വിശ്വാസം ബലപ്രയോഗത്താലല്ല – ഇസ്മാഈല്‍
വിശ്വാസം വൈയക്തികമാണ്. അത് സ്വീകരിക്കുന്നതിനായി ഭീഷണിയുടെ സ്വരം ഇസ്‌ലാം ഉയര്‍ത്തുന്നു എന്ന് ചിലരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. വിശ്വസിക്കാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെങ്കിലും മറ്റാരെങ്കിലും സ്വീകരിക്കുന്ന നടപടിയെകുറിച്ചല്ല ഇസ്ലാം പറയുന്നത്. ആ വിശ്വാസം ആരംഭിക്കേണ്ടത് കേവലം നരകത്തില്‍ നിന്നും സ്വര്‍ഗത്തില്‍ നിന്നുമല്ല. അതിലപ്പുറം ഈ ലോകത്തിനു ഒരു സൃഷ്ടാവുണ്ട് എന്ന ചിന്തയില്‍ നിന്നും അത് തുടങ്ങണം. ഒരു പരാശക്തിയെ കുറിച്ച ചിന്ത മിക്കവാറും മതങ്ങളില്‍ കാണുക സാധ്യമാണ്. ആ ശക്തിക്കു മനുഷ്യ ജീവിതത്തില്‍ എത്രമാത്രം സ്ഥാനമുണ്ട് എന്നതാണ് മുഖ്യ വിഷയം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഒന്നാം സ്ഥാനം ആ ശക്തിക്കാണ്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ വരുന്ന അറബി പദമായ ‘റബ്’ എന്ന് അവര്‍ ആ ശക്തിയെ വിശേഷിപ്പിക്കുന്നു. അത് കൊണ്ട് തന്നെ അവര്‍ ആ ശക്തിയുടെ മുന്നില്‍ പൂര്‍ണമായ വിധേയത്വം കാണിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ഭൂമിയില്‍ എന്നും അവര്‍ വിശ്വസിക്കുന്നു. അതെ സമയം ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം അനന്തമായ മറ്റൊരു ലോകം വരാനിരിക്കുന്നു. അവിടെ മനുഷ്യന് ഒന്നും പ്രവര്‍ത്തിക്കാനില്ല. ഈ ലോകത്തു പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം അനുഭവിക്കണമെന്ന് മാത്രം. അത് മനുഷ്യന്‍ വേണ്ടെന്ന് പറഞ്ഞാലും അവര്‍ ലഭിക്കും. അതിനെ കുറിച്ചാണ് മതം പറയുന്നത്. അതൊരു ഭീഷണിയല്ല. വരാനിരിക്കുന്ന ഒരു യാഥാര്‍ഥ്യം മാത്രം. യാത്രയില്‍ റോഡിനു മുന്നില്‍ ഹമ്പ് ഉണ്ട് എന്ന മുന്നറിയിപ്പ് യാത്രക്കാരനെ ഭയപ്പെടുത്താനല്ല പകരം യാത്രക്കാരന്റെ സുഖകരമായ യാത്രക്ക് വേണ്ടി മാത്രമാണ്. അത് തന്നെയാണ് നരകത്തെ കുറിച്ച മതത്തിന്റെ മുന്നറിയിപ്പും. അത് കൊണ്ട് തന്നെ ഇത് ഭീഷണിയല്ല. ഗുണകാംക്ഷ എന്ന് വേണം പറയാന്‍