2 Thursday
January 2025
2025 January 2
1446 Rajab 2

വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്ന ബില്‍ പിന്‍വലിക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് ദാനം ചെയ്യാനുള്ള ഗൂഢപദ്ധതിയാണ് വഖഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടിയും ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പവിത്രമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിശ്വാസികള്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ കയ്യടക്കാനുള്ള നീക്കത്തെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കും. വഖഫ് സ്വത്ത് നിര്‍ണയിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ അധികാരം എടുത്തു കളയുന്നതും വഖഫ് സ്വത്തുക്കള്‍ സര്‍വേ ചെയ്യാനുള്ള അധികാരം കലക്ടര്‍മാര്‍ക്ക് നല്കുന്നതും വഖഫ് സ്വത്ത് കവര്‍ന്നെടുക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. ഇത് അംഗീകരിക്കാവതല്ല. ഇസ്‌ലാമിക നിയമ പ്രകാരം കൈകാര്യം ചെയ്യപ്പെടേണ്ട വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരര്‍ക്ക് അവസരം നല്കുക വഴി വഖഫിന്റെ തത്വങ്ങള്‍ തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് നിയമ ഭേദഗതിയെന്നതിനാല്‍ ബില്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് ഡോ. ഇ കെ അഹമ്മദ് കുട്ടിയും സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു.

Back to Top