വിശ്വാസത്തിലെ യുക്തി – അബ്ദുല്‍ ഹമീദ്
ഏതൊരുവനും സ്വതന്ത്രമായി തോന്നുന്ന വിശ്വാസ ആചാരപ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിക്കാനുള്ള അനുവാദം ഏകദൈവ വിശ്വാസം വകവെച്ചു നല്‍കുന്നു. ഇത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുളളവനാകുന്നു (വിശ്വസിക്കുന്നു). അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു (നിഷേധിയാകുന്നു)”. എതൊരുവനും സ്വയം ചിന്തിച്ച് കണ്ടെത്താന്‍ കഴിയുന്ന വഴിയാണ് ഏകദൈവ വിശ്വാസം. ഈ ഏകദൈവ വിശ്വാസ കാഴ്ചപ്പാട് ഓരോരുത്തര്‍ക്കും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കുന്നു.
വിശ്വാസിയാവുന്നതും അവിശ്വാസിയാവുന്നതും ഓരോരുത്തര്‍ അവരുടെ ചിന്തയും യുക്തിയും ഉപയോഗിച്ചുകൊണ്ടാണ്. കേവല വിശ്വാസവാദത്തിനിവിടെ പ്രസക്തിയില്ലെങ്കിലും ഇച്ഛകള്‍ വ്യക്തികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ഏകത്വ കാഴ്ചപ്പാട് എതൊരാള്‍ക്കും ചിന്തിക്കാനുള്ള അവസരം നല്‍കുകയും തുടര്‍ന്ന് വിശ്വാസിയാകാനും ആകാതിരിക്കാനുമുളള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. ചിന്തയിലൂടെ സംശയം രൂപമെടുക്കുകയും അത് വിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.