുള്ള ജീവിത പരിസ്ഥിതി നാം സജ്ജമാക്കി. അവര്‍ക്ക് വിശിഷ്ടമായ വിഭവം നല്‍കുകയും ചെയ്തു” (10:93).
മറ്റിടങ്ങളില്‍ ഇതിന്റെ വിസ്തരിച്ചുള്ള വിശദീകരണങ്ങള്‍ കാണാം. അനുഗൃഹീതമായ ചുറ്റുപാടുകള്‍, സര്‍വാദരണീയമായ സ്ഥാനമാനങ്ങള്‍, വിലപിടിപ്പുള്ള സമ്പത്തുക്കള്‍, അതിവിശേഷമായ വിഭവങ്ങള്‍, സമുന്നത സ്ഥാനമാനങ്ങള്‍ ഇതെല്ലാം അല്ലാഹു അവര്‍ക്ക് നല്‍കിയ ജീവിതാവസരങ്ങളും ചുറ്റുപാടുകളുമാണ്. ഇതിനെ പ്രതിഫലിപ്പിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച പദം ബവ്വഅ എന്നാണ്. ജീവിതപരിസരം, പരിസ്ഥിതി എന്നാണിതിന്റെ വിവക്ഷ.
സ്വാലിഹ് നബിയുടെ ചരിത്ര വിശദീകരണ വേളയിലും ഖുര്‍ആന്‍ ഇതേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: ”ആദ് സമൂഹത്തിനുശേഷം നിങ്ങള്‍ക്കവന്‍ പ്രാതിനിധ്യം നല്‍കി. ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി പരിസ്ഥിതി അവനൊരുക്കിത്തന്നു. താഴ്‌വരകളില്‍ നിങ്ങള്‍ കൊട്ടാരങ്ങള്‍ പണിതു. മല തുരന്നു വീടുകള്‍ വെച്ചു. അല്ലാഹു നല്‍കിയ അത്യപൂര്‍വ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ഭൂമിയില്‍ നാശം വിതയ്ക്കരുത്. അതായത് ലഭ്യമായ പരിസ്ഥിതി ദുരുപയോഗം ചെയ്ത് അനുഗ്രഹങ്ങളെ വിസ്മരിച്ച് അതിക്രമം നടത്തരുത്.” (7:74)
എക്കാലത്തെ സമൂഹത്തോടുമുള്ള ഖുര്‍ആനിന്റെ നിലപാട് ഇതുതന്നെയാണ്. ജീവിതപരിസരം താറുമാറാക്കരുത്, വിഭവങ്ങള്‍ ഭോഗിച്ചു നശിപ്പിക്കരുത്, മിതമായ ജീവിതരീതി കൈക്കൊള്ളണം, വിശ്വാസ ആദര്‍ശത്തോടൊപ്പം പരിസ്ഥിതിബോധവും കാത്തുസൂക്ഷിക്കണം. ഇത് സുതരാം വ്യക്തമാക്കുന്ന വചനമാണ് സൂറതുല്‍ഹശ്ര്‍ 9-ാം വചനം സൂചിപ്പിക്കുന്നത്. ”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരാവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.”
മുഹാജിറുകള്‍ക്കുവേണ്ടി അന്‍സ്വാറുകള്‍ വീടും വിശ്വാസവും അവരുടെ വരവിനോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദമാക്കിയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ ഒറ്റ വചനത്തില്‍ തന്നെ വിശ്വാസിയുടെ വിശ്വാസസംരക്ഷണം പരിസര സൗഹൃദവും പരിസര വിശ്വാസ സൗഹൃദവുമായിരിക്കണം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ആയതിനാല്‍ തന്റെ വീടും വിശ്വാസവും വിശ്വാസപരിസരവും ഏറെ പാരിസ്ഥിതികത കാത്തുസൂക്ഷിക്കേണ്ടതും അവയെ സംരക്ഷിച്ചു നിലനിര്‍ത്താന്‍ ഏറെ പാടുപെടേണ്ടതുമാണെന്ന് നമ്മെ ഉണര്‍ത്തുന്നു.
വിശ്വാസം മറന്നുള്ള ജീവിതംപോലെ അപകടകരമാണ് പരിസരം മറന്നുള്ള വിശ്വാസ ജീവിതവും. വിശ്വാസികള്‍ തങ്ങളുടെ പരിസ്ഥിതി സര്‍വര്‍ക്കുമായി സജ്ജമാക്കി സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. തന്റെ വിശ്വാസം സകലര്‍ക്കുമായി കാത്തുസൂക്ഷിച്ചുവെക്കുന്നതുപോ ലെ.