ലിബിയയില്‍ വെടി നിര്‍ത്തണം – യു എന്‍ രക്ഷാ സമിതി
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിയുകയും കഴിഞ്ഞദിവസം അഭയാര്‍ഥി കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് അടിയന്തര യോഗം ചേര്‍ന്ന് യു എന്‍ ലിബിയയിലെ വിവിധ സംഘങ്ങളോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
യു എന്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അക്കോഡും (ജി എന്‍ എ) ദേശീയ സൈന്യാധിപനായിരുന്ന ഖലീഫ ഹഫ്താറിന്റെ മിലീഷ്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതാണ് ലിബിയയില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്. രാജ്യത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ഹഫ്താറിന്റെ സംഘം തലസ്ഥാനമായ ട്രിപളി ജി എന്‍ എയില്‍നിന്ന് പിടിക്കാന്‍ ഏപ്രില്‍ മുതല്‍ ആക്രമണം ശക്തമാക്കിയതാണ് സംഘര്‍ഷത്തിന്റെ കാരണം. ഇതിനെത്തുടര്‍ന്ന് മൂന്നു മാസത്തിനിടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും 5000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് യു എന്നിന്റെ കണക്ക്. ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്തു.
ട്രിപളി നഗരത്തിന്റെ പ്രാന്തപ്രദേശമായ തജൗറയില്‍ ജി എന്‍ എയുടെ നിയന്ത്രണത്തില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ ആറു കുട്ടികളടക്കം 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹഫ്താറിന്റെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ജി എന്‍ എ ആരോപിക്കുന്നത്. 20 സ്ത്രീകളും നാലു കുട്ടികളുമടക്കം 350 ഓളം അഭയാര്‍ഥികള്‍ കേന്ദ്രത്തില്‍ തടവിലാണെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ പാശ്ചാത്യ ശക്തികള്‍ ഭിന്നാഭിപ്രായമുള്ളവരാണെന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. ബ്രിട്ടന്‍ ഹഫ്താറിന്റെ സംഘത്തെ എതിര്‍ക്കുമ്പോള്‍ യു എസും റഷ്യയും മനസ്സുതുറന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളും വിവിധ തട്ടിലാണ്.
42 വര്‍ഷം ഏകാധിപതിയായി രാജ്യം ഭരിച്ച മുഅമ്മര്‍ ഗദ്ദാഫി 2011ല്‍ അലയടിച്ച ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ കൊല്ലപ്പെട്ടതോടെ വിവിധ മിലീഷ്യകളുടെ നിയന്ത്രണത്തിലായ ലിബിയ വീണ്ടും സംഘര്‍ഷഭൂമിയാവുകയായിരുന്നു.