20 Friday
February 2026
2026 February 20
1447 Ramadân 3

വരള്‍ച്ച നിയമലംഘനത്തിന്റെ പരിണതി – അബൂമുബീന്‍

ഭൂമിയും അതിനു ചുറ്റുമുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനില്‍ നിന്ന് പൊട്ടിത്തെറിച്ച് ഉണ്ടായതാണെന്ന് പറയപ്പെടുന്നു. എന്നിട്ടും ഭൂമിയില്‍ മാത്രമാണ് മഴ വര്‍ഷിക്കുന്നത്. സമുദ്രങ്ങളും നദികളും കുളങ്ങളും നീരുറവകളും കാണപ്പെടുന്നത് ഭൂമിയിലാണ്. സസ്യങ്ങളും ചെടികളും പഴവര്‍ഗങ്ങളും മരങ്ങളും വളരുന്നതും ഭൂമിയിലാണ്. എന്തുകൊണ്ട് ഈ പ്രതിഭാസം എന്ന ചോദ്യത്തിന് ഭൗതിക വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ മറുപടി പറയുക സാധ്യമല്ല.
വിശുദ്ധ ഖുര്‍ആന്‍ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കുന്നു; ഈ ഭൂമിയും ഇതിലെ വിഭവങ്ങളും ആകസ്മികമായി ഉണ്ടായതല്ല. ഇതിന്റെ പിന്നില്‍ ദീര്‍ഘദൃഷ്ടിയും മുന്‍കരുതലും അപാര ബുദ്ധിയുമുള്ള ഒരു അദൃശ്യശക്തിയുടെ സാന്നിധ്യമുണ്ട്. മനുഷ്യനുവേണ്ടിയാണ് ആ ശക്തി ഭൂമിയെ സംവിധാനം ചെയ്തത്. ഭൂമിയെ സൃഷ്ടിജാലങ്ങള്‍ക്ക് വേണ്ടി അവന്‍ സ്ഥാപിച്ചു(അര്‍റഹ്മാന്‍: 10) അവന്‍ ഭൂമിയില്‍ ഉള്ളത് മുഴുവനും മനുഷ്യര്‍ക്കായി സൃഷ്ടിച്ചവനാണ് (അല്‍ബഖറ: 29) നിങ്ങള്‍ പാനം ചെയ്യുന്ന ജലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുവോ! മേഘത്തില്‍ നിന്നും അതിനെ ഇറക്കുന്നത് നിങ്ങളാണോ അതല്ല നാമാണോ? നാമുദ്ദേശിക്കയാണെങ്കില്‍ അതിനെ നാം ഉപ്പുജലമാക്കിയേനെ! എന്നിരിക്കെ നിങ്ങളെന്താണ് നന്ദി പ്രകടിപ്പിക്കാത്തത്? (അല്‍വാഖിഅ: 68-70)
മഴ വര്‍ഷിപ്പിക്കുന്ന ശക്തിയുടെ നിയമങ്ങള്‍ മനുഷ്യര്‍ ലംഘിക്കുകയും അവന് നന്ദികാണിക്കാതെ ജീവിക്കുകയും ചെയ്യുമ്പോള്‍ താല്കാലികമായ പരീക്ഷണവും ശിക്ഷയുമായി, ആ ശക്തി മഴയെ തടഞ്ഞേക്കാം. അങ്ങനെ നാട്ടില്‍ വരള്‍ച്ച സംഭവിക്കാം. നൂഹ് നബി(അ) തന്റെ ജനതയോടു പറഞ്ഞു: നിങ്ങളുടെ നാഥനോട് നിങ്ങള്‍ പാപമോചനം തേടുവീന്‍. തീര്‍ച്ചയായും അവന്‍ ഏറ്റവും പൊറുക്കുന്നവനാണ്. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് വാനത്തില്‍നിന്നു സമൃദ്ധിയായി മഴ ഇറക്കുന്നതാണ്. നൂഹ്:10,11) ആദ് സമൂഹത്തോട് പ്രവാചകന്‍ ഹൂദ് നബി(അ) പറഞ്ഞു: നിങ്ങളുടെ നാഥനോട് നിങ്ങള്‍ പാപമോചനത്തിന് അര്‍ഥിക്കുവീന്‍. അനന്തരം നിങ്ങള്‍ അവങ്കലേക്ക് ഖേദിച്ചു മടങ്ങുവീന്‍. എന്നാല്‍ അവന്‍ നിങ്ങള്‍ക്കു സമൃദ്ധിയായി മഴയെ അയച്ചുതരും. (ഹൂദ്:52)
മനുഷ്യന്റെ ധിക്കാരം വരള്‍ച്ചയും മഴയുടെ ദൗര്‍ലഭ്യവും വരുത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്ന് ഈ സൂക്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം ഒരു അധ്യായം തന്നെയുണ്ട്. ‘ദൈവിക നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വരള്‍ച്ച മുഖേന ദൈവം പ്രതികാരനടപടി എടുക്കുന്നു.’ (വാള്യം 3, പേജ് 590).
ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ) ഒരിക്കല്‍ ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പ്രസംഗിച്ചു. മനുഷ്യര്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തിയാല്‍ വരള്‍ച്ചകൊണ്ട് അല്ലാഹു അവരെ പിടികൂടുന്നതാണ്. അവര്‍ സകാത്തിനെ (നിര്‍ബന്ധദാനധര്‍മത്തെ) തടഞ്ഞുവെച്ചാല്‍ അല്ലാഹു മഴയെ അവരില്‍ നിന്നും തടഞ്ഞുവെക്കുന്നതുമാണ്.” (ഇബ്‌നുമാജ)
ബുര്‍ദ(റ) പറയുന്നു: നബി(സ) അരുളി: ”വല്ല സമൂഹവും സകാത്ത് തടഞ്ഞുവെച്ചാല്‍ അല്ലാഹു മഴത്തുള്ളികളെ അവരില്‍ നിന്ന് തടഞ്ഞു വെക്കുന്നതാണ്” (ഹാക്കിം, ബൈഹഖി) മഴയെ ‘ഭക്ഷണം’ എന്നു പൊതുവായി വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അടിസ്ഥാനം സസ്യങ്ങളും ധാന്യങ്ങളുമാണല്ലോ. മഴയില്ലാതെ ഇവ ഉല്‍പാദിപ്പിക്കപ്പെടുകയില്ല. മഴ വര്‍ഷിപ്പിക്കുന്ന ദൈവം അതിന്റെ സകാത്ത് നല്കുവാന്‍ നിര്‍ദേശിക്കുന്നു. മനുഷ്യന്‍ ഈ നിര്‍ദേശത്തെ അവഗണിക്കുമ്പോള്‍ മഴയെ അവന്‍ നിഷിദ്ധമാക്കുന്നു. അതുപോലെ ഇതര നിയമങ്ങളെ അവഗണിക്കുമ്പോള്‍ പ്രതികാര നടപടി എന്ന നിലയിലും വരള്‍ച്ചയും മറ്റും ഉണ്ടാക്കുന്നു. ഇതുകൊണ്ടാണ് മഴ ലഭിക്കാതെ ബുദ്ധിമുട്ടി മഴക്ക് വേണ്ടി നമസ്‌കാരം സംഘടിപ്പിക്കുമ്പോള്‍ അതിനു മുമ്പായി ദാനധര്‍മം ചെയ്യുവാനും പശ്ചാത്തപിച്ച് മടങ്ങുവാനും ബന്ധങ്ങള്‍ നന്നാക്കുവാനും ശത്രുക്കളോട് പോലും സ്‌നേഹം പ്രകടിപ്പിക്കുവാനും വീഴ്ച വരുത്തിയ നന്മകള്‍ ചെയ്യുവാന്‍ മുന്നിടുവാനും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്നത് (ശര്‍ഹു മുസ്‌ലിം 34-56, ഉംദ)
ഇസ്‌ലാം കാര്യകാരണബന്ധങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മതമാണ്. പ്രകൃതിയുടെ സ്വഭാവത്തിന് മനുഷ്യര്‍ മാറ്റം ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതമായി വരള്‍ച്ചയും മഴയുടെ കുറവും അനുഭവപ്പെടാം. ഖുര്‍ആന്‍ പറയുന്നു: ”ആകാശത്തില്‍ നിന്നും (അവര്‍ക്കാവശ്യമായ) കണക്കില്‍ നാം ജലമിറക്കി, ഭൂമിയില്‍ അതിനെ നാം സംഭരിച്ചു. അതിനെ പോക്കിക്കളയുവാന്‍ നാം ശക്തന്‍ തന്നെയാണ്.” (മുഅ്മിനൂന്‍:18) അവന്‍ ഉപരിഭാഗത്ത് നിന്നും മഴയെ ഇറക്കി. അങ്ങനെ താഴ്‌വരകള്‍ അതിന്റെ കണക്കനുസരിച്ച് ജലം ഒഴുകി (റഅദ്:17) ആകാശത്ത് നിന്ന് നാം ഇറക്കുന്ന ജലം പോലെ. അപ്പോള്‍ (മഴവര്‍ഷം കാരണം) ഭൂമിയില്‍ സസ്യം തിങ്ങിവളര്‍ന്നു (കഹ്ഫ്:45) നാം ജലത്തെ (മേഘത്തില്‍ നിന്നും) ഒരു ചൊരിക്കല്‍ ചൊരിഞ്ഞു. പിന്നെ ഭൂമിയെ നാം (അതുമൂലം) ഒരു പിളര്‍ക്കല്‍ പിളര്‍ത്തി (അബസ:25,26)
ഈ സൂക്തങ്ങളില്‍ നിന്ന് താഴെ വിവരിക്കുന്ന ആശയങ്ങള്‍ വ്യക്തമാണ്. അല്ലാഹു ഭൂമിയില്‍ മഴ വര്‍ഷിപ്പിക്കുന്നു. ആ മഴ മൂലം ഭൂമിയില്‍ പതിക്കുന്ന വെള്ളം മുഴുവന്‍ സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നില്ല. ഒരു നിശ്ചിത തോതില്‍ വെള്ളത്തില്‍ നിന്ന് പിടിച്ചെടുക്കുവാന്‍ സാധിക്കുന്നവിധമാണ്, അവന്‍ ഭൂമിയെ സൃഷ്ടിച്ചത്. എന്നാല്‍ ജലം പിടിച്ചെടുത്ത് സംഭരിക്കാന്‍ സാധിക്കാത്തവിധം മനുഷ്യന്‍ ഭൂമിയില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി; മുറ്റങ്ങള്‍ സിമന്റ് പൂശി ഉറപ്പിച്ചു; എല്ലാ സ്ഥലങ്ങളിലും അസന്തുലിതമായി കെട്ടിടങ്ങള്‍ ഉണ്ടാക്കി. പാലങ്ങള്‍ നിര്‍മിച്ചു. ഓവ്ചാലുകള്‍ പോലും ഭൂമിയിലേക്ക് വെള്ളം ഇറങ്ങിപോകാത്തവിധം സംവിധാനിച്ചു. അങ്ങനെ വെള്ളം വലിച്ചെടുക്കുവാന്‍ സാധിക്കാത്തവിധം ഭൂമി ദുര്‍ബലമായതിന്റെ ഫലമായി വലിയൊരു ഭാഗം മഴവെള്ളം സമുദ്രത്തിലേക്ക് ഒഴുകിപ്പോകുന്നു. ഇന്നു നാം അനുഭവിക്കുന്ന കൊടും വരള്‍ച്ച സ്വയംകൃതമാണെന്നു പറയുന്നതില്‍ തെറ്റില്ല.
ഭൂമിയില്‍ സംഭവിക്കുന്ന വിപത്തുകളില്‍ മനുഷ്യന് പങ്കുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിക്കുന്നുവെങ്കില്‍ നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു കാരണമാണ്.” (അശ്ശൂറ:30) കരയിലും നദികളിലും ജനങ്ങള്‍ പ്രവര്‍ത്തിച്ചതുമൂലം നാശം പ്രത്യക്ഷപ്പെട്ടു. (റൂം:41) ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ജലാലൈനിയില്‍ പോലും ഈ സൂക്തത്തിന് ജല ദൗര്‍ലഭ്യത്താലും മഴയുടെയും ധാന്യങ്ങളുടെയും മറ്റും ക്ഷാമത്താലും നാശം പ്രത്യക്ഷപ്പെട്ടു എന്നാണ് വ്യാഖ്യാനംനല്കുന്നത്. മതനിയമങ്ങള്‍ ഉണ്ടാക്കിയ ദൈവം തന്നെയാണ് പ്രകൃതിനിയമങ്ങളും ഉണ്ടാക്കിയത്. രണ്ടുതരം നിയമലംഘനങ്ങളും പാപമാണ്. ഈ പാപത്തിന്റെ ഫലമായി വരള്‍ച്ചയും മഴശോഷണവും അനുഭവപ്പെടുന്നു.  നദികളില്‍ മണല്‍ വിരിച്ചതില്‍ ഒരു ലക്ഷ്യമുണ്ട്. പര്‍വതങ്ങളെ അവന്‍ സൃഷ്ടിച്ചത് ഭൂചലനത്തെ നിയന്ത്രിക്കുവാന്‍ വേണ്ടിയാണ്. ഇവയെല്ലാം മനുഷ്യര്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ ഭൂചലനവും വരള്‍ച്ചയും മറ്റും അനുഭവപ്പെടുന്നു. ദൈവത്തിന്റെ പ്രകൃതിവ്യവസ്ഥയ്ക്ക് മാറ്റമില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. ഇതു കേവലം ഒരു പ്രസ്താവനയല്ല; പ്രത്യുത മാറ്റം ഉണ്ടാക്കരുതെന്ന നിര്‍ദേശംകൂടിയാണ്
വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍….
1. നമസ്‌കാരം: നബി(സ) മഴക്ക് വേണ്ടി രണ്ട് റക്അത്തു നമസ്‌കരിച്ചിരുന്നു. (ബുഖാരി, മുസ്‌ലിം) ഈ നമസ്‌കാരത്തില്‍ ആദ്യത്തെ റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാമത്തെ റക്അത്തില്‍ അഞ്ച് തക്ബീറും ചൊല്ലുവാന്‍ ശാഫിഈ മദ്ഹബില്‍ പറയുന്നു. ഇതിന് തെളിവില്ല. ഇമാം നവവി(റ) തന്നെ പറയുന്നത് ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് ഇതു സുന്നത്തില്ല എന്നാണ്. (ശര്‍ഹു മുസ്‌ലിം 3-457) പെരുന്നാള്‍ നമസ്‌കാരം പോലെ നബി(സ) നമസ്‌കരിച്ചു എന്ന് പറഞ്ഞതിന്റെ വിവക്ഷ, ഹദീസുകളില്‍ വ്യക്തമാക്കുന്നുണ്ട്. അതായത്, ഈ നമസ്‌കാരത്തില്‍ നബി(സ) ഉറക്കെയാണ് ഓതിയിരുന്നത്. (ബുഖാരി, 1024) ബാങ്കും ഇഖാമത്തും സുന്നത്തില്ല (ഇബ്‌നുമാജ) നമസ്‌കാരത്തിന് ശേഷമാണ് പ്രസംഗിക്കാറുള്ളത് (ബുഖാരി മുസ്‌ലിം). എന്നാല്‍ നമസ്‌കാരത്തിന്റെ മുമ്പ് പ്രസംഗിക്കുന്നതിനും വിരോധമില്ല. (ബുഖാരി, മുസ്‌ലിം) പ്രസംഗത്തിന്റെ ഇടയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കണം. കൈവശം വസ്ത്രം ഉണ്ടെങ്കില്‍ അതിന്റെ താഴ്ഭാഗം മുകള്‍ ഭാഗമായും ഇടതുഭാഗം വലതുഭാഗമായും മാറ്റിമറിക്കണം (ബുഖാരി, മുസ്‌ലിം) ജനങ്ങളും ഇപ്രകാരം ചെയ്യണം (അഹ്മദ്) പ്രാര്‍ഥനയുടെ ഇടയില്‍ ഇമാം അല്പസമയം ഖിബ്‌ലയുടെ നേരെ തിരിഞ്ഞുനിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കണം. (ഇബ്‌നുമാജ) ഈ നമസ്‌കാരത്തില്‍ പ്രത്യേകം സൂറത്തുകള്‍ നബി(സ) ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ല.

 

2. വെള്ളിയാഴ്ച മിമ്പറില്‍വെച്ച് ഇമാം മഴക്ക് വേണ്ടി പ്രാര്‍ഥിക്കല്‍ (ബുഖാരി, മുസ്‌ലിം)
3. മഴക്ക് വേണ്ടിയുള്ള നമസ്‌കാരം മൈതാനെത്തുവെച്ച് നിര്‍വഹിക്കലാണ് ഉത്തമം (ബുഖാരി). പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്നതിന്ന് വിരോധമില്ല.
4. പാപങ്ങളില്‍ നിന്നും മറ്റും ഖേദിച്ച് മടങ്ങുക (പരിശുദ്ധ ഖുര്‍ആന്‍). ദാനധര്‍മം വിപത്തിനെ തടുക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടപോലെ അവയില്‍ ജാഗ്രത പുലര്‍ത്തുക. ശേഷം തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.
Back to Top