22 Sunday
December 2024
2024 December 22
1446 Joumada II 20

വിശ്വാസവിശുദ്ധിയും ആത്മവിശുദ്ധിയും – പി മുസ്തഫ നിലമ്പൂര്‍

മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും അടിസ്ഥാനപരമായ ചില വിശ്വാസങ്ങളില്‍ ഊന്നി നില്ക്കുന്നവയാണ്. ഈ വിശ്വാസങ്ങള്‍ക്കനുസരിച്ചാണ് ആ മതങ്ങളുടെ കര്‍മങ്ങള്‍ രൂപപ്പെടുന്നത്. ദൈവിക മതമായ ഇസ്‌ലാം കാലത്തെ സാക്ഷി നിര്‍ത്തി മനുഷ്യരക്ഷയ്ക്ക് നിദാനമാകുന്ന നാല് കാര്യങ്ങള്‍ വ്യക്തമാക്കുന്നത് നോക്കുക. ”കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവര്‍ ഒഴികെ.” (വി.ഖു 103:1-3)
മനുഷ്യരക്ഷയുടെ നാല് കാര്യങ്ങളില്‍ ആദ്യമായി അല്ലാഹു പറഞ്ഞത് വിശ്വാസമാണ്. അതാണ് മനുഷ്യനെ നയിക്കുകയും നിയന്ത്രിക്കുകയും സല്‍കര്‍മങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നത്. വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ക്ക് മതം ഒരു പരിഗണനയും നല്‍കുന്നില്ല. പരലോകത്ത് അവന് അതിന് പ്രതിഫലവും ലഭിക്കുകയില്ല. ഒട്ടേറെ സംഭവങ്ങള്‍ ഈ വിഷയത്തില്‍ നമുക്ക് പാഠം നല്കുന്നുണ്ട്. ആഇശ(റ) നബി(സ)യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഇബ്‌നു ജുദ്ആന്‍ ജാഹിലിയ്യത്തില്‍ കുടുംബ ബന്ധം ചേര്‍ത്തിരുന്നു. അഗതികള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു. അത് അയാള്‍ക്ക് (പരലോകത്ത്) ഉപകരിക്കുമോ? നബി(സ) പറഞ്ഞു: അത് അയാള്‍ക്ക് ഉപകാരപ്പെടുകയില്ല. കാരണം അയാള്‍ ഒരു ദിവസം പോലും, എന്റെ നാഥാ! പ്രതിഫലനാളില്‍ എന്റെ തെറ്റുകള്‍ എനിക്ക് പൊറുത്തുതരേണമേ എന്ന് പറഞ്ഞിട്ടില്ല.” (മുസ്‌ലിം)
ഉമ്മുസലമ(റ) ഹിശാമുബ്‌നുല്‍ മുഗീറ എന്നയാളെപ്പറ്റി നബി(സ)യോട് ചോദിച്ചു: ”അദ്ദേഹം കുടുംബബന്ധം ചേര്‍ക്കുന്നവനും അതിഥികളെ സല്‍ക്കരിക്കുന്നവനും ഭക്ഷണം നല്‍കുന്നവനുമായിരുന്നു. അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുമോ? നബി(സ) പറഞ്ഞു: ഇല്ല. അയാള്‍ ഇതെല്ലാം ചെയ്തത് പ്രശംസയ്ക്ക് വേണ്ടിയായിരുന്നു. രക്ഷിതാവേ, പ്രതിഫലനാളില്‍ നീ എനിക്ക് പൊറുത്തുതരേണമേ എന്ന് ഒരു ദിവസം പോലും അയാള്‍ പറഞ്ഞിട്ടില്ല.” (ത്വബ്‌റാനി, മുഅ്ജമുല്‍ കബീര്‍)
അദിയ്യുബ്‌നു ഹാത്വിം(റ) തന്റെ പിതാവിനെപ്പറ്റി ചോദിച്ചപ്പോഴും അല്‍ആസ്വ്ബ്‌നു വാഇലിനെ സംബന്ധിച്ച് അംറുബ്‌നു ശുഐബ്(റ) ചോദിച്ചപ്പോഴും നബി(സ) ഈ ആശയത്തില്‍ തന്നെയാണ് മറുപടി പറഞ്ഞത്. വിശ്വാസം വിശുദ്ധമാണെങ്കില്‍ ആരായാലും അര്‍ഹമായ പ്രതിഫലം ഇഹത്തിലും പരത്തിലും ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്ക് നോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും.” (വി.ഖു 40:40)
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം ആ വ്യക്തിക്ക് തീര്‍ച്ചയായും നാം നല്ലൊരു ജീവിതം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം നല്കുന്നതാണ്.” (വി.ഖു 16:97). ഇത്തരം സമൂഹത്തിന് ഭൂമിയില്‍ പ്രാതിനിധ്യം നല്കുകയും മതത്തിന് സ്വാധീനവും നിര്‍ഭയത്വവും നല്കുകയും ചെയ്യുമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. (24:55). ഇഹത്തിലും പരത്തിലും നന്മയും അഭിവൃദ്ധിയും ഉണ്ടാകാന്‍ തൗഹീദ് നിഷ്‌കളങ്കമാക്കണമെന്ന് ഈ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.രണാങ്കണത്തില്‍ ശഹാദത്ത് പ്രഖ്യാപിച്ച ശത്രുവിനെ, ആയുധത്തില്‍ നിന്ന് രക്ഷ കിട്ടാനായിരിക്കുമെന്ന് ധരിച്ച് വധിച്ചുകളഞ്ഞ ഉസാമയെ(റ) നബി(സ) താക്കീത് ചെയ്തത് ചിന്തനീയമാണ്.
വിശ്വാസത്തിന്റെ അടിത്തറ
തൗഹീദ്
ഈ പ്രപഞ്ചത്തെയും സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ അല്ലാഹു മാത്രമാണ് സൃഷ്ടികളുടെ ആരാധനക്ക് അര്‍ഹന്‍. സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ് എന്ന ബോധം മനുഷ്യന് സഹജമായിത്തന്നെ അല്ലാഹു നല്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ മനുഷ്യര്‍ റബ്ബിന്റെ മുമ്പില്‍ സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.
”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടുവരികയും അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷിനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു എന്ന് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്).” (വി.ഖു 7:172)
തൗഹീദ് സഹജബോധം നല്കിയ ശേഷം, പ്രവാചകന്മാരിലൂടെ ഈ സന്ദേശം അവന്‍ അറിയിക്കുകയും ചെയ്തു. പ്രവാചകന്‍ നല്കിയ സന്ദേശങ്ങളില്‍ ഏറ്റവും സുപ്രധാനവും മഹത്വമേറിയതും തൗഹീദ് തന്നെയായിരുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. ”അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (വി.ഖു 21:25)
ശഹാദത്തിന്റെ മഹത്വം
നബി(സ) പറഞ്ഞു: ഞാനും എനിക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വാക്ക് ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്. മൂസാ(അ) അല്ലാഹുവിനോട് ”രക്ഷിതാവേ, നിന്നെ സ്മരിക്കാനും നിന്നോട് പ്രാര്‍ഥിക്കാനുമായി വല്ലതും എനിക്ക് പഠിപ്പിച്ചുതരേണമേ” എന്ന് ആവശ്യപ്പെട്ടു. (അല്ലാഹു പറഞ്ഞു:) മൂസാ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് നീ പറയുക. (മൂസ(അ) അല്ലാഹുവോട്) ചോദിച്ചു: രക്ഷിതാവേ, ഇത് നിന്റെ എല്ലാ ദാസന്മാരും പറഞ്ഞുകൊണ്ടിരുന്നതാണല്ലോ. (അല്ലാഹു) പറഞ്ഞു: മൂസാ: ഏഴ് ആകാശങ്ങളും എനിക്ക് ഒരു തട്ടിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മറ്റേ തട്ടിലുമായിരുന്നാല്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ അവയെക്കാള്‍ മുന്‍തൂക്കമുള്ളതായിരിക്കും.” (ഇബ്‌നുഹിബ്ബാന്‍, ഹാകിം)
കേവലം വാചികമായ പ്രഖ്യാപനം കൊണ്ട് കാര്യമില്ല. മനസ്സില്‍ ദൃഢമാക്കി നിഷ്‌കളങ്കമായി പ്രഖ്യാപിക്കുകയും കര്‍മങ്ങളെ അതിന് സാക്ഷിയാക്കുകയും വേണം. ആ നിലയിലുള്ള സാക്ഷ്യത്തിന് സമൂല പരിവര്‍ത്തനം വരുത്താന്‍ സാധിക്കും. നബി(സ) പറഞ്ഞു: ”ജനങ്ങളേ, ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് നിങ്ങള്‍ പ്രഖ്യാപിച്ചുകൊള്ളുക. നിങ്ങള്‍ വിജയികളായേക്കാം. അതുമൂലം നിങ്ങള്‍ക്ക് അറബികളെ അധീനമാക്കാനും അനറബികളെ കീഴ്‌പ്പെടുത്താനും സാധിക്കും.” (അഹ്മദ്)
ഉത്ബാന്‍(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് വല്ലവനും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പ്രഖ്യാപിച്ചാല്‍ നരകം അവന് നിഷിദ്ധമാക്കപ്പെടും.” (ബുഖാരി, മുസ്‌ലിം). ”ആരുടെയെങ്കിലും അവസാനത്തെ വചനം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു” (അബൂദാവൂദ്, ഹാകിം). അബൂസഈദ്(റ) പറയുന്നു: നബി(സ) പറഞ്ഞു: ”നിങ്ങളില്‍ നിന്ന് മരണാസന്നര്‍ക്ക് നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് കേള്‍പ്പിക്കുക.” (മുസ്‌ലിം). ഇഹലോകത്തും പരലോകത്തും നമ്മുടെ അവസ്ഥ നന്നാക്കാന്‍ മാത്രം ശ്രേഷ്ഠമായതാണ് തൗഹീദ് എന്ന് വ്യക്തം.
സ്വര്‍ഗപ്രവേശം തൗഹീദിലൂടെ
”അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഈസാ(അ) അല്ലാഹുവിന്റെ ദാസനും ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരാത്മാവുമാണെന്നും ആര്‍ സാക്ഷ്യം വഹിച്ചുവോ അവരെ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗത്തിന്റെ എട്ടു വാതിലുകളില്‍ അവര്‍ ഉദ്ദേശിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.” (മുസ്‌ലിം). അല്ലാഹു പറഞ്ഞതായി നബി(സ) പറയുന്നു: ”ആദമിന്റെ പുത്രാ! നീ ഭൂമിയോളം പാപങ്ങളുമായി എന്റെ അരികില്‍ വരികയും പിന്നീട് നീ എന്നെ ഒന്നും പങ്കുചേര്‍ക്കാത്തവനായി കണ്ടുമുട്ടുകയും ചെയ്താല്‍ ഭൂമിയോളം പാപമോചനവുമായി ഞാന്‍ നിന്റെ അരികില്‍ വരുക തന്നെ ചെയ്യും.” (തിര്‍മിദി)
ഒരിക്കല്‍ മുആദുബ്‌നു ജബല്‍(റ) ഉഫൈര്‍ എന്ന കഴുതപ്പുറത്ത് നബി(സ)യുടെ പിന്നില്‍ യാത്ര ചെയ്യുമ്പോള്‍ നബി(സ) അദ്ദേഹത്തോട് ചോദിച്ചു: മുആദേ, അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശം എന്താണെന്നും അല്ലാഹുവിന്റെ മേലുള്ള അടിമകളുടെ അവകാശം എന്താണെന്നും താങ്കള്‍ക്കറിയുമോ? മുആദ്(റ) പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകനുമാണ് കൂടുതലറിയുന്നവര്‍. നബി(സ) പറഞ്ഞു: അടിമകളുടെ മേല്‍ ബാധ്യതയായിട്ടുള്ള അല്ലാഹുവിന്റെ അവകാശം അവനില്‍ മറ്റൊന്നിനെയും പങ്ക് ചേര്‍ക്കരുതെന്നാണ്. അടിമകള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള അവകാശമാകട്ടെ അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാത്തവരെ അവന്‍ ശിക്ഷിക്കാതിരിക്കുകയെന്നുമാണ്. (ബുഖാരി, മുസ്‌ലിം)
മുവഹ്ഹിദുകളായ
വിശ്വാസികള്‍ക്ക് മാത്രം
തൗഹീദ് നിഷ്‌കളങ്കമാക്കിയ വിശ്വാസികള്‍ക്ക് മാത്രമേ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തിന് അര്‍ഹതയുള്ളൂ. അല്ലാത്തവ ധൂളികളായി നിഷ്ഫലമാക്കപ്പെടും. പ്രവാചകന്മാരെ പരാമര്‍ശിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: ”അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിടത്തോളം നിഷ്ഫലമായി പോകുമായിരുന്നു.” (വി.ഖു 6:88)
പ്രവാചകന്മാരില്‍ നിന്ന് ഒരിക്കലും ശിര്‍ക്ക് സംഭവിക്കില്ലായെന്നിരിക്കെ, അവരില്‍ ശിര്‍ക്ക് സംഭവിച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കപ്പെടും എന്ന് പറഞ്ഞത് ശിര്‍ക്കിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്. ശിര്‍ക്ക് ചെയ്തവര്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. ഈസബ്‌നു മര്‍യം(അ) ഇസ്‌റാഈല്‍ സന്തതികളോട് പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു: ”ഈസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” (മാഇദ 72).

Back to Top