22 Sunday
December 2024
2024 December 22
1446 Joumada II 20

വിശുദ്ധ ഖുര്‍ആനിന്റെ സ്ഥാനം പി കെ മൊയ്തീന്‍ സുല്ലമി

വിശുദ്ധ ഖുര്‍ആന്‍ ഒരു പാരായണ ഗ്രന്ഥം മാത്രമല്ല, ജീവിത പ്രമാണവും കൂടിയാണ്. മുഹമ്മദ് നബി(സ)ക്ക് അല്ലാഹു വെളിപ്പെടുത്തിയ മുഅ്ജിസത്തുമാണത്. അതിന്റെ പ്രകാശം കെടുത്തിക്കളയാന്‍ തുടക്കം മുതല്‍ക്കു തന്നെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ശ്രമവും ആരംഭിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അവര്‍ അവരുടെ വായ് കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.” (സ്വഫ്ഫ് 8)
ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തും ഖുര്‍ആനിനും ഇസ്‌ലാമിനുമെതിരില്‍ കള്ളക്കഥകള്‍ നിര്‍മിച്ചുണ്ടാക്കിയും ദുര്‍ബലമായ ഹദീസുകള്‍ പടച്ചുണ്ടാക്കിയുമാണ് വിശുദ്ധ ഖുര്‍ആനിന്റെ പ്രകാശത്തെ കെടുത്തിക്കളയാന്‍ ശ്രമങ്ങള്‍ നടന്നുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നബി(സ) ഇപ്രകാരം പ്രസ്താവിച്ചതും: ”വല്ലവനും മനപ്പൂര്‍വം എന്റെ മേല്‍ കളവ് പറയുന്ന പക്ഷം അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി).
ഹമ്മാദുബ്‌നു സൈദ് ഉഖൈലില്‍(റ) നിന്നു ഉദ്ധരിക്കുന്നു: ”തീര്‍ച്ചയായും പതിനാലായിരത്തോളം ഹദീസുകള്‍ ജനങ്ങള്‍ നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയിട്ടുണ്ട്’‘ (ഹാശിയത്തു നുഖ്ബതുല്‍ ഫിക്‌രി, പേജ് 113). നബി(സ)യുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുര്‍ബലമായ ഹദീസുകള്‍ അതിലും കൂടുതലായി കാണാം. ഇത്തരം നിര്‍മിതവും ദുര്‍ബലവുമായ ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന് എതിരായതും മുതവാതിറായി വന്ന ഹദീസുകള്‍ക്കും ഇജ്മാഇനും സാമാന്യ ബുദ്ധിക്കു പോലും വിരുദ്ധവും യോജിക്കാന്‍ പറ്റാത്തവയുമാണ്.
വിശുദ്ധ ഖുര്‍ആനിലെ ഒരു വചനം മനപ്പൂര്‍വം തള്ളിക്കളയുന്ന പക്ഷം അയാള്‍ നരകാവകാശിയായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു: ”നമ്മുടെ വചനങ്ങളെ നിഷേധിച്ച് തള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്കുവേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ കടക്കുന്നതുമല്ല.” (അഅ്‌റാഫ് 40)
വിശുദ്ധ ഖുര്‍ആനിനെ ഹദീസുകളോട് തുല്യപ്പെടുത്തിയും വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ എതിര്‍ക്കുന്ന ദുര്‍ബലവും നിര്‍മിതങ്ങളുമായ റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കിയും ഇസ്‌ലാമിനെ വികലമാക്കുന്ന ഒരു വിഭാഗം ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഒരു ഹദീസ് അത് ഖുര്‍ആനിന്റെ വ്യക്തമായ കല്പനക്ക് വിരുദ്ധമാണെങ്കില്‍ അത് തള്ളിക്കളയണം എന്ന കാര്യത്തില്‍ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ”ഖുര്‍ആനിന്റെ വ്യക്തമായ കല്പനകള്‍ക്ക് വിരുദ്ധമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസുകള്‍ നിര്‍മിത ഹദീസുകളില്‍ പെട്ടതാണ്” (നുഖ്ബതുല്‍ ഫിക്ര്‍ 113).
”സാമാന്യബുദ്ധിക്കും അടിസ്ഥാന പ്രമാണങ്ങള്‍ക്കും (ഖുര്‍ആനിനും ഇജ്മാഇനും) വിരുദ്ധമായി വരുന്ന എല്ലാ ഹദീസുകളും നിര്‍മിതങ്ങളാണെന്ന് നീ മനസ്സിലാക്കണം. അത്തരം ഹദീസുകള്‍ ആരാണ് റിപ്പോര്‍ട്ടു ചെയ്തത് എന്ന് നീ പരിഗണിക്കേണ്ടതില്ല” (ഫത്ഹുല്‍മുഗീസ് 1:290)
വിശുദ്ധ ഖുര്‍ആനിന്റെ ആശയത്തെ എതിര്‍ക്കുന്ന തരത്തിലാണ് ഒരു  ഹദീസെങ്കില്‍ ആ ഹദീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതില്ലെന്നാണ് ഇബ്‌നുഹജര്‍(റ) പറയുന്നത്. ”വിശുദ്ധ ഖുര്‍ആനിനോട് യോജിച്ചുവരുന്ന ഹദീസുകളല്ലാതെ അനുസരിക്കപ്പെടേണ്ടതില്ല” (ഫത്ഹുല്‍ബാരി 17:39).
ഖുര്‍ആനും ഹദീസും
തുല്യമല്ല
ഖുര്‍ആനിനും ഹദീസിനും തുല്യ പരിഗണന നല്‍കുന്ന ചിലര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഖുര്‍ആനും ഹദീസും ഒരിക്കലും തുല്യമല്ല. ഒന്ന്). ഖുര്‍ആന്‍ മുഴുവന്‍ ദൈവിക വചനമാണ്. അതിന്റെ പദങ്ങളും ആശയങ്ങളും അല്ലാഹുവിന്റേത് മാത്രമാണ്. ഹദീസിന്റെ ആശയങ്ങള്‍ അല്ലാഹുവിന്റേതും പദങ്ങള്‍ നബിയുടേതുമാണ്. നബി(സ)യുടെ പദങ്ങളും സ്വഹാബത്തിന്റെ പദങ്ങളും ആശയങ്ങളും ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി(സ) സ്വകാര്യം പറഞ്ഞതും ഭാര്യമാരോട് സംസാരിച്ചതും ഭൗതിക കാര്യങ്ങള്‍ പറഞ്ഞതും മുശാവറ നടത്തി സംസാരിച്ചതും ഹദീസുകളായി വന്നിട്ടുണ്ട്. താഴെവരുന്ന വചനം മതപരമായ ഹുകുമുകള്‍ (വിധികള്‍) സംബന്ധിച്ചു മാത്രമാണ്. ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യ സന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു” (നജ്മ് 3:4)
രണ്ട്). ഖുര്‍ആന്‍ മുഴുവന്‍ സത്യസന്ധമാണ്. അല്ലാഹു പറയുന്നു: ”അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല” (ഫുസ്സ്വിലത്ത് 42). ഹദീസുകളില്‍ പ്രബലവും ദുര്‍ബലവുമുണ്ടാകും. അതിന്റെ അവസ്ഥ മുകളില്‍ നാം രേഖപ്പെടുത്തിയിട്ടുമുണ്ട്.
മൂന്ന്). വിശുദ്ധ ഖുര്‍ആനിന് മുഅ്ജിസത്ത് (അമാനുഷികത) ഉണ്ട്. ഹദീസുകള്‍ക്ക് അതില്ല. ഹദീസിനെ ഖുര്‍ആനിനോട് തുല്യപ്പെടുത്തല്‍ ഖുര്‍ആനിന്റെ മുഅ്ജിസത്തിനെ നിഷേധിക്കലാണ്. മുഅ്ജിസത്തിനെ നിഷേധിക്കല്‍ കുഫ്ര്‍ ആണ്.
നാല്). വിശുദ്ധ ഖുര്‍ആനിന് അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം ഉണ്ട്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം ഇറക്കിയത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ഹിജ്‌റ 9).
അഞ്ച്). ഖുര്‍ആനിലെ ഒരു ഹറഫ് ഉച്ചരിച്ചാല്‍ പത്ത് പ്രതിഫലമുണ്ട്. ഹദീസുകള്‍ക്ക് അപ്രകാരമില്ല. നബി(സ) പറയുന്നു: ”ഖുര്‍ആനില്‍ നിന്ന് വല്ലവനും ഒരു ഹര്‍ഫ് ഉച്ചരിക്കുന്ന പക്ഷം അവന്ന്~ഒരു പ്രതിഫലമുണ്ട്. ഒരു പ്രതിഫലം എന്നത് അതിന്റെ പത്തിരട്ടിയാണ്. അലിഫ്‌ലാംമീം എന്നത് ഒരു ഹര്‍ഫാണെന്ന് (പദം) ഞാന്‍ പറയുകയില്ല. അലിഫ് ഒരു ഹര്‍ഫും ലാം മറ്റൊരു ഹര്‍ഫും മീം വേറൊരു ഹര്‍ഫുമാണ്”(തിര്‍മിദി)
ആറ്) വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അത് അല്ലാഹുവോട് ശുപാര്‍ശ ചെയ്യും. നബി(സ) പറയുന്നു: ”നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവിന്‍. തീര്‍ച്ചയായും അത് അന്ത്യദിനത്തില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരുന്നതാണ്”(മുസ്‌ലിം). എന്നാല്‍ ഹദീസുകള്‍ പാരായണം ചെയ്യുന്നവര്‍ക്ക് ഇത്തരം അവസ്ഥകളൊന്നും വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല.
ഏഴ്). ഖുര്‍ആന്‍ നമ്മില്‍ എത്തിച്ചേര്‍ന്നത്് മഅ്‌സ്വൂം (പാപസുരക്ഷിതന്‍) ആയ മലക്ക് മുഖേനയും മഅ്‌സ്വൂം ആയ പ്രവാചകന്‍ മുഖേനയുമാണ്. അല്ലാഹു പറയുന്നു: ”പറയുക: സത്യവിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് (ജിബ്‌രീല്‍) നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്”(നഹ്ല്‍ 102). എന്നാല്‍ ഹദീസുകള്‍ നമ്മുടെ കൈകളില്‍ എത്തിയത് മഅ്‌സ്വൂം അല്ലാത്ത, തെറ്റുപറ്റാന്‍ സാധ്യതയുള്ള മനുഷ്യരിലൂടെയാണ്. അതുകൊണ്ട് മേല്‍ കാരണങ്ങളെല്ലാം നാം വിലയിരുത്തുമ്പോള്‍ ഖുര്‍ആനിനും സുന്നത്തിനും ഒരേ സ്ഥാനമല്ലെന്ന് ബോധ്യമാകും.
ഒന്നാം പ്രമാണം ഖുര്‍ആന്‍
ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം ഖുര്‍ആനും രണ്ടാം പ്രമാണം സുന്നത്തുമാണ്. അല്ലാതെ രണ്ടു പ്രമാണങ്ങളും തുല്യമല്ല. വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത്. അതിനാല്‍ സ്ഥിരപ്പെട്ട നബിവചനങ്ങളെ തള്ളിക്കളയല്‍ കുഫ്‌റാണ്. നബിവചനങ്ങളായി രേഖപ്പെടുത്തപ്പെട്ടവ വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാണെങ്കില്‍ അത് നബി(സ) പറഞ്ഞതാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തള്ളിക്കളയേണ്ടതുമാണ്. ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെന്ന് ഖുര്‍ആനിലും ഹദീസുകളിലും പരന്നു കിടക്കുന്ന യാഥാര്‍ഥ്യമാണ്. അല്ലാഹു പറയുന്നു: ”നബിയേ പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു കാഫിറുകളെ ഇഷ്ടപ്പെടുന്നതല്ല, തീര്‍ച്ച”(ആലു ഇംറാന്‍: 32)
ഖുര്‍ആനും സുന്നത്തും അനുസരിക്കാതിരിക്കല്‍ കുഫ്‌റാണ്. നബി(സ) പറയുന്നു: ”രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ബാക്കിയാക്കി വെച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴച്ചു പോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും നബിചര്യയുമാകുന്നു അവ” (മാലിക് മുവത്വ 2:899)
വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും എവിടെ നോക്കിയാലും സുന്നത്ത് രണ്ടാം പ്രമാണമാണ്. ഇനി പണ്ഡിതാഭിപ്രായങ്ങളും അപ്രകാരം തന്നെ. അബൂബക്കറിന്റെ(റ) ചര്യ ശ്രദ്ധിക്കുക: ”ഇമാം ബൈഹഖി(റ) സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചു: അബൂബക്കറിന്(റ) മതപരമായ ഏതെങ്കിലും പ്രശ്‌നം നേരിട്ടാല്‍ അല്ലാഹുവിന്റെ കിതാബിലേക്ക് നോക്കും. അതില്‍ പരിഹാരമില്ലെങ്കില്‍ സുന്നത്തിനെ അവലംബിക്കും” (ഫത്ഹുല്‍ബാരി 17:115).
ഉമറിന്റെ(റ) ചര്യയും ഒന്നാമതായി ഖുര്‍ആനിനെ അവലംബമാക്കുക എന്നതായിരുന്നു. ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഉമര്‍(റ) വിശുദ്ധ ഖുര്‍ആന്‍ എടുത്ത് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ഈ ഗ്രന്ഥമാണ് നിങ്ങളുടെ പ്രവാചകന് നേര്‍വഴി കാണിച്ചുകൊടുത്തത്. അതിനാല്‍ അത് നിങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ നേര്‍വഴി പ്രാപിക്കുന്നതാണ്”(ഫത്ഹുല്‍ബാരി 7:51).
ഇബ്‌നു അബ്ബാസിന്റെ(റ) ചര്യയും അപ്രകാരമാണ്. അദ്ദേഹത്തോട് ഒരു കാര്യത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടാല്‍ ഖുര്‍ആനില്‍ പരിഹാരമുണ്ടെങ്കില്‍ അത് പറയും. ഇല്ലെങ്കില്‍ നബിചര്യയിലേക്ക് തിരിക്കും. (ദാരിമി 1:59). ഇമാം നവവി(റ) പറയുന്നു: ”വിശുദ്ധ ഖുര്‍ആനിന്ന് ശേഷമുള്ള ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാന പ്രമാണമാണ് സുന്നത്ത്” (ശറഹുമുസ്‌ലിം 1:5). അപ്പോള്‍ ഖുര്‍ആനും സുന്നത്തും ഒരേ സ്ഥാനത്ത് നില്‍ക്കുന്ന പ്രമാണങ്ങളാണ് എന്ന വാദം അടിസ്ഥാനരഹിതവും പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്.
Back to Top