ലോണ്‍ – മനോജ് കാട്ടാമ്പള്ളി
ബാങ്കില്‍
വായ്പയ്ക്ക് വന്നയാളോട്
പേരു ചോദിക്കവെ
പതിഞ്ഞ ശബ്ദത്തില്‍
അയാള്‍ പറഞ്ഞു.
പേര് ഹൈദര്‍,
66 വയസ്സ്
ഇടയ്ക്കിടെ
ഒളികണ്ണിട്ട് നോക്കുന്ന
സഹപ്രവര്‍ത്തകരെ
ഞാന്‍ അനിഷ്ടത്തോടെ നോക്കി.
തെറ്റുചെയ്യാതെ
തീവ്രവാദിയാക്കപ്പെട്ട മകന്‍
കുടുംബത്തിനുവേണ്ടി കുഴിച്ച
അപമാനത്തിന്റെ ആഴക്കിണറിനെ
അയാളുടെ കണ്ണുകളില്‍നിന്ന്
എങ്ങനെ മൂടിവെയ്ക്കാനാണ്?
എന്നോളം ഉയരമുള്ള അയാള്‍
ആഴമുള്ള കിണര്‍ കുഴിക്കാന്‍
ലോണെടുക്കേണ്ട കാര്യം പറഞ്ഞു.
ജാമ്യക്കാരില്ലാത്തതിനാല്‍
ഞാന്‍ കരുണയില്ലാതെ
തിരിച്ചയച്ചു.
നാലുദിവസം കഴിഞ്ഞ്
ഭാര്യയുടെയും മക്കളുടെയും
ആഭരണങ്ങളുമായി
അയാള്‍ വീണ്ടും വന്നു.
‘കുറേ ആഴമുള്ള കിണറാണ്’
കുഴിച്ച് കുഴിച്ച്
കിണറില്‍ വെള്ളം കണ്ടനാള്‍
ബാങ്കിലെത്തിയ അയാള്‍
ഇത്തവണയും പറയാന്‍ മറന്നില്ല.
ലോണെടുത്ത പണം തീര്‍ന്നു.
കിണറുപണി താല്കാലികമായി
നിര്‍ത്തിവെയ്ക്കുകയാണ്
അയാള്‍ പറഞ്ഞിട്ടുപോയി.
അതിരാവിലെ
കിണറിനരികില്‍ നിന്ന്
പല്ലുതേക്കുമ്പോള്‍
ഞാനയാളെ ഓര്‍ത്തു.
കുളിക്കാന്‍ വെള്ളം കോരുമ്പോഴും
ബക്കറ്റിലിരുന്ന്
ഒരാള്‍ ആകാശത്തിലേക്ക്
തലനീട്ടുന്നതുപോലെ തോന്നി.
തലയിലേക്ക് കമിഴ്ത്തുമ്പോള്‍
തണുപ്പ്
പാതിനിര്‍ത്തിയ ജീവിതംപോലെ
കുളിമുറിയുടെ ഏകാന്തതയെ
അലോസരപ്പെടുത്തുന്നു.
ചെയ്യാത്ത കുറ്റത്തിന്
കുറ്റവാളിയാക്കുന്നതുപോലെ
എളുപ്പമല്ല
ഒരു കിണറുകുത്താന്‍.