19 Friday
April 2024
2024 April 19
1445 Chawwâl 10

വിജ്ഞാനവും വിശ്വാസവുമാണ് വികാസത്തിന്റെ ഉള്‍ക്കരുത്ത് -ഡോ. ഇബ്‌റാഹിം മുറാദ്

വിശുദ്ധ ഖുര്‍ആനും മതവിധികളും നബി(സ) യില്‍ നിന്ന് നേരിട്ട് പഠിച്ചിരുന്ന ഏറ്റവും അടുത്ത ശിഷ്യന്മാരില്‍ പ്രധാനിയായിരുന്നു മുആദ്ബ്‌നു ജബല്‍(റ). നബി(സ)യുടെ ശിഷ്യന്മാര്‍ പങ്കെടുത്തിരുന്ന വൈജ്ഞാനിക സദസ്സുകളില്‍ വല്ല സംശയങ്ങളുമുണ്ടാകുമ്പോള്‍ അത് ദൂരീകരിച്ച് കൊടുത്തിരുന്നത് സൗന്ദര്യവും വാക് വൈഭവവുമുള്ള ഈ യുവാവായിരുന്നു. പാണ്ഡിത്യവും പക്വതയും സമ്മേളിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എന്റെ സമുദായത്തില്‍ ഹലാലും ഹറാമും കൂടുതല്‍ അറിയുന്നവന്‍ മുആദ്ബ്‌നു ജബല്‍(റ) ആണ് എന്ന് നബി(സ) പറഞ്ഞത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുള്ള വലിയ അംഗീകാരമാണ്.
വിജ്ഞാനത്തിന്റെ സാക്ഷാല്‍ ഉറവിടമായ വിശുദ്ധ ഖുര്‍ആന്‍ നബിതിരുമേനിയുടെ ഗുരുമുഖത്ത് നിന്നുതന്നെ ആവുന്നത്ര പഠിക്കാന്‍ പരിശ്രമിച്ച മുആദ്(റ)നെയായിരുന്നു നബി(സ) മതപ്രബോധനത്തിന് യമനിലേക്ക് അയച്ചത്. മക്കാ വിജയാനന്തരം ഖുറൈശികള്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അവര്‍ക്ക് മത ശിക്ഷണം നല്‍കിയിരുന്ന ഗുരുനാഥനും അദ്ദേഹമായിരുന്നു. വിജ്ഞാനമെന്നത് വിശ്വാസത്തെ സ്വാധീനിക്കുന്നതും ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനുതകുന്നതുമാവണമെന്ന നിഷ്‌കര്‍ഷത ജ്ഞാനിയായ ആ സ്വഹാബിക്കുണ്ടായിരുന്നു. പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാതെയുള്ള കേവല ജ്ഞാനം പ്രയോജനരഹിതമാണെന്ന് മുആദ്(റ) മറ്റുള്ളവരെ പഠിപ്പിച്ചു.
‘ഉപകാരമില്ലാത്ത വിജ്ഞാനത്തില്‍ നിന്നും അല്ലാഹുവേ നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നുവെന്ന’ നബി(സ)യുടെ പ്രാര്‍ഥനയായിരുന്നു ഇങ്ങനെ ചിന്തിക്കാന്‍ മുആദ്(റ)നെ പ്രേരിപ്പിച്ചത്. ആരാധനയില്‍ പോലും മിതത്വം പുലര്‍ത്തുന്ന ഒരു ജീവിത ക്രമം ശീലിക്കണമെന്ന് തന്നോട് ഉപദേശം തേടുന്നവരോട് അദ്ദേഹം ഉണര്‍ത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെയരികില്‍ ഒരാള്‍ വന്ന് വല്ല അറിവും പകര്‍ന്നുതരണമെന്ന് ആവശ്യപ്പെട്ടു. അറിവ് നേടിയാല്‍ അതിനനുസരിച്ച് ജീവിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. അയാള്‍ അതിന് സന്നദ്ധതയറിയിച്ചപ്പോള്‍ മാത്രമാണ് മുആദ്(റ) ഇങ്ങനെ ഉപദേശിച്ചത്. ”നീ വ്രതം അനുഷ്ഠിക്കുക, വ്രതം അനുഷ്ഠിക്കാതിരിക്കുക, നമസ്‌കരിക്കുക, ഉറങ്ങുക, സമ്പാദിക്കുക, തെറ്റ് ചെയ്യാതിരിക്കുക, മുസ്‌ലിമായിക്കൊണ്ടല്ലാതെ നീ മരിക്കരുത്, മര്‍ദിതന്റെ പ്രാര്‍ഥന നീ സൂക്ഷിക്കണം.” നബി(സ)യുടെ ഗുരുമുഖത്ത് നിന്ന് കിട്ടുന്ന വിജ്ഞാനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഉത്തമശിഷ്യനായിരുന്നു മുആദ്(റ). മുആദ്ബ്‌നു ജബല്‍(റ) അന്ത്യനാളില്‍ ജ്ഞാനികളുടെ നേതാവാണെന്ന് നബി(സ) അരുളിയതും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് കിട്ടിയ ആദരവ് തന്നെയാണ്.
നാം ആര്‍ജിക്കുന്ന വിജ്ഞാനം വിശ്വാസത്തെ പോഷിപ്പിക്കുകയും വികാസത്തിനും സംസ്‌കാരത്തിനുമുള്ള ജീവിത വഴികളെ സുഗമമാക്കുകയും ചെയ്യണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശ്വാസവുമായി ഉള്‍ച്ചേരാതിരിക്കുന്നതും കര്‍മങ്ങളായി പ്രതിഫലിക്കാതിരിക്കുന്നതുമാണ് വിജ്ഞാനം പ്രയോജനരഹിതമാകാനുള്ള കാരണം. മനുഷ്യനെന്ന സൃഷ്ടിയുടെ വികാസക്ഷമതയെ സത്യശുദ്ധമായ വിജ്ഞാനത്തിലൂടെയും വിശ്വാസത്തിലൂടെയും പോഷിപ്പിക്കുകയാണ് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍. മുഹമ്മദ് നബി(സ) എന്ന മാതൃക ഗുരുവിലൂടെ അത് സ്വാംശീകരിച്ചെടുത്ത സച്ചരിതര്‍ വിജ്ഞാനത്തോട് ആര്‍ത്തിയുള്ളപ്പോള്‍ തന്നെ ദുനിയാവിനോട് വിരക്തിയും പ്രകടിപ്പിച്ചു. വിജ്ഞാനവും വിശ്വാസവും സ്വയം വികാസത്തിന് വ്യക്തിയെ പാകപ്പെടുന്നതിലുപരി ജീവിത പരിസരങ്ങളിലേക്ക് നന്മയുടെ പ്രഭ പരത്താന്‍ അത് ഉള്‍ക്കരുത്തായിത്തീരുകയും ചെയ്യുന്നു. വിജ്ഞാനവും വിശ്വാസവും കര്‍മങ്ങള്‍ക്ക് കരുത്തും കരുതലുമായിത്തീരുന്നതുകൊണ്ടാണ് വിജ്ഞാന വര്‍ധനവിനായി വിശ്വാസി പ്രാര്‍ഥിക്കണമെന്ന് അല്ലാഹു കല്പിക്കുന്നത്. (20: 114)
വിശ്വാസം എന്ന അര്‍ഥത്തെ കുറിക്കാന്‍ അറബിയില്‍ പ്രയോഗിക്കുന്നത് ‘ഈമാന്‍’ എന്ന പദമാണ്. ഈമാന്‍ എന്ന  പദവും അതില്‍ നിന്ന് നിഷ്പന്നമായ വിശ്വാസമെന്ന അര്‍ഥത്തെ സൂചിപ്പിക്കുന്നു. മറ്റു പദപ്രയോഗങ്ങളും ഖുര്‍ആനില്‍ 811 തവണ ആവര്‍ത്തിച്ചിട്ടുണ്ട്. അറിവ് എന്ന അര്‍ഥത്തെക്കുറിക്കുന്ന ഇല്‍മ്, മഅ്‌രിഫ എന്നീ പദങ്ങളില്‍ നിന്ന് നിഷ്പന്നമായിട്ടുള്ള മറ്റു പദപ്രയോഗങ്ങളും 811 തവണ തന്നെയാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ചിട്ടുള്ളത്. വിജ്ഞാനം, വിശ്വാസം എന്നീ വിഷയ സംബന്ധിയായി ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തുല്യപ്രാധാന്യമുണ്ടെന്നാണ് ഇവ്വിഷയകമായിട്ടുള്ള സൂക്തങ്ങളുടെ എണ്ണത്തിലുള്ള സാമ്യത നമ്മെ ബോധ്യപ്പെടുത്തുന്നത്. ഖുര്‍ആന്‍ ഊന്നിയിട്ടുള്ള മൗലികാശയങ്ങളായ തൗഹീദ് (ഏകദൈവ വിശ്വാസം), ആഖിറത്ത് (പരലോകം), രിസാലത്ത് (ദിവ്യദൗത്യം) എന്നിവ യഥാവിധി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത് അറിവുള്ളവര്‍ക്ക് മാത്രമാണെന്നാണ് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നത്. ഇഹപര വിജയത്തിന് നിദാനമായിട്ടുള്ള അചഞ്ചല ദൈവ വിശ്വാസത്തിന് കരുത്ത് പകരുന്നതിന് ദൃഷ്ടാന്ത വായന അനിവാര്യമാണ്. ദൃഷ്ടാന്തം എന്ന് അര്‍ഥം ദ്യോദിപ്പിക്കുന്ന ആയത്ത് എന്ന പദം ഖുര്‍ആനില്‍ മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തങ്ങള്‍), ഖുര്‍ആന്‍ വചനങ്ങള്‍, പ്രാപഞ്ചിക വിസ്മയങ്ങള്‍ എന്നീ ആശയങ്ങളിലാണ് പ്രയോഗിച്ചു കാണുന്നത്. ഇതില്‍ പ്രവാചകന്മാര്‍ ദൈവദൂതന്മാര്‍ ആണെന്ന് പ്രബോധിത സമൂഹത്തിന് ബോധ്യപ്പെടാന്‍ അതാത് കാലത്തെ സാമൂഹിക സാഹചര്യം പരിഗണിച്ചുകൊണ്ട് അല്ലാഹു അവന്റെ ഉദ്ദേശപ്രകാരം പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തുന്ന പ്രത്യേക ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്ത്. കാലദേശ പരിധിക്കുള്ളില്‍ മാത്രം പ്രസക്തമായവയാണിവ.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും മനുഷ്യനുവേണ്ടി അല്ലാഹു സംവിധാനിച്ച പ്രപഞ്ചമെന്ന പുസ്തകത്തിലെ അത്ഭുതങ്ങളും കാലദേശാതിര്‍ത്തികളെ മറികടന്ന് ദൃഷ്ടാന്തങ്ങളായി നിലകൊള്ളുന്നു. അവ്വിധം അത് ബോധ്യപ്പെടുത്തണമെങ്കില്‍ കാലോചിതമായ പഠന മനനങ്ങളും ഗവേഷണങ്ങളും അനിവാര്യമാണ്. യുക്തിബോധത്തിലും ജിജ്ഞാസയിലുമൂന്നി വിജ്ഞാനം അന്വേഷിക്കുന്നവര്‍ക്ക് വിശ്വാസത്തിലൂടെ സ്വത്വവികാസവും സംസ്‌കരണവും സാധ്യമാകും. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഊര്‍ജം ലഭിക്കുന്നത് അറിവ് ആര്‍ജിക്കുന്നതിലൂടെയാണ്. അറിവുള്ളവരുടെ ഗുണമായി ഖുര്‍ആന്‍ (23:43) എടുത്തു പറയുന്നത് അവര്‍ ചിന്താശീലമുള്ളവരാണ് എന്നതാണ്. ഖുര്‍ആന്‍ ആകുന്ന നിത്യപ്രസക്ത ദൃഷ്ടാന്തത്തെ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും അറിവുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഖുര്‍ആന്‍ (3:7) നമ്മെ പഠിപ്പിക്കുന്നു.
പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുടെ അത്ഭുത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നവം നവങ്ങളായ കണ്ടുപിടുത്തങ്ങള്‍ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് ചിന്തിക്കാനുള്ള ചൂണ്ടുപലകകളാണ്. അല്ലാഹു പറയുന്നു. ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വിന്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കഴിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് (30:22). വിജ്ഞാനം വിശ്വാസത്തെയും വിശ്വാസം കര്‍മത്തെയും സ്വാധീനിക്കുന്നതിന്റെ ഫലമായിട്ടാണ് വിശ്വാസത്തിന്റെ അനിവാര്യ ഗുണങ്ങളായിട്ടുള്ള വിനയത്തിന്റെയും ഭക്തിയുടെയും തലത്തിലേക്ക് ഒരാള്‍ എത്തിപ്പെടുന്നത്. വിശ്വാസത്തിലധിഷ്ഠിതമായി വിജ്ഞാനം നേടുന്നതിനെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭക്തിപൂര്‍ണമായ ജീവിതത്തിന് നാം പാകപ്പെട്ട് വരുന്നു. ‘അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ അറിവുള്ളവര്‍ മാത്രമാകുന്നു'(35:28). എന്ന ദൈവിക വചനത്തിന്റെ പൊരുളും അത് തന്നെയാണ്.
വിശുദ്ധ ഖുര്‍ആനില്‍ വിജ്ഞാനം നല്‍കപ്പെട്ടവര്‍ (ഊതുല്‍ ഇല്‍മ്) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് അര്‍ഥവിശാലതയോടെ നാമുള്‍ക്കൊള്ളേണ്ടതുണ്ട്. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനായി അല്ലാഹു ഉണ്ടെന്ന വിശ്വാസമുള്ളവര്‍ക്ക് മാത്രമാണ് ജ്ഞാനപരിമിതിയുള്‍ക്കൊണ്ട് വിനയാന്വിതരാകാന്‍ കഴിയുന്നത്. ജീവിതത്തെ പ്രകാശമാനമാക്കുന്ന യഥാര്‍ഥ വിജ്ഞാനത്തെ ഇക്കൂട്ടര്‍ സദാ അന്വേഷിച്ചുകൊണ്ടിരിക്കും. വിജ്ഞാനവും വിശ്വാസവും പരസ്പര പൂരകമായിട്ടില്ലെങ്കില്‍ ജ്ഞാന സമ്പന്നതയിലും അസാന്മാര്‍ഗികതയുടെ ചെളിക്കുണ്ടില്‍ അലക്ഷ്യമായി ജീവിച്ചുതീര്‍ക്കുന്നവരായി മാറും. വിജ്ഞാനത്തിന്റെ നവീകരണം നടക്കുന്നതോടൊപ്പം വിശ്വാസത്തിന്റെ ഉള്‍വെളിച്ചം സ്വാധീനിക്കാന്‍ കഴിയാതിരിക്കുന്നത് ഇന്നിന്റെ സാഹചര്യത്തില്‍ ജീവിതത്തെ തമോമയമാക്കിയിട്ടുണ്ട്. വിജ്ഞാനവും വിശ്വാസവും ഉള്‍ച്ചേരുമ്പോഴാണ് വികാസത്തിന് ഉള്‍ക്കരുത്തായിത്തീരുന്നതെന്ന് ഖുര്‍ആന്‍ അടിവരയിടുന്നതിന്റെ പ്രസക്തി ഇവിടെ നമുക്കുള്‍ക്കൊള്ളാനാവുന്നു. അല്ലാഹു പറയുന്നു: ”നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (58:11)
വിശ്വാസത്തിലധിഷ്ഠിതമായ വിജ്ഞാനം മനുഷ്യന് തിരിച്ചറിവുകള്‍ നല്‍കുന്നു. സ്രഷ്ടാവിന്റെ അസ്തിത്വം, ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തി അനശ്വരമായ പാരത്രിക ജീവിതം എന്നീ തിരിച്ചറിവുകളിലേക്കാണ് ഖുര്‍ആന്‍ ഊന്നലുകള്‍ നല്‍കുന്നത്. മനുഷ്യന്റെ പരിമിതമായ വിജ്ഞാനവും ബുദ്ധിയും, യുക്തിയും ഉപയോഗപ്പെടുത്തി ചിന്തിച്ച് ഈ തിരിച്ചറിവുകള്‍ നേടാനാണ് ഖുര്‍ആനിന്റെ താല്‍പര്യം. സൃഷ്ടിലോകത്തിന്റെ തെളിവുകളില്‍ നിന്ന് ഒരു സോദ്ദേശ്യ നിയന്താവിന്റെ അസ്തിത്വം ബോധ്യപ്പെടുത്തുന്നു.
പ്രപഞ്ച നിയമങ്ങളിലുള്ള നിയന്ത്രണങ്ങളും സോദ്ദേശ്യതയും ഏകദൈവ വിശ്വാസത്തിന്റെ അനിവാര്യത അംഗീകരിക്കാന്‍ അറിവുള്ളവരെ പ്രാപ്തരാക്കുന്നു. ഐഹിക ജീവിതത്തിലെ വിഭവങ്ങളുടെ നശ്വരത തിരിച്ചറിയുന്നതോടെ അനശ്വര ലോകത്തിലെ രക്ഷാശിക്ഷകള്‍ നീതിയുടെ താല്‍പര്യമായി മാറുന്നു. വിശ്വാസത്തിലധിഷ്ഠിതമായ വിജ്ഞാനമുള്ളവര്‍ക്ക് ഭൗതിക സുഖാഡംബരങ്ങളില്‍ മതിമറന്ന് അലക്ഷ്യമായി ജീവിക്കുക സാധ്യമല്ല. എന്നാല്‍ വിശ്വാസത്തിന്റെ ഉള്‍ക്കരുത്തോടെ ജീവിക്കുന്നവര്‍ ഭൗതിക സുഖാസ്വാദനങ്ങളില്‍ വഞ്ചിതരാവുകയില്ല. അതിമോഹങ്ങള്‍ അവരെ അടക്കി ഭരിക്കുകയുമില്ല.
സമ്പല്‍സമൃദ്ധിയില്‍ പുളകം കൊള്ളുകയും അഹങ്കാരിയായി ജീവിക്കുകയും ചെയ്ത ഖാറൂന്റെ ആര്‍ഭാട ജീവിതം കണ്ടപ്പോള്‍ ആളുകള്‍ രണ്ടുതരത്തില്‍ പ്രതികരിച്ചതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഖാറൂനും ലഭിച്ചതുപോലെ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചവരായിരുന്നു ഭൗതികാസക്തിയില്‍ എല്ലാം മറന്ന ഒരു വിഭാഗം ജനങ്ങള്‍. ഖുര്‍ആന്‍(28:80) ഇങ്ങനെ പറഞ്ഞ് തരുന്നു. ‘അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് നാശം. വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല”- ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അറിവാണ് വിശ്വാസിക്ക് തിരിച്ചറിവുകള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നത്. ഈ തിരിച്ചറിവുകളും തദനുസൃതമായ കര്‍മങ്ങളുമാണ് വ്യക്തിയില്‍ വികാസവും സംസ്‌കരണവും സാധ്യമാക്കുന്നത്.
വിവ. സി കെ റജീഷ്‌
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x