ലിബിയയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം
രാജ്യത്ത് നടന്ന ഒരു വലിയ ജനകീയ പ്രക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ വിട്ട് മാറുന്നതിന് മുമ്പ് തന്നെ വീണ്ടുമൊരു ജനകീയ പ്രക്ഷോഭം ആരംഭിക്കുന്ന വാര്‍ത്തകളാണ് ലിബിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അറബ് ലോകത്ത് നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ട് ലിബിയയില്‍ നടന്ന വന്‍ ജനകീയ വിപ്ലവത്തിനൊടുവിലാണ് ലിബിയന്‍ മുന്‍ ഏകാധിപതി ഗദ്ദാഫി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ലിബിയയില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തിലേറുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ജനകീയ സര്‍ക്കാറുകള്‍ക്ക് സാധിച്ചില്ല. വിഭവ ദാരിദ്ര്യവും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുള്ള പരാജയവും കൊണ്ട് ജനകീയ സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഈ മാസം ആദ്യത്തോടെ ലിബിയന്‍ സൈന്യം രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാന്‍ നടത്തി വന്ന ചില നീക്കങ്ങള്‍ വഴിയാണ് ലിബിയന്‍ രാഷ്ട്രീയം അന്താരാഷ്ട്രാ തലത്തില്‍ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. ലിബിയന്‍ നാഷണല്‍ ആര്‍മി തലവനും രാജ്യത്തെ പട്ടാള മേധാവിയുമായ ഖലീഫ ഹഫ്തര്‍ അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നെന്ന് സര്‍ക്കാര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി പട്ടാള അട്ടിമറിയിലൂടെ കയ്യടക്കാനും അതു വഴി സര്‍ക്കാറിനെ താഴെയിറക്കാനുമായി ഹഫ്തര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരേ ലിബിയയില്‍ വീണ്ടും ജനകീയ രോഷം ആളിക്കത്തുകയാണെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് ഹഫ്തര്‍ സൈനിക നീക്കം നടത്തിയത്. ആയിരക്കണക്കിനാളുകള്‍ ട്രിപ്പോളി നഗരത്തിന്റെ തെരുവുകളില്‍ തമ്പടിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. ട്രിപ്പോളി കൈയ്യേറാനുള്ള ഹഫ്തറിന്റെ നീക്കത്തിനെ ജനകീയമായി ചെറുക്കുമെന്നാണ് പ്രക്ഷോഭകര്‍ പ്രഖ്യാപിക്കുന്നത്. വരും നാളുകളില്‍ ലിബിയന്‍ രാഷ്ട്രീയ രംഗം കൂടുതല്‍ നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്.