10 Saturday
January 2026
2026 January 10
1447 Rajab 21

വിജയകരമാകുന്ന നവോത്ഥാനം – അബ്ദുല്‍അലി മദനി

ഇസ്‌ലാമിക ശരീഅത്ത് ദൈവികമാണ്. അതിന്റെ അടിസ്ഥാന സ്രോതസ്സ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് മനുഷ്യചിന്തക്കും ബുദ്ധിക്കുമനുസൃതമായി മനുഷ്യരാല്‍ രൂപപ്പെടുത്തിയതല്ല അത്. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വാക്കുകളും വചനങ്ങളും ആശയങ്ങളും അതിന്റെയടിസ്ഥാനത്തിലുള്ള നബി(സ)യുടെ വ്യാഖ്യാനവും വിശദീകരണവുമാണതിന്റെ ഉറവിടം. ഈ നിയമ സംഹിതകളൊന്നും മനുഷ്യരെ അടിച്ചൊതുക്കി വാഴാന്‍ വന്നതുമല്ല. പ്രത്യേകമായുണ്ടാകുന്ന സംഭവങ്ങള്‍ക്കനുസരിച്ചും ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെന്ന നിലയിലും നിയമങ്ങളടങ്ങിയ ദൈവവാക്യങ്ങള്‍ അവതരിച്ചിട്ടുണ്ട്. സുന്നത്ത് അതിന്റെ വിശദാംശമാണ്. നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, ആഗ്രഹ പ്രകടനം എന്നിവയടങ്ങുന്നതാണ് നബിചര്യ. അഥവാ, അല്ലാഹുവിന്റെ ആശയങ്ങളിലൂന്നി പ്രവാചകന്‍ നല്‍കുന്ന വിശദീകരണം.
ലക്ഷത്തിലേറെ പ്രവാചകന്മാരിലൂടെ ദൈവീക സന്ദേശങ്ങള്‍ അവതീര്‍ണമായിട്ടുണ്ടെങ്കിലും സമ്പൂര്‍ണവും സമഗ്രവും അന്യൂനവും കാലാതിവര്‍ത്തിയുമായൊരു നിയമസംഹിത അവസാന ദൈവദൂതനായ മുഹമ്മദ് നബിയിലൂടെയാണ് വന്നു കിട്ടിയിട്ടുള്ളത്. ഈ നിയമങ്ങള്‍ അനുശാസിക്കുന്നതെല്ലാം നടപ്പിലാക്കാന്‍ സ്വയം സന്നദ്ധരായി ആവശ്യപ്പെട്ടുവരുന്ന ഒരു ജനതയെയാണ് പ്രവാചകന്‍ വളര്‍ത്തിയെടുത്തത്. ഈ ശരീഅത്തിന്റെ സമ്പൂര്‍ണത ഇങ്ങനെ വിളംബരം ചെയ്യപ്പെട്ടു. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.”(വി.ഖു 5:3)
ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനപരമായ പൊതു സ്വഭാവം നിദാന ശാസ്ത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്. (1). പ്രയാസ രഹിതമാവുക. ”അല്ലാഹു നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല”(വി.ഖു 2:185). ”മത കാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല”(വി.ഖു 22:78). (2) നേരത്തെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുക. കുറയ്ക്കുക. ”നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു”(വി.ഖു 7:157). (3) പടിപടിയായി ക്രമപ്രകാരം നിയമങ്ങള്‍ നടപ്പില്‍ വരുത്തുക. മദ്യം നിരോധിച്ചതുപോലെ. ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെയും നിദാനശാസ്ത്ര പണ്ഡിതന്മാര്‍   ™ണ്മഏ ീമ്മ~ിഥ, ത്ഥശ്ലുറƒന്ദˆറഏ ശ്ശുമ ീപ്ലശ്ലപ്പദ്ധˆെറഏ, ഞ്ഞഷു™ക്കžˆെറഏ ന്ധ ീ ഷഝ~ˆെറഏ എന്നാണ് പറയാറുള്ളത്.
മനുഷ്യശരീരം, രക്തം, സമ്പത്ത്, സന്താനം, അഭിമാനം, ബുദ്ധി എന്നിവയുടെ പൂര്‍ണ സുരക്ഷിതത്വവും നിര്‍ഭയത്വവും ഉറപ്പുവരുത്തുകയെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ മുഖ്യമായ ദൗത്യമാണ്.
ആരാധനകള്‍, സാമ്പത്തിക ഇടപാടുകള്‍, ശിക്ഷാമുറകള്‍, കുടുംബ വ്യക്തി നിയമങ്ങള്‍, ദായക്രമം, വിവാഹം വിവാഹമോചനം, വസിയ്യത്ത് നിയമങ്ങള്‍, യുദ്ധം, ബന്ധനസ്ഥര്‍, കരാര്‍ പാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയും അവയുടെ ഉപവകുപ്പുകളും ശരീഅത്തുനിയമങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ നിയമ സംഹിതയിലൂടെ കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാം. (1) ഹലാലും ഹറാമും വ്യക്തമാക്കുന്ന നിയമങ്ങള്‍, (2) സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതായ ‘മുതശാബിഹാത്തു’കള്‍ അഥവാ (ഹലാലും ഹറാമും) ഖണ്ഡിതമായി പറയാനാവാത്തവ. (3) നന്മ തിന്മകളുടെ ഏറ്റക്കുറവുകള്‍ പരിഗണിക്കേണ്ടവ, (4) രണ്ടു ഉപദ്രവങ്ങള്‍ ഒന്നിച്ചു വന്നാല്‍ അതിലെ താരതമ്യേന ലഘുവായത് സ്വീകരിക്കല്‍, (5) നിഷിദ്ധമാക്കപ്പെട്ടവയെങ്കിലും ജീവന്‍ രക്ഷാര്‍ഥം താല്‍ക്കാലികമായി അനുവദിക്കുന്നുവ. ഉദാഹരണമായി പലിശ, ഹറാമായ ഭക്ഷണം മുതലായവയല്ലാത്തതൊന്നും ലഭിക്കാതെ വരുന്ന ഘട്ടത്തില്‍ അവ ഹറാമു തന്നെയാണെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷിക്കാമെന്നത്. (വി.ഖു 6:119, 16:115)
ഇവിടെ സുപ്രധാനമായൊരു കാര്യവും സൂചിപ്പിക്കാനുള്ളത് ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും പ്രവാചകനടക്കം എല്ലാവര്‍ക്കും ബാധകമായതാണെന്നുള്ളതാണ്. എന്നാല്‍ നിയമ വാഴ്ചയില്ലാത്തൊരു സമൂഹത്തിലെ ജീര്‍ണതകളകറ്റി നിയമ വിധേയമാക്കാന്‍ നിയോഗിക്കപ്പെടുന്ന ദൈവദൂതനു മാത്രം അനുവദിക്കപ്പെടുന്ന ചില പ്രത്യേക നിയമങ്ങളും ഉണ്ടായെന്ന് വരാം. അത്തരം നിയമങ്ങളെ സംബന്ധിച്ചു പ്രവാചകന്‍ ജനങ്ങളെ വേര്‍തിരിച്ചു ബോധ്യപ്പെടുത്തും.
കൂടാതെ ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് (ഇജ്തിഹാദ്) പഴുതില്ലാത്തവയും ഗവേഷണങ്ങള്‍ക്കു സാധ്യതയുണ്ടാകുന്ന അനിവാര്യ ഘടകങ്ങളും ഉണ്ടായേക്കാം. മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതും പ്രായോഗികവുമായൊരു മത സംഹിതയെന്ന നിലയില്‍ ഇസ്‌ലാം ഇങ്ങനെയൊരു വാതില്‍ തുറന്നു വെച്ചിട്ടുണ്ട്. എന്നാല്‍, ഗവേഷണത്തിലൂടെ (ഇജ്തിഹാ ദ്) കണ്ടെത്തുന്ന നിയമങ്ങളൊന്നും അന്തിമവും ഖണ്ഡിതവുമായ നിയമങ്ങളായി പരിഗണിക്കുകയില്ല. അതോടൊപ്പം അത് ശരീഅത്ത് നിയങ്ങളെ കാലോചിതമായി മാറ്റി മറിക്കലാണെന്ന് ധരിക്കാനും പാടില്ല. മറിച്ച്, നിയമങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ മാത്രമാണ്.
ലോക ചരിത്രത്തില്‍ ഒരിക്കലും പരിചയമില്ലാത്ത പുതിയൊരു നാഗരിക ക്രമമാണ് ഇസ്‌ലാമിക ശരീഅത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടായത്. അതിനു കാരണം ഈ നിയമങ്ങള്‍ ‘അഖീദയും’ (വിശ്വാസം), ‘ശരീഅത്തും’ (നിയമങ്ങള്‍) ഒന്നിച്ചു ചേര്‍ന്ന നിയമ സംഹിതയായതിനാലാണ്.
ദൈവദൂതന്മാരുടെ രിസാലത്ത് (പ്രവാചകത്വം) മൂന്ന് അടിത്തറകളിലാണ് ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. (1) പ്രപഞ്ച നാഥനായ അല്ലാഹുവിലുള്ള വിശ്വാസം, (2) മരണാനന്തര ജീവിത വിശ്വാസം, (3) മോക്ഷം ലഭിക്കാന്‍ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നത്. ഇതിലുള്ള ഒന്നും രണ്ടും അഖീദയുമായും അവസാനത്തേ ത് ശരീഅത്തുമായും ബന്ധപ്പെട്ടു കിടക്കുന്നു. അഥവാ ഇസ്‌ലാമിക ശരീഅത്ത് അഖീദയും ശരീഅത്തും ഒന്നിച്ചു നില്‍ക്കുന്നതാണെന്ന് നാം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. എന്നാലിതില്‍ പ്രവാചകന്മാര്‍ തങ്ങളുടെ സമുദായങ്ങളെ പരിശീലിപ്പിച്ച ശരീഅത്തു വ്യത്യാസങ്ങളുള്ളതും അഖീദ ഒരേ രൂപത്തിലുള്ളതുമാണ്. കാരണം, മനുഷ്യരുടെ ബുദ്ധിവികാസം ജീവിത സാഹചര്യങ്ങള്‍, അവരുടെ സാമൂഹ്യവും, സാംസ്‌കാരികവും വൈജ്ഞാനികവുമായ അഭിവൃദ്ധി, സാമ്പത്തികവും വ്യാവസായികവുമായ ഉന്നമനം എന്നിവയിലെല്ലാം വിഭിന്നങ്ങളായ അവസ്ഥകള്‍  വന്നു ചേരുന്നതിനാലാണത്.
പ്രവാചകന്മാരുടെ സമൂഹത്തിന്റെയവസ്ഥകള്‍ വിലയിരുത്തിയാല്‍ ആദ്യത്തെ ദൈവദൂതനിലൂടെയറിയിച്ച ശരീഅത്തല്ല പിന്നീട് നിയുക്തരായ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ‘അഖീദ’ ഒന്നു തന്നെയായിരിക്കും. എന്നാല്‍, അവസാനത്തെ ദൂതനായ മുഹമ്മദ് നബി(സ)യിലൂടെ അവതീര്‍ണമായ സമ്പൂര്‍ണ ശരീഅത്ത് മുഹമ്മദ് നബിക്കു മുമ്പ് കഴിഞ്ഞുപോയ നബിമാരുടെ ശരീഅത്തുകളുടെ കുറവുകള്‍ പരിഹരിച്ചുകൊണ്ടും ആവശ്യമായവ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ളതുമാണെന്ന് കാണാം. വിശ്വാസികളോടാണ് അല്ലാഹു നിയമങ്ങള്‍ പറയുന്നത്. ‘യാ അയ്യുഹല്ലദീന ആമനൂ’ എന്ന അഭിസംബോധനാരീതി പ്രത്യേകം ശ്രദ്ധിക്കുക.
ഈ വിധം സമ്പൂര്‍ണത കൈവരിച്ച ഒരു ശരീഅത്തിനെ കാലോചിതമായി മാറ്റണമെന്ന് പറയുന്നവര്‍ രിസാലത്തിനെയും ശരീഅത്തിനെയുമെല്ലാം തെറ്റായ വായന നടത്തിയവരും അതിരുവിട്ടവരുമാണ്. മുഹമ്മദ് നബി(സ)യിലൂടെ അവതരിച്ച സമ്പൂര്‍ണ ശരീഅത്തിന്റെ മുമ്പായി വന്നിട്ടുള്ള മറ്റു പ്രവാചകന്മാരിലൂടെയവതരിച്ച ശരീഅത്തുകളെ വിലയിരുത്തിയവരില്‍ നിന്നും തെറ്റിദ്ധരിച്ചതാകാം അവര്‍. പ്രവാചകന്മാര്‍ അവരവരുടെ സമുദായങ്ങളെയറിയിക്കുന്ന മതനിയമങ്ങള്‍ പ്രവാചകന്മാരുടെ സ്വന്തം താല്പര്യത്തിനനുസരിച്ച് മാറ്റിയതാണെന്ന ധാരണയില്‍ നിന്നുമാകാം അവര്‍ അങ്ങനെ പറഞ്ഞത്. അതുമല്ലെങ്കില്‍ ഓരോ വ്യക്തിക്കും നിയമങ്ങളെ പരിഷ്‌ക്കരിക്കാനുള്ള അവകാശമുണ്ടെന്ന തെറ്റായ വിലയിരുത്തലുമാകാം. എന്തു തന്നെയായിരുന്നാലും ശരീഅത്തുനിയമങ്ങളെ ഭേദഗതി വരുത്തണമെങ്കില്‍ പ്രവാചകന്മാരിലൂടെ ലഭ്യമാകുന്ന ദിവ്യ സന്ദേശത്തിന്റെയടിസ്ഥാനത്തിലല്ലാതെ പാടില്ലെന്നത് മതവിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാത്ത പക്ഷം ദൈവിക നിയമങ്ങള്‍ അലങ്കോലപ്പെടാന്‍ ഇത് നിമിത്തമാകും.
ആയതിനാല്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരിലൂടെ അവതരിച്ച നിയമങ്ങളെ ആവശ്യമായ മാറ്റങ്ങള്‍ക്കു ശേഷം സമ്പൂര്‍ണമായി മുഹമ്മദ് നബിയിലൂടെ ലഭിച്ചത് ഇനിയൊരിക്കലും വകഭേദം വരുത്തേണ്ടതില്ലാത്തവിധം സുരക്ഷിതവും കാലാതിവര്‍ത്തിയുമായി നിലനില്‍ക്കും. ഖുര്‍ആന്‍ ഏതുവരെ നിലനില്‍ക്കുമോ അതുവരെ.
നിലവിലുള്ള നിയമസംഹിതകളില്‍ മികവുറ്റ അളവുകോലുകള്‍ ഇസ്‌ലാമികാധ്യാപനങ്ങളിലാണ് കാണപ്പെടുന്നത്. ആയതിനാല്‍, ഇസ്‌ലാമിക ശരീഅത്ത് ഭേദഗതി വരുത്തണമെന്ന മുറവിളിയേക്കാള്‍ ശക്തമാക്കേണ്ടത് ഇസ്‌ലാമികമല്ലാത്ത നിയമസംഹിതകളുടെ സാധ്യതകളെക്കുറിച്ചാണ്. ശരീഅത്തു നിയമങ്ങള്‍ മാറ്റണമെന്ന് പറയുന്നവര്‍ അഖീദയില്‍ (വിശ്വാസകാര്യങ്ങളില്‍) ഭേദഗതി വേണമെന്ന് പറഞ്ഞുകാണുന്നില്ല. അതിന്നു കാരണം ശരീഅത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അഖീദയുടെ പ്രസക്തി തനിയെ നഷ്ടപ്പെടുമെന്നറിയുന്നതിനാലാണ്. മുസ്‌ലിംകളെസ്സംബന്ധിച്ചേടത്തോളം അഖീദയുടെ ശക്തി പ്രഭാവത്തിലാണ് ശരീഅത്തിന്റെ നിലനില്‍പെന്നതുമാണ്.
അഖീദയിലെ മുഴുവന്‍ വിശ്വാസ കാര്യങ്ങളും അംഗീകരിച്ചവനെ ‘മുഅ്മിന്‍’ എന്ന് സാങ്കേതികമായി പറയുന്നു. അല്ലാഹുവിന്റെ ഏകത്വം പൂര്‍ണമായി ഉള്‍ക്കൊണ്ടവനെ ‘മുവഹിദ്’ എന്നും പറയുന്നു. ശരീഅത്തു നിയമങ്ങളെ ആവശ്യാനുസരണം മാറ്റിത്തിരുത്തണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഈമാന്‍ കാര്യങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുകാണുമെന്ന് പറയാതെ വയ്യ.
ചുരുക്കത്തില്‍ പ്രവാചകന്മാര്‍ അഖീദയും ശരീഅത്തും അടങ്ങിയ ദീനിനെയാണ് മനുഷ്യരുടെ മുന്നില്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത്.
അതിന്റെ സമ്പൂര്‍ണത കൈവരിച്ച നിയമ സംഹിതയെയാണ് നാം ഇസ്‌ലാമിക ശരീഅത്തെന്ന് വിളിക്കുന്നത്. എനിക്കൊരിക്കലും ഒരു ദൈവദൂതന്‍ നിയോഗിക്കപ്പെടുകയോ വേദഗ്രന്ഥം അവതരിപ്പിക്കപ്പെടുകയോ ഇല്ല. അതിന്റെ ആവശ്യവുമില്ല. നീതിയിലധിഷ്ഠിതമായി, കാലത്തിനനുസൃതമായി ഖണ്ഡിതമായവതരിച്ച നിയമങ്ങള്‍ ഭേദഗതി വരുത്താനും പാടില്ല.
ഈ ശരീഅത്തിലേക്ക് മനുഷ്യരെ വഴികാണിച്ച ദൈവദൂതരൊന്നും സ്വന്തം ഇഷ്ടാനുസരണം ഒരു നിയമവും മനുഷ്യരെ പഠിപ്പിച്ചിട്ടുമില്ല. ഞങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് ഓര്‍മപ്പെടുത്തിയവരാണവര്‍. പ്രപഞ്ചനാഥനില്‍ നിന്നുള്ള നിയമ സമാഹാരമാണ് ഇസ്‌ലാമിക ശരീഅത്ത്. അതില്‍ ഊന്നി നിന്നുകൊണ്ടുള്ള നവോത്ഥാനമാണ് (ഇസ്‌ലാഹ്) കാലം തേടുന്നതും വിജയകരമാകുന്നതും.
മനുഷ്യര്‍ക്കിടയില്‍ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉടലെടുത്താല്‍ വിശ്വാസികളോടുള്ള ദൈവിക നിര്‍ദേശം അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടങ്ങുകയെന്നതു മാത്രമാണ്. അഥവാ, ഖുര്‍ആനിലുണ്ടോ, സത്യവും ശരിയുമായംഗീകരിച്ച സുന്നത്തിലുണ്ടോ എന്ന് നോക്കുക. അതിന്റെയപ്പുറത്തുള്ള വ്യാഖ്യാനങ്ങളായ തഫ്‌സീറുകളും തഅ്‌വീലുകളും മേല്‍ സൂചിപ്പിച്ച രണ്ട് പ്രമാണങ്ങളേക്കാള്‍ മുന്‍ഗണന കൊടുക്കപ്പടേണ്ടതല്ല. വിശുദ്ധ ഖുര്‍ആനിനെതിരായി വരുന്ന ഏതൊരു വിശദീകരണവും അത് ആരുടേതായാലും സ്വീകാര്യമല്ല. ശരീഅത്തിന്റെ അജയ്യത ഉജ്വലമാകുന്നത് അതിലൂടെയാണ്. (വി.ഖു 4:59)
Back to Top