വാഹനക്കൂലിയായി നൂറ് മിസ്‌ക്കാലിന്റെ പകുതി – സി കെ റജീഷ്
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലാണ് ഇമാം ശാഫിഈയുടെ ജനനം. ശാഫിക്ക് രണ്ട് വയസ്സ് തികയും മുമ്പെ പിതാവ് മരണപ്പെട്ടു. വിജ്ഞാനദാഹിയും സമര്‍ത്ഥനുമായിരുന്ന ആ കുട്ടിയെ വളര്‍ത്തേണ്ട ചുമതല മാതാവിനായിരുന്നു. മാതാവ് ശാഫിയെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു. പഠന ചെലവിനായി കുട്ടിയുടെ കൈയില്‍ വെച്ച് കൊടുക്കാന്‍ അവരുടെയടുക്കല്‍ കാശൊന്നുമുണ്ടായിരുന്നില്ല. എഴുതാനുള്ള പേപ്പര്‍ വാങ്ങാന്‍ പോലും ശാഫി പ്രയാസപ്പെട്ടു. ക്ലാസുകളില്‍ നിന്ന് കേട്ട കാര്യങ്ങള്‍ മൃഗങ്ങളുടെ എല്ലുകളിലായിരുന്നു എഴുതിവെച്ചിരുന്നത്. ഓഫീസുകളില്‍ നിന്ന് ഉപയോഗം കഴിഞ്ഞ് പുറത്തേക്കെറിയുന്ന കടലാസുകള്‍ ശേഖരിച്ച് അതിലും അദ്ദേഹം എഴുതിവെച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫീസ് കൊടുത്തിരുന്നില്ല. പള്ളിക്കൂടത്തില്‍ ഫീസ് കൊടുക്കാതെ പഠിക്കുന്ന ഈ കുട്ടിയെ അധ്യാപകന്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. കേട്ട കാര്യങ്ങള്‍ പെട്ടെന്ന് മനപ്പാഠമാക്കുന്നതില്‍ അസാമാന്യ ശേഷി ഈ കുട്ടിക്ക് ഉണ്ടെന്ന് അധ്യാപകന്‍ പിന്നീട് തിരിച്ചറിഞ്ഞു. ശാഫിയുടെ ബുദ്ധിസാമര്‍ഥ്യത്തില്‍ മതിപ്പ് തോന്നിയ അധ്യാപകന്‍ കുട്ടിക്ക് ഫീസിളവ് അനുവദിച്ചു.
ഏഴാം വയസ്സില്‍ ശാഫിഈ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാന പഠനത്തിനു ശേഷം ഹദീസ് പഠനത്തിനാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. മാതാവ് ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയിരുന്ന പണ്ഡിതയായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധിവൈഭവമുള്ള മകന് പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നുകരാനുള്ള അവസരമുണ്ടാകണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. തുടര്‍പഠനം മസ്ജിദുല്‍ ഹറമിലാകട്ടെ എന്ന് കരുതി മാതാവ് ശാഫിയെ അവിടേക്ക് അയച്ചു. മസ്ജിദു ഹറാമിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴില്‍ പഠനം തുടര്‍ന്നു. ശാഫിഈ മക്കയുടെ സമീപത്തുള്ള ഒരു ഗ്രാമത്തില്‍ പോയി ശുദ്ധ അറബിയും കവിതകളും പ്രയോഗരീതികളും ഒക്കെ പഠിച്ചു. അറിവ് നേടണമെന്ന അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തെ നാടുകളിലൂടെ വിജ്ഞാന ദാഹവുമായി യാത്ര തിരിക്കാന്‍ പ്രേരിപ്പിച്ചു. മക്ക, മദീന, യമന്‍, ഇറാഖ് തുടങ്ങിയ നാടുകളിലൂടെ അലയാന്‍ ഈ വിജ്ഞാന കുതുകിക്ക് സാമ്പത്തിക പരാധീനത ഒരു പ്രതിബന്ധമായിരുന്നില്ല.
ഒരിക്കല്‍ ഇമാം മാലിക് മസ്ജിദുല്‍ ഹറാമില്‍ ക്ലാസെടുക്കാന്‍ വന്ന സന്ദര്‍ഭം. ക്ലാസ് ശ്രദ്ധിച്ച ശാഫിഈ മാലികിന്റെ ശിഷ്യനായി പഠനം തുടരണമെന്ന് ആഗ്രഹിച്ചു. ഇമാം മാലികിന്റെ ‘മുവത്തഅ്’ എന്ന ഗ്രന്ഥം പണം കൊടുത്തു വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ വായ്പ വാങ്ങി നന്നായി പഠിച്ചു. മദീനയിലേക്ക് യാത്ര തിരിക്കണമെങ്കില്‍ പണം വേണം. വീട്ടുപകരണങ്ങള്‍ വിറ്റിട്ടാണ് ഉമ്മ അതിന് മാര്‍ഗമുണ്ടാക്കിയത്. മാലികിന്റെ സന്നിധിയില്‍ ചെന്ന് പരിചയപ്പെടാനും സഹായിക്കാനും മകനുവേണ്ടി മദീന ഗവര്‍ണര്‍ക്ക് ഒരു ശുപാര്‍ശക്കത്ത് തയ്യാറാക്കി കൊടുത്തു. ശാഫീഈ നേരിട്ട് മാലികിനോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ നല്ല ഒരു ഭാവിയുണ്ടെന്ന് ആശംസിച്ചു. ”അല്ലാഹു നിന്റെ ഹൃദയത്തില്‍ ഒരു പ്രകാശം വിന്യസിച്ചിട്ടുണ്ട്. അത് പാപം ചെയ്ത് നീ കെടുത്തിക്കളരുതെന്ന് ഉപദേശിക്കുകയും ചെയ്തു.’
വായ്പ വാങ്ങി പഠിച്ച മുവത്തഅ് എന്ന ഗ്രന്ഥം ശാഫിഈ പൂര്‍ണമായും മന:പാഠമാക്കിയിരുന്നു. അതു ഗുരുവിന് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വലിയ മതിപ്പ് തോന്നി. ശാഫിയെ ശിഷ്യനായി ഇമാം മാലിക് അംഗീകരിക്കുകയും ഹിജ്‌റ 170 ല്‍ ആ ഗുരു ശിഷ്യബന്ധത്തിന് ആരംഭം കുറിക്കുകയും ചെയ്തു. മദീനയില്‍ കുറച്ചുനാള്‍ കഴിച്ചുകൂട്ടിയ ശാഫിക്ക് ഉമ്മയെ കാണാന്‍ മക്കയിലേക്ക് പോകേണ്ടതായി വന്നു. അപ്പോള്‍ യാത്രാ ചെലവിനുള്ള പണം ഗുരു തന്നെ നല്‍കി സഹായിക്കുകയായിരുന്നു.
അബൂ ഹനീഫയുടെ ശിഷ്യന്മാരായ മുഹമ്മദ് ഹസനും അബൂയൂസുഫും ഇറാഖിലെ പ്രഗത്ഭ പണ്ഡിതന്മാരാണ്. ഇവരെക്കുറിച്ച് ശാഫിഈ അറിയുന്നത് കൂഫക്കാരനായ ഒരു യുവാവ് മുഖേനയാണ്. വിജ്ഞാനം തേടി കൂഫയിലേക്ക് ഈ യുവാവിനൊപ്പം പോകണമെന്ന് ശാഫിഈ ആഗ്രഹിച്ചു. ഗുരുവായ മാലികിനോട് അതിന് സമ്മതം ചോദിച്ചു. ശാഫിയുടെ കൈയില്‍ കാശൊന്നും ഇല്ലെന്ന് ഗുരുവിനറിയാം. എങ്കിലും ഒരു വാഹനം മാലിക് കൂലിക്ക് വിളിച്ചു. ശാഫിഈ തന്റെ നിസ്സഹായത തുറന്നു പറഞ്ഞു. ഗുരു അതിന് ഒരു പോംവഴി പറഞ്ഞുകൊടുത്തപ്പോള്‍ ശിഷ്യന് ആശ്വാസമായി. ഈജിപ്തിലെ ധനികനായ പണ്ഡിതന്‍ ലൈസിന്റെ പാരിതോഷികമായി തനിക്ക് ലഭിച്ച നൂറ് മിസ്‌കാലിന്റെ പകുതി വാഹനക്കൂലി കൊടുക്കാന്‍ തരാം എന്ന് മാലിക് അറിയിച്ചു. കുടുംബത്തിന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പകുതി പണം വിനിയോഗിക്കാമെന്നായിരുന്നു ഗുരുവിന്റെ തീരുമാനം. അബൂഹനീഫയുടെ ശിഷ്യന്മാരുടെയരികില്‍ ചെന്ന് വിജ്ഞാനം നേടണമെന്ന തന്റെ ശിഷ്യന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഗുരു വഴിയൊരുക്കിക്കൊടുത്തു. ഇരുപത്തിനാല് ദിവസം യാത്ര ചെയ്ത ശാഫിഈ കൂഫയിലെത്തി.
മാലിക് നേതൃത്വം നല്‍കിയിരുന്ന വിജ്ഞാന സദസ്സുകളില്‍ ശിഷ്യന്മാര്‍ ആര്‍ക്കും മറുപടി പറയാന്‍ സാധിക്കാത്ത ചോദ്യങ്ങള്‍ക്ക് പോലും ശാഫിഈ മറുപടി പറഞ്ഞിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഗുരു ശിഷ്യനെ തന്റെ സ്ഥാനത്ത് ഇരുത്തി ക്ലാസ് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യും. ശാഫിഈ എന്ന വിജ്ഞാന ദാഹിയുടെ അറിവിനും കഴിവിനും അര്‍ഹമായ അംഗീകാരം നല്‍കിയ ഗുരുവായിരുന്നു ഇമാം മാലിക്. ഹിജ്‌റ 179 ല്‍ ഇമാം മാലികിന്റെ വിയോഗം ശിഷ്യനായ ശാഫിഈയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.