20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ലിബറല്‍ ഇടങ്ങളിലെ സ്ത്രീ ജീവിതങ്ങള്‍


കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഏതാണ്ട് നാലു വര്‍ഷം മുമ്പാണ് മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അക്കാലത്ത് സിനിമാ വ്യവസായ മേഖലയിലുണ്ടായ ഒരു പീഡന കേസുമായി ബന്ധപ്പെട്ടാണ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇത്ര വര്‍ഷമായിട്ടും അതില്‍ യാതൊരു നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വകാര്യത സംരക്ഷിക്കണമെന്നതുകൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ പരിമിതികളുണ്ട് എന്ന് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വ്യക്തികളുടെ പേരുവിവരങ്ങള്‍ ഇല്ലാത്ത വിധം റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിവരവാകാശ നിയമ പ്രകാരം ഉത്തരവായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 300-ഓളം പേജുകള്‍ പുറത്ത് വന്നിരിക്കുന്നത്. കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയ ഇരകളുടെയും അവര്‍ ചൂണ്ടിക്കാണിച്ച പ്രതികളുടെയും പേരുകള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം മറച്ചുവെക്കേണ്ടതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതായത്, ഈ റിപ്പോര്‍ട്ടും അതിലെ പേരുകളും സര്‍ക്കാറിനെ അലോസരപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീ സംരക്ഷണം മുദ്രാവാക്യമായി സ്വീകരിച്ച ഒരു സര്‍ക്കാര്‍ ഇത്തരമൊരു റിപ്പോര്‍ട്ടിനോട് കാണിക്കുന്ന സമീപനം രാഷ്ട്രീയമായ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരകളോട് നീതി കാണിക്കുന്ന വിധം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണം.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഉദാസീനത മാറ്റിവെച്ചാല്‍, ഈ റിപ്പോര്‍ട്ട് വെളിച്ചം നല്‍കുന്ന ഒട്ടനേകം സന്ദേശങ്ങളുണ്ട്. പൊതുവെ ലിബറല്‍ ഇടങ്ങളെന്നും സ്വാതന്ത്ര്യവാദങ്ങളുടെ പ്രഭവ കേന്ദ്രങ്ങളെന്നും വിവക്ഷിക്കുന്ന മേഖലയാണ് സിനിമാ വ്യവസായം. ശരീരത്തിന്റെയും ഉടലിന്റെയും സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്ന ഒട്ടുമിക്ക ഉദാരവാദക്കാരുടെയും സ്വപ്‌നഭൂമികയാണ് സിനിമ. സിനിമയില്‍ അവസരം ലഭിക്കുക എന്നത് വലിയ നേട്ടമായി കരുതുന്നവരാണ് ലിബറല്‍ സംസ്‌കാരത്തിന്റെ ഉപാസകര്‍. അത്തരമൊരു മേഖലയിലെ സ്ത്രീജീവിതത്തിന്റെ നഗ്‌നയാഥാര്‍ഥ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലിംഗസമത്വവും ലിംഗനീതിയും വലിയ വായില്‍ കൊട്ടിഘോഷിക്കുന്നവരാണ് സിനിമാ താരങ്ങള്‍. വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് എന്ന ഇമേജ് സൃഷ്ടിക്കാന്‍ ഈ വ്യവസായത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ഉടല്‍ തനിക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. എന്നാല്‍, ഈ പറയുന്ന സ്വാതന്ത്ര്യവും നീതിയും അഭിമാനബോധവുമൊന്നും യഥാര്‍ഥ ജീവിതത്തില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.
സ്‌ക്രീനുകളില്‍ നിറഞ്ഞുനില്‍ക്കുന്നവരും കയ്യടി വാങ്ങുന്നവരും സ്വന്തം തൊഴില്‍ മേഖലയിലെ ചൂഷകരോ ചൂഷണത്തിന് പച്ചക്കൊടി കാണിക്കുന്നവരോ ആണ്. സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ഒട്ടും വില കൊടുക്കാത്ത ആണ്‍കാമനകളുടെ മലീമസമായ മുഖമാണ് സിനിമ വ്യവസായത്തിന്റെ പിന്നാമ്പുറങ്ങളില്‍ വ്യാപകമായിട്ടുള്ളത്. അതില്‍ അപവാദങ്ങളുണ്ടാകാം. ഉദാരവാദവും വ്യക്തിവാദവുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ചൂഷണത്തിനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. മനുഷ്യജീവിതം എന്ന നിലയില്‍ സാധ്യമാകേണ്ട ലളിതമായ കാര്യങ്ങള്‍ പോലും ലിബറല്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ല എന്നതിന്റെ നേര്‍ചിത്രമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കഴിഞ്ഞു. ഇങ്ങനെ പരാതി പറയാന്‍ പോലും കഴിയാത്ത ഇരകള്‍ ഇവിടെയുണ്ടായേക്കാം. അഭിനയവും മോഡലും പാഷനായി കണ്ട് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് സ്വാതന്ത്ര്യദാഹത്തോടെ സിനിമ വ്യവസായങ്ങളിലേക്ക് കടന്നുചെല്ലുന്നവര്‍ക്ക് നല്ലൊരു താക്കീതാണ് ഈ റിപ്പോര്‍ട്ട്. ഉദാരവാദങ്ങളെല്ലാം തന്നെ പുരുഷന്റെ ചൂഷണത്തെ മറച്ചുപിടിക്കാനുള്ള ചെപ്പടിവിദ്യകളാണ്. മതധാര്‍മികതയെയും മതസമൂഹങ്ങളെയും പരിഹസിക്കുകയും അത്തരം ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്യുന്നവരുടെ തനിനിറം ഒരു നിയമ കമ്മീഷനിലൂടെ തന്നെ പുറത്ത് വന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രത്യേകത.

Back to Top