28 Thursday
March 2024
2024 March 28
1445 Ramadân 18

ലൈംഗിക അച്ചടക്കത്തിന് ഇസ്‌ലാമിക നിബന്ധനകള്‍ – ഡോ. പി എം മുസ്തഫ കൊച്ചിന്‍

വ്യഭിചാരം എന്നാല്‍ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അനുചിത ലൈംഗിക ബന്ധമാണ്. വിവാഹേതര ബന്ധം ((Adultery)), വിവാഹപൂര്‍വ രതി (Fornication)), ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗികത (Incest) എന്നീ അസ്വാഭാവിക രീതിയിലുള്ള എല്ലാത്തരം ലൈംഗിക ബന്ധങ്ങള്‍ക്കും അറബിയില്‍ സിനാ, സിഫാഹ് എന്നീ പദങ്ങളാണുള്ളത്.
വൈവാഹിക ബന്ധത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന സംയോഗങ്ങളല്ലാത്ത രതിക്രീഡകളൊന്നും ഇസ്‌ലാമിക ദാമ്പത്യജീവിതത്തില്‍ അംഗീകൃതമല്ല. ലൈംഗികാവയവ സംയമനം (24:30), ദൃഷ്ടി നിയന്ത്രിക്കല്‍ (24:30), വിവാഹ മോചിതയുടെ പുനര്‍വിവാഹം (2:232) അനുവാദത്തോടെയുള്ള ഗൃഹപ്രവേശം (24:28) എന്നിവ പരിഷ്‌കൃത കാര്യങ്ങളിലാണ് ഖുര്‍ആന്‍ എണ്ണുന്നത്. അമിത ലൈംഗികാസക്തിയും, ലൈംഗിക വ്യതിയാനവും, രതിവൈകൃതവും, അനുചിത സംഭോഗവും, വേശ്യാവൃത്തിയുമൊക്കെ മ്ലേച്ഛ വൃത്തിയുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.
സംശുദ്ധ ലൈംഗിക ജീവിതത്തിന് പരിരക്ഷയും, മ്ലേച്ഛ ലൈംഗികതയില്‍ എത്തിച്ചേരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. രഹസ്യ ബന്ധത്തിന് മനുഷ്യരെ പ്രേരിപ്പിക്കുകയും അതിലേക്ക് നയിക്കുകയും ചെയ്യുന്ന കൊച്ചു വാതിലുകള്‍ വരെ ഖുര്‍ആനിക ശാസനയിലൂടെ കൊട്ടിയടച്ചിട്ടുണ്ട്. മനുഷ്യരെ പരിഷ്‌കൃതരാക്കാന്‍ ദൈവിക നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മാത്രമേ സാധ്യമാവൂ എന്ന് താഴെ കൊടുത്ത കാര്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
ലൈംഗികത സംശുദ്ധമാവണം
ലൈംഗികതയില്‍ സംയമന സ്വഭാവം സ്വീകരിക്കുന്നത് സംശുദ്ധ ജീവിതത്തിന് ഉത്തമമാണെന്ന് ഖുര്‍ആന്‍ (24:30) ഉണര്‍ത്തുന്നു. അനുചിത ലൈംഗികതകള്‍ ഖുര്‍ആനിന്റെ ഭാഷയില്‍ മ്ലേഛ പ്രവൃത്തികളാണ് (29:45). പ്രകടവും പരോക്ഷവുമായ എല്ലാത്തരം മ്ലേഛതകളും കൈവെടിയണമെന്ന് (7:33) ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്.
സാഹചര്യം ഇല്ലായ്മ ചെയ്യുന്നു
ഒരു പുരുഷനും അന്യസ്ത്രീയും, ഒരു സ്ത്രീയും അന്യപുരുഷനും സംഗമിക്കുന്ന സന്ദര്‍ഭങ്ങളും യാത്രാ ചുറ്റുപാടുകളും ഇസ്‌ലാം നിയന്ത്രിച്ചിട്ടുണ്ട്. സത്യവിശ്വാസികള്‍ അവരുടേതല്ലാത്ത ഭവനങ്ങളില്‍ ആ വീട്ടുകാരോട് അഭിവാദനമര്‍പ്പിക്കുകയും അവരോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്. അനുമതി ലഭിച്ച ശേഷം മാത്രമേ പ്രവേശിക്കാവൂ (24:27-29) എന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. സ്വന്തമല്ലാത്ത ഭവനങ്ങളില്‍ പ്രവേശിക്കുന്നവര്‍ അല്ലാഹുവില്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപഹാരമെന്ന നിലയില്‍ അന്യോന്യം സലാം പറഞ്ഞാണ് കടക്കേണ്ടതെന്നും (24:61) ഖുര്‍ആന്‍ പറയുന്നു. ഇത്തര ഖുര്‍ആനിക കല്പനകള്‍ ലംഘിക്കുമ്പോഴാണ് ലൈംഗിക അസാന്‍മാര്‍ഗികളുടെ അഴിഞ്ഞുനടപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നത്.
പ്രദര്‍ശനം അരുത്
സ്വന്തം ലൈംഗികാവയവങ്ങളോ നഗ്നതയോ മറ്റുള്ളവരെ കാണിച്ച് ലൈംഗിക സായൂജ്യമടയുന്ന സ്വഭാവ വൈകല്യത്തിന് പ്രദര്‍ശനേച്ഛ (എക്‌സിബിഷനിസം) എന്നാണ് സാങ്കേതികമായി പറയുക. സത്യവിശ്വാസിനികള്‍ പരപുരുഷ ശ്രദ്ധ പ്രത്യേകം ക്ഷണിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും അവരുടെ പ്രത്യക്ഷ ഭംഗിയായ മുന്‍കൈയും മുഖവും ഒഴികെ മറ്റൊന്നും തന്നെ പ്രദര്‍ശിപ്പിക്കരുതെന്നും തന്റെ ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്നും ഖുര്‍ആന്‍ (24:31) ഉണര്‍ത്തുന്നു.
ദര്‍ശനം വേണ്ട
ആരുടെയെങ്കിലും നഗ്നതയോ ലൈംഗികാവയവങ്ങളോ ഒളിഞ്ഞുനോക്കിക്കൊണ്ട് ലൈംഗിക നിര്‍വൃതിയടയുന്ന മാനസിക വൈകല്യമാണ് വോയരിസം. സത്യവിശ്വാസികളും വിശ്വാസിനികളും അവരവരുടെ ദൃഷ്ടികളെ അന്യരിലേക്ക് പായിക്കാതെ നിയന്ത്രണ വിധേയമാക്കണമെന്നതും (24:30,31), ദൃഷ്ടികളുടെ വഞ്ചനാ നോട്ടം അറിയുന്നവനാണ് അല്ലാഹുവെന്നതും (40:19) ഖുര്‍ആനിക നിര്‍ദേശങ്ങളാണ്. നമ്മെ ‘വോയര്‍’ ആക്കാതിരിക്കാന്‍ ഈ ശാസനകള്‍ സഹായകമാണ്. വസ്ത്രം അഴിച്ചുവെച്ച് വിശ്രമിക്കുന്ന ഉച്ചനേരത്തും, രാത്രി നമസ്‌കാരശേഷം മുതല്‍ പ്രഭാത നമസ്‌കാരം വരെയുള്ള സ്വകാര്യ ചുറ്റുപാടുകളിലും സ്വന്തം വീട്ടിലെ മറ്റു മുറികളില്‍ കുട്ടികള്‍ക്കും ഭൃത്യര്‍ക്കും പോലും പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ആള്‍ക്കൂട്ടത്തിലോ തിരക്കിനിടയിലോ ലൈംഗികാവയവങ്ങളില്‍ തൊട്ടുരുമ്മി ലൈംഗിക സംതൃപ്തി കരസ്ഥമാക്കുന്നതാണ് സ്പര്‍ശനാകാമം (പ്രോട്ടേജ്). പുരുഷര്‍ക്ക് ദര്‍ശന സുഖം ലഭിക്കുമെങ്കില്‍ സ്ത്രീകള്‍ക്ക് സ്പര്‍ശനത്തിലാണ് സുഖം കിട്ടുക. അന്യസ്ത്രീപുരുഷ സ്പര്‍ശനങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല.
രഹസ്യവേഴ്ച അരുത്
രഹസ്യവേഴ്ചയെ ഇസ്‌ലാം നീചമായാണ് കാണുന്നത്. മ്ലേഛവൃത്തിയില്‍ ഏര്‍പ്പെടാത്തവരും രഹസ്യ വേഴ്ചക്കാരെ പ്രാപിക്കാത്തവരുമായ ചാരിത്ര്യശുദ്ധിയുള്ള പതിവ്രതകളെ വിവാഹം ചെയ്യാം (4:24,25) എന്ന ഖുര്‍ആനിക അധ്യാപനവും, പവിത്രകളായ സത്യവിശ്വാസിനികളെയും വേദക്കാരിയെയും വിവാഹമൂല്യം നല്‍കി വിവാഹം കഴിക്കാമെന്നും, വ്യഭിചാരത്തിലേര്‍പ്പെടാതെയും, രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാതെയും വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നല്‍കണം (5:5) എന്ന ഖുര്‍ആനിക കല്പനയും അനുചിത ലൈംഗിക വൃത്തിയിലേക്ക് നയിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
സ്വപത്‌നിമാരും നിയമവിധേയമാക്കപ്പെട്ടവരും അല്ലാത്തവരില്‍ നിന്ന് സത്യവിശ്വാസികള്‍ ലൈംഗികാവയവ സംയമനം പാലിക്കണമെന്നും അതിനപ്പുറം ആഗ്രഹിക്കല്‍ അതിര് വിടല്‍ ആയിത്തീരുമെന്നും ഖുര്‍ആന്‍ (23:1-9) വാക്യങ്ങളില്‍ കാണാം.
പ്രാര്‍ഥന എന്ന പരിച
നമസ്‌കാരം എന്ന പ്രാര്‍ഥന നിര്‍വഹിക്കുന്നത് കേവലം പുണ്യമോ കൂലിയോ കിട്ടാന്‍ വേണ്ടി മാത്രമല്ല. ലൈംഗിക വൈകൃതങ്ങള്‍ പോലുള്ള മ്ലേഛവൃത്തിയില്‍ നിന്ന് തടയിടാന്‍ കൂടിയാണ്. നമസ്‌കാരം സത്യവിശ്വാസിയെ മ്ലേഛതയില്‍ നിന്നും നെറികേടില്‍ നിന്നും തടയിടുമെന്ന് (29:45) ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. സ്ഥിര നിഷ്ഠയുള്ള നമസ്‌കാരക്കാരന്‍ അവരുടെ ഇണകളുടെയും നിയമ വിധേയമാക്കപ്പെട്ടവരുടെതുമല്ലാത്തവരില്‍ നിന്നു ലൈംഗികാവയവങ്ങളെ കാത്തു സംരക്ഷിക്കും (70:22) എന്ന് ഖുര്‍ആനില്‍ കാണാം.
മ്ലേഛ ലൈംഗിക വൃത്തി കല്പിക്കുന്നവനായ ചെകുത്താന്റെ കാല്‍പാടുകളെ പിന്‍പറ്റുന്നതിനെക്കുറിച്ച് സത്യവിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് (24:21) അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു.
ശിക്ഷയിലൂടെ ശിക്ഷണം
വ്യഭിചാരം ലൈംഗിക രോഗമുണ്ടാക്കുന്നതിന് പുറമെ കുടുംബ ശൈഥില്യവും കലഹവുമുണ്ടാക്കുന്നു. അത് രക്തച്ചൊരിച്ചിലിലേക്കും കൊലയിലേക്കും കൊണ്ടെത്തിച്ചേക്കാം. ഭ്രൂണഹത്യ, ശിശുഹത്യ, ജാരസന്തതി ജനനം എന്നിവയ്ക്ക് നിമിത്തമായേക്കാം. വ്യഭിചാരിയെയും വ്യഭിചാരിണിയെയും സത്യവിശ്വാസികളുടെ സാന്നിധ്യത്തില്‍ നൂറ് അടി വീതം ശിക്ഷയായി നല്‍കണമെന്ന് വിധിച്ചത് (24:2) ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളിലുണ്ട്.
സ്ത്രീ പുരുഷ സങ്കലനത്തിന്അതിര്‍വരമ്പുകള്‍
വിവാഹം വിലക്കപ്പെട്ട ചില ബന്ധങ്ങള്‍ ഇസ്‌ലാം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. സൂറതുന്നിസാഅ് അധ്യായം 24-ാം വചനത്തില്‍ ഇത് കാണാം. ”മാതാവ്, പെണ്‍മക്കള്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍ തുടങ്ങി രക്തബന്ധുക്കളും പത്‌നിയുടെ മാതാവ്, പത്‌നിയുടെ മകള്‍, മകന്റെ പത്‌നി എന്നീ വൈവാഹിക ബന്ധുക്കളും മുലകുടി ബന്ധത്തിലെ മാതാക്കളും, മുലകുടി ബന്ധത്തിലെ സഹോദരിമാരും വിവാഹം നിഷിദ്ധമാക്കപ്പെട്ടവരാണ്. മറ്റൊരാളുടെ പത്‌നിയെ വരിക്കലും രണ്ടു സഹോദരിമാരെ ഒരുമിച്ച് വേളികഴിക്കലും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു” (4:24)
അടുത്തുപോകരുത്
മ്ലേച്ഛതയും മോശം രീതിയുമായ വ്യഭിചാരത്തോട് അടുത്തുപോകരുതെന്നും (7:32), പ്രത്യക്ഷവും പരോക്ഷവുമായ ഒരു മ്ലേച്ഛവൃത്തിയോടും സമീപിക്കരുതെന്നും (6:151) ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് വളരെ ശ്രദ്ധേയമാണ്. വ്യഭിചാരം പോലുള്ള മ്ലേച്ഛപ്രവൃത്തികളിലേക്ക് നയിക്കുന്ന ഘടകങ്ങളുടെ പരിസരത്തുപോലും എത്തിനോക്കരുതെന്ന സൂചന നമുക്ക് ഇതില്‍ നിന്ന് കിട്ടും.
ആര്‍ത്തവ ഘട്ടങ്ങളില്‍ പുരുഷന്മാര്‍ സ്വപത്‌നിമാരില്‍ നിന്ന് ലൈംഗിക സംയമനം പാലിച്ച് അകന്നുനില്ക്കണമെന്നും അവര്‍ ശുദ്ധിയാകുന്നതുവരെ ലൈംഗിക പൂര്‍ത്തീകരണത്തിനായി അവരോട് അടുത്തുപോകരുതെന്നും ഇനി അവര്‍ അതില്‍ നിന്ന് വൃത്തിയായിക്കഴിഞ്ഞാല്‍ അല്ലാഹു കല്പിച്ച മുറപ്രകാരം മാത്രമേ അവരെ സമീപിക്കാവൂ (2:222) എന്നും ഖുര്‍ആന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നു.
അകല- അടുപ്പങ്ങള്‍ക്ക് ഒരു അവാചിക ആശയവിനിമയ ശേഷിയുണ്ടെന്ന് മന:ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആത്മമിത്ര അകലം (Intimate Distance), വ്യക്തിഗത അകലം (Personal Distance), സാമൂഹിക അകലം (Social Distance) എന്നീ വിവിധ അകലങ്ങളുടെ മാനസിക പ്രതികരണങ്ങള്‍ ആ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ക്യാമ്പസില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ ആറ് ഇഞ്ചെങ്കിലും അകലം പാലിക്കണമെന്ന് പാകിസ്താനിലെ ഇസ്‌ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നിവിടങ്ങളില്‍ കാമ്പസുള്ള ബഹ്‌രിയ്യാ സര്‍വകലാശാല ഉത്തരവിറക്കിയത് ഈയിടെ പത്രങ്ങളില്‍ കൗതുകവാര്‍ത്തയായിരുന്നു. അകല-അടുപ്പങ്ങളുടെ മനശ്ശാസ്ത്രം പഠിച്ച ഏതൊരു വ്യക്തിക്കും ഇതില്‍ കൗതുകം ജനിക്കില്ല, തീര്‍ച്ച.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x