വാളയാറില്‍ തുടരുന്ന നീതികേട് – അബ്ദുല്ലത്തീഫ് മലപ്പുറം
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളാണ് അവിടെ പീഡിപ്പിക്കപ്പെടുകയും പോലീസ് ഭാഷയില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത്. സമാന സ്വഭാവമുള്ള രണ്ടു മരണങ്ങള്‍ തന്നെ കേസിന്റെ ഗൗരവം വര്‍ധിപ്പിക്കണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടു പേരും പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പറയുന്നു. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തു നിന്നും കേള്‍ക്കാന്‍ പാടില്ലാത്ത കഥയാണ് നാം കേട്ടത്.
അവസാനം കോടതി പ്രതികള്‍ എന്ന പേരില്‍ അറസ്റ്റു ചെയ്തിരുന്നവരെ തെളിവില്ല എന്ന പേരില്‍ വെറുതെ വിട്ടിരിക്കുന്നു. കോടതിക്ക് അത് മാത്രമേ കഴിയൂ. തെളിവ് നല്‍കുക എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലിയാണ്. പ്രോസിക്യൂട്ടറെ സഹായിക്കുക എന്നത് പോലീസിന്റെ ജോലിയും. പക്ഷെ രണ്ടു പേരും ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്തു ചെയ്തില്ലെന്നാണു ആരോപണം. പ്രതികള്‍ക്ക് ഭരണ കക്ഷിയുടെ സഹായമുണ്ട് എന്നും ആരോപണമുണ്ട്. മറ്റൊന്ന് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ചിരുന്ന വക്കീല്‍ അതിനിടയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തലപ്പത്തെത്തി എന്നതും വിചാരണയുടെയും വിധിയുടെയും പകിട്ട് കുറക്കുന്നു. ധര്‍മവും അധര്‍മവും ജോലി കച്ചവടം എന്നിവിടങ്ങളില്‍ ബാധകമല്ല എന്ന് സമൂഹം സ്വയം തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കൊടും കുറ്റവാളികളുടെ വക്കാലത്തു ഏറ്റെടുക്കുന്നതില്‍ പലര്‍ക്കും ഒരു കുറ്റബോധവും തോന്നാറില്ല.
ഒരു കാര്യം ഉറപ്പാണ്. രണ്ടു ജീവനുകള്‍ വാളയാറില്‍ പൊലിഞ്ഞിട്ടുണ്ട്. അവര്‍ സമൂഹത്തിലെ താഴെ തട്ടില്‍ ഉള്ളവരായിരുന്നു എന്നതുതന്നെ കേസിന്റെ മെറിറ്റ് നിശ്ചയിക്കും.
കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പലതു കൊണ്ട് വ്യത്യസ്തമാണ് എന്ന് നാം അഹങ്കരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം , സാമൂഹിക മുന്നേറ്റം എന്നീ നിലകളില്‍ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തില്‍ നാമെത്തിയിട്ടുണ്ട് എന്നാണു നമ്മുടെ പൊതു ധാരണ. കുറ്റവാളികള്‍ തീരെ ഇല്ലാത്ത ഒരു സമൂഹം എന്നത് തീര്‍ത്തും സാങ്കല്‍പ്പിക ലോകമാണ്. അതെ സമയം കുറ്റവാളികള്‍ മാന്യമായി ശിക്ഷിക്കപ്പെടുക എന്നത് സാധ്യമായ കാര്യമാണ്. പ്രതികളെ നിയമത്തിനു മുന്നില്‍ രക്ഷിക്കാനുള്ള കരുക്കള്‍ നിയമ പാലകര്‍ തന്നെ നീക്കുന്നു എന്നത് നിസ്സാര കാര്യമല്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക എന്നത് മരിച്ചു പോയവര്‍ക്ക് നീതി എന്നതിനേക്കാള്‍ ജീവിക്കുന്ന സമൂഹത്തിനോട് ചെയ്യുന്ന നീതിയാണ്.