ലബനാന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിശക്തം
ലെബനാന്‍ തലസ്ഥാനത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ നഗരമധ്യത്തില്‍ നിന്ന് പിരിച്ചുവിടാന്‍ സുരക്ഷാ സേന റബ്ബര്‍ ബുള്ളറ്റുകള്‍, കണ്ണീര്‍ വാതകം, ജല പീരങ്കി എന്നിവ ഉപയോഗിച്ചു. നിരവധി ആളുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ രണ്ടാഴ്ചയായി ആരംഭിച്ചിട്ടുണ്ടെങ്കിലും അത് അക്രമ സമരമായി മാറുന്നത് കഴിഞ്ഞ ദിവസമാണ്. ഭരണസിരാകേന്ദ്രത്തെ എട്ട് മണിക്കൂറോളം പ്രതിഷേധ ജ്വാലയില്‍ നിര്‍ത്താന്‍ സമരക്കാര്‍ക്ക് സാധിച്ചു.
ലബനാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിലവിലെ ഭരണ പാര്‍ട്ടികളുടെ കഴിവില്ലായ്മയും അഴിമതിയുമാണ് രാജ്യത്തെ ഇത്തരത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നതെന്നാണ് സമരക്കാരുടെ ഭാഷ്യം. പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് വേണ്ടി പ്രസിഡന്റ് മിഷേല്‍ ഔന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിഷേധ സ്വരം രാജ്യത്ത് കനത്തത്. മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു.