20 Saturday
April 2024
2024 April 20
1445 Chawwâl 11

വളരുന്ന കുഞ്ഞുങ്ങളും ശിക്ഷണ രീതികളും – സി എ സഈദ് ഫാറൂഖി

ലോകജനസംഖ്യയുടെ 36 ശതമാനം ശിശുക്കളാണ്. ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ 44 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. ഏകദേശം ജനസംഖ്യയുടെ പകുതി തന്നെ. വളര്‍ച്ച പ്രാപിക്കേണ്ട ഇവരില്‍ എണ്ണിയാല്‍ തീരാത്ത ശേഷി പ്രതലങ്ങളുണ്ട്. ഒന്നൊഴിയാതെ അവ സംരക്ഷിച്ചെടുക്കേണ്ടതുണ്ട്. എത്രത്തോളം മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നിര്‍വഹിക്കുന്നവോ, അതിനനുസരിച്ച് ഫലപ്രാപ്തി കൈവരിക്കാം. എത്രമാത്രം അവഗണിക്കപ്പെടുന്നുവോ അത്ര തകര്‍ച്ചയും തളര്‍ച്ചയും താളപ്പിഴയും അസന്തുലിതാവസ്ഥയും തലമുറകളില്‍ പ്രകടമാകും. ഓരോ കുഞ്ഞും വളര്‍ച്ചയുടെ ആദ്യപടിയില്‍ (3 മുതല്‍ 6 വരെ) വച്ചുതന്നെ ജീവിതത്തിന്റെ അടിസ്ഥാനാംശങ്ങളെ, വിശ്വാസം ആചാരം അനുഷ്ഠാനം ജീവിതശൈലി എന്നിവ ആര്‍ജ്ജിച്ചെടുത്തുപോകും. കരുത്താര്‍ജ്ജിക്കുന്നത് പിന്നീടുള്ള ഘട്ടങ്ങളിലാണെങ്കില്‍ പോലും.
ഒരു ഗര്‍ഭസ്ഥശിശുവില്‍ അതിന്റെ നാലും ഏഴും മാസങ്ങളില്‍ ഒരു മണിക്കൂറില്‍ 15 മില്ല്യണ്‍ സെല്ലുകള്‍ രൂപപ്പെടുന്നു. തലച്ചോറില്‍ മാത്രം ഗര്‍ഭത്തിന്റെ അവസാന നാലുമാസങ്ങളില്‍ ഒരു മിനിറ്റില്‍ രണ്ട് ലക്ഷത്തി അന്‍പതിനായിരത്തില്‍പരം ന്യൂറോണ്‍ രൂപപ്പെടുന്നു. എന്നുപറഞ്ഞാല്‍ പ്രസവാനന്തരം തന്നെ കുഞ്ഞ് വൈജ്ഞാനിക ലോകത്തെ അനുഭവിച്ചറിയാനുള്ള ഒരുക്കങ്ങളിലാണെന്ന ആധുനിക വൈദ്യശാസ്ത്രവും വിദ്യാഭ്യാസ മനശ്ശാസ്ത്രവും ഏകോപിച്ചു പറയുന്നു. ഒരു കുട്ടിയുടെ വിജ്ഞാനാര്‍ജനശേഷി ഏറ്റവും സജീവമായി നിലനില്‍ക്കുന്നത് രണ്ട് വയസ്സു മുതല്‍ ആറ് വയസ്സുവരെയുള്ള കാലയളവിലാണത്രേ. ഏഴ് വയസ്സുമുതല്‍ ശീലങ്ങളെ അനുഭവങ്ങളാക്കുന്ന പ്രതലങ്ങളിലേക്ക് മാറ്റപ്പെടുന്നു. പത്ത് വയസ്സോടുകൂടി അനുഭവങ്ങളെ ജീവിതവഴിയായി കണ്ട് മുന്നോട്ടുപോകുന്നു.
ഒരു കുഞ്ഞ് ഏറ്റവും ബുദ്ധിവൈഭവം പ്രകടമാക്കുന്നത് ഒന്നു മുതല്‍ ആറ് വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. ഇതില്‍ ഒന്നും രണ്ടും വര്‍ഷം മുലകുടിയുമായി ബന്ധിതമാണ്. ഇവിടം മുതല്‍ തുടര്‍ന്നുള്ള മൂന്ന് വര്‍ഷം പരിഗണനയുടെയും പരിപോഷണത്തിന്റെയും ശിക്ഷണത്തിന്റെയും കാലമാണ്. 90 ശതമാനം കുട്ടികളും ഈ കാലയളവില്‍ സജീവബുദ്ധിയെ പ്രകടമാക്കുന്നവരാണ്. ഈ പ്രായക്കാരുടെ പ്രകൃതം ഇപ്രകാരം വായിച്ചെടുക്കാവുന്നതാണ്: ചടുലമായ പ്രകൃതമാണവരുടേത്, സംശുദ്ധബുദ്ധിയും ചലനാത്മകസ്വഭാവവുമാണവര്‍ക്കുള്ളത്.
അനുകരണവാസന, ചോദിച്ചറിയാനുള്ള മനോഭാവം, കാണാനും കേള്‍ക്കാനും പറയാനും പാടാ നും ചൊല്ലാനും ഓര്‍ക്കാനും ഉരുവിടാനുമുള്ള കഴിവുകള്‍, സഹിക്കാനും പങ്കുവെക്കാനുമുള്ള സന്നദ്ധത, പ്രോത്‌സാഹനങ്ങളെ സ്വീകരിക്കാനുള്ള മനസ്സ്, ആര്‍ത്തിയും അഭിവാഞ്ഛയും എന്തും പുതുമയോടെ നോക്കിക്കാണാനുള്ള മുന്‍വിധിയില്ലാത്ത പ്രകൃതം, സര്‍ഗാത്മകത പ്രകടിപ്പിക്കാനുള്ള തന്റേടം, അഭിനയപാടവം, കുസൃതിക്കും കുശുമ്പിനുമു ള്ള വകതേടല്‍ പ്രകൃതം, ചിന്തിക്കാനും ഭാവനകള്‍ സൃഷ്ടിക്കാനുമുള്ള കഴിവ്, സ്വന്തമാക്കാനുള്ള അഭിനിവേശം, സൗന്ദര്യബോധം ഇതൊക്കെ ചേരുംവിധം ചേര്‍ക്കപ്പെട്ട സ്വരൂപമാണ് ശൈശവം.എത്ര മനോഹരമാണത്! അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തേക്കാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. ആധുനിക ജീവിതത്തിന്റെ വെല്ലുവിളികളേറ്റെടുത്തും കാലം കരുത്തോടുകൂടി ഏല്‍പ്പിച്ചിരിക്കുന്ന കരുതല്‍ സ്വത്തായ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും കാത്തുസൂക്ഷിച്ചും അത് മറ്റുള്ളവര്‍ക്കു കൈമാറാനുള്ള യോഗ്യത കൈവരിച്ചുമാണ് ഇളംതലമുറ വളരേണ്ടത്. അത്തരത്തിലാണ് അവരെ വളര്‍ത്തേണ്ടത്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശുദ്ധവായുവും ശുദ്ധജലവും ശുദ്ധാഹാരവും പിറന്നുവീഴുന്ന ഓരോ കുഞ്ഞിനെയും എന്തുമാത്രം പ്രയാസപ്പെടുത്തുന്നുവോ അത്രയോ അതിലുപരിയോ ആണ് നഷ്ടമായിക്കൊണ്ടിരിക്കുന്ന സംശുദ്ധ ജ്ഞാനവും സന്തുലിത ശിക്ഷണവും കുട്ടികളെ അധര്‍മങ്ങളുടെ ലോകത്തേക്ക് നയിക്കുന്നത്.
ജ്ഞാനമാലിന്യവും മാധ്യമമാലിന്യങ്ങളും വിവരസാങ്കേതികതയുടെ പേരിലുള്ള ബൗദ്ധികമാലിന്യങ്ങളും സര്‍ഗാത്മകതയുടെ പേരില്‍ രൂപപ്പെടുന്ന അസാന്മാര്‍ഗികതയും ഒരുപോലെ ഇളംതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ധാര്‍മികത നഷ്ടപ്പെട്ട ചിന്തയുടെ ചിതലരിച്ച ആശയങ്ങളാണ് മഹാചിന്തകളായി രൂപാന്തരപ്പെടുന്നത്. എത്ര അധമമാണത്.
ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് ശുദ്ധപ്രകൃതത്തിലാണ്. ഈ പ്രകൃതത്തെ സമഗ്രവും സമീകൃതവുമായി നിലനിര്‍ത്തേണ്ടതുണ്ട്. അതിനുവേണ്ട ഭൗതികവും ബൗദ്ധികവുമായ സാഹചര്യമൊരുക്കേണ്ടത് തലമുറകളുടെ ഭാവിയെക്കുറിച്ചോര്‍ക്കുന്ന സര്‍വ്വരുടേയും കടമയാണ്. ഇസ്‌ലാമിക ലോകത്ത് ഇതിന്റെ പരിശ്രമങ്ങള്‍ പ്രകടമാണ്. നമ്മുടെ നാട്ടിലും ഇതിന്റെ അലയൊലികള്‍ നമുക്ക് കാണാവുന്നതാണ്. വിദ്യാഭ്യാസ ചിന്തകന്മാരും പ്രവര്‍ത്തകരും സംഘടനാ ഘടകങ്ങളും സാധാരണക്കാരുമൊക്കെ അടുത്തറിയേണ്ട പലതും ഇസ്‌ലാമിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. തികച്ചും വേറിട്ട ചില വിപ്ലവങ്ങള്‍ ഈ വഴിയില്‍ കാണാവുന്നതാണ്. നാം അറിയേണ്ട ഒരു തത്വം ഇപ്രകാരമാണ്. ‘ഒരു ജനത അതിന്റെ ശൈശവത്തെ കാത്തുസൂക്ഷിക്കുന്നില്ലെങ്കില്‍ അതിന് ഭാവിതന്നെയില്ല’ എന്നതാണത്.
സൃഷ്ടിവൈഭവത്തിന്റെ അത്ഭുത പ്രപഞ്ചമാണ് ശൈശവം, ഒരു ജന്മം വളര്‍ച്ച തുടങ്ങുന്ന സുപ്രധാന ഘട്ടമാണത്. ഓരോ ശൈശവവും ശുദ്ധപ്രകൃതത്തോടെ സമാരംഭം കുറിക്കുന്നു. പിതൃത്വവും മാതൃത്വവും ചേര്‍ന്ന് ഒന്നുകില്‍ ശൈശവപരിശുദ്ധിയെ പരിരക്ഷിച്ചെടുക്കുന്നു. അല്ലെങ്കില്‍ ഇരുവരും ചേര്‍ന്ന് അതിന് കളങ്കം ചാര്‍ത്തുന്നു. പ്രവാചകവചനം ഈ അര്‍ഥതലങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നു. ഒരു കുഞ്ഞ് ജനിച്ച് പ്രായപൂര്‍ത്തി പ്രാപിക്കുന്നതുവരെയുള്ള ഘട്ടത്തെയാണ് ശൈശവം എന്നതു കൊണ്ടര്‍ഥമാക്കുന്നത്. സാങ്കേതികാര്‍ഥത്തില്‍ ശൈശവം എന്നാല്‍ ഒരു കുഞ്ഞ് തന്റെ ജീവിത വളര്‍ച്ചക്കാവശ്യമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്ന കാലഘട്ടം എന്നതാണ്. ഭാഷാപരമായി നോക്കിയാല്‍ എല്ലാ വസ്തുവിന്റെയും ആദ്യഘട്ടത്തെ അത് സൂചിപ്പിക്കുന്നു. ശൈശവത്തെ താഴെ പറയും വിധം ഘട്ടങ്ങളായി വേര്‍തിരിക്കാം. പൂര്‍വികരും ആധുനികരുമായ പണ്ഡിതര്‍ അങ്ങനെ വിഭജിച്ചിട്ടുണ്ട്. സുപ്രധാനമായ നാലു ഘട്ടങ്ങളാണവ.
1) ഗര്‍ഭം മുതല്‍ മുലകുടി അവസാനിക്കുന്നതുവരെയുള്ള പ്രഥമഘട്ടമാണത്. ഈ ഘട്ടം തികച്ചും മാതൃബന്ധിതമാണ്. പിതൃത്വത്തിന് പോലും വലിയ ഒരളവോളം പ്രവേശനം ഇവിടെ അനുവദിക്കുന്നില്ല.
2) മൂന്നാം വയസ്സിന്റെ പ്രാരംഭം മുതല്‍ അഞ്ചാം വയസ്സിന്റെ അവസാനഘട്ടം വരെയുള്ള കാലമാണിത്. ഈ ഘട്ടമാണ് ശൈശവത്തിന്റെ ശിക്ഷണഘട്ടത്തിലെ സുപ്രധാന ഭാഗം. ഈ ഘട്ടത്തില്‍ മാതാവ് കുട്ടിയില്‍ നിന്നകലുന്നു. കുട്ടി മാതാവില്‍ നിന്നുമകലുന്നു. തികച്ചും സ്വതന്ത്രമായ ഒരു ലോകത്തേക്ക് കുട്ടി സ്വയം പ്രവേശിക്കുന്ന ഘട്ടമാണിത്.
3) ആറാം വയസ്സിന്റെ പ്രാരംഭം മുതല്‍ ഒന്‍പതാം വയസ്സിന്റെ അന്ത്യം വരെയുള്ള ഘട്ടമാണത്. ശിക്ഷണശീലങ്ങളുടെ പരിപാലനവും പരിശീലനവും പക്വതയാര്‍ജ്ജിക്കലും ഈ ഘട്ടത്തിന്റെ പ്രത്യേകതകളാണ്.
4) പത്താം വയസ്സിന്റെ പ്രാരംഭം മുതല്‍ പതിമൂന്നാം വയസ്സിന്റെ അവസാനം വരെയുള്ള ഘട്ടമാണിത്. ശിക്ഷണശീലങ്ങളെ സ്വയം പാലിച്ചുറപ്പിക്കുന്ന സ്വതന്ത്രകാലഘട്ടമാണിത്. ശിക്ഷയും ശിക്ഷണവും ഒരുപോലെ ആവശ്യമായ ഘട്ടവും കൂടിയാണിത്. ശീലിച്ച ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണഘട്ടം എന്ന് പറയാവുന്ന അവസരവും ഇതുതന്നെ.
ഇതില്‍ ശിക്ഷണഘട്ടത്തിലെ പ്രാഥമിക ഘട്ടമായിട്ടുള്ള മൂന്ന് വയസ് മുതല്‍ ആറ് വയസ്സുവരെയുള്ള ഘട്ടം ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തീകരിക്കാനവസരം നല്‍കുക എന്നത് ശൈശവ ശിക്ഷണത്തെ ഏറ്റെടുത്തിട്ടുള്ള സര്‍വരുടേയും കടമയാണ്. പഠനങ്ങള്‍ പറയുന്നത് ഈ ഘട്ടത്തിലെ കുട്ടികള്‍ അഞ്ച് തരത്തില്‍പെടുന്നു എന്നാണ്.
(1) വിദ്യാഭ്യാസ സാംസ്‌കാരിക സമ്പത്തിക സാമൂഹിക മേഖലകളില്‍ ഔന്നത്യം പ്രാപിച്ചിട്ടില്ലാത്ത ഗ്രാമീണരും അധ:സ്ഥിതരും അരക്ഷിതരുമായ സമൂഹത്തിലെ സന്തതികളാണിവര്‍. പല കാരണങ്ങളാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ ശൈശവം സമൂഹഘടനയുടെ ചട്ടക്കൂട്ടില്‍ തന്നെ അരക്ഷിതമായി വളര്‍ച്ച പ്രാപിക്കുകയാണ്. ഇവരുടെ സാമൂഹിക ഘടന എന്താണോ അതാണവരുടെ വിദ്യാലയം.
(2) താരതമേന്യ സംസ്‌കാര സമ്പന്നരും സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച പ്രാപിച്ചവരും സമൂഹപ്രതലത്തിലെ സാധാരണക്കാരും വിദ്യാസമ്പന്നരുമായ കുടുംബങ്ങളിലെ സന്തതികളാണിവര്‍. മതപരവും രാഷ്ട്രീയപരവും ദേശീയവും ചിന്താപരവുമായ ഒട്ടേറെ വേര്‍തിരിവുകളുണ്ടെങ്കിലും ഒരു ശിക്ഷിത സമൂഹത്തിന്റെ ഭാഗമെന്നനിലയില്‍ ഇതിലെ ശൈശവം പരിരക്ഷക്കു വിധേയമാണ്. പക്ഷേ തന്റെ സാമൂഹികവും മതപരവും സാംസ്‌കാരികവുമായ പരിരക്ഷ പലപ്പോഴും സംരക്ഷിക്കപ്പെടാതെ പോകുകയും പൊതു ധാരയില്‍ ശൈശവം തളയ്ക്കപ്പെടുകയും ചെയ്യുന്നു എന്നത് ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.
(3) ഭൗതികവും സാമ്പത്തികവുമായി സമുന്നതനിലവാരം പുലര്‍ത്തുന്ന കുടുംബങ്ങളിലെ കുട്ടികളാണിവര്‍. ഇവര്‍ സാധാരണക്കാരുടെ ജീവിതശൈലികളില്‍നിന്നുയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരും സാധാരണക്കാരോടൊപ്പം ഇടകലാരാന്‍ താത്പര്യമില്ലാത്തവരുമാണ്. ഇത്തരം കുട്ടികളുടെ ശൈശവം തന്നെ വേറിട്ട അനുഭവങ്ങളുടെ ചട്ടക്കൂടില്‍ വളര്‍ച്ച പ്രാപിക്കുന്നതാണ്. ആധുനിക മീഡിയയും പഠനബോധന സാമഗ്രികളും പരിശീലകരും ഇവരുടെ ശൈശവത്തെ പരിപോഷിപ്പിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. പക്ഷേ തികച്ചും വേറിട്ട ഒരു പ്രതലം ഇവരുടെ ശൈശവവളര്‍ച്ചയ്ക്കായി രുപപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കേവലം ഭൗതികതയുടെ അതിപ്രസരമുള്ളതും സാമ്പത്തിക പളപളപ്പുള്ളതുമാണ്. മൂല്യങ്ങള്‍ക്കോ, മാനുഷിക മനോഭാവങ്ങള്‍ക്കോ നിരക്കാത്തതാണെങ്കില്‍പോലും അവയുടെ താലോലം ഇവര്‍ ഏറ്റെടുത്തെന്നും വരും.
(4) രോഗപീഡകളാലും അംഗവൈകല്യങ്ങളാലും മാരക മാറാരോഗങ്ങളുടെ പിടിയിലകപ്പെടുക വഴി ശൈശവം രോഗാതുരമായി മാറിയ ഹതഭാഗ്യരായ മക്കളാണിവര്‍. ഇവര്‍ക്ക് മുന്നില്‍ മരുന്നും ചികിത്സയും പരിചരണവും സാന്ത്വനവുമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. എത്രയോ ശൈശവം ഈ അവസ്ഥ അനുഭവിച്ചുവരുന്നു. പ്രകൃതിക്ഷോഭങ്ങളാലും കുടുംബത്തകര്‍ച്ചയാലും യുദ്ധക്കെടുതികളാലും ബന്ധുത്വം നഷ്ടപ്പെട്ടവരും ഇവരില്‍പ്പെടുന്നു.
(5) ഈ അടുത്ത കാലത്ത് രൂപപ്പെട്ടിട്ടുള്ള സംശുദ്ധ ചിന്തയുടെ ഭാഗമായി വളര്‍ച്ച പ്രാപിച്ച കെട്ടുറപ്പുള്ള ശിക്ഷണം ഏറ്റുവാങ്ങി വളര്‍ന്നുവരുന്ന ശൈശവമാണിത്. തൊഴിലാളിയെന്നോ മുതലാളിയെ ന്നോ സാധാരണക്കാരനെന്നോ രോഗാതുരനെന്നോ ഉള്ള വകതിരിവോ വേര്‍തിരിവോ ഇല്ലാതെ മനുഷ്യമക്കളെന്ന സമുന്നത കാഴ്ചപ്പാടാണ് ഇതിനുള്ളത്.
പിറവിയെടുത്ത ഓരോ കുഞ്ഞും ശുദ്ധപ്രകൃതിയോടെ ജന്മം കൊള്ളുന്നു. വിദ്യാഭ്യാസ പരിരക്ഷ എന്നാല്‍ ഈ സംശുദ്ധ പ്രകൃതിയെ തച്ചുടക്കാതെ സംരക്ഷിച്ചെടുക്കുക എന്നതാണ്. ജന്മാവകാശത്തിന്റെ ഭാഗമാണ് ശുദ്ധവായു, ശുദ്ധജലം, ശുദ്ധാഹാരം, മലിനമല്ലാത്ത അന്തരീക്ഷം, മാനസികശാരീരികഇന്ദ്രീയബൗദ്ധിക പരിരക്ഷ എന്നതെല്ലാം. ഒരു കുഞ്ഞിന്റെയും ശരീരമോ മനസ്സോ ഇന്ദ്രീയങ്ങളോ ബുദ്ധിവിശേഷമോ തകരാതെ, തളരാതെ, തകര്‍ക്കാതെ, തളര്‍ത്താതെ പരിരക്ഷിക്കുക എന്നതാണ് ആ കാഴ്ചപ്പാട്. വിദ്യാഭ്യാസം കൊണ്ടര്‍ഥമാക്കുന്നതും യഥാര്‍ഥത്തില്‍ ഇത് തന്നെയാണ്. ഒരു സമൂഹത്തില്‍ അതിന്റെ ശൈശവം പരിരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ആ സമൂഹത്തിന് സുരക്ഷിതമായ ഒരൂ ഭാവിയില്ല എന്നതാണ് ഈ രംഗത്തെ സമുന്നതമായ കാഴ്ച്ചപാട്. വിദ്യാഭ്യാസം, ശിക്ഷണം, പരീക്ഷ എന്നതുകൊണ്ടൊക്കെ അര്‍ഥമാക്കുന്നത് വളര്‍ന്നുവരുന്ന സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ അനുഭവങ്ങള്‍ക്കര്‍ഥം നല്‍കാന്‍, ചുറ്റുപാടിനോട് ഇഴുകിച്ചേരാന്‍, ജീവിതത്തിനടുക്കും ചിട്ടയും ലക്ഷ്യവും മാര്‍ ഗവും ക്രമീകരിക്കാന്‍, കര്‍മശേഷികളേയും മനോഭാവങ്ങളെയും പരിപോഷിപ്പിക്കാന്‍, ആന്തരിക ചോദനകളെ ബാഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ചു ശക്തിപ്പെടുത്താന്‍, സ്വന്തം ജീവിതത്തേയും സമൂഹത്തേയും ഒന്നിച്ചുയര്‍ത്താന്‍, പൈതൃകങ്ങളെ കാത്തുസൂക്ഷിക്കാനും ലഭ്യമായ സകല ശേഷികളേയും പക്വവല്‍ക്കരിക്കാന്‍, വൈജ്ഞാനിക മണ്ഡലത്തേയും മനശ്ചാലക മണ്ഡലത്തേയും വൈകാരിക മണ്ഡലത്തേയും ഇണക്കിച്ചേര്‍ക്കാനും സമഗ്രവല്‍ക്കരിക്കാനും തന്റെ സാമൂഹിക സാഹചര്യത്തില്‍ നിര്‍വ്വഹിക്കുന്ന ഒരു യജ്ഞമാണത്. ഒന്നുകൂടി വ്യ ക്തമാക്കി പറഞ്ഞാല്‍, ഒരു വ്യക്തി തന്റെ ഇഹപരജീവിതത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചക്കും പൂര്‍ത്തീകരണത്തിനുമായി സൗഭാഗ്യകരമായ അതിന്റെ അനുഭവങ്ങള്‍ക്കായി അറിവും കഴിവും അനുഭവങ്ങളും ആര്‍ജ്ജിക്കുക എന്നതാണ്.
ഇത് എവിടെനിന്നു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഇതിന്റെ വഴിയേത്, അവലംബമേത് ഇതാണ് നാം അറിയേണ്ടത്. ശൈശവമെന്നത് മനുഷ്യജീവിതത്തിന്റെ സമാരംഭപ്രതലമാണ്. ഒരു കുഞ്ഞെന്നത് വളരുന്ന തലമുറയുടെ തൈച്ചെടിയാണ്. ഈ തൈ സംരക്ഷണവും പരിരക്ഷയുമര്‍ഹിക്കുന്നു. വളരാനുള്ള സാഹചര്യം അനിവാര്യമാണ്. വളര്‍ച്ചക്കവലംബമായി കാണുന്നത് ചുറ്റുപാടിനെയാണ്. കുട്ടിയുടെ മനോവളര്‍ച്ചയുടെ സുപ്രധാന ഘട്ടം ഈ അവസരത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സംശുദ്ധ മനോഗതിക്കായി മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. മനുഷ്യ സമൂഹത്തിന്റെ മൂലക്കല്ലാണ് ശൈശവം. ശരിയായ പ്രതലത്തില്‍ അത് സ്ഥാപിക്കപ്പെടുന്നില്ലെങ്കില്‍ സമൂഹനിര്‍മിതി താളപ്പിഴയുള്ളതാകും.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x