വാവെയ് ഉല്പന്നങ്ങളുടെ ബഹിഷ്‌കരണം യൂറോപ്പില്‍ സമ്മിശ്ര പ്രതികരണം
ചൈനീസ് ടെലികോം ഭീമന്‍ വാവെയ്‌യുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന യു എസ് നിര്‍ദേശത്തിന് യൂറോപ്പില്‍ സമ്മിശ്ര പ്രതികരണം. ഇറാനെതിരായ ഉപരോധം ലംഘിച്ചുവെന്നാരോപിച്ചാണ് യു എസ് വാവെയ്‌യെ കരിമ്പട്ടികയില്‍ പെടുത്തിയത്. ചാരവൃത്തി നടത്തുന്നതായാരോപിച്ച് രണ്ടു ദിവസം മുമ്പ് വാവെയ് ഉദ്യോഗസ്ഥനെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ വാവെയ് ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ആഗോളതലത്തില്‍ കമ്പനിയുടെ സല്‍പേരിനു കോട്ടം വരുത്തിയെന്നു കാണിച്ചാണ് നടപടി. നേരത്തേ വാവെയ് മേധാവി മെങ് വാന്‍ഷുവിനെ കാനഡയും അറസ്റ്റ് ചെയ്തിരുന്നു.
ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മോചിപ്പിക്കുകയായിരുന്നു. ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന യു എസിന്റെ നിര്‍ദേശം ചില ഏഷ്യപസഫിക് രാജ്യങ്ങള്‍ അനുസരിച്ചു. 5ജി സേവനം ഉള്ളതിനാലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കമ്പനിയെ കൈവിടാന്‍ മടി. സ്വീഡന്റെ എറിക്‌സണ്‍, ഫിന്‍ലന്‍ഡിന്റെ നോകിയ, ദക്ഷിണ കൊറിയയുടെ സാംസങ് കമ്പനികളേക്കാള്‍ 5ജി സേവനത്തില്‍ ബഹുദൂരം മുന്നിലാണ് വാവെയ്. വേഗം കൂടുതലായതിനാല്‍ ഇന്റര്‍നെറ്റ് രംഗത്ത് വാവെയ് ഉല്‍പന്നങ്ങളാണ് യൂറോപ്പില്‍ കൂടുതലും ഉപയോഗിക്കുന്നത്. പോര്‍ചുഗലിലെ പ്രധാന കമ്പനിയായ എം.ഇ.ഒ ഡിസംബറില്‍ വാവെയ്‌യുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു.
ചൈനീസ് കമ്പനിയായതിനാല്‍ തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനമടക്കം ഈ ഉല്‍പന്നങ്ങളിലുണ്ടാകാമെന്നും യു എസ് ആരോപിച്ചിരുന്നു. ആസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ബഹിഷ്‌കരണത്തിന്റെ പാതയിലാണ്. ജര്‍മനിയും യു എസിന്റെ നിര്‍ദേശത്തോടെ സമ്മര്‍ദത്തിലായിട്ടുണ്ട്. എന്നാല്‍, ഉല്‍പന്നങ്ങള്‍ വഴി ചൈന ചാരപ്രവര്‍ത്തനം നടത്തുന്നതായി തെളിവു ലഭിച്ചിട്ടില്ലെന്നും രാജ്യത്തെ ഐ ടി ഉന്നതര്‍ വ്യക്തമാക്കി. വിലയല്‍പം കൂടുതലാണെങ്കിലും ഗുണനിലവാരത്തില്‍ വാവെയ് ഉല്‍പന്നങ്ങള്‍ മുന്നിലാണെന്നാണ് യൂറോപ്പില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ സമ്മര്‍ദങ്ങള്‍ക്കിടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് വാവെയ് കമ്പനി. വാവെയ് ഉല്‍പന്നങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു