24 Friday
January 2025
2025 January 24
1446 Rajab 24

വിഭവസമൃദ്ധമായ സദ്യക്കു മുമ്പിലെ വികാരാധീനന്‍ – സി കെ റജീഷ്

അബ്ബാസി ഖലീഫമാരില്‍ ഏറ്റവും പ്രസിദ്ധനായ ഹാറൂന്‍ റശീദ് ഒരു യാത്ര കഴിഞ്ഞ് മടങ്ങി വരികയാണ്. കാണാന്‍ അഴകുള്ള ലക്ഷണമൊത്ത കുതിരപ്പുറത്തായിരുന്നു യാത്ര. വഴിയരികില്‍ ഒരു യാചകന്‍ ദീനരോദനവുമായി നില്‍ക്കുന്നു. കുതിരപ്പുറത്ത് നിന്നിറങ്ങി ഖലീഫ അയാളുടെ അടുത്തേക്ക് പോയി. കണ്ണുകള്‍ പാതി തുറന്ന് യാചകന്‍ ഇങ്ങനെ പറഞ്ഞു: ”വല്ലതും കഴിച്ചിട്ട് നാളുകളായി; എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യ.” ഖലീഫ സാഹസപ്പെട്ട് അയാളെ പിടിച്ചെഴുന്നേല്‍പിച്ച് കുതിരപ്പുറത്തിരുത്തി. കുതിരപ്പുറത്ത് നിവര്‍ന്നിരുന്ന് അയാള്‍ കുതിരയെ ഓടിച്ചുപോയി. ഹാറൂന്‍ റഷീദിനെ കയറാന്‍ അനുവദിക്കാതെ ധൃതിപ്പെട്ട് കുതിരയെ തെളിച്ച് അയാള്‍ കൊണ്ടുപോയി. സംഭവിച്ചത് വിശ്വസിക്കാനാവാതെ ഖലീഫ സ്തംഭിച്ച് നിന്നു. അഴകേറിയ ആ കുതിരയെ ഖലീഫയുടെ കൈയില്‍ നിന്ന് കുതന്ത്രത്തില്‍ സ്വന്തമാക്കാന്‍ യാചകനായി അയാള്‍ അഭിനയിക്കുകയായിരുന്നു. പലരും വില പറഞ്ഞ് നോക്കിയിട്ടും ഖലീഫ കുതിരയെ വില്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ചതിയിലൂടെ കുതിരയെ സ്വന്തമാക്കാനുള്ള ശ്രമമാണെന്നറിഞ്ഞപ്പോള്‍ ഖലീഫ അയാളുടെ പിറകെ ഓടി. ‘നില്‍ക്കൂ, കുതിരയെ നിങ്ങളെടുത്തോളൂ പക്ഷേ എനിക്ക് ഒരു അപേക്ഷയുണ്ട്.’ ഖലീഫ അയാളോട് പറഞ്ഞു. കുറച്ചകലെ എത്തിയപ്പോള്‍ അയാള്‍ കുതിരയെ കടിഞ്ഞാണിട്ട് നിര്‍ത്തി. ഖലീഫ അയാളോട് പറഞ്ഞു: ”നീയെന്നെ ചതിക്കുകയായിരുന്നില്ലേ? പക്ഷേ, ഈ കുതിരയെ നീ എങ്ങനെ സ്വന്തമാക്കിയെന്ന് ഒരാളോടും പറയരുത്. കാരണം ഈ കുതന്ത്രം പരസ്യമായാല്‍ വഴിയരികില്‍ മറ്റുള്ളവരുടെ സഹായത്തിനായി കേഴുന്ന അവശരെയും രോഗികളെയും ആരും സഹായിക്കുകയില്ല.” ഖലീഫ വഞ്ചിക്കപ്പെട്ടപ്പോഴും രാജ്യത്ത് അന്യരുടെ ആശ്രയത്തിനായി കേഴുന്ന ഒരാളുപോലും ഒറ്റപ്പെട്ട് വിതുമ്പുന്ന അവസ്ഥയുണ്ടായിക്കൂടായെന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ഹിജ്‌റ 145 ല്‍ മഹ്ദി – ഖൈറുസാന്‍ ദമ്പതികളുടെ പുത്രനായി റയ്യില്‍ ജനിച്ച ഹാറൂന്‍ റശീദ് സുഭിക്ഷതയും സമാധാനവും ജനങ്ങള്‍ക്കുണ്ടാവണണെന്ന് ശഠിച്ച നല്ല ഭരണാധികാരിയായിരുന്നു. കല, സാഹിത്യം, വിജ്ഞാനം എന്നീ രംഗത്ത് നിസ്തുല സേവനം കാഴ്ചവെച്ചു. ബഗ്ദാദ് പട്ടണം വിജ്ഞാന കുതുകികളുടെ സിരാകേന്ദ്രമായി നിലകൊണ്ടതില്‍ ഖലീഫയുടെ പങ്ക് വളരെ വലുതാണ്. പണ്ഡിതന്‍മാരോട് അളവറ്റ ആദരവ് പുലര്‍ത്തിയ ഖലീഫ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നവരോട് രോഷാകുലനാവുകയും ചെയ്തു. മതകാര്യങ്ങളില്‍ അനാവശ്യ തര്‍ക്കത്തിന് മുതിരുന്നവരോട് പലപ്പോഴും അദ്ദേഹത്തിന് കയര്‍ക്കേണ്ടി വന്നു. ഒരു ദിവസം അന്ധനായ ഒരു പണ്ഡിതന്‍ അതിഥിയായി ഖലീഫയുടെ വീട്ടിലെത്തി. വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കി സല്‍ക്കരിച്ചു. ഒരു സേവകന്റെ വിനയഭാവത്തോടെ അതിഥിക്ക് കൈ കഴുകാനുള്ള വെള്ളം ഖലീഫ ഒഴിച്ചുകൊടുത്തു.
വിജ്ഞാനത്തിന്റെ വെളിച്ചം പ്രസരിച്ച് നാട് പുരോഗതിയിലെത്തണമെന്ന് ആഗ്രഹിച്ച മനുഷ്യസ്‌നേഹിയായിരുന്നു ഹാറൂന്‍ റശീദ്. പൊതു ഖജനാവില്‍ നികുതിപ്പണം വന്നു നിറയുന്ന സന്ദര്‍ഭത്തില്‍ ദിവസവും ആയിരം ദിര്‍ഹം പാവപ്പെട്ടവര്‍ക്ക് ഖലീഫ നല്‍കി. സദ്കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ വല്ലതും സമ്മാനിക്കും. ഗാനം ആസ്വദിക്കുകയും പാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. പണ്ഡിതന്മാര്‍, കവികള്‍, കര്‍മശാസ്ത്ര പണ്ഡിതര്‍, ന്യായാധിപന്മാര്‍, പാരായണ വിദഗ്ധര്‍ ഇവരൊക്കെയും ഖലീഫയുടെ കൊട്ടാരത്തിലെ പതിവ് സന്ദര്‍ശകരായിരുന്നു. ഒരിക്കല്‍ വിഭവ സമൃദ്ധമായ ഒരു സദ്യയുണ്ടാക്കി കവിയായ അബുല്‍ അതാഹിയ്യയെ അതിഥിയായി ക്ഷണിച്ചു. മരണത്തെ മനോഹരഭാഷയില്‍ കവി വര്‍ണിച്ചു.
‘ശ്വാസം തൊണ്ടയില്‍ തങ്ങി
കറ കറ ശബ്ദം മുഴങ്ങുമ്പോള്‍
തങ്ങള്‍ക്കുറപ്പാകും
ഇവയൊക്കെ മൗഢ്യമാണെന്ന്…
ഖലീഫ ഇത് കേട്ടപ്പോള്‍ വിതുമ്പി. വിഭവ സമൃദ്ധമായ സദ്യക്ക് മുമ്പില്‍ ഖലീഫ വികാരധീനനായത് മന്ത്രിമാര്‍ കണ്ടു. സുഖജീവിതത്തിലും സ്രഷ്ടാവിലേക്കുള്ള മടക്കം മറന്നുകൂടായെന്ന് ഓര്‍മപ്പെടുത്തിയ കവിത ഭക്തനായ ഖലീഫയുടെ നയനങ്ങളെ ഈറനണയിപ്പിച്ചു. മൃദുല ഹൃദയനായ ഹാറൂന്‍ റശീദിന് ഈ ജീവിതത്തിന്റെ നശ്വരതയെ കുറിക്കുന്ന കവിതാശകലങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭക്തിയുടെ നിറവില്‍ വിതുമ്പുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
ആദ്യമായി കാല്‍നടയായിട്ട് ഹജ്ജിന് പോയ ഖലീഫയാണ് ഹാറൂന്‍ റശീദ്. ഒമ്പതു തവണയോളം ഖലീഫ ഹജ്ജ് യാത്ര തുടര്‍ന്നു. ഹജ്ജിന് പോകുമ്പോള്‍ കുടുംബാംഗങ്ങളും പണ്ഡിതന്മാരും അദ്ദേഹത്തെ അനുഗമിക്കും. മൂന്നു മില്യന്‍ ദീനാര്‍ ചെലവഴിച്ച ഹാറൂന്‍ റശീദിന്റെ പത്‌നി സുബൈദ 25 മൈല്‍ നീളത്തില്‍ ഹറമിലേക്ക് ഒരു വെള്ളച്ചാല്‍ നിര്‍മിച്ചുകൊടുത്തു. ‘ഐനു സുബൈദ’ എന്ന പേരില്‍ ചരിത്ര പ്രസിദ്ധമായി അത് നിലകൊള്ളുന്നു.
വിനോദങ്ങളെ ഇഷ്ടപ്പെടുകയും പാട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഖലീഫ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ തന്നെ പൊട്ടിക്കരഞ്ഞു.
കവിയായ അബുല്‍ അനാഹിയ ഒരിക്കല്‍ ജയിലിലടക്കപ്പെട്ടു. സ്ഥിതിഗതികളറിയാന്‍ ഖലീഫ ഒരാളെ അവിടേക്കയച്ചു. ജയിലിലെ ചുമരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കടുത്ത ശിക്ഷയെ വിവരിക്കുന്ന കവിതാശകലങ്ങള്‍ കുറിച്ചിട്ടിരിക്കുന്നു. ഈ കവിത കേട്ടപ്പോള്‍ ഖലീഫ പൊട്ടിക്കരഞ്ഞു.
കവി ജയില്‍ മോചിതനാവുകയും ചെയ്തു. വിജ്ഞാന വിസ്‌ഫോടനത്തിന് ബഗ്ദാദ് പട്ടണത്തെ പാകപ്പെടുത്തിയ ദീര്‍ഘ ദൃഷ്ടിയുള്ള ഭരണാധികാരിയാണ് ഹാറൂന്‍ റഷീദ്. പ്രധാന ലോക ഭാഷകളിലേക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ട ‘ആയിരത്തൊന്ന് രാവുകള്‍’ (അല്‍ഫു ലൈല വലൈല) എന്ന കൃതി വൈജ്ഞാനിക രംഗത്തെ ഖലീഫയുടെ അതുല്യ സംഭാവനയായി ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്നു

Back to Top