വിശുദ്ധ ഖുര്‍ആന്‍ വേദവായനയുടെ രീതിശാസ്ത്രം – എം എസ് ഷൈജു
ലോകത്തെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും ജീവിത ദര്‍ശനങ്ങളേയും കാഴ്ചപ്പാടുകളേയും ഇത്രമേല്‍ സ്വാധീനിച്ച ഒരു ഗ്രന്ഥം വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്നുമില്ല. ലോകത്ത് ഏറ്റവുമധികം കേള്‍ക്കപ്പെടുകയും ഹൃദിസ്ഥമാക്കപ്പെടുകയും ചെയ്യുന്ന ഒരു ഗ്രന്ഥം, മൂല ഭാഷയില്‍ തന്നെ ഏറ്റവുമധികം പുറത്തിറങ്ങുന്ന ഗ്രന്ഥം, ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം തുടങ്ങിയ സവിശേഷതകളും ഖുര്‍ആനിന് മാത്രമാണ്. പ്രമേയപരമായി പൂര്‍ണമായും ദൈവികമെന്നും ആശയപരമായി സ്ഖലിത രഹിതമെന്നും അവകാശപ്പെടുന്ന ഗ്രന്ഥവും വിശുദ്ധ ഖുര്‍ആനാണ്. എന്താണ് വിശുദ്ധ ഖുര്‍ആനെന്ന് ലളിതമായി വിശദീകരിച്ചാല്‍, മനുഷ്യനെ ലക്ഷ്യം വെക്കുന്ന ഒരു രേഖയാണത്. ഖുര്‍ആന്റെ പല ഭാഗത്തുമുള്ള പ്രസ്താവനകളില്‍ അങ്ങനെയാണ് കാണുന്നത്. ഹുദന്‍ ലിന്നാസ് (മനുഷ്യര്‍ക്കുള്ള ദര്‍ശന രേഖ) എന്നാണ് ഖുര്‍ആന്‍ അതിന്റെ ലക്ഷ്യത്തെ സ്വയം വിശദീകരിക്കുന്നത്. (2:185)
ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും അവരുടെ ജീവിതത്തിന്റെ ദര്‍ശനപരമായ രഹസ്യങ്ങളെയും അതിന്റെ ആഖ്യാനങ്ങളെയും കണ്ടെത്തി നല്‍കാന്‍ കെല്പുള്ള ദൈവികമായ ഊര്‍ജമാണ് ഖുര്‍ആന്റെ ഏറ്റവും വലിയ ആന്തരിക സവിശേഷത. വായിക്കുകയെന്നതാണ് ഖുര്‍ആന്റെ മനുഷ്യരാശിയോടുള്ള ആഹ്വാനം. ജ്ഞാനാന്വേഷികളായും വിമര്‍ശകരായും ലോകത്തെ വലിയൊരു ജനത എക്കാലത്തും ഖുര്‍ആന്റെ വായനക്കാരായിട്ടുണ്ട്. ഓരോ കാലത്തും നടന്നിട്ടുള്ള ഈ അന്വേഷണങ്ങളും വ്യാഖ്യാനങ്ങളും പഠനങ്ങളുമാണ് തുടര്‍ന്നുള്ള മനുഷ്യരാശിക്ക് ഖുര്‍ആനുമായി ബന്ധപ്പെട്ട പുതിയ ദാര്‍ശനിക വെളിച്ചം ലഭിക്കുന്നതിന് കാരണമായിട്ടുള്ളത്. അത് കൊണ്ട് തന്നെ ഖുര്‍ആനുമായി ബന്ധപ്പെട്ടുള്ള പുതിയ വായനകളും പഠനങ്ങളും ഒരു ചുമതലയായിത്തന്നെ നടക്കേണ്ടതുണ്ട്.
ഖുര്‍ആന്റെ കാലികവും ലക്ഷ്യപരവുമായ സ്വതന്ത്ര വായനകളാണ് അതിന്റെ വ്യാഖാനങ്ങളെന്ന് പൊതുവെ അറിയപ്പെടുന്നത്. ലോകത്ത് അനേകം ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ രേഖയായും അല്ലാതെയും നിലനില്‍ക്കുന്നുണ്ട്. ചിലതിനെയൊക്കെ ചിലര്‍ ആധികാരികമെന്നും വിശേഷിപ്പിക്കാറുണ്ട്. ഖുര്‍ആനിനെ സംബന്ധിച്ച് ഏതെങ്കിലും ഒരു വ്യാഖ്യാനത്തെ ആധികാരികമെന്നോ അല്ലെന്നോ പറയാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? അങ്ങനെയൊരു അവകാശം ആര്‍ക്കും ഖുര്‍ആന്‍ പ്രത്യേകമായിട്ട് നല്‍കുന്നില്ല. ഹുദന്‍ ലിന്നാസ് എന്ന പദത്തിന്റെ ആശയം തന്നെ അത്തരം വാദങ്ങളെ അപ്രസക്തമാക്കുന്നതാണ്. വ്യാഖ്യാനമെന്നത് ഒരു സ്വാതന്ത്ര്യം മാത്രമാണ്. ഖുര്‍ആന്‍ മനുഷ്യരാശിക്ക് മൊത്തത്തില്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യം. ഒരു ഗ്രന്ഥത്തോടും അതിന്റെ പ്രമേയത്തോടുമുള്ള ഒരാളിന്റെ താത്പര്യവും അതിനെ സംബന്ധിച്ചുള്ള ആലോചനകളും ആസ്വാദ്യതയും നല്‍കുന്ന വായനാ അനുഭവവുമാണ് വ്യാഖ്യാനങ്ങള്‍. ഈ ആലോചനാ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് വകവെച്ച് നല്‍കിയിരിക്കുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.
ഒരു വ്യാഖ്യാനത്തോട് ഒരാള്‍ക്ക് യോജിക്കാം, വിയോജിക്കുകയുമാവാം. അതാണ് ആധികാരികമെന്ന് അവകാശപ്പെടാന്‍ ഒരു ന്യായവുമില്ല. ഒരു പ്രമേയത്തെ ചിന്താ വിധേയമാക്കുമ്പോഴാണ് ഒരാള്‍ക്ക് തന്റേതായ ഒരു പാഠത്തെ കണ്ടെത്താന്‍ കഴിയുന്നത്. ഓരോ മനുഷ്യന്റേയും മൗലിക ഗുണങ്ങളായ അനുഭവ ബുദ്ധിയും വൈജ്ഞാനിക ബുദ്ധിയും ഖുര്‍ആനുമായി സംവദിക്കേണ്ടത് എങ്ങനെയെന്നും ഖുര്‍ആന്‍ വിശദമാക്കുന്നുണ്ട്. ”താങ്കള്‍ക്ക് നാം അവതരിപ്പിച്ച് തന്നതും വളരെ ഗുണമേറിയതുമായ ഒരു ഗ്രന്ഥമാണിത്. ഇതിലെ സൂക്തങ്ങള്‍ ആളുകള്‍ക്ക് ചിന്താ വിധേയമാക്കുവാനും ബുദ്ധിശാലികള്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും വേണ്ടി.” (വി.ഖു 38:29)
ഖുര്‍ആനെ സംബന്ധിച്ചും അതിന്റെ ആശയ ആഴങ്ങളെ സംബന്ധിച്ചും മനുഷ്യന് എത്രത്തോളം ബൃഹത്തായി ആലോചിക്കാന്‍ സാധിക്കുമെന്നതിനെ സംബന്ധിച്ചും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സമുദ്രത്തെ മഷിയാക്കി ദൈവ വചനങ്ങളെ വിശദീകരിച്ചാലും അവ തീരുന്നതിന് മുമ്പ് സമുദ്രം വറ്റിപ്പോകുമെന്ന വേദവാക്യം ഖുര്‍ആന്‍ ആശയങ്ങളുടെ വ്യാഖ്യാന വ്യാപ്തിയാണ് വ്യക്തമാക്കുന്നത്. ഒരു സമുദ്രത്തോളം ആലോചിച്ചാലും വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങള്‍ പിന്നെയും ബാക്കി നില്‍ക്കുന്നുണ്ടാകുമെന്നാണ്. അനന്തതയുടെ പര്യായമായാണ് സമുദ്രത്തെ ഉപമിക്കുന്നത്. ഓരോ നദിയും സമുദ്രത്തെ കാണുന്നത് പോലെയാണ് ഓരോ അന്വേഷകനും ഖുര്‍ആനെ കണ്ടെത്തുവാനും അതിനെ വായിക്കുവാനും ശ്രമിക്കുന്നത്. ഓരോ കാഴ്ചയും മറ്റൊരാളിന്റെ കാഴ്ചയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ”പറയുക: ഈ സമുദ്രം എന്റെ നാഥന്റെ വചനങ്ങള്‍ക്ക് മഷിയായി തീര്‍ന്നിരുന്നെങ്കില്‍, എന്റെ നാഥന്റെ വചനങ്ങള്‍ തീരുന്നതിന് മുമ്പ് സമുദ്രം വറ്റിപ്പോകുമായിരുന്നു.” (വി.ഖു 18:109)
ഒരിക്കലും വറ്റിപ്പോകാത്ത ജീവിത ദര്‍ശനങ്ങളുടെ ആന്തരികമായ വായനാനുഭവം എക്കാലത്തും ഖുര്‍ആന്‍ സ്വയം ഉള്‍ക്കൊണ്ടിരിക്കുമെന്നാണ് ഈ ഖുര്‍ആനിക വചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇറങ്ങിച്ചെല്ലാനും തിരയാനും മനുഷ്യര്‍ തയാറാണെങ്കില്‍ ആത്മീയവും വൈജ്ഞാനികവുമായ ഒരു സമുദ്രത്തെ മനുഷ്യര്‍ക്കായി ഖുര്‍ആന്‍ തയാറാക്കി വെച്ചിരിക്കുന്നു. അത് കണ്ടെത്താന്‍ ഒരു വായനക്കാരന് സാധിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ് ഓരോ വായനയുടെയും പ്രസക്തി നിലനില്‍ക്കുന്നത്.
ലോകത്തിന് മുഴുവന്‍ വെളിച്ചമായും മാനവര്‍ക്ക് മുഴുവന്‍ ഒരു ദര്‍ശന രേഖയായും അവതരിച്ച ഈ ഗ്രന്ഥം എന്തിന് അറബി ഭാഷയില്‍ ഇറക്കിയെന്ന ചോദ്യത്തെയും ഖുര്‍ആന്‍ വിശകലനം ചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യ വായനക്കാര്‍ക്കായി, അവരുടെ സൗകര്യങ്ങള്‍ക്കായി ഖുര്‍ആനിന്റെ ഒരു പ്രാഥമികമായ അഭിസംബോധനയാണതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ”അങ്ങനെ മക്കക്കാരെയും അതിന് ചുറ്റുമുള്ളവരെയും താക്കീത് ചെയ്യാനും സംശയ രഹിതമായ സംഗമ നാളിനെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാനും വേണ്ടി താങ്കള്‍ക്ക് നാം അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ ദിവ്യ സന്ദേശമായി നല്‍കിയിരിക്കുകയാണ്.” (വി.ഖു. 42:7)
വേദ ഭാഷ പോലും രൂപപ്പെട്ടിരിക്കുന്നത് അഭിസംബോധിതര്‍ക്കനുസ്യതമായുള്ള ഒരു സാമ്പ്രദായിക ഭേദഗതിയുടെ ഭാഗമായാണ് എന്നും മൂലാശയങ്ങള്‍ അഭൗതികമായ ഒരു വൈജ്ഞാനിക രേഖയായാണ് (ലൗഹുല്‍ മഹ്ഫൂള്) നിലനില്‍ക്കുന്നതെന്നുമാണ് ഖുര്‍ആന്‍ പറയുന്നത്. ”അത് നമ്മുടെ പക്കലുള്ള മൂലഗ്രന്ഥത്തില്‍ ഉന്നതവും വിജ്ഞാനപ്രദവുമാകുന്നു. തീര്‍ച്ച.” (വി.ഖു. 43:4)
പ്രാഥമികമായ അഭിസംബോധിതര്‍ക്ക് അറബി ഭാഷയല്ലാത്ത ഒരു ഖുര്‍ആന്‍ മനസിലാകില്ല എന്നതാണ് ഖുര്‍ആനിന്റെ അറബി പശ്ചാത്തലം. പ്രവാചകന്‍ അറബിയും വേദഗ്രന്ഥം അനറബിയുമാകുന്നത് നീതിയുക്തമല്ലെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”ഈ വേദം നാം അറബിയല്ലാത്ത ഒരു ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ ഇതിന്റെ സൂക്തങ്ങള്‍ എന്ത് കൊണ്ട് വിശദീകരിക്കപ്പെടുന്നില്ലെന്നും അറബിയല്ലാത്ത ഒരു ഖുര്‍ആനും അറബിയായ ഒരു പ്രവാചകനുമോ എന്നും അവര്‍ ചോദിക്കുമായിരുന്നു.” (വി.ഖു. 41:44)
ആദ്യകാല അഭിസംബോധിതരുടെ ശേഷികളെയും അവരുടെ ദൗര്‍ബല്യങ്ങളേയും പരിഗണിച്ചും അവരെ അഭിസംബോധന ചെയ്തുമാണ് വേദഗ്രന്ഥത്തിന്റെ വാക്യങ്ങള്‍ രൂപം കൊണ്ടിട്ടുള്ളതെന്നും ആ പശ്ചാത്തലങ്ങളെ ഓരോ വേദവചനങ്ങളിലുമുള്ക്കൊണ്ടിട്ടു ണ്ട് എന്നുമാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ആ പശ്ചാത്തലങ്ങളെ മറ്റൊരു സാഹചര്യത്തിലും പശ്ചാത്തലത്തിലും എങ്ങനെ വായിക്കണമെന്ന് തിരിച്ചറിഞ്ഞ് വായിക്കുമ്പോഴാണ് കാലത്തിനും ദേശത്തിനും അതീതമായ ഒരു പുനര്‍വായന സാധ്യമാകുന്നത്. സാമൂഹികപരമായും ചിന്താപരമായും മനുഷ്യന് സംഭവിക്കുന്ന വളര്‍ച്ചകളെക്കൂടി കൂട്ടുപിടിച്ചു നടത്തുന്ന പുനര്‍വായനകളാണ് വേദഗ്രന്ഥത്തിന്റെ പുതുകാല പ്രസക്തികളെ കണ്ടെത്തി നല്‍കുന്നത്.
പല തരത്തിലുള്ള വായനാ രൂപങ്ങള്‍ ലോകത്ത് നില നില്‍ക്കുന്നുണ്ട്. എഴുത്തുകാരനല്ലാതെ മറ്റൊരാള്‍ക്ക് വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ അവസരമില്ലാത്ത ഗണിത വായനകളും വായനക്കാരന്റെ ശേഷികളിലും ആസ്വാദന മികവുകളിലും വിശ്വാസമര്‍പ്പിക്കുന്ന വ്യാഖ്യാന വായനകളും ഇതില്‍ പെട്ടതാണ്. വായിക്കുന്നവന്റെ ശേഷികള്‍ക്ക് പ്രത്യേകിച്ച് അവസരങ്ങളില്ലാത്ത ഗണിതവായനകള്‍ അവയുടെ അക്ഷരങ്ങളിലും അക്കങ്ങളിലും മാത്രമായി പരിമിതപ്പെടുമ്പോള്‍ വ്യാഖ്യാന വായനകള്‍ വായനക്കാരന്റെ ബൗദ്ധിക ശേഷികളെയും ജ്ഞാന പരിസരങ്ങളേയും കര്‍മപരിസരങ്ങളേയും കൂടി ഉള്‍ക്കൊണ്ട് രൂപപ്പെടുന്നതായിരിക്കും. അറബിക്ക് ചിന്തിക്കാനും ആലോചിക്കാനുമായി അറബിയിലേക്ക് മാറ്റിയ ഖുര്‍ആന്‍ നല്‍കുന്ന രക്ഷിതാവ് അനറബിക്ക് വായിക്കാന്‍ എന്ത് സ്വാതന്ത്ര്യമാണ് ഖുര്‍ആനില്‍ നല്‍കുന്നത് എന്നൊരു ചോദ്യം അപ്പോള്‍ ഉരുത്തിരിഞ്ഞ് വരും. അടിസ്ഥാനപരമായി വേദ ഗ്രന്ഥം സംവദിക്കുന്നത് ഭാഷയോടാണോ മനുഷ്യ ബുദ്ധിയോടാണോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍ ഇതിന്റെയും ഉത്തരവും നമുക്ക് ലഭിക്കും.
ഭാഷയോടാണ് വേദഗ്രന്ഥത്തിന്റെ സംവാദങ്ങള്‍ എങ്കില്‍ കാലഘട്ടങ്ങള്‍ക്കനുസരിച്ച് കാര്യമായ പുനര്‍വായനകള്‍ ഒന്നും വേണ്ടി വരില്ല. എന്നും ഒരേ അക്ഷരങ്ങള്‍ കൊണ്ട് മാത്രം ഖുര്‍ആന്‍ വായിക്കപ്പെടുകയും പറഞ്ഞ് പതിഞ്ഞ അതേ ആശയങ്ങള്‍ തന്നെ എക്കാലത്തും അതിന് ഉണ്ടാകുകയും ചെയ്യും. അത്തരം വായനകളെയാണ് അക്ഷര വായനകള്‍ അഥവാ ഗണിത വായനകള്‍ എന്ന് വിളിക്കുന്നത്. അത്തരം വായനകളെ വ്യാഖ്യാനിക്കാന്‍ അനുവാചകര്‍ക്ക് അവസരമില്ല. എന്താണോ ആ അക്ഷരങ്ങളില്‍ പറയുന്നത് എക്കാലത്തും അവക്ക് ആ പ്രസക്തി മാത്രമേയുള്ളൂ. ഖുര്‍ആന്റെ ആന്തരികമൂല്യങ്ങളുമായോ അവ മനുഷ്യ രാശിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രമേയങ്ങളുമായോ യാതൊരു തരത്തിലും സംവദിക്കാന്‍ കഴിയാത്ത ഇത്തരം അക്ഷരവായനകളാണ് ലോകത്ത് ഖുര്‍ആന്‍ പഠനങ്ങളുമായി ബന്ധപ്പെട്ട് ഏറെയും നടക്കുന്നതെന്നതാണ് ഖേദകരം.
അടിസ്ഥാനപരമായി രണ്ട് അഭിസംബോധനകളാണ് ഖുര്‍ആനുള്ളത്. ഒന്ന്, ഒരു കാലഘട്ടത്തോടുള്ള അഭിസംബോധന. രണ്ട്, കാലാതിവര്‍ത്തിയായ സാര്‍വജനീനമായ ഒരു അഭിസംബോധന. മനുഷ്യ ചരിത്രത്തിന്റെ സുദീര്‍ഘമായ ഒരു കാലഘട്ടത്തിനിടയില്‍ ഏതാനും വര്‍ഷങ്ങളില്‍ മാത്രം ജീവിച്ച് കഴിഞ്ഞ് പോയ ചില മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ സൂക്ഷ്മവും സ്ഥൂലവുമായി നേരിട്ട് ഇടപെട്ടുള്ള ഒരു അഭിസംബോധനയാണ് ആദ്യത്തേത്. അക്കാലത്ത് മാത്രം നിലനിന്നിരുന്ന പലതിനോടും നേരിട്ട് സംവദിക്കുന്ന ഖുര്‍ആന്‍ വചനങ്ങളെ വേദഗ്രന്ഥത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അന്നത്തെ വ്യക്തികളെ പ്രത്യേകമായി പരാമര്‍ശിക്കുന്ന വചനങ്ങള്‍, അന്നത്തെ ചില വ്യവസ്ഥകളെ അഭിസംബോധന ചെയ്യുന്ന ചില വചനങ്ങള്‍, അക്കാലത്ത് മാത്രമായി നിലനിന്ന ചില മാമൂലുകളെ തിരുത്തുന്ന വചനങ്ങള്‍, അന്നത്തെ ചില നടപ്പ് രീതികളെ ഘട്ടം ഘട്ടമായി പരിവര്‍ത്തിപ്പിക്കുന്ന ചില നിയമങ്ങള്‍ ഇവയൊക്കെ ഇന്നും നാം വായിക്കുന്നു.
അന്ന് അവതരിച്ച ആ വചനങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു ദൗത്യം ഉണ്ടായിരുന്നു. വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അത് ബോധ്യപ്പെടുകയും വേദ വചനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരുച്ച് മാറ്റങ്ങളുണ്ടാകുകയും ചെയ്തു. അന്നത്തെ സാഹചര്യങ്ങളും അന്നത്തെ വ്യക്തികളും അക്കാലത്തെ വ്യവസ്ഥകളും അപ്രസക്തമായിപ്പോയ മറ്റൊരു കാലത്ത് ആ വചനങ്ങള്‍ എങ്ങനെ പ്രസക്തമാകുന്നുവെന്ന ചിന്തകളാണ് ഇന്ന് ഉണ്ടാകേണ്ടത്. അത് അവതരിക്കപ്പെട്ട ഒരു കാലത്തിന്റേയും ദേശത്തിന്റേയും മുഴുവന്‍ സവിശേഷതകളെയും ഖുര്‍ആന്‍ അഭിസംബോധന ചെയ്തു കഴിഞ്ഞു. ഇനി അത് വായിക്കപ്പെടുന്ന ഓരോ കാലത്തിന്റേയും ദേശത്തിന്റേയും സാമൂഹ്യാവസ്ഥകളുടേയും സവിശേഷതകളെക്കൂടി അഭിസംബോധന ചെയ്യാന്‍ ഖുര്‍ആന് കെല്പുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ അത് എങ്ങനെ സാധിക്കും എന്നൊരു ഉപചോദ്യം കൂടി ഉണ്ടാകും. കാലികമായ പുനര്‍വായനകള്‍ വഴി എന്നാണ് ഉത്തരമെങ്കില്‍ അത് വേദഗ്രന്ഥം അര്‍ഹിക്കുന്ന, അത് ആവശ്യപ്പെടുന്ന ഒരനിവാര്യതയാണ്.
ഒരു ജനവിഭാഗത്തിന്റെ ജീവിത സവിശേഷതകളെ മുഴുവന്‍ പശ്ചാത്തലമാക്കിയുള്ളതാണ് ഖുര്‍ആന്റെ ആദ്യ അഭിസംബോധന. ഒരു ജനതയേയും ഒരു സംസ്‌കാരത്തേയും അവരുടെ ജീവിത രീതികളേയും അവരുടെ നിയമങ്ങളേയും അവരുടെ വികാരങ്ങളെയുമൊക്കെ പശ്ചാത്തലമാക്കിയുള്ള അഭിസംബോധനകളെ മറ്റൊരു കാലത്ത് നിന്ന് എങ്ങനെ നോക്കിക്കാണണമെന്നതില്‍ ഒരു വ്യക്തത വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കൈകാര്യം ചെയ്യപ്പെടുന്നത് ഒരു ദൈവിക ഗ്രന്ഥമാകുമ്പോള്‍. ആ വ്യക്തതയാണ് ഖുര്‍ആന്‍ വായനകളുടെ ദിശ നിശ്ചയിക്കുന്ന ഏറ്റവും മുഖ്യമായ ഒരു ഘടകം. ഒരു പശ്ചാത്തലമില്ലാതെ ഒരു വേദ ഗ്രന്ഥത്തിനും മനുഷ്യരുടെ വ്യവഹാരങ്ങളിലേക്ക് കടന്ന് വരാന്‍ കഴിയില്ല. ആ പശ്ചാത്തലങ്ങള്‍ക്ക് മാറ്റമുണ്ടാകുമ്പോള്‍ ആ കടന്ന് വരവുകള്‍ എങ്ങനെയാകുമെന്നതിനെക്കുറിച്ചും വ്യക്തതയുണ്ടാകണം.
ചരിത്രത്തിലുടെ ഖുര്‍ആനെ സമീപിക്കുന്ന ഒരു സമീപന ശാസ്ത്രമാണ് ഇന്ന് പൊതുവേ നില നില്‍ക്കുന്നത്. ഇത് പ്രശ്‌നവല്‍ക്കരിക്കേണ്ട ഒരു വായനയാണെന്നാണ് ഖുര്‍ആനെ ധൈഷണികവും സാമൂഹികശാസ്ത്രപരവും കാലികവുമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു പ്രധാന വിമര്‍ശം. ചരിത്രത്തിന്റെ ചില നിശ്ചലാവസ്ഥകളില്‍ നിന്ന് കരകയറാന്‍ സാധിക്കാത്ത ദുര്യോഗങ്ങളാണ് അത്തരം വായനകള്‍ പൊതുവേ മുസ്‌ലിം ലോകത്തിന് സമ്മാനിച്ചിട്ടുള്ളതെന്നും മുസ്‌ലിം ധൈഷണികര്‍ അഭിപ്രായപ്പെടുന്നു.
ചരിത്രം പിന്നീട് പാരമ്പര്യമെന്ന ആശയത്തിലേക്കും ഇത്തരം വായനകളെ കൊണ്ട് പോയി. വേദ വായനകളുടെ ശരിയായ വ്യാഖ്യാനങ്ങളിലേക്ക് ഒരു ജനതക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത വിധം ഭാരമേറിയതാണ് പാരമ്പര്യങ്ങള്‍ എന്ന സങ്കല്പം. പാരമ്പര്യമെന്ന പേരില്‍ നില നില്‍ക്കുന്ന ഭാരങ്ങളും പേറിയാണ് ഖുര്‍ആന്‍ വായനയുടെ ഏറിയ പങ്കും ഇന്ന് നടക്കുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന ഖുര്‍ആന്‍ പഠന സമ്പ്രദായങ്ങളിലും കുറേ പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കും സ്വഭാവികമായ അന്വേഷണങ്ങളെക്കാള്‍ വായനക്കാരനെക്കൊണ്ട് വായിപ്പിക്കുകയും നേരത്തെ ഉല്പാദിപ്പിച്ച് വെച്ചിരിക്കുന്ന ഉത്തരങ്ങള്‍ അവന്റെ മുന്നില്‍ നല്‍കി അവനെ ത്യപ്തനാക്കുകയും ചെയ്യുന്ന ഒരു വായനാ ശൈലിയാണ് ചരിത്രപരതയിലൂടെ ഉടലെടുത്തിട്ടുള്ളത്.
ചരിത്രത്തിലെ ചില പ്രത്യേക ഘട്ടങ്ങളുമായോ ചില പ്രത്യേക വീക്ഷണങ്ങളുമായോ മമതയോ വിയോജിപ്പുകളോ ഉള്ളവരാണ് ഖുര്‍ആന്‍ പഠനത്തിന്റെ വക്താക്കളെങ്കില്‍ അത്തരം ഉത്തരവാദിത്വങ്ങളുള്ളവര്‍ ഖുര്‍ആന്‍ വായിക്കാനോ വായിപ്പിക്കാനോ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളുമുണ്ട്. അവര്‍ക്ക് ചില പ്രത്യേകമായ സിദ്ധാന്തങ്ങളോടോ പ്രത്യയ ശാസ്ത്രങ്ങളോടോ ഉത്തരവാദിത്വങ്ങളുണ്ടാകും. ചില പ്രത്യയ ശാസ്ത്രങ്ങളെ നിരാകരിക്കാന്‍ ചുമതലപ്പെട്ടവരായി അവര്‍ സ്വയം കാണുകയും ചെയ്യും. അവരുടെ വായനകള്‍ ഒരിക്കലും നീതിയുക്തമോ സ്വതന്ത്രമോ ആയിരിക്കില്ല. അവരുടെ പഠിതാക്കള്‍ക്ക് സ്വതന്ത്രമായ ഒരു വായനാനുഭവത്തെ നിഷേധിക്കുകയാകും അവര്‍ ചെയ്യുന്നത്. എല്ലാത്തരം ശേഷികളുള്ളവര്‍ക്കും ഖുര്‍ആനില്‍ ഒരു വായനാനുഭവമുണ്ടെന്നും അതാകും അയാളുടെ വേദ ഭാഷ്യമെന്നുമാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ”ഈ ഖുര്‍ആനില്‍ എല്ലാ വിധ ഉപമകളും ജനങ്ങള്‍ക്കായി നാം പ്രദിപാദിച്ചിരിക്കുന്നു. അവര്‍ ചിന്തിക്കുകയും ഗ്രാഹ്യമുള്ളവരാകുകയും ചെയ്യാനായി.” (വി. ഖു. 39: 27)
ഖുര്‍ആന്‍ പഠിക്കലും പഠിപ്പിക്കലും തമ്മിലുള്ള വലിയൊരു അന്തരം കൂടിയുണ്ട്. വേദ ഗ്രന്ഥം മനുഷ്യരോട് ആവശ്യപ്പെടുന്നത് വായിക്കാനും പഠിക്കാനുമാണ്. ആരുടെയൊക്കെയോ ധാരണകളെ വേദമായി മനസിലാക്കുന്നവര്‍ പരാജിതരും സ്വന്തം ജ്ഞാനാന്വേഷണങ്ങളെ വേദവായനകള്‍ കൊണ്ട് ജ്വലിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നവരാണ് വിജയികളെന്നുമാണ് ഖുര്‍ആന്‍ മനുഷ്യരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഖുര്‍ആന്റെ പ്രമേയപരമോ ലക്ഷ്യപരമോ ആയ ഊന്നലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വികല വീക്ഷണങ്ങള്‍ നില നിര്‍ത്തുന്നവരും ഖുര്‍ആന്‍ ആവശ്യപ്പെടുന്ന ആഴത്തിലുള്ള ഗവേഷണത്വര നില നിര്‍ത്താന്‍ സാധിക്കാത്തവരും ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു പ്രശ്‌നം കൂടിയാണിത്.
ഖുര്‍ആന്റെ പദപരവും വാചകപരവുമായ വ്യാഖ്യാനങ്ങളിലാണ് ഖുര്‍ആന്‍ വായനയുടെ മുഖ്യധാര ഇന്ന് കുരുങ്ങി നില്‍ക്കുന്നത്. ഖുര്‍ആന്റെ മാനവികമോ പ്രമേയപരമോ ആയ വായനകളെ മുഴുവന്‍ തിരസ്‌കരിക്കാനും മുസ്‌ലിം മുഖ്യ ധാര അമിത ത്വര പുലര്‍ത്തുന്നുണ്ട്. ദൈവം, മനുഷ്യന്‍, പ്രക്യതി, സമൂഹം എന്നീ വിഷയങ്ങളില്‍ ഖുര്‍ആന് എന്താണ് പറയാനുള്ളതാണ് ഖുര്‍ആനിലൂടെ വായിച്ചെടുക്കാനുള്ളത്. അപ്രസക്തമായ ചരിത്ര സന്ദര്‍ഭങ്ങളെ പശ്ചാത്തല നിരപേക്ഷമായി വായിച്ചും വേദ വായനകളെ ഭാരപ്പെടുത്തിയും ഖുര്‍ആനോടോ അതിന്റെ പ്രമേയത്തോടോ നീതി പുലര്‍ത്താന്‍ കഴിയില്ല.