വിശുദ്ധ ഖുര്‍ആനിന്റെ മഹത്വങ്ങള്‍ – പി കെ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം
അല്ലാഹു ഖുര്‍ആനിനെ വിശേഷിപ്പിക്കുന്നത് അവന്റെ പ്രകാശം എന്നാണ്. ”അവര്‍ അവരുടെ വായകള്‍ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ വെറുത്താലും ശരി അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുന്നവനാകുന്നു” (സ്വഫ്ഫ് 8). ഒരു വ്യക്തി വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങള്‍ നിഷേധിച്ചു തള്ളിക്കളയുന്ന പക്ഷം അത്തരക്കാര്‍ ശാശ്വതമായി നരകത്തിലാണ്. അല്ലാഹു പറയുന്നു: ”നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും അവരുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്കു വേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നതല്ല (കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതല്ല). ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ കടക്കുകയുമില്ല.” (അഅ്‌റാഫ് 40)
നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ ഒരു ഹദീസ് അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പക്ഷം അത്തരക്കാരും നരകത്തിലാണ്. നബി(സ) പറയുന്നു: ”എന്റെ മേല്‍ വല്ലവനും മനപ്പൂര്‍വം കളവ് പറയുന്ന പക്ഷം അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി). ഖുര്‍ആന്‍ തള്ളിക്കളയുന്ന വ്യക്തിയെ പോലെ തന്നെ, നിര്‍മിത ഹദീസ് മനപ്പൂര്‍വം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും നരകത്തിലാണ്. നബി(സ)യുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ദുര്‍ബല ഹദീസുകള്‍ വല്ലവനും തള്ളിക്കളയുന്നപക്ഷം അയാള്‍ ഹദീസ് നിഷേധിയാകുന്നതല്ല. വിശുദ്ധ ഖുര്‍ആനിന് മറ്റു പ്രമാണങ്ങള്‍ക്കില്ലാത്ത ഒരുപാട് മഹത്വങ്ങളുണ്ട്. അതിന്റെ ആശയങ്ങളും പദങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അതിലെ ഓരോ പദങ്ങളും മുതവാതിറായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. അത് നബി(സ)യുടെ മുഅ്ജിസത്ത് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടതാണ്.
ഖുര്‍ആനിന് അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം ഉണ്ട്. അതിന്റെ ഒരു ഹര്‍ഫ് ഉച്ചരിച്ചാലും തപ്പിത്തടഞ്ഞ് പാരായണം ചെയ്താലും പ്രതിഫലമുണ്ട്. ഇതൊക്കെ ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണ്. അതു ഖുര്‍ആനിലും ഹദീസുകളിലും വ്യാപിച്ചു കിടക്കുന്ന യാഥാര്‍ഥ്യമാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്ന പക്ഷം നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍” (നിസാഅ് 59) ഇതേ ആശയത്തില്‍ വന്ന ഒരു നബിവചനം ഇപ്രകാരമാണ്: ”രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ ഞാന്‍ ബാക്കിയാക്കി വെച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴി പിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണവ” (മാലിക്, മുവത്വ). ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിച്ചുപോന്ന സ്വഹാബികളും പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനം നല്‍കിപ്പോന്നത് വിശുദ്ധ ഖുര്‍ആനിനു തന്നെയാണ്. അബൂബക്കറിന്റെ(റ) ചര്യ അപ്രകാരമായിരുന്നു: ”ഇമാം ബൈഹഖി സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചിരിക്കുന്നു: അബൂബക്കറിന്(റ) മതപരമായ വല്ല പ്രശ്‌നവും നേരിട്ടാല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്കു നോക്കും. അതില്‍ പരിഹാരമില്ലെങ്കില്‍ പ്രവാചകന്റെ ചര്യയിലേക്കു നോക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ സദ്‌വൃത്തരായ ആളുകള്‍ വിധിച്ചതനുസരിച്ച് തീരുമാനിക്കും.”(ഫത്്ഹുല്‍ബാരി 17:115)
ഉമറിന്റെ(റ) തീരുമാനവും അപ്രകാരം തന്നെ. ”ഉമര്‍(റ) പറഞ്ഞു: ”നിങ്ങളുടെ പ്രവാചകന് അല്ലാഹു നേര്‍വഴി കാണിച്ചുകൊടുത്തത് ഈ ഗ്രന്ഥം (ഖുര്‍ആന്‍) മുഖേനയാണ്. അത് മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ നേര്‍വഴി പ്രാപിക്കുന്നതാണ്” (ബുഖാരി, ഫത്ഹുല്‍ബാരി 7:51).
ഇബ്‌നുഅബ്ബാസിന്റെ(റ) പ്രസ്താവന: ”ഇബ്‌നു അബ്ബാസിനോട്(റ) വല്ല കാര്യത്തെയും കുറിച്ച് ചോദിച്ചാല്‍ ഖുര്‍ആനില്‍ അതിന് പ്രതിവിധിയുണ്ടെങ്കില്‍ ആദ്യം അതുകൊണ്ട് കല്പിക്കും. ഖുര്‍ആനില്‍ വിധിയില്ലെങ്കില്‍ നബിചര്യകൊണ്ട് കല്പിക്കും” (ദാരിമി 1:59).
ഇബ്‌നു മസ്ഊദിന്റെ(റ) പ്രസ്താവന: ”അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ഈ ദിവസത്തിന് ശേഷം (നബി(സ)യുടെ മരണശേഷം) വല്ലവനും വല്ല പ്രശ്‌നവും നേരിടേണ്ടി വരുന്നപക്ഷം അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ആ വിഷയത്തില്‍ എന്താണോ പറഞ്ഞത് അതുകൊണ്ട് വിധിച്ചു കൊള്ളട്ടെ. അതില്‍ അതിന് പരിഹാരമില്ലെങ്കില്‍ അല്ലാഹുവിന്റെ റസൂലിന്റെ ചര്യകൊണ്ട് വിധിച്ചുകൊള്ളട്ടെ.” (ദാരിമി 1:59)
ഖുര്‍ആനും ഹദീസും തുല്യ പ്രമാണങ്ങളല്ല. അത്തരം പ്രസ്താവന ദീനിന്റെ പേരില്‍ നടത്തുന്ന ഏറ്റവും വലിയ നുണപ്രചാരമാണ്. ഇമാം മാവര്‍ദി(റ) പറയുന്നു: ”വിശുദ്ധ ഖുര്‍ആനാണ് ഇസ്‌ലാമിന്റെ മൂലപ്രമാണം. സുന്നത്ത് അതിന്റെ ശാഖയാണ്” (അദബുദ്ദുന്‍യാ വദ്ദീനി, പേജ് 141). ഈ വിഷയത്തില്‍ ഇബ്‌നു തൈമിയ്യ(റ)യുടെ അഭിപ്രായം: ”സ്വഹാബത്തിന്റെയും താബിഉകളുടെയും ഇടയില്‍ അടിസ്ഥാനപരമായി ഏകോപനമുണ്ടായിട്ടുള്ള ഒരു കാര്യമാണ് വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായ അഭിപ്രായങ്ങളോ ചിന്തയോ കണ്ടെത്തലുകളോ താരതമ്യങ്ങളോ പാടില്ലായെന്നത്. അതിനാല്‍ സലഫുസ്സ്വാലിഹുകളില്‍ ഒരാളില്‍ നിന്നും ബുദ്ധിപരമായോ അഭിപ്രായം കൊണ്ടോ താരതമ്യം ചെയ്തുകൊണ്ടൊരു കണ്ടുപിടിത്തം കൊണ്ടോ നിരീക്ഷണം കൊണ്ടോ ഖുര്‍ആനിനെ എതിര്‍ത്തിരുന്നതായി കണ്ടെത്താന്‍ സാധ്യമല്ല” (മജ്മൂഉഫതാവാ 13:28-19)
ഖുര്‍ആനിന്റെ വിശദീകരണമാണ് ഹദീസ്. ഇസ്‌ലാമിന്റെ ബഹുഭൂരിപക്ഷം കര്‍മപരമായ കാര്യങ്ങളും ഹദീസിലൂടെ മാത്രമേ ലഭിക്കൂ. അതിനാല്‍ നബി(സ)യില്‍ നിന്നും സ്വഹീഹായി ഉദ്ധരിക്കപ്പെട്ട ഹദീസുകളെ നിഷേധിക്കല്‍ കുഫ്ര്‍ ആകുന്നു. എന്നാല്‍ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആനിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാല്‍ അത്തരം ഹദീസുകള്‍ തള്ളിക്കളയേണ്ടതാണ്. ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരായ ഇബ്‌നുല്‍ ജൗസി, സഖാവി, ജലാലുദ്ദീനുസ്സുയൂഥി, ഇബ്‌നുഹജറുല്‍ അസ്ഖലാനി തുടങ്ങിയവരും മറ്റും വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായി വരുന്ന ഹദീസുകള്‍ തള്ളിക്കളയണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇബ്‌നു ഹജറിന്റെ(റ) പ്രസ്താവന ശ്രദ്ധിക്കുക: ”ഖുര്‍ആനിനോട് യോജിച്ചുവരുന്ന ഹദീസുകളല്ലാതെ അനുസരിക്കപ്പെടാവതല്ല.” (ഫത്ഹുല്‍ബാരി 17:39)
സ്വഹാബികളില്‍ നിലവിലുണ്ടായിരുന്ന ഖുര്‍ആന്‍ വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെ ആയിശ(റ) തിരുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട് പൊട്ടക്കിണറില്‍ എറിയപ്പെട്ട മുശ്‌രിക്കുകളായ മയ്യിത്തുകളോട് നബി(സ) സംസാരിച്ചതിനെ സംബന്ധിച്ച് സ്വഹാബികള്‍ ‘അവര്‍ കേള്‍ക്കുമോ’ എന്ന് ചോദിച്ചപ്പോള്‍ അതിന് മറുപടിയായി നബി(സ) പറഞ്ഞത് നിങ്ങളേക്കാള്‍ കേള്‍ക്കും എന്നാണ്. അതില്‍ നിന്നും മറ്റു ചില സ്വഹാബികള്‍ മനസ്സിലാക്കിയത് മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നാണ്.
ഇതുകേട്ട ആയിശ(റ)യുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ”നബി(സ) ഞാന്‍ പറഞ്ഞത് അവര്‍ കേള്‍ക്കും എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ഇപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകും (അനുഭവിച്ചുകൊണ്ടിരിക്കുന്നുണ് ടാകും) എന്ന് മാത്രമാണ് നബി(സ) അവരോട് പറഞ്ഞത്. പിന്നീട് അവര്‍ (ആയിശാ) ഓതിക്കേള്‍പ്പിച്ചു: തീര്‍ച്ചയായും താങ്കള്‍ മരണപ്പെട്ടവരെ കേള്‍പ്പിക്കുന്നവനല്ല. താങ്കള്‍ ഖബ്‌റിലുള്ളവരെ കേള്‍പ്പിക്കുന്നവനല്ല”(ബുഖാരി 3979).
നബി(സ) മിഅ്‌റാജ് രാവില്‍ അല്ലാഹുവെ കണ്ടു എന്ന് സ്വഹാബികളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അതിനെ സംബന്ധിച്ച് ആഇശ(റ)യുടെ പ്രതികരണം ശ്രദ്ധിക്കുക: ആയിശാ(റ) മസ്‌റൂഖിനോട്(റ) പറയുകയുണ്ടായി: ”മുഹമ്മദ് നബി(സ) അല്ലാഹുവെ കണ്ടു എന്ന് നിന്നോട് വല്ലവനും പറയുന്നപക്ഷം തീര്‍ച്ചയായും അവന്‍ നുണയാണ് പറഞ്ഞത്. അനന്തരം അവര്‍ ഓതിക്കേള്‍പ്പിച്ചു: കണ്ണുകള്‍ അവനെ കണ്ടെത്തുന്നതല്ല. കണ്ണുകളെ അവന്‍ (അല്ലാഹു) കണ്ടെത്തുകയും ചെയ്യും” (ബുഖാരി 4855).
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ മരണപ്പെട്ടവരുടെ മേല്‍ കരയുന്ന പക്ഷം മയ്യിത്ത് ശിക്ഷിക്കപ്പെടും എന്ന ഹദീസ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആയിശാ(റ)യുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ”പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്റെ ചുമട് താങ്ങുവാന്‍ ആരെയെങ്കിലും വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയില്ല എന്നീ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.” (ബുഖാരി: ഫത്ഹുല്‍ബാരി 4:247)