22 Sunday
December 2024
2024 December 22
1446 Joumada II 20

ലേഖനം കൃഷി വെറും തൊഴിലല്ല ഖുര്‍ആനിന്റെ കാര്‍ഷിക ദര്‍ശനം – ഡോ. പി അബ്ദു സലഫി

അറബി ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ട ആദ്യകൃതിയായാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അറബികളുടെ മനസ്സിലും ഭാഷയിലും വലിയ സ്വാധീനമാണതുണ്ടാക്കിയത്. ഭാഷയെയും സാഹിത്യത്തെയും അത് വ്യക്തമായി സ്വാധീനിച്ചു. പദാവലികള്‍ക്ക് കൂടുതല്‍ ശ്രവണസൗന്ദര്യമേകി, ഭാഷാ ഘടനകളെ ലളിതവത്ക്കരിച്ചു, പ്രയോഗങ്ങളെ കൃത്യതയുള്ളതാക്കി. ഉച്ചാരണഭംഗിയും ആശയസമ്പുഷ്ഠതയും വര്‍ധിപ്പിച്ചു, പുതിയ മതസാങ്കേതിക സംജ്ഞകളാല്‍ ഭാഷയുടെ വൃത്തത്തിന് വിസ്തൃതിയേകി. അറേബ്യക്കപ്പുറം, വിദൂരദിക്കുകളിലേക്ക് വ്യാപിക്കാനും ഭാഷയുടെ അമരത്വം ഉറപ്പുവരുത്താനും വിശുദ്ധ ഖുര്‍ആനിന് കഴിഞ്ഞു. മാനവതയെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കെത്തിക്കാന്‍ സ്രഷ്ടാവ് ഇറക്കിയ അവസാന ഗ്രന്ഥമാണിത്. സര്‍വജ്ഞനും യുക്തിഭദ്രനുമായ സ്രഷ്ടാവ് നല്‍കിയ സമ്പൂര്‍ണകൃതി. ഇത് ലോകര്‍ക്കാകമാനം ദിശ കാണിക്കുന്നു, ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങള്‍ നല്‍കുന്നു, ദൗവികാനുഗ്രഹങ്ങളെ ഓര്‍മപ്പെടുത്തുന്നു. സ്രഷ്ടാവ് തന്റെ പൂര്‍ണജ്ഞാനത്തില്‍നിന്നും സൃഷ്ടികള്‍ക്കാവശ്യമുള്ളതെല്ലാം ഇതിലൂടെ നല്‍കി. മതനിയമങ്ങളും ജീവിതരീതിയുടെ അടിസ്ഥാന വശങ്ങളും ഇതില്‍ വിവരിക്കപ്പെട്ടു. സൃഷ്ടികള്‍ക്ക് ആലോചിക്കുവാനും ഗ്രഹിക്കാനുമാവശ്യമായതെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചു. ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴിനടത്തുന്നു. സല്‍പ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന വിശ്വാസികള്‍ക്കുള്ള വലിയ പ്രതിഫലത്തെക്കുറിച്ച് സുവിശേഷമറിയിക്കുകയും ചെയ്യുന്നു” (ഇസ്‌റാഅ് 9)
വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഖുര്‍ആനിന്റെ പ്രമേയം. ചിലത് വിശദവും മറ്റുചിലത് സൂചനകളുമാണ്. ഏകദൈവ വിശ്വാസം, പ്രവാചകത്വം, പരലോകം എന്നിവ ഖുര്‍ആനിന്റെ പ്രധാന പ്രതിപാദ്യവിഷയമാണെന്ന കാര്യം തര്‍ക്കമറ്റതാണ്. ഇതരവിഷയങ്ങളെല്ലാം ഇവയുടെ അനുബന്ധമായ വിശദീകരണവും വ്യാഖ്യാനവും ആകാവുന്നവയാണ്.
കാര്‍ഷിക മേഖല, ഖുര്‍ആന്‍ ഊന്നല്‍ നല്‍കിയ ഒന്നാണ്. കൃഷിക്കാവശ്യമായ വെള്ളം അല്ലാഹുവാണ് ആകാശത്തുനിന്നിറക്കുന്നത്. മഴയാണ് വരണ്ട ഭൂമിയെ ജീവസ്സുറ്റതാക്കുന്നത്. ഭൂമിയില്‍ സസ്യങ്ങള്‍, ചെടികള്‍, ധാന്യങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയ ഉണ്ടാക്കിയവനും സ്രഷ്ടാവായ നാഥനാണ്. അവന്റെ സാന്നിധ്യം മഹത്വം, കഴിവ് എന്നിവ ബോധ്യപ്പെടുന്ന ധാരാളം ഘടകങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട് നില്ക്കുന്നു.
ഖുര്‍ആനിലെ എല്ലാ കല്പനകളും നാം ഗൗരവത്തോടെ കാണണം. ശൈഖ് ത്വന്‍താവ് പറയുന്നു: ‘ലോകത്തിലെ മുഴുവന്‍ ജ്ഞാനങ്ങളും നാം നേടേണ്ടത് അതൊരു മതശാസന എന്നനിലയ്ക്കുതന്നെയാണ്’. ‘കല്പിക്കപ്പെട്ടതുപോലെ നിലകൊള്ളുക” (വി.ഖു 42:15) എന്ന വചനവും ‘ആകാശ ഭൂമികളിലെന്താണുള്ളതെന്ന് നോക്കു” (വി.ഖു 10:101) എന്ന കല്പനയും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്? മതശാസനകള്‍ നാം അനുസരിക്കുന്നതുപോലെത്തന്നെ പ്രപഞ്ചാത്ഭുതങ്ങള്‍ വായിച്ചെടുക്കാനും പ്രാവര്‍ത്തികമാക്കാനും നമുക്ക് ബാധ്യതയുണ്ട്. അപ്പോള്‍ കൃഷി, വ്യവസായം, കച്ചവടം എല്ലാം നാം അഭിവൃദ്ധിപ്പെടുത്തേണ്ടതായി വരും” (അല്‍ജവാഹിര്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ കരീം പേജ് 7)
ഭക്ഷ്യവിഭവങ്ങളുടെ കുറവ് നേരിടുകയാണ് നമ്മുടെ രാജ്യവും ലോകവും. കാര്‍ഷിക ഭൂമിയുടെ വിസ്തൃതി ദിനേന കുറഞ്ഞുവരുന്നു. കാര്‍ഷികവൃത്തിയില്‍ നിന്നും പിന്‍വലിഞ്ഞുകൊണ്ടിരിക്കുകയാണ് കര്‍ഷകര്‍. പലര്‍ക്കും നഷ്ടങ്ങളുടെ കണക്കാണവതരിപ്പിക്കാനുള്ളത്. എന്നാല്‍ ഇസ്്‌ലാമിലെ കൃഷി ഭക്ഷ്യ-സാംസ്‌കാരിക സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രമുള്ളതല്ല. ഈ ലോകത്തിലെ നേട്ടങ്ങള്‍ക്കപ്പുറം പരലോകനന്മകള്‍കൂടി ലഭ്യമാവുന്ന ചില ആത്മീയ മാനങ്ങള്‍ കൂടിയുണ്ടതിന്.
ലോകത്തെ പുരാതനവും സവിശേഷവുമായ സംസ്‌കാരങ്ങളിലൊന്നാണ് കാര്‍ഷികവൃത്തി. തന്റെ മുന്നില്‍ വിശാലമായി പരന്നുകിടക്കുന്ന ഭൂമി, സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്. ഭൂമുഖത്തെ അരുവികളും പുഴകളും അവിടെ ലഭിക്കുന്ന മഴയും അതുമുഖേനയുണ്ടാകുന്ന ചെടികളും മരങ്ങളും ഉല്പാദിപ്പിക്കപ്പെടുന്ന കൃഷിയും കായ്കനികളും എല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്.
അല്ലാഹു മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത് ഒരു പാഴ്‌ചെലവായിട്ടല്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇതര ജീവികളേക്കാള്‍ മഹത്വം നല്‍കിയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്. പല മഹാ ഔന്നത്യങ്ങളും അവന് നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. ഭൂമിയിലെ ഖലീഫയായ അവനെ ബുദ്ധിശക്തി നല്‍കിയാണ് അല്ലാഹു വ്യത്യസ്തനാക്കിയത്. നിലനില്പിന്നായി ഭൂമിയെ നാഗരികമാക്കാനും അതിലെ സമ്പത്ത് സംരക്ഷിക്കാനും വിഭവങ്ങള്‍ വളര്‍ത്തിയെടുക്കാനും അവന്‍ ചുമതലയുണ്ട്. അതിന് ചിന്താപരവും ആത്മീയവുമായ ഒരു മാനംകൂടിയുണ്ട്. ഭൂമിയെ മനുഷ്യന് അധീനപ്പെടുത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യന്‍ വിജയം പ്രാപിക്കുന്നത് സ്രഷ്ടാന നല്‍കിയ പ്രകൃതിപരമായ ഈ ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ്. കാരണം ഈ ഭൂമുഖത്താണ്, ഒരു നിശ്ചിതാവധിവരെ മനുഷ്യന്‍ ജീവിതം നയിക്കണമെന്ന് സ്രഷ്ടാവ് തീരുമാനിച്ചിട്ടുള്ളത് (വി.ഖു 2:36).
ഉന്നതനായ മനുഷ്യന് ഭൂമുഖത്ത് വസിക്കണമെങ്കില്‍ ഭൂമിയെ ഹരിതാഭമാക്കി സംരക്ഷിക്കുക എന്ന തൗദ്യം കൂടി നിര്‍വഹിക്കേണ്ടതുണ്ട്. ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുക, ഭൂ സമ്പത്ത് വിനിയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി അവന്‍ നിരന്തരം യത്‌നിക്കണം. ഇത് യാഥാര്‍ഥ്യമാവുന്നത് നിരന്തരവും ഗൗരവപൂര്‍ണവുമായ കാര്‍ഷിക പ്രവര്‍ത്തനത്തിലൂടെയാണ്. അതൊരു വലിയ ദൗത്യ നിര്‍വഹണം കൂടിയാണ്. അഥവാ ഭൂമിയില്‍ സ്രഷ്ടാവ് നിക്ഷേപിച്ച വിഭവങ്ങള്‍ കരഗതമാക്കാനുള്ള തീവ്രയത്‌നത്തില്‍ മുഴുകലാണ്.
അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവന്റെ കല്പനകള്‍ അനുസരിക്കുക എന്നീ വലിയ ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടവരാണ് മനുഷ്യര്‍. ഭൂമിയിലും അതിലുള്ളവയും മനുഷ്യന്റെ നിലനില്പിനുള്ളതാണ് (വി.ഖു 2:29). അല്ലാഹു തന്റെ കാരുണ്യത്തിന്റെ ഭാഗമായി സൃഷ്ടികളുടെ ആഹാരം ഇവിടെ നിക്ഷേപിച്ചിട്ടുള്ള് (ഹൂദ് 6). എന്നാല്‍ ഇത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മനുഷ്യന് ബാധ്യതയുണ്ട്. അതിന് വേണ്ടി അവന്‍ യത്‌നിക്കണം. ഭക്ഷണം മനുഷ്യന്റെ അവശ്യഘടകമാണ്. അഹന്തയോ ധൂര്‍ത്തോ ദുര്‍വ്യയമോ അതിക്രമമോ കൂടാതെയാവണം അവനത് ഉപയോഗിക്കേണ്ടത്. അത് നല്‍കിയ ദാതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും അവന് ബാധ്യതയുണ്ട്.
ഇസ്്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും അന്നവും അല്ലാഹുവും തമ്മിലുള്ള ബന്ധം ഊന്നിപ്പറയുന്നുണ്ട്. അന്നത്തിന്റെ ഘടകങ്ങളും ഉപാധികളും അല്ലാഹു തന്നിലേക്ക് ചേര്‍ത്തിയാണ് വിവരിച്ചിട്ടുള്ളത്. ആവശ്യാനുസരണം മഴ നല്‍കുന്നവന്‍, സസ്യങ്ങളെ മുളപ്പിക്കുന്നവന്‍, ഭൂമി പിളര്‍ത്തിക്കൊടുക്കുന്നവന്‍, കൃഷി ഉണ്ടാക്കുന്നവന്‍, വിള സംരക്ഷിക്കുന്നവന്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ തന്നിലേക്ക് അല്ലാഹു ചേര്‍ത്തി പറയുന്നു.
ഭൂമിയിലെ വിഭവങ്ങള്‍ ഏവര്‍ക്കും അവകാശപ്പെട്ടതാണ്. സന്തുലിതമായ ലഭ്യതക്കായി മിതമായി മാത്രം അവ ഉപയോഗപ്പെടുത്തണം. ജീവിത സുരക്ഷയും സന്തോഷവും ഏകദൈവാരാധനയും പരസ്പര ബന്ധമുള്ളതാണ്. ഇതില്‍ അനീതിയും അക്രമവും കാണിക്കുന്നത് ഇഹപര നാശത്തിലേക്ക് നയിക്കുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
മതത്തില്‍, കാര്‍ഷികവൃത്തി ഒരു സാമൂഹ്യബാധ്യതതന്നെയാണ്; അത് കല്പിക്കപ്പെട്ടതുമാണ്. അടിസ്ഥാനപരമായി കൃഷിയുടെ ഉത്പാദനവും നിയന്ത്രണവും സ്രഷ്ടാവിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും അതിന്റെ പ്രായോഗിക നിര്‍വഹണം നടക്കേണ്ടത് മനുഷ്യനിലൂടെയാണ്. അതിന്നായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ അവന് ചുമതലയുണ്ട്. അല്ലാഹുവിന്റെ ഖജനാവിലുള്ള ഭക്ഷണം വിശാലവും തീര്‍ന്നുപോകാത്തതുമാണ്. എന്നാല്‍ ആവശ്യാനുസരണം ഒരു നിശ്ചിതതോതനുസരിച്ചാണ് അവന്‍ അത് വിതരണം ചെയ്യുന്നത്. അത് അല്ലാഹുവിന്റെ മാത്രം തീരുമാനമാണ്. മഴ നല്കുന്നതും, ജലം ശുദ്ധവും പാനയോഗ്യവും കൃഷിക്കനുയോജ്യവുമൊക്കെയാക്കിയത് അല്ലാഹുവാണ്. വേണമെങ്കില്‍ അവന് അത് ഉപ്പുജലമാക്കാമായിരുന്നു (വി.ഖു 56:70). വരണ്ട ഭൂമിയില്‍ നിന്നും വൈവിധ്യപൂര്‍ണമായ സസ്യങ്ങളും ധാന്യങ്ങളും ലഭിക്കുന്നത് അവന്റെ കാരുണ്യത്തിന്റെയും മഹത്വത്തിന്റെയും അടയാളങ്ങളാണ്. ചിലപ്പോള്‍ അവനെ അനുസരിക്കുന്നവര്‍ക്ക് കൂടുതലും ധിക്കാരികള്‍ക്ക് കുറച്ചും നല്‍കിയേക്കാം. എന്നാല്‍ അല്ലാഹു കാരുണ്യവാനായതിനാല്‍ എല്ലാവര്‍ക്കും അവന്‍ വിഭവങ്ങള്‍ നല്‍കിയിരിക്കുകയാണ്. അവന്‍ പരീക്ഷിക്കുകയാണെങ്കില്‍ ഭക്ഷ്യസുരക്ഷയില്ലായ്മയും ക്ഷാമവും മാത്രമായിരിക്കും ഫലം.
ഒരു പുരോഗമന സമൂഹത്തിന് ഭൂമിയിലെ കൃഷിയും വനവത്ക്കരണവും അവഗണിക്കാനാവില്ല. ഒരു തുണ്ട് ഭൂമിപോലും തരിശിടാനുമാകില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിസ്ഥാന ശിലയാണ് കൃഷി. മനുഷ്യന്റെ അവശ്യഘടകങ്ങളായ ഭക്ഷണവും വസ്ത്രവും കൃഷിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഭക്ഷ്യക്കമ്മി നികത്താനുള്ള ഏകപോംവഴി കൃഷിയെ പ്രോത്സാഹിപ്പിക്കലാണ്. അതിനാല്‍ കൃഷിക്കുപയുക്തമായ രീതിയില്‍ തങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഖുര്‍ആനും സുന്നത്തും ഇക്കാര്യം ഗൗരവത്തില്‍ കാണുന്നുണ്ട്. മുസ്്‌ലിംസമൂഹം ഇതിന്റെ മുന്നിലുണ്ടാവേണ്ടവരുമാണ്.
ആദ്യകാല മുസ്്‌ലിം സമൂഹം ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. തരിശുഭൂമി പിടിച്ചെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പതിച്ച് നല്‍കിയ ഖലീഫമാരുണ്ടായിരുന്നു. വിജയിച്ചടക്കിയ പ്രദേശങ്ങളില്‍ രണ്ട് കാര്യങ്ങള്‍ സജ്ജീകരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. നമസ്‌കരിക്കാനുള്ള ഇടവും കൃഷി ചെയ്യാനുള്ള സ്ഥലവുമായിരുന്നു അവ. കൃഷിയെ വിവിധ വിജ്ഞാന ശാഖകളായി വികസിപ്പിച്ചത് അറബികളായിരുന്നു. യൂറോപ്യര്‍ ഈ വിഷയത്തിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ എത്രയോ മുമ്പായിരുന്നു അത്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായിരുന്ന ആദ്യകാല സമൂഹത്തില്‍ കാര്‍ഷികവൃത്തിയും കൂടെയുണ്ടായിരുന്നു.
കൃഷിയുടെ
ആത്മീയ മാനങ്ങള്‍
ഇസ്്‌ലാമിക കാര്‍ഷിക വൃത്തി ധാരാളം ആത്മീയ മാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്. തന്റെ സൃഷ്ടികള്‍ക്ക് അന്നം ഉറപ്പുവരുത്തിയ അല്ലാഹു അതിന്നാവശ്യമായ ക്രമീകരണങ്ങളും ഭൂമിയില്‍ സംവിധാനിച്ചു. മഴയും കാര്‍ഷികാഭിവൃദ്ധിയും അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ നിലകൊള്ളുന്നവയാണ്. അവന്റെ ഏകത്വവും മഹത്വവും മനസ്സിലാക്കാന്‍ ഉപകരിക്കുന്നത് കൂടിയാണിത്. ‘നിങ്ങളാണോ കൃഷി ഉണ്ടാക്കുന്നത് അതോ നാമാണോ?”(വി.ഖു 56:64) ‘നിങ്ങളാണോ മേഘത്തില്‍ നിന്ന് മഴ ഇറക്കിയത് അതോ നാമാണോ?” (വി.ഖു 56:69) അല്ലാഹു ചോദിക്കുന്നു.
അല്ലാഹുവാണ് യഥാര്‍ഥ കര്‍ഷകനെന്നും അവനാണ് വിത്ത് മുളപ്പിച്ച് വളര്‍ത്തി ഫലങ്ങള്‍ നല്‍കുന്നതെന്നും ഓര്‍മിപ്പിക്കുന്നു. തോട്ടങ്ങളും വിളകളും മനുഷ്യമനസ്സില്‍ കുളിര്‍മയും കണ്ണില്‍ ആനന്ദവും സമ്മാനിക്കുന്നവയാണ്; ഇതല്ലാഹുവിന്റെ അനുഗ്രഹമാണ്. ഖുര്‍ആന്‍ പറയുന്നു
ദാരിദ്ര്യവും പട്ടിണിയും ഉന്മൂലനം ചെയ്യാനുള്ള പ്രധാആന മാര്‍ഗം കൃഷി തന്നെയാണ്. യൂസുഫ് നബി(അ)യുടെ കാലത്ത് ഈജിപ്ത്, വളരെ വലിയ ഒരു ക്ഷാമത്തെ അതിജീവിച്ചത്, ഏഴുവര്‍ഷം നന്നായി കൃഷി ചെയ്ത്, ധാന്യങ്ങല്‍ കേുകൂടാതെ സൂക്ഷിച്ചതുകൊണ്ടായിരുന്നു. വിള നശീകരണം, മനുഷ്യത്വത്തോടും മാനവികതയോടുമുള്ള വെല്ലുവിളിയായാണ് ഖുര്‍ആന്‍ കാണുന്നത്. യുദ്ധമുഖത്തുപോലും ശത്രുവിന്റെ തോട്ടം വെട്ടിനിരത്തരുത് എന്നാണ് പ്രവാചകന്റെ കല്പന. അല്ലാഹു ധാരാളം കാര്യങ്ങള്‍ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. കൃഷിയും സസ്യജാലങ്ങളും മരങ്ങളും തോട്ടങ്ങളും ഉദാഹരണമായെടുത്തുകൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ ഖുര്‍ആന്‍ വിശദീകരിച്ച് തരുന്നത് കാണാം. ഏകദൈവവിശ്വാസത്തെ എക്കാലത്തും ഫലം തരുന്ന വടവൃക്ഷത്തോടും ബഹുദൈവ സങ്കല്പത്തെ ചീത്തയും പ്രയോജനരഹിതവുമായ പാഴ്‌ച്ചെടിയോടും ഖുര്‍ആന്‍ ഉപമിക്കുന്നു (വി.ഖു 14:24)
മനുഷ്യര്‍ക്ക് ഭക്ഷണമായും കാലികള്‍ക്ക് മേച്ചില്‍പ്പുറമായും ഭൂമിയില്‍ അല്ലാഹു സൃഷ്ടിച്ച വിഭവങ്ങള്‍ ഖുര്‍ആന്‍ എടുത്തുപറയുന്നു (വി.ഖു 80:32). പരലോകത്ത് സ്വര്‍ഗനിവാസികള്‍ക്ക് ലഭിക്കുന്ന പഴവര്‍ഗങ്ങള്‍(വി.ഖു 56:20) നരകവാസികള്‍ക്ക് ലഭിക്കുന്ന ശിക്ഷയാകുന്ന ഭക്ഷണങ്ങള്‍ (ഗാശിയ 6) എന്നിവ വിവരിക്കുന്ന സ്ഥലങ്ങളിലും വിവിധ സസ്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു. കണ്ണിനും ഖല്‍ബിനും കുളിരേകുന്ന ആനന്ദക്കാഴ്ചകള്‍ സമ്മാനിക്കുന്നതിലും കൃഷിയുടെ പങ്കിനെയും(വി.ഖു 27:60) ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
ഭക്ഷ്യഭദ്രതയോടൊപ്പം ജീവികളുടെ നിലനില്പിന്നാധാരമാണ് കൃഷി എന്നതിനാല്‍ അത് നിര്‍ബന്ധവും ഉദ്ദേശ്യം നന്നാവുമ്പോള്‍ ഒരാരാധനയുമായിത്തീരുന്നുണ്ട്. അപ്പോള്‍ ഭൂമിയെ പ്രയോജനപ്പെടുത്തേണ്ടത് കടമയും ഉപേക്ഷ വരുത്തുന്നത് കുറ്റവുമായിത്തീരുന്നു.
സസ്യശാസ്ത്രം വിവിധ രൂപത്തില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടത് കാണാം. 22ല്‍ പരം സസ്യങ്ങള്‍, മരങ്ങള്‍, ചെടികള്‍ എന്നിവ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ആദ്യമാതാപിതാക്കളായ ആദം(അ)നോടും ഇണയോടും അടുത്തുപോകരുതെന്ന് വിലക്കിയ മരം (വി.ഖു 2:35), ഒരു മരത്തിന്നരികെവെച്ച് മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ചത് (വി.ഖു 29:30), വിശ്വാസികള്‍ മുഹമ്മദ് നബി(സ)യോട് ഒരു മരച്ചുവട്ടില്‍ വെച്ച് ബൈഅത്ത് ചെയ്തത് (വി.ഖു 48:18) തുടങ്ങി ധാരാളം പ്രസ്താവങ്ങള്‍ ഖുര്‍ആനിലുണ്ട്. പഴങ്ങള്‍, കായ്കനികള്‍, ധാന്യങ്ങള്‍, ഇലകള്‍, കാലിത്തീറ്റകള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങി സസ്യശാസ്ത്രവുമായി ബന്ധമുള്ള അനേകം വചനങ്ങള്‍ നമുക്ക് ഖുര്‍ആനില്‍ വായിക്കാവുന്നതാണ്.
ഖുര്‍ആനിന്റെ ആധികാരിക വിശദീകരണമായ നബിവചനങ്ങളിലും കൃഷിയെ ഏറെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. ഫലവൃക്ഷങ്ങള്‍ നടുന്നതിന്റെ മഹത്വവും പ്രതിഫലവും വിവരിക്കുന്ന നൂറോളം ഹദീസുകളുണ്ട്. മരണാനന്തരം പോലും നിരന്തരം പ്രതിഫലം ലഭിക്കുന്ന നിലയ്ക്കാത്ത ദാനമായാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. നാളെ ലോകാവസാനമാണെന്ന് വന്നാല്‍പോലും കൈവശമുള്ള ചെടി നട്ടിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസ് കൃഷിയുടെ പ്രധാന്യം വിളിച്ചുപറയുന്നു. താന്‍ നട്ടുവളര്‍ത്തിയ വൃക്ഷത്തിന്റെ കായ്കനികള്‍ പക്ഷിമൃഗാദികള്‍ തിന്നാല്‍പോലും തനിക്ക്പ്രതിഫലമാണെന്നാണ് നബി(സ) പഠിപ്പിച്ചത്. 32ല്‍ പരം സസ്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ ഹദീസുകളില്‍ കാണാം. പ്രവാചകവൈദ്യം എന്ന പേരില്‍ പില്‍ക്കാലത്ത് ഗ്രന്ഥങ്ങള്‍ പോലും രചിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറിയപങ്കും ഔഷധസസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
കൃഷിയുടെ അവിഭാജ്യവും അടിസ്ഥാനപരവുമായ ഘടകമാണ് ജലം. അല്ലാഹു ആകാശത്തുനിന്നുമിറക്കുന്ന വെള്ളമാണ് ഇതിന്റെ യഥാര്‍ഥ ഉറവിടം. ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായ ജലത്തിന്റെ വിവിധങ്ങളായ 23 ഇനങ്ങളെക്കുറിച്ച പ്രസ്താവനകള്‍ ഖുര്‍ആനിലുണ്ട്. ജല ലഭ്യതയായിരുന്നു നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും അടിത്തറകളിലൊന്ന്. കുടിവെള്ളം പോലെത്തന്നെ കാര്‍ഷികാവശ്യത്തിനുള്ള വെള്ളം തടുത്ത് വെക്കുന്നതും കുറ്റകരമായാണ് മതം കാണുന്നത്. ജലം ദുരുപയോഗം ചെയ്യുന്നതും മലിനമാക്കുന്നതും ശിക്ഷാര്‍ഹം തന്നെ. നമസ്‌കാരത്തിന്നായി അംഗസ്‌നാനം ചെയ്യുമ്പോള്‍ പോലും അനാവശ്യമായി വെള്ളം ഉപയോഗിച്ചുകൂടാ എന്നാണ് നബി(സ) പഠിപ്പിച്ചത്. 63 ഖുര്‍ആനിക വചനങ്ങളില്‍ ജലത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. സമുദ്രങ്ങള്‍, നദികള്‍, അരുവികള്‍, പ്രളയം, ജലപ്രവാഹം, ഉറവകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് പുറമെയാണിത്. സ്വര്‍ഗത്തിലെ സുന്ദരകാഴ്ചകളിലൊന്ന് തോട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന നദികളാണ്.
മനുഷ്യന്റെ നിലനില്പ്പുമായി ബന്ധപ്പെട്ട കാര്‍ഷിക വൃത്തികള്‍ പ്രധാനമായും ഭൂമിയിലാണ് നടക്കുന്നത്. 298 തവണ ഖുര്‍ആനില്‍ ഭൂമിയെക്കുറിച്ച പരാമര്‍ശങ്ങളുണ്ട്. വ്യക്തികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കിയത് അത് തരിശിടാനല്ല. ഭൂമി വെറുതെയിടുന്നവരില്‍ നിന്നും തിരിച്ച് പിടിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട്. കാരണം പൊതുനന്മക്കാണ് മതം പ്രാധാന്യം നല്‍കുന്നത്.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പാവങ്ങള്‍ക്ക് അതില്‍ ഒരു വിഹിതവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സമ്പദ്ഘടനയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് കൃഷി. അതിന്റെ ഉദ്പാദന ചെലവുകളെ അടിസ്ഥാനമാക്കി അഞ്ചോ പത്തോ ശതമാനം സകാത്ത് നല്‍കേണ്ടതുണ്ട്. വരുമാനമായി ഗണിക്കപ്പെടുന്ന ഏതുതരം കാര്‍ഷികോല്പന്നങ്ങളും സകാത്തിന്റെ പരിധിയില്‍ വരുന്നതാണ്. മുന്‍കാലങ്ങളില്‍ സാമ്പത്തിക മേഖലയില്‍ ഒരു സ്വാധീനവും ചെലുത്താതിരുന്ന പലതും ഇന്ന് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നുണ്ട്. അതിനാല്‍ എല്ലാതരം കാര്‍ഷികോല്പന്നങ്ങളും സകാത്തിന്റെ പരിധിയില്‍ വരുന്നു.
ഖുര്‍ആനും സുന്നത്തും വിശദമാക്കുന്ന കാര്‍ഷിക സമീപനത്തെ ധാരാളം മുന്‍കാല പണ്ഡിതന്മാര്‍ വിശകലനവിധേയമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ബയ്ത്വാര്‍, ഷെരീഫ് ഇദ് രീസ്, ഇബിനുബസ്സാര്‍, ഇബ്‌നുജുല്‍ജുല്‍, ഇബ്‌നുറൂമിയ, ഇബ്‌നുസീന, ഇബ്‌നുല്‍അവ്വാം, ഇബ്‌നുവാഹിദ്, മുവഫിഖുദ്ദീന്‍ ബഗ്ദാദി, യയ്ന്തരി, റാസി, ഗാഫഖി, റശിദുദ്ദീന്‍ സൂരി തുടങ്ങിയ ധാരാളം പ്രതിഭകള്‍ ഇസ്്‌ലാമിലെ സസ്യശാസ്ത്രത്തെയും കാര്‍ഷികവൃത്തിയെയും പഠനവിധേയമാക്കി ഗ്രന്ഥരചന നടത്തിയവരാണ്.

Back to Top