വധശിക്ഷയോട് മലേഷ്യയും ഗുഡ്‌ബൈ പറയുന്നു
വധശിക്ഷ നിലനിര്‍ത്തണമോ വേണ്ടയോ എന്ന വിഷയത്തില്‍ ലോകത്തെ നിയമജ്ഞര്‍ രണ്ട് തട്ടിലാണുള്ളത്. വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ളവര്‍ ലോകത്തുണ്ട്. രണ്ട് കൂട്ടര്‍ക്കും തങ്ങളുടേതായ ന്യായീകരണങ്ങളുമുണ്ട്. ഒരു മനുഷ്യന്റെ ജീവനെ ഹനിക്കുവാനുള്ള അവകാശം മറ്റ് മനുഷ്യര്‍ക്കില്ലാത്തതുപോലെ ഭരണകൂടത്തിനും ഇല്ലെന്നതാണ് വധശിക്ഷ വേണ്ട എന്ന വാദക്കാരുടെ അടിസ്ഥാന നിലപാട്. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായാണ് അവര്‍ നോക്കിക്കാണുന്നത്. ഇസ്‌ലാമിക ലോകത്തെ പണ്ഡിതര്‍ക്കും ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. നിലനിര്‍ത്തണം എന്ന വാദമുള്ളവരാണ് ഭൂരിപക്ഷം ഫിഖ്ഹി പണ്ഡിതരും. എന്നാല്‍ അതൊഴിവാക്കുന്നതുകൊണ്ട് ഇസ്‌ലാമിന്റെ സാമൂഹ്യ ലക്ഷ്യങ്ങള്‍ക്കോ കുറ്റക്യത്യങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാടുകള്‍ക്കോ തകരാറുകള്‍ പറ്റില്ലെന്ന് അഭിപ്രായമുള്ള പണ്ഡിതരും മുസ്‌ലിം ലോകത്തുണ്ട്. മലേഷ്യ വധശിക്ഷയെ എടുത്ത് കളഞ്ഞുകൊണ്ടുള്ള ഒരു തീരുമാനം കൈക്കൊണ്ടതാണ് ഇപ്പോള്‍ വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും മലേഷ്യയില്‍ വധ ശിക്ഷ നിര്‍ത്തലാക്കാനും വധശിക്ഷ വിധിച്ച എല്ലാ കേസുകളും നിര്‍ത്തിവെക്കാനുമാണ് ഇപ്പോള്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും വിദേശ നയതന്ത്രജ്ഞരുടെയും ആവശ്യം പരിഗണിച്ചും മനുഷ്യ ജീവനെ സംബന്ധിച്ച് ആധുനിക ലോകത്ത് ഉയര്‍ന്ന് വന്നിട്ടുള്ള നിലപാടുകളെ മാനിച്ചുമാണ് തങ്ങള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നതെന്നാണ് മലേഷ്യ അറിയിച്ചത്. തീരുമാനം പ്രാബല്യത്തില്‍ വന്ന് നിയമമായി മാറുന്നത് വരെ എല്ലാ വധശിക്ഷകളും നിര്‍ത്തിവെക്കാനും മന്ത്രി സഭ തീരുമാനിച്ചു.