വിശുദ്ധ റമദാനും പ്രാര്‍ഥനകളും – പി കെ മൊയ്തീന്‍ സുല്ലമി
റമദാന്‍ മാസത്തില്‍ അല്ലാഹു അവന്റെ അടിമകളില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെടുന്നതും ആവശ്യപ്പെടുന്നതും അവനോടുള്ള പ്രാര്‍ഥനകളാണ്. ഉടമയും അടിമയും പരസ്പരം ബന്ധപ്പെടാനുള്ള ഏറ്റവും വലിയ മാധ്യമവും പ്രാര്‍ഥനയാണ്. അല്ലാഹു അരുളിയതായി നബി(സ) അറിയിക്കുന്നു: ”അവന്‍ (എന്റെ അടിമ) ഒരു ചാണ്‍ എന്നിലേക്കടുത്താല്‍ ഞാന്‍ ഒരു മുഴം അവനിലേക്ക് അടുക്കും. അവന്‍ ഒരു മുഴം എന്നിലേക്കടുത്താല്‍ ഞാന്‍ ഒരു മാറ് അവനിലേക്ക് അടുക്കും. അവന്‍ നടന്നുകൊണ്ട് എന്റെ അടുക്കല്‍ വന്നാല്‍ ഞാന്‍ ഓടിക്കൊണ്ട് അവന്റെ അടുത്തെത്തും” (അഹ്മദ്, ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഈ ഇബ്‌നുമാജ). പക്ഷേ അല്ലാഹു ഒരു അടിമയുടെ പ്രാര്‍ഥന സ്വീകരിക്കുന്ന വിഷയത്തില്‍ ചില മര്യാദകളും മാനദണ്ഡങ്ങളും വെച്ചിട്ടുണ്ട്. പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അത്തരം മര്യാദകളും ദണ്ഡനങ്ങളും പുലര്‍ത്തി ജീവിക്കല്‍ അനിവാര്യമാണ്.
ഒന്ന്: പ്രാര്‍ഥന അല്ലാഹുവോട് മാത്രമായിരിക്കല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടാകുക. ഖുര്‍ആന്‍ പറയുന്നു: ”താങ്കളോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ (ഞാന്‍ അവരോട്) ഏറ്റവും അടുത്തവനാണെന്ന് താങ്കള്‍ പറയണം. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്കുന്നതാണ്. അതിനാല്‍ എന്റെ കല്പന അവന്‍ സ്വീകരിക്കുകയും എന്നില്‍ അവന്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവന്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടയാണിത്.”(2:186)
ഈ വചനത്തില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എ) അല്ലാഹുവോട് നേര്‍ക്കു നേരെയല്ലാതെ മധ്യവര്‍ത്തികള്‍ മുഖേന പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതല്ല. ബി) പ്രാര്‍ഥിക്കുന്നവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന അവസ്ഥയിലായിരിക്കണം പ്രാര്‍ഥിക്കേണ്ടത്. എങ്കില്‍ മാത്രമേ അല്ലാഹു പ്രാര്‍ഥന സ്വീകരിച്ച് ഉത്തരം നല്കൂ. വിവാഹം കഴിക്കാത്തവന്‍ സന്താനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതുപോലെ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കാത്തവരുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരക്കുന്നതല്ല. എങ്കിലും അല്ലാഹു റഹ്മാനാണ് (വഴിപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും അനുഗ്രഹം ചെയ്യുന്നവന്‍) എന്ന നിലയില്‍ മാത്രമേ അത്തരക്കാരുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കാന്‍ സാധ്യതയുള്ളൂ. അത്തരക്കാരുടെ പരലോക ജീവിതം നരകമായിരിക്കും. സി) സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കുന്നവര്‍ക്കേ നേര്‍വഴി പ്രാപിക്കാനാകൂ.
രണ്ട്: പ്രാര്‍ഥന അല്ലാഹുവോട് നിഷ്‌കളങ്കമായി നിര്‍വഹിക്കുക. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപിച്ച് മടങ്ങുക” (തഹ്‌രീം 8)
ഈ വചനം വിശദീകരിച്ച് പണ്ഡിതന്മാര്‍ പ്രസ്താവിച്ചതായി ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ”നിഷ്‌കളങ്കമായ പശ്ചാത്താപം എന്നത് ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുകയും ചെയ്തുപോയിട്ടുള്ള പാപങ്ങളെക്കുറിച്ച് ഖേദിക്കുകയും, ഒരിക്കലും അത്തരം പാപങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് അല്ലാഹുവോട് ദൃഢപ്രതിജ്ഞയെടുക്കുകയും ചെയ്യുക എന്നതാണ്.” (ഇബ്‌നുകസീര്‍ 4:392)
മൂന്ന്: പ്രാര്‍ഥനകള്‍ നിര്‍ബന്ധമായും അല്ലാഹു സ്വീകരിക്കണമെന്ന ദൃഢബോധം വേണം. മനപ്പാഠമാക്കിയ വചനങ്ങള്‍ ഉരുവിട്ടാല്‍ പോര. നാം എന്താണ് പ്രാര്‍ഥനയിലൂടെ അല്ലാഹുവിങ്കല്‍ സമര്‍പ്പിക്കുന്നത് എന്ന തിരിച്ചറിവ് വേണം. മറ്റുള്ളവരുടെ പ്രാര്‍ഥനയ്ക്ക് ആമീന്‍ പറയുമ്പോഴും അവയുടെ അര്‍ഥം നമ്മുടെ മനസ്സില്‍ കൂടി പതിയേണ്ടതുണ്ട്. നമസ്‌കാരങ്ങളിലല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏത് ഭാഷയിലും അല്ലാഹുവോട് പ്രാര്‍ഥിക്കാവുന്നതാണ്. നാം എന്താണ് പ്രാര്‍ഥിക്കുന്നത് എന്ന ബോധ്യമെങ്കിലും നമുക്ക് വേണം. നബി(സ)യുടെ വചനം ശ്രദ്ധിക്കുക: ”ഉത്തരം ലഭിക്കണമെന്ന ദൃഢമായ വിശ്വാസത്തോടുകൂടി നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക. അശ്രദ്ധന്റെ മനസ്സില്‍ നിന്നും പുറപ്പെടുന്ന പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്കുന്നതല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം.” (തിര്‍മിദി, ഹാകിം)
നാല്: പ്രാര്‍ഥനകള്‍, ഞാനൊരു ദൈവഭക്തനാണ് എന്ന് വരുത്തിത്തീര്‍ക്കാവുന്ന വിധം മറ്റുള്ളവരെ കേള്‍പ്പിക്കുന്ന തരത്തില്‍ ഉച്ചത്തിലോ തന്റെ നാക്കുപോലും അറിയാത്ത വിധത്തില്‍ രഹസ്യമായോ ആകരുത്. പ്രാര്‍ഥനയുടെ ശബ്ദത്തില്‍ ഒരു മധ്യനിലവാരം പുലര്‍ത്താനാണ് അല്ലാഹുവിന്റെ കല്പന. ”നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം തേടിക്കൊള്ളുക”(ഇസ്‌റാഅ് 110).
”രഹസ്യമായിക്കൊണ്ടും താഴ്മയോടുകൂടിയും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. തീര്‍ച്ചയായും പരിധി വിടുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നതല്ല” (അഅ്‌റാഫ് 55). ഈ വചനം വിശദീകരിച്ചുകൊണ്ടുള്ള ഒരു ഹദീസ് കാണാം: ”ചില ആളുകള്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു. നബി(സ) അവരോട് പറഞ്ഞു: ജനങ്ങളേ, കാര്യങ്ങള്‍ സ്വയം നിയന്ത്രിക്കുക. നിങ്ങള്‍ പ്രാര്‍ഥിക്കുന്നത് ബധിരനോടോ അപ്രത്യക്ഷനോടോ അല്ല. നിങ്ങള്‍ പ്രാര്‍ഥന നടത്തുന്നവന്‍ അടുത്തുള്ളവനും എല്ലാം കേള്‍ക്കുന്നവനുമാണ്.” (ബുഖാരി, മുസ്‌ലിം)
അഞ്ച്: നമ്മുടെ പ്രാര്‍ഥനകള്‍ മറ്റുള്ളവരുടെ നന്മകൂടി ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. തെറ്റായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു വേണ്ടിയോ കുടുംബത്തിന് ദോഷം വരുത്തുന്ന വിധത്തിലോ പ്രാര്‍ഥിക്കാന്‍ പാടുള്ളതല്ല. ”കുറ്റകരമായ കാര്യങ്ങള്‍ക്കു വേണ്ടിയോ കുടുംബബന്ധം മുറിച്ചുകളയുന്നതിനു വേണ്ടിയോ പ്രാര്‍ഥിക്കാതിരിക്കുകയും ഞാനെന്റെ രക്ഷിതാവിനോട് എത്ര പ്രാര്‍ഥിച്ചിട്ടും എനിക്ക് ഉത്തരം ലഭിക്കുന്നില്ലല്ലോ എന്ന വിധത്തില്‍ ധൃതി കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മാത്രമേ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയുള്ളൂ.” (തിര്‍മിദി)
ആറ്: പ്രാര്‍ഥനകള്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ നമ്മുടെ സമ്പാദ്യങ്ങളും ഭക്ഷണ പാനീയങ്ങളും വസ്ത്രങ്ങളും അനുവദനീയമായ രീതിയില്‍ സമ്പാദിച്ചതും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമാ യിരിക്കണം. ഹറാമായ വിധത്തിലാണ് നാം സമ്പാദിച്ചതെങ്കില്‍ അത്തരക്കാരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നതല്ല. അല്പം ദീര്‍ഘമായ ഒരു ഹദീസില്‍ അവസാന ഭാഗത്ത് അക്കാര്യം നബി(സ) വിശദീകരിച്ചുതരുന്നു: ”പിന്നീട് ഒരു മനുഷ്യനെ സംബന്ധിച്ച് നബി(സ) പറയുകയുണ്ടായി: അദ്ദേഹം വല്ല ദീര്‍ഘയാത്ര കാരണത്താല്‍ മുടി ജഡ പിടിക്കുകയും മണ്ണ് പുരളുകയും ചെയ്തിരിക്കുന്നു. അവന്‍ ഇരു കൈകളും ആകാശത്തേക്ക് നീട്ടിക്കൊണ്ട് എന്റെ രക്ഷിതാവേ, എന്റെ രക്ഷിതാവേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവന്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം നിഷിദ്ധമായതാണ്. അവന്റെ പാനീയം നിഷിദ്ധമായതാണ്. അവന്‍ ധരിച്ചിരിക്കുന്ന വസ്ത്രവും നിഷിദ്ധമായതാണ്. അവന്റെ ജീവിതം തന്നെ നിഷിദ്ധങ്ങളില്‍ ഊട്ടപ്പെട്ടിരിക്കുന്നു. എന്നിരിക്കെ അവന്റെ പ്രാര്‍ഥന എങ്ങനെയാണ് ഉത്തരം നല്കപ്പെടുക.” (അഹ്മദ്, മുസ്‌ലിം, തിര്‍മിദി)
ഏഴ്: വളരെ വിഷമങ്ങളും ഭയവുമുള്ള സന്ദര്‍ഭങ്ങളില്‍ കൈകള്‍ ഉയര്‍ത്തിയും നീട്ടിയും അല്ലാഹുവോട് പ്രാര്‍ഥിക്കുന്നതാണ് അവന്ന് താല്പര്യം. നബി(സ) ഫര്‍ദ് നമസ്‌കാരശേഷം കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. ഫര്‍ദ് നമസ്‌കാര ശേഷം കൈകളുയര്‍ത്തി പ്രാര്‍ഥിക്കാന്‍ പാടില്ല എന്നതിന് തെളിവാക്കാറുള്ളത്: ”കക്ഷം വെളിവാക്കുന്ന വിധം നബി(സ) മഴക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലല്ലാതെ കൈ ഉയര്‍ത്താറുണ്ടായിരുന്നില്ല” എന്ന ബുഖാരിയുടെ ഹദീസാണ്. യഥാര്‍ഥത്തില്‍ ഈ ഹദീസ് നിര്‍ബന്ധ നമസ്‌കാര ശേഷമോ മറ്റുള്ള സന്ദര്‍ഭങ്ങളിലോ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നതിനെ സംബന്ധിച്ചല്ല. മറിച്ച് കക്ഷം കാണുന്ന വിധം ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി നീട്ടി പ്രാര്‍ഥിക്കുന്നതിനെ സംബന്ധിച്ചാണ്. അക്കാര്യം മേല്‍ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ഹജര്‍(റ) വിശദീകരിക്കുന്നതു ശ്രദ്ധിക്കുക.
”കൈകള്‍ ഉയര്‍ത്തിയിരുന്നില്ല എന്ന നിഷേധം കുറിക്കുന്നത് രണ്ടു കക്ഷങ്ങളിലെയും വെളുപ്പുകള്‍ കാണുന്ന വിധം പ്രാര്‍ഥിച്ചിരുന്നില്ല എന്നാണ്” (ഫത്ഹുല്‍ ബാരി 3:615). അപ്പോള്‍ അനസ്(റ) ഉദ്ധരിച്ച ഹദീസിന്റെ താല്പര്യം: കക്ഷത്തിലെ വെളുപ്പ് കാണുംവിധം നബി(സ) മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ മാത്രമേ കൈകള്‍ ഉയര്‍ത്തിയിരുന്നുള്ളൂ എന്നാണ്. അതില്‍ നിന്ന് എങ്ങനെയാണ് നമസ്‌കാര ശേഷമോ മറ്റോ പ്രാര്‍ഥിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താന്‍ പാടില്ല എന്ന തെളിവു ലഭിക്കുക?
നബി(സ) പ്രാര്‍ഥനകളില്‍ കൈ ഉയര്‍ത്തിയിരുന്നതായും ഉയര്‍ത്താന്‍ കല്പിച്ചിരുന്നതായും നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. നബി(സ) ഫര്‍ദ് നമസ്‌കാര ശേഷമോ അല്ലാത്ത സന്ദര്‍ഭങ്ങളിലോ എന്ന് വ്യക്തമാക്കാതെ തന്നെ ഏത് സന്ദര്‍ഭത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴും കൈകളുയര്‍ത്തി പ്രാര്‍ഥിക്കാന്‍ കല്പിച്ചിട്ടുണ്ട്. ”നിങ്ങള്‍ ഉള്ളന്‍ കൈ കൊണ്ട് അല്ലാഹുവോട് തേടുക. പുറം കൈകള്‍ കൊണ്ട് നിങ്ങള്‍ അവനോട് തേടരുത്.” (അബൂദാവൂദ്, ബൈഹഖി)
”തീര്‍ച്ചയായും അല്ലാഹു ലജ്ജയുള്ളവനും ഔദാര്യവാനുമാണ്. ഒരു മനുഷ്യന്‍ (ആവശ്യങ്ങള്‍ക്കുവേണ്ടി) അവങ്കലേക്ക് അവന്റെ രണ്ടു കൈകളും ഉയര്‍ത്തുന്ന പക്ഷം പരാജയപ്പെട്ട നിലയില്‍ അവയെ കാലിയാക്കി മടക്കുന്നതിനെ അവന്‍ ലജിക്കുന്നു” (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, ഹാകിം).
”യസീദിന്റെ(റ) മകന്‍ സാഇബ്(റ) തന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: നബി(സ) പ്രാര്‍ഥിക്കുമ്പോഴെല്ലാം കൈകള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു”( അബൂദാവൂദ്). ഇമാം നവവി(റ) പറയുന്നു: ”വിഷമങ്ങളില്‍ നിന്നും മോചനം നേടാനുള്ള എല്ലാ പ്രാര്‍ഥനകളിലും കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുക എന്നതാണ് നബിചര്യ”(ഫത്ഹുല്‍ ബാരി 3:615).
എന്നാല്‍ ഒരാള്‍ പ്രാര്‍ഥന നടത്തുമ്പോള്‍ കൈകളുയര്‍ത്തി ആമീന്‍ ചൊല്ലുന്ന വിഷയത്തില്‍ വിശ്വാസയോഗ്യമായ തെളിവുകളൊന്നും വന്നിട്ടില്ല. അത്തരം സന്ദര്‍ഭത്തില്‍ കൈകളുയര്‍ത്താതെ ആമീന്‍ മാത്രം പറഞ്ഞാല്‍ മതിയാകുന്നതാണ്. ഒരാള്‍ സ്വന്തം പ്രാര്‍ഥിക്കുമ്പോള്‍ കൈകളുയര്‍ത്തി പ്രാര്‍ഥിക്കാവുന്നതാണ്.
എട്ട്: പ്രാര്‍ഥനക്കു ശേഷം അത് അല്ലാഹു സ്വീകരിക്കാനുള്ള പ്രാര്‍ഥനയും കൂടി നടത്തുകയെന്നത് പ്രാര്‍ഥനകളുടെ മര്യാദകളില്‍ പെട്ടതാണ്. അത് ഇബ്രാഹീം(അ)യുടെ ചര്യയില്‍ പെട്ടതുമാണ്. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന ശ്രദ്ധിക്കുക: ”നാഥാ, പ്രാര്‍ഥന നീ സ്വീകരിക്കേണമേ” (ഇബ്‌റാഹീം 40). കഅ്ബാലയം പടുത്തുയര്‍ത്തിയതിനു ശേഷം ഇബ്‌റാഹീമിന്റെയും(അ) പുത്രന്‍ ഇസ്മാഈലിന്റെയും(അ) പ്രാര്‍ഥന ഇപ്രകാരമായിരുന്നു: ”ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് നീ ഇത് (ഒരു സല്‍ക്കര്‍മമായി) സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവും അറിയുന്നവനുമാകുന്നു.” (21:27)