9 Friday
May 2025
2025 May 9
1446 Dhoul-Qida 11

വിദ്വേഷ പ്രചാരണം അരങ്ങു തകര്‍ക്കുന്ന  പൊതു തെരഞ്ഞെടുപ്പ്

ഇന്ത്യാരാജ്യത്തിന്റെ ഭരണം ആരുടെ കൈകളിലാണ് വരേണ്ടത്എന്ന് തീരുമാനിക്കാനുള്ള പൊതുതെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. രണ്ടു ഘട്ടങ്ങള്‍ പിന്നിട്ടു. കേരളത്തിലുള്‍പ്പെടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. പാര്‍ട്ടികളും മുന്നണികളും കൊണ്ടുപിടിച്ച പ്രചാരണ പരിപാടികളിലാണ്. നയങ്ങളും നിലപാടുകളും സജീവ ചര്‍ച്ചയാവേണ്ട സന്ദര്‍ഭമാണിത്. രാജ്യത്തിന്റെ വികസനവും സമൂഹ ക്ഷേമവും വിശകലനം ചെയ്യേണ്ടതുണ്ട്. ആഭ്യന്തര-പ്രതിരോധ-വിദേശ-സാമ്പത്തിക നയങ്ങളില്‍ ഏതു വിഭാഗമാണ് രാജ്യനന്മയ്ക്ക് കൂടുതല്‍ യോജ്യമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്നത് എന്നത് യഥാര്‍ഥത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഭരിക്കുന്ന സര്‍ക്കാറുകള്‍ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ എത്രമാത്രം ശുഷ്‌കാന്തി കാട്ടിയിട്ടുണ്ട് എന്ന് മൂല്യനിര്‍ണയം നടത്തേണ്ട അവസരവും ഇതു തന്നെ. പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് ജനപ്രതിനിധികളെയും അതുവഴി സര്‍ക്കാറിനെയും തെരഞ്ഞെടുക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയൊക്കെയാണ് വേണ്ടത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ തെരഞ്ഞെടുപ്പു വേളയില്‍ അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങള്‍ സംവാദവിഷയം പോലുമാകാതെ, ശാഖാപരവും താരതമ്യേന അപ്രസക്തവുമായ മറ്റു ചില കാര്യങ്ങളാണ് സജീവ ചര്‍ച്ചാവിഷയമായി മീഡിയ നിറഞ്ഞുനില്‍ക്കുന്നത്.
അതിലേറെ ഭയാനകമായ ചില വസ്തുതകള്‍ കൂടിയുണ്ട്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിദ്വേഷ വിഷ പ്രചാരണം അരങ്ങുതകര്‍ക്കുന്ന ദയനീയമായ ഒരവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വ്യക്തിഹത്യയും പരവിദ്വേഷ പ്രചാരണവുമാണ് പലരുടെയും ആയുധം. ജാതിയും മതവും സമുദായവും തിരിച്ച് വര്‍ഗീകരിക്കുകയും മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ വിഷലിപ്ത പദപ്രയോഗങ്ങള്‍ പതിവാക്കുകയും ചെയ്ത തെരഞ്ഞെടുപ്പു പ്രസംഗങ്ങള്‍ ശുഭസൂചകമല്ല. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് എന്നു മാത്രമല്ല, രാഷ്ട്രത്തിന്റെ ഭദ്രമായ ഭാവിക്കു തന്നെ ഭീഷണിയായ സമീപനമാണിത്. നാലു വോട്ടിനു വേണ്ടി എന്തും ആവാമെന്ന പ്രവണത ഏറിവരികയാണ്. നിയമവും ചട്ടവും നമുക്ക് ബാധകമല്ല എന്ന രീതിയില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ പെരുമാറുന്നത് നല്ല സന്ദേശമല്ല. കവല പ്രസംഗങ്ങളില്‍ ഏതെങ്കിലും പ്രാദേശിക പ്രസംഗങ്ങള്‍ ‘തട്ടിവിടുന്ന വിടുവായത്തം’ എന്ന നിലയില്‍ തള്ളാന്‍ കഴിയാത്ത തരത്തിലാണ് സംഗതിയുടെ കിടപ്പ്. രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി, ഭരണകക്ഷിയുടെ അഖിലേന്ത്യാ അമരക്കാരന്‍, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയ ഉന്നത സ്ഥാനീയരാണ് ഈ മഹാ അപരാധം ചെയ്യുന്നത്. അതും അനിച്ഛാപൂര്‍വകമായി വന്നുപോകുന്ന കൈക്കുറ്റപ്പാടുകളല്ല, ബോധപൂര്‍വം ചെയ്യുന്ന അപരാധങ്ങളാണ്. ഈ വിദ്വേഷ പ്രചാരണം മൊത്തത്തില്‍ ‘സംസ്‌കാര’മായി ഏറ്റെടുത്തത് ഭാരതീയ ജനതാ പാര്‍ട്ടിയാണെന്ന് പറയാതെ വയ്യ.
ഇന്ത്യചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന മുഖ്യമന്ത്രി തന്റെ വിഷം പുരട്ടിയ സംസാരത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക് എന്ന ശിക്ഷയ്ക്കു വിധേയനായി. ഒരു സന്ന്യാസിയുടെ വേഷത്തില്‍ സംസ്ഥാനം ഭരിക്കുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥാണ് കഥാനായകന്‍. കേന്ദ്രമന്ത്രി മേനകാ ഗാന്ധി, യു പി മുന്‍ മുഖ്യമന്ത്രി മായാവതി, അസംഖാന്‍, കേരളത്തിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള തുടങ്ങിയവരെല്ലാം ഈ പ്രതിപ്പട്ടികയിലെ പ്രമുഖരാണ്. രാജ്യത്തിന്റെ യശസ്സിന്റെ പ്രതീകം കൂടിയായ സൈനിക സംവിധാനത്തെ ‘മോദി സേന’ എന്ന് ഇകഴ്ത്തി താഴ്ത്തിക്കെട്ടിയത് ആദിത്യനാഥ് ആണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കണം. വര്‍ഗീയ വിഷം ചീറ്റുന്നവരുടെ ‘നാട്ടക്കുറി’ എപ്പോഴും മുസ്്‌ലിം സമുദായമാണ് എന്നത് യാദൃച്ഛികമാവാന്‍ തരമില്ല. ഇന്ത്യയിലെ ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്ന മുസ്്‌ലിം ലീഗ് വൈറസാണ് എന്ന ആദിത്യനാഥിന്റെ വാക്കുകള്‍ പരനിന്ദയുടെ പരമകാഷ്ഠയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാട് എന്ന ലോക്്‌സഭാ നിയോജക മണ്ഡലം പാകിസ്താനാണോ എന്ന് ചോദിച്ച അമിത്ഷാ ഇന്ത്യ കണ്ട വര്‍ഗീയ വാദികളില്‍ പ്രമുഖനാണ്. ‘താന്‍ ജയിച്ചുവന്നാല്‍ മണ്ഡലത്തിലെ മുസ്്‌ലിംകളെ കാണിച്ചുതരാം’ എന്ന തരത്തില്‍ പൊതുവേദിയില്‍ പ്രസംഗിക്കുന്നത് മേനക ഗാന്ധി എന്ന കേന്ദ്രമന്ത്രിയാണ്. യു പിയില്‍ തന്റെ ധാര്‍ഷ്ട്യ സഖ്യം വിജയം കണ്ടെത്താന്‍ മായാവതിക്കും വേണം ‘മുസ്്‌ലിം വോട്ടുകള്‍’.  താരതമ്യേന രാഷ്ട്രീയ പ്രബുദ്ധത പുലര്‍ത്തിപ്പോന്ന കേരളത്തെ ഉത്തരേന്ത്യന്‍ വംശീയ ഭ്രാന്താലയമാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്ന ഒരു പാര്‍ട്ടിയുടെ കേരളാധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ‘മൃതദേഹങ്ങളുടെ ഉടുതുണി പൊക്കി ജാതിയന്വേഷി’ക്കുന്നേടത്തോളം തരം താണുപോയി. സാമുദായിക ധ്രുവീകരണത്തിനപ്പുറം രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയവരുണ്ട്. മോദിക്ക് ഒരവസരവും കൂടി കിട്ടിയാല്‍ ഇനി തെരഞ്ഞെടുപ്പുണ്ടാവില്ല. 2019 അവസാനത്തെ തെരഞ്ഞെടുപ്പാവുമെന്ന് പറഞ്ഞത് ഒരു മോദി ഭക്തനാണ്. മുംബൈ ഭീകരാക്രമണത്തിനിടെ (2008) വീരമൃത്യു വരിച്ച എ ടി എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ എന്ന പോലീസുദ്യോഗസ്ഥനെ രാജ്യം 2009 ല്‍ മരണാനന്തര ബഹുമതിയായി അശോകചക്രം നല്‍കി ആദരിച്ചു. എന്നാല്‍ പ്രജ്ഞാസിംഗ് എന്ന ബി ജെ പി വനിത കര്‍ക്കറെയെ താന്‍ ശപിച്ചുകൊന്നുവെന്ന് പരസ്യമായി പ്രസംഗിക്കുന്നു.
മതനിരപേക്ഷ ജനാധിപത്യ ഭാരതം നിലനില്‍ക്കല്‍ ഏതൊരിന്ത്യക്കാരന്റെയും പ്രഥമാവശ്യമാണ് എന്നുണര്‍ത്തട്ടെ.
Back to Top