3 Tuesday
December 2024
2024 December 3
1446 Joumada II 1

വിമോചന ദൈവശാസ്ത്രവും ഇസ്‌ലാമും അന്തര്‍ സമുദായ സംവാദങ്ങള്‍ – പ്രഫ. ഫരീദ് ഇസാക്ക് / എം നൗഷാദ്

ഇന്ന് ഏറ്റവും പുതിയ ഇസ്‌ലാമിക വിജ്ഞാനവും ചിന്തയും വരുന്നത് ഉത്തരാര്‍ധഗോളത്തില്‍ നിന്നാണ് (global north).. മൗലികമായ ഇസ്‌ലാമിക വിജ്ഞാനോത്പാദനത്തിന്റെ ഭാഷ മിക്കപ്പോഴും ഇംഗ്ലീഷാണ്. ദക്ഷിണാര്‍ധഗോളത്തിലുള്ളവര്‍ പലപ്പോഴും പടിഞ്ഞാറ് ഉത്പാദിപ്പിക്കുന്ന അറിവിന്റെ ഉപഭോക്താക്കളാണ്. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു? ഇസ്‌ലാമിന്റെ ജ്ഞാനപാരമ്പര്യത്തെ എങ്ങനെ അപകോളനീകരിക്കാം?
ഇതൊരു പ്രശ്‌നമാണ്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലാണു ഞാന്‍ നേരത്തെ പഠിപ്പിച്ചിരുന്നത്. ജോഹന്നാസ്ബര്‍ഗിലേക്കു വരുന്നതിന് ഒരു കാരണമുണ്ട്. എന്റെ ധൈഷണിക അന്വേഷണങ്ങള്‍ അമേരിക്കകത്ത്, അവരുടെ താല്‍പര്യങ്ങളും രാഷ്ട്രീയചോദ്യങ്ങളും മനസില്‍വെച്ചാണു രൂപപ്പെട്ടുവന്നത്. മൂന്നാം ലോകത്തിന്റെ ചോദ്യങ്ങള്‍, ദക്ഷിണാര്‍ധഗോളത്തിന്റെ ചോദ്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ധൈഷണികബലം ഗൗരവമര്‍ഹിക്കുന്ന വിധത്തില്‍ പടിഞ്ഞാറേക്കു ഗതിമാറി. നിശിത വിശകലനം ചെയ്യുന്ന നമ്മുടെ ചിന്തകരായ ഹാമിദ് ദബാഷിയും റാമോണ്‍ ഗ്രോസ്ഫുഗലും അമര്‍ത്യാസെന്നുമൊക്കെ ഉള്ളതു പടിഞ്ഞാറാണ്. അവിടെ യാത്രചെയ്യാന്‍ എളുപ്പമാണ്. സാമ്പത്തികസ്ഥിതി മികച്ചതാകുകയും ചെയ്യും. അവര്‍ നമുക്കു കാശ് തരും. ഇന്ത്യപോലുള്ള സ്ഥലത്തേക്കു വരുമ്പോള്‍ നിങ്ങളുടെ വിമാനടിക്കറ്റ് നിങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. താമസസൗകര്യം കിട്ടിയാല്‍ ഭാഗ്യം. കഴിഞ്ഞ ആഴ്ച ഞാന്‍ നൈജീരിയയിലായിരുന്നു. വിമാനത്താവളത്തില്‍ നിന്നു മണിക്കൂറുകള്‍ സഞ്ചരിച്ചാണു ഹോട്ടലിലെത്തിയത്. ഇവിടെ നിന്നൊന്നു പുറത്തു ചാടണം എന്നു തോന്നിപ്പോകും നിങ്ങള്‍ക്ക്. കടുത്ത ട്രാഫിക്, മലിനീകരണം, മോശം ജീവിതസാഹചര്യങ്ങള്‍. അതുകൊണ്ടാണു നമ്മള്‍ ഒന്നാം ലോകത്തെ കൂടി സ്വാംശീകരിച്ചിരിക്കുന്നത്.
നിങ്ങള്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുക്കുമ്പോള്‍ പ്രസാധകര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം, ‘ഇത് അമേരിക്കയില്‍ വിറ്റുപോകുമോ’ എന്നാണ്. അമേരിക്കയില്‍ വിറ്റുപോവുകയില്ല എങ്കില്‍, നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ല എന്നുവരുന്നു. അപ്പോള്‍ അറിവിന്റെ ഉത്പാദനവും കോളനീകരണവുമായി ബന്ധപ്പെട്ടു ഗൗരവപ്പെട്ട ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറുള്ള അക്കാദമികളില്‍ സാമ്രാജ്യത്വത്തിന്റെ ഹൃദയത്തിനകത്തു നിന്നു നിഷ്പക്ഷമായും വസ്തുനിഷ്ഠമായും നടക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ജ്ഞാനോത്പാദനം അങ്ങനെ സാമ്രാജ്യത്വത്തിന്റെ അര്‍ഥങ്ങളും വ്യവഹാരങ്ങളും മുന്നോട്ടു കൊണ്ടുപോകാനുള്ള വഴിയായി വര്‍ത്തിക്കുന്നു.
ബദലുകളെക്കുറിച്ച് ഉപകാരപ്രദമായ ഒന്നും എനിക്കു പറയാനില്ല. പ്രധാനപ്പെട്ട പുസ്തകങ്ങളുടെ വ്യാജപകര്‍പ്പുകള്‍ ലഭ്യമാക്കുന്നതു നല്ലതാണെന്നു ഞാന്‍ കരുതുന്നു. ഉദാഹരണത്തിന്, ദബാഷി ഇതുപോലുള്ള രാജ്യങ്ങളില്‍ എത്തിപ്പെടുന്നു. ഇതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രാദേശിക എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കണം. ദക്ഷിണാര്‍ധഗോള (global south) ത്തിലെ എഴുത്തുകാര്‍ സ്വന്തമായ ശൃംഖലകളെ വികസിപ്പിച്ചെടുക്കാന്‍ പഠിക്കണം. വന്‍കിടക്കാരുടെ ചട്ടക്കൂടുകള്‍ക്കു പുറത്തു പുസ്തകങ്ങള്‍ പ്രാദേശികമായി അച്ചടിക്കുകയും വാങ്ങേണ്ടതില്ലാതെ തന്നെ കൈമാറ്റം ചെയ്യാനാവുകയും ചെയ്യുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റ് തരുന്നുണ്ട്. അറിവിന്റെ പ്രാദേശികമായ ഉത്പാദനവും പങ്കിടലും വ്യാപകമാവുന്ന ഒരേയൊരു വഴിയാണതെന്നു ഞാന്‍ കരുതുന്നു. വലിയ കുത്തകകളായി മാറിയ മരുന്നുനിര്‍മാണ കമ്പനികളെ അനുസ്മരിപ്പിക്കുന്നുണ്ട് ഇത്. അവര്‍ ചില മരുന്നുകളുടെ വില കുത്തനെ കൂട്ടുകയും അവ വാങ്ങാനാകാത്തവര്‍ മരണമടയുകയും ചെയ്യുന്നു. നമുക്കിവിടെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ, ഇതൊരു നീണ്ട സമരമാണ്. പ്രാദേശിക എഴുത്തുകാരുടെ വലിയൊരു നിരതന്നെ നമുക്കുണ്ട്. നിര്‍ഭാഗ്യവശാല്‍, അവര്‍ പ്രാദേശികരായിതന്നെ തുടരുന്നു. അവരെ ആഗോള എഴുത്തുകാരാക്കാന്‍ ആവശ്യമായതൊന്നും ചെയ്യുന്നില്ല. ദക്ഷിണാര്‍ധഗോളത്തില്‍ എന്റെ യാത്രാസമയം കൂടുതലായി ചെലവഴിക്കണമെന്നു ഞാനേതായാലും തീരുമാനിച്ചുകഴിഞ്ഞു. പക്ഷേ, ഇതു വളരെ ശ്രമകരമാണ്. പ്രധാനമായും സാമ്പത്തിക വെല്ലുവിളികള്‍ വരും. കഴിഞ്ഞവര്‍ഷം ഞാന്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതെന്റെ രണ്ടാം ഇന്ത്യന്‍ സന്ദര്‍ശനമാണ്. മൂന്നാം ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ സ്വന്തം കാശ് ചെലവഴിക്കേണ്ടതായി വരും. ഗോളാന്തരത്തില്‍ പങ്കാളിത്തത്തിനും സഹകരണത്തിനും കൈമാറ്റത്തിനുമൊക്കെയുള്ള ഫണ്ടുകളും സംവിധാനങ്ങളുമുണ്ട്.
മുസ്‌ലിംലോകത്തെ പല പരിഷ്‌കരണ ആശയങ്ങളും അടിസ്ഥാനപരമായി പാശ്ചാത്യപ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടികളാണ് എന്നൊരു വിമര്‍ശനമുണ്ട്. ഈ വാദത്തെ എങ്ങനെ കാണുന്നു?
ശരിയാണ്. പടിഞ്ഞാറിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മടുത്തിട്ടാണു ഞാന്‍ അമേരിക്ക വിട്ടുപോന്നത്. ഞാന്‍ നേരത്തെ പറഞ്ഞ ഉദാഹരണം ഈ പ്രശ്‌നത്തെ വിശദീകരിക്കുന്നുണ്ട്. ഒരു സ്ത്രീ കല്ലെറിയപ്പെടുമ്പോള്‍ ലോകം മുഴുവനും പ്രതികരിക്കുകയും ഓടിയെത്തുകയും ആയിരക്കണക്കിനു സ്ത്രീകള്‍ കുടിവെള്ളമില്ലാതെ മരിക്കുമ്പോള്‍ ആര്‍ക്കും ഒരു പരിഭവവും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ഈ വിമര്‍ശനം ന്യായമാണ്. നമ്മുടേതായ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട് ദാരിദ്ര്യത്തിന്റെ, ക്ഷാമത്തിന്റെ, നാടന്‍ജന്മിമാരും ആഗോളമുതലാളിത്തവും നടത്തുന്ന ചൂഷണവുമെ ല്ലാം. നമ്മുടെ സ്ത്രീപുരുഷ പദവികളുടെ പ്രശ്‌നത്തിലും കാര്യമായി പണിയെടുക്കേണ്ടിവരും. വെള്ളക്കാരുടെ എന്‍.ജി.ഒകള്‍ വന്ന് ഈ പ്രശ്‌നങ്ങളെ ഏറ്റെടുത്തു കയ്യടക്കുന്നതിനെ കരുതിയിരിക്കണം. കാരണം, അവരുടെ അജണ്ടകളെ ആകര്‍ഷകമാക്കി വെക്കുന്നതിന് അവരതു ചെയ്യും. ആര്, എങ്ങനെ ഒരു പ്രശ്‌നം ഉയര്‍ത്തുന്നു എന്നതിനപ്പുറം നമ്മള്‍ പ്രശ്‌നങ്ങളെ മൗലികമായി സമീപിക്കണം എന്നതാണ് നീതിബോധത്തിന്റെ പ്രതിബദ്ധത.
കറുത്തവര്‍ഗക്കാരായ എയ്ഡ്‌സ് രോഗികളെ പുനരധിവസിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ താങ്കള്‍ സമയവും അധ്വാനവും വിനിയോഗിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ചു പറയാമോ?
ദക്ഷിണാഫ്രിക്കയില്‍ എയ്ഡ്‌സ് രോഗം അതിഭീകരമായിരുന്നു. മതപ്രതികരണമാകട്ടെ അതിലളിതവും. വിവാഹേതരമായ ലൈംഗികബന്ധം വഴി നിങ്ങള്‍ ദൈവകോപം വരുത്തിവെച്ചതിന്റെ ശിക്ഷയാണ് എയ്ഡ്‌സ് എന്ന മട്ടില്‍. ഉദാഹരണത്തിന്, മാലിക് ബദരി നടത്തിയ ലജ്ജാവഹമായ ഒരു കണ്ടുപിടുത്തം സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വവര്‍ഗരതിക്കാരുടെ ഗുദത്തില്‍ നിന്നുത്ഭവിച്ച്, മലായിക്കത്ത് (മാലാഖമാര്‍) പരത്തിയ ഒരു വൈറസാണിത്. ഇതു ദൈവ ശിക്ഷയാണ് എന്ന രൂപത്തിലായിരുന്നു. എനിക്കെപ്പോഴും ചോദിക്കാനുള്ള ചോദ്യമിതാണ്: ദൈവത്തിനു കറുത്തവര്‍ഗക്കാരോട് എന്താണിത്ര പ്രശ്‌നം? ദൈവത്തിനു പാവങ്ങളോട് എന്താണ് പ്രശ്‌നം? വെള്ളക്കാരെക്കാള്‍ ലൈംഗികതയുള്ളവരാണു കറുത്തവര്‍ എന്നാണോ നിങ്ങള്‍ പറയുന്നത്? യൂറോപ്പില്‍ ആളുകള്‍ക്കു പോയി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാവുന്ന പാര്‍ക്കുകളുണ്ട്. മരങ്ങളില്‍ തൂക്കിയിട്ട ഗര്‍ഭനിരോധന ഉറകളുണ്ട്. ആഫ്രിക്കയിലെങ്ങും ഇതില്ല. വെള്ളക്കാര്‍ക്കും പണക്കാര്‍ക്കും എയ്ഡ്‌സ് വരുമ്പോള്‍ ചികിത്സാചെലവിനു മെഡിക്കല്‍ ഇന്‍ഷൂറന്‍സുണ്ട്. വിദഗ്ധ പരിചരണവും ഉണ്ട്. എന്നുവച്ചാല്‍ ഘടനാപരവും വ്യവസ്ഥ നിര്‍മിക്കുന്നതുമായ കാരണങ്ങള്‍ ഇവയിലെല്ലാമുണ്ട്. ഒരു ഭൂകമ്പം വരുമ്പോള്‍ അല്ലാഹുവിന്റെ അദാബ് (ശിക്ഷ) ആണിത് എന്നുപറയുന്നത് പോലെയാണിത്. റിച്ചര്‍ സ്‌കെയിലില്‍ 6.2 വരുന്ന ഒരു ഭൂമികുലുക്കം ജപ്പാനില്‍ നടക്കുമ്പോള്‍ ഒരാളും മരിക്കുന്നില്ല. ഇന്തോനേഷ്യയില്‍ റിച്ചര്‍ സ്‌കെയിലില്‍ 5.6 വരുന്ന ഭൂമികുലുക്കമുണ്ടാകുമ്പോള്‍ ആയിരക്കണക്കിനു മനുഷ്യര്‍ മരിക്കുന്നു. ദരിദ്രരാജ്യങ്ങളിലെ ജനങ്ങളോടു ദൈവത്തിന് എന്തെങ്കിലും വിരോധമുണ്ടോ? ഒരുവശത്തു നിങ്ങള്‍ ഇതൊക്കെ ദൈവശിക്ഷയാണെന്നു പറയുന്നു; പക്ഷേ ഇതു പാവങ്ങള്‍ക്കു മാത്രം ബാധകമായ ശിക്ഷയാണ്. അവിടെ വ്യവസ്ഥാനിര്‍മിതമായ ഒരു പ്രശ്‌നമുണ്ട്. വികസനവും ദാരിദ്ര്യവുമൊക്കെയായി ബന്ധപ്പെട്ട പലതരം പ്രശ്‌നങ്ങളുണ്ട്. ഇതും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം എന്നില്‍ താല്‍പര്യം ജനിപ്പിച്ചു. എച്ച്.ഐ.വിയില്‍ എനിക്കു താല്‍പര്യം തോന്നിയതു കറുത്തവരെയും ഏറ്റവും ദരിദ്രരെയും അതു കൂടുതലായി ബാധിച്ചു എന്നതിനാലാണ്, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ. ആഫ്രിക്കയിലെ എയ്ഡ്‌സും സ്വവര്‍ഗരതിയുടെ പ്രശ്‌നവും തമ്മില്‍ ഒരു ബന്ധവുമില്ല. യൂറോപ്പിലും അമേരിക്കയിലും, തുടക്കകാലത്ത്, ആണും ആണും തമ്മിലുള്ള ലൈംഗിക ബന്ധങ്ങള്‍ ഇതിനു വഴിവെച്ചിരുന്നു. ആഫ്രിക്കയില്‍ അങ്ങനെയല്ല. അമ്മയില്‍നിന്നു മക്കളിലേക്ക്, വിവാഹബാഹ്യ ലൈംഗികബന്ധങ്ങളില്‍ നിന്ന്, ചിലപ്പോള്‍ വിവാഹത്തില്‍ നിന്നുപോലും ഒക്കെയാണ് എയ്ഡ്‌സ് വന്നത്. ഇന്ത്യയിലും എയ്ഡ്‌സ് ബാധിതരായ സ്ത്രീകളില്‍ ഭൂരിഭാഗത്തിനും അസുഖം കിട്ടിയതു ഭര്‍ത്താക്കന്മാരില്‍ നിന്നാണ്.
താങ്കള്‍ അന്തര്‍സമുദായ സംവാദങ്ങളും മതങ്ങള്‍ക്കിടയില്‍ സഹോദര്യവുമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ടല്ലോ. മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളോടുള്ള താങ്കളുടെ സമീപനം എങ്ങനെയാണ്?
അന്തര്‍സമുദായ സംവാദങ്ങളില്‍ ഞാന്‍ സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. എനിക്കതു മതസൗഹാര്‍ദത്തിന്റെ പ്രശ്‌നമല്ല. യേശു ഒരേസമയം മനുഷ്യനും പരിശുദ്ധാത്മാവും ദൈവവും ആയിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം എങ്ങനെ ഭൂമിയില്‍ ദൈവമായി തീര്‍ന്നുവെന്നും െ്രെകസ്തവ സുഹൃത്തുക്കള്‍ വിശദീകരിക്കുംതോറും എനിക്ക് ആശയക്കുഴപ്പം കൂടാറെയുള്ളൂ. എന്റെ തലയില്‍ ആ കഥ കൊള്ളുന്നില്ല. വ്യാഖ്യാനങ്ങള്‍ എന്നെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. ക്രൈസ്തവരും മുസ്‌ലിംകളും തമ്മിലുള്ള പ്രശ്‌നം പരസ്പരം മനസിലാകാത്തതിന്റെ പ്രശ്‌നമാണ് എന്നെനിക്ക് തോന്നുന്നില്ല. അവരുടെ ദൈവശാസ്ത്രം മനസിലാക്കുന്നതില്‍ എനിക്കു താല്‍പര്യമില്ല. ജനങ്ങള്‍ പരസ്പരം മനസിലാക്കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂ, അപ്പോള്‍ ഗംഭീരമായിരിക്കും എന്നുള്ള വാദം പരിഹാസ്യമാണ്. മതങ്ങള്‍ തമ്മില്‍ ഒരുകാലത്തും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളതു മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളാലാണ്. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന അനീതിയെപ്പറ്റി മതംകൊണ്ട് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നതാണു ചോദ്യം. അതു മാത്രമാണെന്റെ മതാന്തരസംവാദം.
ഇന്നത്തെ ലോകത്തിന്റെ അധികാരബലതന്ത്രത്തില്‍, ക്രൈസ്തവതയെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നുണ്ട്, വിമോചനത്തിന്റെ ആയുധമായും ഉപയോഗിക്കുന്നുണ്ട്. അതേപോലെ, ഇസ്‌ലാമും അടിച്ചമര്‍ത്തലിന്റെ ആയുധമായും വിമോചനത്തിന്റെ ആയുധമായും ഉപയോഗിക്കപ്പെടുന്നു. അനീതിക്കെതിരെ നിലപാടെടുക്കുന്നതില്‍ സ്വന്തം വിശ്വാസം എങ്ങനെ ഉപയോഗിക്കാമെന്നും ഉപയോഗിക്കാനാകില്ലെന്നും പല മതസ്ഥരായ ആളുകള്‍ ഒരുമിച്ചിരുന്നു പറയുകയും ആലോചിക്കുകയും ചെയ്യുന്നതില്‍ എനിക്കു താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്‍ തല്പരനാണോ എന്നേ എനിക്ക് അറിയേണ്ടതുള്ളൂ. നിങ്ങളോടൊപ്പം ചായ കുടിച്ച് എന്റെ മതത്തില്‍ സ്ത്രീകള്‍ക്കു മേത്തരം പദവികളാണ് എന്നുപറയുന്നതിലും അതേതരം വാചകങ്ങള്‍ നിങ്ങള്‍ പറയുന്നതു കേള്‍ക്കുന്നതിലും എനിക്കു താല്‍പര്യമില്ല. ഞാന്‍ കുറച്ചു ഭംഗിയുള്ള ഹദീസുകള്‍ നിരത്തിവെക്കുന്നു; നിങ്ങള്‍ കുറച്ചു ഭംഗിയുള്ള സൂക്തങ്ങള്‍ പകരം നിരത്തുന്നു. നമ്മള്‍ പിരിഞ്ഞുപോകുന്നു. മതങ്ങള്‍ തമ്മില്‍ ഒരുകാലത്തും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളതു മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളാലാണ്. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന അനീതിയെപ്പറ്റി മതംകൊണ്ട് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നതാണു ചോദ്യം. അതു മാത്രമാണെന്റെ മതാന്തരസംവാദം.
ഇന്നത്തെ സാഹചര്യത്തില്‍, രാഷ്ട്രീയ ഇസ്‌ലാമിനെ അടിസ്ഥാനപ്പെടുത്തിയ പ്രസ്ഥാനങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു?
ഒന്നാമതായി രാഷ്ട്രീയ ഇസ്‌ലാം എന്നതുകൊണ്ടു നിങ്ങള്‍ എന്ത് ഉദ്ദേശിക്കുന്നു എന്നെനിക്കറിയില്ല. നിലവിലെ രാഷ്ട്രീയ ഭരണകൂട സംവിധാനങ്ങള്‍ക്കു മൗലികമായ മാറ്റവും ബദലും വേണമെന്നു പരസ്യമായി ആവശ്യപ്പെടുകയും ഖിലാഫത്തിനുവേണ്ടി വാദിച്ചു സായുധസമരം നടത്തുകയും ചെയ്യുന്ന ‘ഐ എസ് ഐ എസ്, തക്ഫീര്‍വല്‍ ഹിജ്‌റ’ ഒക്കെപോലുള്ള സംഘടനകളാണോ താങ്കളുദ്ദേശിക്കുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ ആളുകള്‍?
അല്ല. സയ്യിദ് ഖുത്ബിനെയും സയ്യിദ് മൗദൂദിയെയും പോലുള്ള ചിന്തകരില്‍ നിന്നു പ്രചോദിതരായി ജനാധിപത്യപരമായും ഹിംസാത്മകമല്ലാതെയും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയാണ് ഉദ്ദേശിച്ചത്.
രാഷ്ട്രീയവ്യവഹാരങ്ങളിലേക്ക് ഇസ്‌ലാമിക ആശയങ്ങളെ കൊണ്ടുവരേണ്ട തികഞ്ഞ ആവശ്യമുള്ളതായി ഞാന്‍ വിചാരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു മുസ്‌ലിംകള്‍ അകന്നുമാറണമെന്ന അഭിപ്രായവും എനിക്കില്ല. ഈ സാഹചര്യത്തോടു സംസാരിക്കുന്ന നിയതമായ ആശയങ്ങള്‍ ഇസ്‌ലാമിനകത്തുണ്ട് എന്നു ഞാന്‍ കരുതുന്നു. ഉത്തരവാദിത്വമെടുക്കലിന്റെയും സുതാര്യതയുടെയും പൊതുക്ഷേമത്തിന്റെയും സ്വജനപക്ഷപാതമില്ലായ്മയുടെയും ഒക്കെ തലങ്ങളുണ്ട്. എന്റെ മകള്‍ ഫാത്തിമയാണു കുറ്റം ചെയ്യുന്നതെങ്കിലും ഇതേശിക്ഷ തന്നെ വിധിക്കുമെന്നു പറയുന്ന പ്രവാചകന്‍ മുഹമ്മദിന്റെ ഉദാഹരണമുണ്ട്. അപ്പോള്‍ സ്വജനപക്ഷപാതം എന്ന ഒന്നില്ല. വരള്‍ച്ചപോലെ അടിയന്തരഘട്ടങ്ങളില്‍ ചില ശിക്ഷാവിധികള്‍ റദ്ദുചെയ്യണമെന്നുണ്ട്. ഒരു പ്രദേശത്ത് ഒരാള്‍ പട്ടിണി കാരണം മരിച്ചാല്‍ എല്ലാ ഭാഗത്തേക്കുമുള്ള 40 വീടുകളിലെ അയല്‍ക്കാര്‍ അതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ് എന്നുണ്ട്. ഇത്തരം സാമൂഹികമൂല്യങ്ങളെ ഗൗരവപ്പെട്ട രാഷ്ട്രീയ ആശയങ്ങളായി പരിവര്‍ത്തിപ്പിക്കാനാകും. രാഷ്ട്രീയത്തില്‍നിന്നു മതത്തെ വേര്‍പ്പെടുത്തണമെന്ന വാദക്കാരനല്ല ഞാന്‍. മതത്തിന്റെ ആളുകള്‍ രാഷ്ട്രീയക്കാരായിത്തന്നെ രാഷ്ട്രീയത്തില്‍ ഇടപെടണമെന്നാണ് എന്റെ പക്ഷം.
രാഷ്ട്രീയം ഒരു മോശം കളിയായി ഞാന്‍ കരുതുന്നില്ല. എത്രയോ മാന്യരായ രാഷ്ട്രീയക്കാരുണ്ട്. എന്റെ നാട്ടിലുള്ളവരെ എനിക്കറിയാം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുകയും അവരുടെ ജീവിതത്തെ കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നവര്‍. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ല. നമുക്കു ടോയ്‌ല റ്റില്‍ പോകണമെങ്കില്‍ ആരെങ്കിലും അതു വൃത്തിയാക്കി വെക്കണം. രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് ആ പണിയാണ്. സമൂഹത്തിന്റെ മാലിന്യങ്ങളെയാണ് അവര്‍ അധികവും കൈകാര്യംചെയ്യുന്നത്. അഴിമതിനിറഞ്ഞ രാജ്യങ്ങളില്‍, തീര്‍ച്ചയായും അതില്‍ കുറെ വഴിവിട്ട പണമുണ്ട്. ഞാന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളാണു പറയുന്നത്. മുസ്‌ലിംകള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും ഇസ്‌ലാമിക ആശയങ്ങള്‍ ഉപയോഗിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. ഇതിനര്‍ഥം മുസ്‌ലിംകള്‍ ഒരു ഇസ്‌ലാമികരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നാണോ? ഒരിക്കലുമല്ല. എനിക്കതിനോടു യോജിപ്പില്ല. ഇസ്‌ലാമികമൂല്യങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും ഉണ്ടാവുക എന്നതാണ് കാര്യം.
മുസ്‌ലിംകള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും ഇസ്‌ലാമിക ആശയങ്ങള്‍ ഉപയോഗിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. ഇതിനര്‍ഥം മുസ്‌ലിംകള്‍ ഒരു ഇസ്‌ലാമികരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നാണോ? ഒരിക്കലുമല്ല. എനിക്കതിനോടു യോജിപ്പില്ല. ഇസ്‌ലാമികമൂല്യങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും ഉണ്ടാവുക എന്നതാണ് കാര്യം.
എനിക്കു രാഷ്ട്രത്തോടു (state) തന്നെ മതിപ്പില്ല. ഞാന്‍ രാഷ്ട്രത്തിന്റെ ആരാധകനല്ല. രാഷ്ട്രം താരതമ്യേന ഒരു പുതിയ ആവിഷ്‌കാരമാണ്. ജനങ്ങള്‍ ഭരണനിര്‍വഹണം നടത്തിയിരുന്ന മറ്റനേകം മാര്‍ഗങ്ങളുണ്ട്. രാഷ്ട്രം എന്ന ആശയത്തെപ്പറ്റി, പ്രത്യേകിച്ചും വലിയ രാഷ്ട്രങ്ങളെപ്പറ്റി ഞാന്‍ സംശയാലുവാണ്. മനുഷ്യാധികാരത്തിനും പുറത്തുമുള്ള ദൈവീകമായ ഉറവിടങ്ങളില്‍നിന്നു നിയമനിര്‍ധാരണം നടത്തുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങളെ എനിക്കു ഭയമാണ്. കാരണം, ദൈവം നിങ്ങളോട് ഇന്നതു ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് എന്ന മട്ടില്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്കതില്‍ ഒരിടമില്ല, നിങ്ങളുടെ ദൈവം എന്റെ കൂടി ദൈവമല്ലാതിരിക്കുന്ന കാലത്തോളം. ഈ ഭൂമി ഞങ്ങളുടേതാണ് എന്നു ഞങ്ങളോട് ഒരു രാത്രി ദൈവം വന്നുപറഞ്ഞിട്ടുണ്ടെന്നു സയണിസ്റ്റുകള്‍ ഫലസ്തീനെക്കുറിച്ചു പറയുന്നതുപോലെയാണത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ദശലക്ഷക്കണക്കിനു മനുഷ്യര്‍ പുലര്‍ന്നുപോന്ന ഒരു നാടിനെപ്പറ്റിയാണു ‘ദൈവിക’മായ ഈ അവകാശം ഉന്നയിക്കപ്പെട്ടത്. ദൈവത്തിന്റെ വാഗ്ദാനം ആയതുകൊണ്ടു നിങ്ങള്‍ക്കിവിടെ രാഷ്ട്രം ഉണ്ടാക്കാം, ജൂതവിശ്വാസികളെ കൊണ്ടുവന്നു പാര്‍പ്പിക്കുകയും, തദ്ദേശീയ ഫലസ്തീനി ജനതയെ വംശഹത്യക്കിരയാക്കുകയും ചെയ്യാം. മതരാഷ്ട്രങ്ങളുടെ സ്വഭാവം ഇതാണ്. ജനാധിപത്യത്തിനോ തുല്യനീതിക്കോ അവിടെ ഇടമില്ല. എല്ലാ മതരാഷ്ട്രങ്ങള്‍ക്കും ആഴത്തില്‍ പിഴവുകളുണ്ട്. ഞാന്‍ ഒരു വലിയരാഷ്ട്രത്തിന്റെയും സുഹൃത്തല്ല, ഒരു വംശീയരാഷ്ട്രത്തിന്റെയും സുഹൃത്തല്ല, ഒരു മതരാഷ്ട്രത്തിന്റെയും സുഹൃത്തല്ല. മുസ്‌ലിം സമുദായത്തിനകത്തു ദൈവശാസ്ത്രതലത്തിലും രാഷ്ട്രീയതലത്തിലും സുന്നിഷിയാ തര്‍ക്കങ്ങള്‍ പതിവാണല്ലോ. ഇസ്‌ലാമിനെ അസ്ഥിരപ്പെടുത്തുക എന്ന അജണ്ടയുടെ ഭാഗമായി ജൂതന്മാര്‍ ഉണ്ടാക്കിയതാണു ഷീയിസം എന്നു വാദിക്കുന്ന സുന്നികള്‍ ഉണ്ട്.
ഇന്ത്യയും പാകിസ്താനും മറ്റു പല മുസ്‌ലിംരാജ്യങ്ങളും ഗൂഢാലോചനാസിദ്ധാന്തങ്ങളാല്‍ വളരെ സമ്പന്നമാണ്. ഓരോ മുറിയിലും ഒരു ജോഡി ഗൂഢാലോചനയെങ്കിലും ഒളിച്ചിരിപ്പുണ്ടാകും. ഒരു മതസ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പു പഠിപ്പിക്കുമ്പോള്‍, ചില ഷിയാ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞത്, സുന്നികള്‍ നിസ്‌കരിക്കുമ്പോള്‍ കൈ കെട്ടാന്‍ കാരണം അതിനകത്ത് അവരുടെ വിഗ്രഹങ്ങളെ ഒളിപ്പിച്ചുവയ്ക്കാനാണ് എന്നാണ്. മദ്രസയില്‍ വെച്ചു ഞാന്‍ അറിഞ്ഞ ഒരുകാര്യം ആഷൂറാ രാവില്‍ ഷിയാക്കള്‍ വെളിച്ചം കെടുത്തുന്നതിന്റെ ഉദ്ദേശ്യം പരസ്പരം കൂട്ടരതിയിലേര്‍പ്പെടാനാണ് എന്നാണ്. ഇതാണു നിലവാരം. യാതൊരു അടിത്തറയും ഇല്ലാത്ത ഗൂഢാലോചനകളാണ്, മിക്കപ്പോഴും പരസ്പരം എറിയുന്ന നുണകളാണവ. നിങ്ങളുടെ വിശ്വാസം സുരക്ഷിതമായിരിക്കുന്നതു മറ്റൊരു വിശ്വാസത്തെപ്പറ്റി നുണപറയാനുള്ള നിങ്ങളുടെ കഴിവിനു മീതെയാണ് എന്നതു തീര്‍ച്ചയായും അപമാനകരമാണ്.
സുന്നിഷിയാ സംഘര്‍ഷങ്ങള്‍ മുസ്‌ലിംലോകത്തെ പലവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കൂടി വലിയതോതില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അധികാരത്തെ ഭീഷണിപ്പെടുത്തുന്നത് എന്തെങ്കിലും സംഭവിക്കുമ്പോഴൊക്കെ പരസ്പരം കുറ്റംചാര്‍ത്താനുള്ള കാരണങ്ങള്‍ ജനങ്ങള്‍ കണ്ടെത്തുന്നു എന്നതാണ് സത്യം. അത് ഒരാള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കലോ, മറ്റൊരാളെ മൊസാദ് ഏജന്റ് എന്നു വിളിക്കലോ ആകാം. സുന്നികള്‍ക്കും ഷിയാക്കള്‍ക്കുമിടയില്‍ ദൈവശാസ്ത്രപരമായ ഭിന്നതകളുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷേ, രാഷ്ട്രീയമായി നോക്കിയാല്‍, അമേരിക്കന്‍ താല്‍പര്യങ്ങളോടും മധ്യപൗരസ്ത്യദേശത്തെ ഇസ്രായേല്‍ താല്‍പര്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നതാണു സുന്നീരാഷ്ട്രങ്ങള്‍ എന്നു കാണാവുന്നതാണ്. ഇറാനും ലബനോനും ഒരുപരിധിവരെ സിറിയയും ആണ് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരെ നിന്നിട്ടുള്ളത്. സദ്ദാം ഹുസൈന്‍ ഉള്ളകാലത്ത് ഇറാഖും അമേരിക്കയെ എതിര്‍ത്തിട്ടുണ്ട്. സുന്നീഭാഗത്ത് സയണിസത്തെ സ്ഥൈര്യത്തോടെ ചെറുത്തുനിന്നിട്ടുള്ള സംഘമാണു ഹമാസ്. എല്ലാ സുന്നികളും അമേരിക്കക്കും ഇസ്രായേലിനും ഒപ്പമാണ് എന്നല്ല ഞാന്‍ പറയുന്നത്. സിറിയയെയും ഇറാനെയും പൈശാചികവത്ക്കരിക്കുന്നതു പ്രധാനമായും അവയുടെ ഷിയാഭരണനേതൃത്വം കാരണമാണ്. ഇത് വിഭാഗീയതയാണ്.
കടപ്പാട്: അദര്‍ ബുക്‌സ് ഈയിടെ പുറത്തിറക്കിയ ഫരീദ് ഇസാക്കിന്റെ ‘എന്നിട്ടും മൂസ ഫറോവയെ തേടിച്ചെന്നു’ (മൊഴിമാറ്റം: കെ അഷ്‌റഫ്) എന്ന പുസ്തകത്തില്‍ അനുബന്ധമായി വന്നതാണ് ഈ അഭിമുഖം.
Back to Top