9 Friday
May 2025
2025 May 9
1446 Dhoul-Qida 11

വിശ്വാസികളുടെ അസുലഭ നിമിഷങ്ങള്‍ – മുഹമ്മദ് പെരിന്തല്‍മണ്ണ

നബി(സ) പറഞ്ഞു: വെള്ളിയാഴ്ച ഒരു നിശ്ചിത സയമുണ്ട്. ആ സമയത്ത് നമസ്‌കരിക്കുകയും അല്ലാഹുവോട് നന്മ തേടുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിനും അവര്‍ ആവശ്യപ്പെടുന്നത് അല്ലാഹു നല്‍കുക തന്നെ ചെയ്യും. അതൊരു ഹ്രസ്വവേള മാത്രമാണെന്ന് അവിടുന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു (മുസ്‌ലിം). (ഇമാം മിമ്പറില്‍ ഇരുന്നത് മുതല്‍ നമസ്‌കാരം അവസാനിക്കുന്നതുവരെയുള്ള സമയത്തിനിടയിലാണ് അതെന്ന് നബി(സ) പറഞ്ഞതായി അബൂമുസല്‍ അശ്അരിയുടെ മകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (മുസ്‌ലിം)
ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അവസ്ഥകള്‍ക്കുമെല്ലാം ചില പ്രത്യേകതകള്‍ അല്ലാഹു കല്പിച്ചു നല്‍കിയിട്ടുണ്ട്. അവന്റെ അപാരമായ അനുഗ്രഹങ്ങള്‍ എളിമയുള്ള ദാസന്മാര്‍ക്ക് നല്‍കാന്‍ വേണ്ടിയത്രെ അത്. ഇത്തരം കാര്യങ്ങള്‍ അല്ലാഹു നിശ്ചയിച്ചതും അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) മുഖേന നമ്മെ അറിയിച്ചതുമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുക എന്നത് ഒരു മുസ്‌ലിമിന്റെ ഇഹപര വിജയങ്ങള്‍ക്ക് അനിവാര്യവുമാണ്.
ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായത് ‘ജുമുഅ’ ദിവസമാണ്. നബി(സ) പറഞ്ഞു: ”സൂര്യനുദിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം വെള്ളിയാഴ്ചയാകുന്നു. അന്നാണ് ആദമിനെ(അ) സൃഷ്ടിച്ചത്. അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും അന്നാണ്. (പുറത്താക്കപ്പെട്ടതും അന്നുതന്നെ). ലോകാവസാനം സംഭവിക്കുന്നതും വെള്ളിയാഴ്ചയാണ്.” (മുസ്‌ലിം, അബൂദാവൂദ്)
നബി(സ) പറഞ്ഞു: ”വെള്ളിയാഴ്ച ദിവസമായാല്‍ പള്ളിയുടെ ഓരോ കവാടത്തിലും ആദ്യമാദ്യം എത്തുന്നവരെ രേഖപ്പെടുത്തുന്ന മലക്കുകളുണ്ടായിരിക്കും. ഇമാം (മിമ്പറില്‍) ഇരുന്നാല്‍ അവര്‍ ഏടുകള്‍ മടക്കിവെച്ച് ഉദ്‌ബോധനം കേള്‍ക്കാന്‍ വരും. പള്ളിയില്‍ നേരത്തെ എത്തുന്നവന്‍ ഒട്ടകത്തെ ബലിദാനം നടത്തിയവനെപ്പോലെയാകുന്നു. പിന്നീടെത്തുന്നവന്‍ മാടിനെ ബലി നല്‍കിയവനെപോലെയും; പിന്നെ വരുന്നവന്‍ കോഴിയെ നല്‍കിയവനെപ്പോലെയുമാണ്; പിന്നെ കോഴിമുട്ട ദാനം ചെയ്തവനെപ്പോലെയും.” (മുസ്‌ലിം)
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ഉണര്‍ത്തുന്നു: ”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരെങ്കില്‍ അതായിരിക്കും നിങ്ങള്‍ക്കുത്തമം. അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ (വ്യവഹാരമേഖലകളില്‍) വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (സൂറതുല്‍ജുമുഅ 9,10)
ജുമുഅക്ക് ബാങ്ക് കൊടുക്കുന്നതിന് മുമ്പുതന്നെ കുളിച്ചൊരുങ്ങി വൃത്തിയായി എല്ലാ വ്യവഹാരങ്ങളും നിര്‍ത്തിവെച്ച് അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താന്‍ ഉതകുന്ന ദിക്‌റുകള്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന, ഖതീബിന്റെ ഉദ്‌ബോധനം എന്നിവയൊക്കെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിലൂടെ ഒരാഴ്ചത്തേക്കുള്ള ഈമാനിക ഊര്‍ജം സംഭരിക്കുകയാണ് നാം. ബാങ്കുകേട്ടിട്ടും നാം ഏതൊരു വ്യവഹാരമണ്ഡലാണോ മുഴുകുന്നത്, അതുകൊണ്ട് ഭൗതികനേട്ടം ആഗ്രഹിക്കുന്നത്, അത് നല്‍കുന്നത് നിങ്ങളെ ജുമുഅ നമസ്‌കാരത്തിന് വിളിച്ച അതേ അല്ലാഹു തന്നെയാണെന്നോര്‍ക്കുക.
നബി(സ) ഒരു വെള്ളിയാഴ്ച ഖുതുബ നിര്‍വഹിക്കുകയായിരുന്നു. ആ സമയത്ത് ശാമില്‍ നിന്നുള്ള കച്ചവടസംഘം അവിടെ എത്തിച്ചേര്‍ന്നു. ജനങ്ങള്‍ പള്ളിയില്‍ നിന്ന് ഇറങ്ങി അവരുടെ നേരെ ചെന്നു. 12 പേര്‍ മാത്രമാണ് പള്ളിയില്‍ അവശേഷിച്ചത്. ആ അവസരത്തിലാണ് സൂറതുല്‍ജുമുഅയിലെ ”അവര്‍ വല്ല കച്ചവട(സംഘത്തെ)യോ വിനോദമോ കണ്ടാല്‍ താങ്കളെ മിമ്പറില്‍ നിര്‍ത്തിക്കൊണ്ട് (ഖുതുബ നിര്‍വഹിക്കുന്ന അവസ്ഥയില്‍) ഉപേക്ഷിച്ച് അതിലേക്ക് പിന്തിരിഞ്ഞുപോകുന്നു” എന്ന വചനം അവതരിച്ചതെന്ന് ജാബിര്‍ബ്‌നു അബ്ദുല്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു.
നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ”നാം അവസാനത്തെ ജനവിഭാഗമാണ്. എന്നാല്‍ അന്ത്യനാളില്‍ ഒന്നാമതായി എത്തുന്നവരായിരിക്കുമെന്നും; ദിവസത്തിന്റെ (വെള്ളിയാഴ്ച) മഹത്വത്തിന്റെ വിഷയത്തിലായിരുന്നു അവര്‍ ഭിന്നിച്ചിരുന്നതെന്നും എന്നാല്‍ ആ ദിവസം (വെള്ളിയാഴ്ച) മുഖേന അല്ലാഹു നമ്മെ നേര്‍വഴിയിലാക്കി. ആ ദിവസം നമുക്കുള്ളതാണ്. പിറ്റേ ദിവസം(ശനി) ജൂതന്മാര്‍ക്കും, അതിനടുത്ത ദിവസം (ഞായര്‍) ക്രിസ്ത്യാനികള്‍ക്കും (മുസ്‌ലിം)
ഇബ്‌നുഉമറും(റ) അബൂഹുറയ്‌റയും(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) അവിടുത്തെ മുമ്പറിന്റെ പടിയില്‍ നിന്ന് പറയുന്നതായി ഞാന്‍ കേട്ടു: ജുമുഅ ഉപേക്ഷിക്കുന്ന ആളുകള്‍ അതില്‍ നിന്നു പിന്തിരിയട്ടെ. അല്ലെങ്കില്‍ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കും. തന്നിമിത്തം അവന്‍ അശ്രദ്ധരില്‍ ഉള്‍പ്പെട്ടുപോകുന്നതാണ്.” (മുസ്‌ലിം)
നമസ്‌കാരവും ഖുതുബയും ലഘൂകരിക്കലാണ് നബി(സ)യുടെ മാതൃക. ഖുതുബക്കിടയില്‍ ഖത്വീബിന് സത്യവിശ്വാസികള്‍ക്ക് ശിക്ഷണം നല്‍കുന്നതിന്റെ ഭാഗമായി നേരിട്ട് സംസാരിക്കുന്നതിലും അവര്‍ക്ക് മറുപടി പറയുന്നതിലും ഒരു തെറ്റുമില്ല. ജുമുഅയ്ക്കുശേഷം രണ്ടു റക്അത്തോ നാലു റക്അത്തോ നമസ്‌കരിക്കാം. വീട്ടില്‍ മടങ്ങിയെത്തിയതിനുശേഷം നിര്‍വഹിച്ചാലും മതി. അല്ലെങ്കില്‍ രണ്ടു റക്അത്ത് പള്ളിയില്‍വെച്ചും രണ്ടു റക്അത്ത് വീട്ടില്‍ തിരികെയെത്തിയിട്ടും നമസ്‌കരിക്കാവുന്നതാണ്.
റസൂല്‍(സ) പറഞ്ഞു: വെള്ളിയാഴ്ച ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ നീ കൂട്ടുകാരനോട് ‘മിണ്ടാതിരിക്കൂ’ എന്നുപോലും  പറഞ്ഞാല്‍ നീ അനാവശ്യമായി സംസാരിച്ചു.
Back to Top