20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

‘റോയല്‍ മമ്മികളും’ ഫറോവയുടെ ജഡവും – പ്രഫ. ശംസുദ്ദീന്‍ പാലക്കോട്

നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കും, പുറകെ വരുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമായിട്ട്’ എന്ന ഖുര്‍ആനിക പ്രയോഗം ഏറെ ചരിത്ര പ്രാധാന്യതയര്‍ഹിക്കുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവ്യമാണ്. ഇതിന് പൗരാണികവും ആധുനികവുമായ രണ്ട് വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. വടി കൊണ്ടടിച്ച് ചെങ്കടലില്‍ അത്ഭുത വഴി പ്രത്യക്ഷപ്പെട്ടത് അല്ലാഹു ബനൂ ഇസ്‌റാഈല്യര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. ആ വഴിയിലൂടെ ഫിര്‍ഔനും പരിവാരങ്ങളും ബനൂ ഇസ്‌റാഈല്യരെ പിടികൂടാനുള്ള ആവേശത്തില്‍ ഇറങ്ങി നടന്നു. അപ്പോഴേക്കും വെള്ളം പൂര്‍വ്വസ്ഥിതിയില്‍ കടല്‍ തന്നെയായി മാറി. ഫിര്‍ഔനും കൂട്ടരും വെള്ളത്തില്‍ മുങ്ങി നശിച്ചു. അക്കരെയെത്തി തിരിഞ്ഞുനോക്കുന്ന മൂസാനബിയും ബനൂ ഇസ്‌റായില്യരും തങ്ങളെ പിടികൂടാന്‍ പിന്തുടര്‍ന്ന ഫിര്‍ഔന്‍ എവിടെയെന്നറിയാന്‍ ആകാംക്ഷയുണ്ടാവുക എന്നത് സ്വാഭാവികം. അല്ലാഹു പറഞ്ഞു: അതാ, നിങ്ങള്‍ തിരയുന്ന ഫിര്‍ഔന്‍ വെള്ളത്തില്‍ ചത്ത് മലച്ചു പൊങ്ങിക്കിടക്കുന്നു! അവന്റെ കഥകഴിഞ്ഞു. അതും ഒരത്ഭുതമായിരുന്നു. വെള്ളത്തില്‍ മുങ്ങിമരിച്ചയാള്‍ അപ്പോള്‍ തന്നെ വെള്ളത്തിന് മുകളില്‍ ചത്ത് മലച്ച് പൊങ്ങി കിടക്കുക! മറ്റുള്ളവര്‍ക്ക് കാണാന്‍ വേണ്ടി അല്ലാഹു ഉണ്ടാക്കിയ ഒരു ദൃഷ്ടാന്തം!
ഇതാണ് ഒരു വ്യാഖ്യാനം. ഈ വ്യാഖ്യാനപ്രകാരം ഫറോവയുടെ ജഡം പിന്നീട് അപ്രസക്തമാകുന്നുവെങ്കിലും വെള്ളത്തില്‍ നൂറ്റാണ്ടുകള്‍ കിടന്നിട്ടും അളിഞ്ഞു പോവുകയോ നശിക്കുകയോ ചെയ്യാതെ 1881-ല്‍ ചെങ്കടലില്‍ നിന്ന് സാക്ഷാല്‍ ഫിര്‍ഔന്റെ ജഡം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി തിരിച്ചറിഞ്ഞു. ഇതും മറ്റൊരത്ഭുതം. ആ ജഡമാണ് ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിസ്സാഹായനായി കൈ ഉയര്‍ത്തിയ നിലയില്‍ ദൃഷ്ടാന്തമായി പ്രദര്‍ശനവസ്തുവായി ഗ്ലാസ് കൂടില്‍ കിടക്കുന്നത്! ഇതാണ് രണ്ടാമത്തെ വ്യാഖ്യാനം. ഈ രണ്ട് വ്യാഖ്യാനവും പരസ്പരവിരുദ്ധമല്ല എന്നതും ശ്രദ്ധേയം.
‘ഖുര്‍ആന്റെ ചരിത്ര ഭൂമിയിലൂടെ’ യാത്രയുടെ ഒമ്പതാം ദിവസമാണ് ഞങ്ങള്‍ ഫിര്‍ഔന്റെ ഭൗതികശരീരം സൂക്ഷിച്ച ഈജിപ്ഷ്യന്‍ നാഷണല്‍ മ്യൂസിയത്തില്‍ എത്തിയത്. വിവിധ കാലഘട്ടങ്ങളില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവ ചക്രവര്‍ത്തിമാരുടെ മമ്മി ചെയ്യപ്പെട്ട ശവശരീരങ്ങള്‍ ഇവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ‘റോയല്‍ മമ്മികള്‍’ എന്ന പേരില്‍ സൂക്ഷിക്കപ്പെട്ട മമ്മികളുടെ കൂട്ടത്തില്‍ തന്നെയാണ് റംസീസ് രണ്ടാമന്റെ ശവശരീരവുമുള്ളത്. മറ്റു ഫറോവമാരുടെ മമ്മികള്‍ വ്യവസ്ഥാപിതവും ഏകരൂപത്തിലും മമ്മി ചെയ്യപ്പെട്ട അവസ്ഥയിലും ഫിര്‍ഔന്റെത് ഇരുകൈകളും നിസ്സഹായനായ അവസ്ഥയില്‍ ഉയര്‍ത്തി മടക്കിപ്പിടിച്ച വിധത്തിലുമായിരുന്നു.
കോപ്റ്റിക് വംശജരാണ് ഫറോവമാര്‍. ഈജിപ്തിലെ മുഖ്യധാരാ ജനവിഭാഗമാണ് കോപ്റ്റിക്കുകള്‍. ഭരണവര്‍ഗമായ ഇവര്‍ക്ക് ഫിര്‍ഔന്റെ കാലത്ത് (റംസീസ് രണ്ടാമന്‍) എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ സാധിച്ചിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണനയും ലഭിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ വലിയൊരു ജനവിഭാഗമായ ബനൂഇസ്രാഈല്യരുടെ അവസ്ഥ പരമദയനീയമായിരുന്നു. അവരിലെ ആണ്‍കുട്ടികളെ അറുകൊല നടത്താന്‍ വരെ ഫിര്‍ഔന്‍ ഉത്തരവിടുകയുണ്ടായി. ഖുര്‍ആനും ബൈബിളിലെ പുറപ്പാട് പുസ്തകവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പുറപ്പാട് പുസ്തകത്തില്‍ ഈ ഭാഗം സൂചിപ്പിക്കപ്പെട്ടത് നമ്മുക്കിങ്ങനെ വായിക്കാം: ”ഈജിപ്തു രാജാവ് ശിഫ്‌റാ എന്നും പൂവാ എന്നും പേരുള്ള രണ്ട് എബ്രായ സൂതികര്‍മ്മിണികളോട് പറഞ്ഞു: ‘നിങ്ങള്‍ എബ്രായ സ്ത്രീകളുടെ പ്രസവം എടുക്കുമ്പോള്‍ ആണ്‍കുട്ടിയെന്ന് കണ്ടാല്‍ കൊന്നുകളയണം. പെണ്‍കുട്ടിയാണെങ്കില്‍ ജീവിച്ചുകൊള്ളട്ടെ”. (പുറപ്പാട് പുസ്തകം 1/15, 16)
ഇതേ കാര്യം കുറച്ചുകൂടെ വ്യക്തതയോടെ വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ളത് ഇപ്രകാരമാണ്:  ”നിങ്ങളെ നാം ഫിര്‍ഔന്‍ കുടുംബത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രംഗം ഓര്‍ക്കുക. അവന്‍ നിങ്ങളെ വളരെ മോശമായ നിലയില്‍ ശിക്ഷിച്ചിരുന്നു. അഥവാ നിങ്ങളിലെ ആണ്‍മക്കളെ അറുകൊല നടത്തുകയും പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുകയും ചെയ്തു. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റബ്ബില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണം ഉണ്ടായിരുന്നു”. (2:49) ബൈബിളിലെ പുറപ്പാട് പുസ്തകത്തിലും ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ അല്‍ബഖറയിലും സൂചിപ്പിച്ച  വിപരീത കാലാവസ്ഥയിലാണ് മൂസാ നബി (അ) ജനിക്കുന്നതും ഫറോവയുടെ വാള്‍ത്തലപ്പുകള്‍ക്കിരയാവാതെ സുരക്ഷിതമായി വളരുകയും ചെയ്തത് എന്നത് ഭീകരഭരണാധികാരികളുടെ പദ്ധതികളല്ല അല്ലാഹുവിന്റെ തീരുമാനങ്ങളും നടപടിക്രമങ്ങളുമാണ് ആത്യന്തികമായി ഈ പ്രപഞ്ചത്തില്‍ നടക്കുക എന്നതിന്റെ  ദൈവവചന പ്രഖ്യാപനവും ചരിത്രപരമായ ഒരു വസ്തുതയുമാകുന്നു.
ഖുര്‍ആന്റെ ചരിത്രഭൂമികളിലൂടെ സഞ്ചരിച്ച് മമ്മികള്‍ സൂക്ഷിക്കപ്പെട്ട കൂറ്റന്‍ ഖബറുകളും ലോകാത്ഭുതങ്ങളില്‍ എണ്ണപ്പെട്ടതുമായ ഈജിപ്തിലെ പിരമിഡുകളും ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ ഫറോവയുടെ മൃതശരീരവും അടുത്ത് നിന്ന് കണ്ടപ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ ഒരു സമുദായ ചരിത്രവും (ബനൂഇസ്‌റാഈല്‍ സമുദായം) ഒരു ഭരണാധികാരിയുടെ ചരിത്രവും (ഫിര്‍ഔന്‍) എന്തുകൊണ്ടാണ് ഇത്രയധികം സ്ഥലത്ത് ഇത്ര വിസ്തരിച്ച് വിശദീകരിച്ചത് എന്നത് ശരിക്കും ബോധ്യപ്പെട്ടു. മലയാളത്തിലെ സി എന്‍ അഹമദ് മൗലവി എഴുതിയ ബുഖാരി പരിഭാഷയുടെ ഒരു പേജിലാണ് ഫിര്‍ഔന്റെ ‘മ്യൂസിയം ഫോട്ടോ’ ആദ്യമായി കാണുന്നത്. ആ ചിത്രം കണ്ടത് മുതല്‍, വിശുദ്ധ ഖുര്‍ആനില്‍ ഫിര്‍ഔന്റെ ചരിത്രം വിവരിക്കുന്ന സമൃദ്ധമായ ആയത്തുകളിലൂടെ കടന്നുപോകുമ്പോഴെല്ലാം മനസ്സില്‍ അടക്കിവെച്ച ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു മ്യൂസിയത്തില്‍ ചെന്നിട്ടാണെങ്കിലും ഫറോവയെ ഒന്ന് കാണാന്‍ കഴിയണമെന്ന്.
വിശുദ്ധ ഖുര്‍ആന്‍ പകര്‍ന്നുതരുന്ന ചരിത്രബോധം ഏറ്റവും വലിയ ജീവിതാവബോധം തന്നെയാണ് എന്ന കാര്യം ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ബോധ്യപ്പെടുക തന്നെ ചെയ്യും. വിവിധ പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ പ്രദേശങ്ങള്‍, അവരുടെ ‘മഖാ’മുകള്‍ (ഖബറുകളല്ല), അവര്‍ അഭിമുഖീകരിച്ച പ്രയാസകരമായ പ്രതികൂലതകള്‍, വിശ്വാസികളും പ്രവാചകരും അപ്പോഴും ശുഭപ്രതീക്ഷ കൈവിടാതെ സമാധാനത്തോടെ ജീവിച്ച ചരിത്രം, പ്രവാചകനെയും ന്യൂനപക്ഷവും ദുര്‍ബലരുമായ വിശ്വാസികളെയും ഖാറൂന്‍ പോലെയുള്ള കോര്‍പ്പറേറ്റുകളും ഹാമാന്‍ പോലുള്ള മീഡിയകളും ഫറോവയെ പോലുള്ള ക്രൂരഭരണാധികാരികളും ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്, ഒടുവില്‍ ഫിര്‍ഔന്‍, ഖാറൂന്‍, ഹാമാന്‍ പ്രഭൃതികള്‍ ചരിത്രത്തില്‍ ഒരു ദൃഷ്ടാന്തമെന്നോണം ദയനീയമായി നിസ്സാഹയമായി സഹതാപാര്‍ഹമായി നശിച്ചൊടുങ്ങിയത് ഇവയെല്ലാം ഒരു അഭ്രപാളിയിലെന്നപോലെ കാണാന്‍ കഴിഞ്ഞു; പിരമിഡിന്റെയും ഖാറൂന്‍ തടാകത്തിന്റെയും മ്യൂസിയത്തില്‍ ചത്ത് മലച്ചു കിടക്കുന്ന ഫിര്‍ഔന്റെയും അടുത്ത് ചെന്ന് നിന്ന് കണ്ടപ്പോള്‍!
ഫിര്‍ഔനെയും ഖാറൂനിനെയും പറയുന്നിടത്ത് ആ കഥ പര്യവസാനിപ്പിച്ച് ഖുര്‍ആന്‍ പറയുന്ന ഒരു ഗുണപാഠം ഇപ്രകാരമാണ്: ”എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്; എത്ര പ്രൗഢിയോടെ ജീവിച്ചവരാണവര്‍! അതാ (ചെന്ന് കാണൂ) അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്ക് ശേഷം അധികം ആളുകളൊന്നും അവിടെ താമസിച്ചിട്ടുമില്ല! നാം തന്നെ അതിനെ അനന്തരമെടുക്കുന്നവരായി”. (വി.ഖു 28:58)
Back to Top