വനിതാ കാണികള്‍ക്ക് വിലക്കെന്ന്
സ്ത്രീകളോട് വിവേചനപരമായി പെരുമാറുന്നുവെന്ന ഒരു വാര്‍ത്ത കൊണ്ട് സൗദി വിമര്‍ശിക്കപ്പെട്ട ഒരു ആഴ്ചയായിരുന്നു കടന്ന് പോയത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റിയിലെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായിരിക്കുന്നത്. ഈ മാസം പതിനാറാം തീയതി ജിദ്ദയില്‍ വെച്ച് നടക്കുന്ന ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ മാച്ച് കാണാന്‍ ഒറ്റക്കു വരുന്ന സ്ത്രീകള്‍ക്ക് അനുവാദമില്ലെന്നാണ് ആക്ഷേപം. കുടുംബത്തോടൊപ്പമോ ഭര്‍ത്താവിനൊപ്പമോ വരുന്ന സ്ത്രീകള്‍ക്ക് മാത്രമേ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശനം ലഭിക്കുന്നുള്ളൂവെന്നും വിമര്‍ശനമുണ്ട്. നിരവധി ഫുട്‌ബോള്‍ ക്ലബുകളും ഫുട്‌ബോള്‍ പ്രേമികളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം അറിയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മാറ്റിയോ സാല്‍വിനി പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. രൂക്ഷമായാണ് സാല്‍വിനി പ്രതികരിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസും എ സി മിലാനും തമ്മിലാണ് അന്ന് മത്സരം നടക്കുന്നത്. സ്‌റ്റേഡിയത്തില്‍ പുരുഷന്മാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന നടപടി വെറുപ്പുളവാക്കുന്നതാണെന്നും സൗദി അധിക്യതര്‍ ഈ തീരുമാനം പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും സാല്‍വിനി അഭിപ്രായപ്പെട്ടു.