24 Friday
January 2025
2025 January 24
1446 Rajab 24

റൂബി നിലമ്പൂര്‍

പുതിയ നോവല്‍ ആരംഭിക്കുന്നു

റൂബി നിലമ്പൂര്‍

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശി. ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതുന്നു. ‘പാതിപെയ്ത നിലാവ്’ എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം ഇറക്കിയിട്ടുണ്ട്. ‘സമ്മിലൂനി’ ആദ്യ നോവല്‍.

ചങ്കില്‍ ചൊങ്കേറും ചങ്കേലസ് പെണ്ണിന്‍ കൈയില്‍ കാപ്പും തരിവളയും
മിന്നും പൊന്നില്‍ കുളിച്ച പെണ്ണേ
നിന്റെ മൊഞ്ചേറും മാരനിതാ വരുന്നേ…
കല്യാണപ്പന്തലില്‍ ഒപ്പനപ്പാട്ടിന്റെ ശീലുകള്‍ മുറുകി. തോഴിമാരുടെ കൈകളില്‍ മൈലാഞ്ചിച്ചോപ്പ് തൊട്ടു തരിവളകള്‍ കിന്നാരം ചൊല്ലി. പുതുക്കപ്പെണ്ണ് സുമയ്യാ ബീഗം മിസ്രിപ്പട്ടിന്റെ തട്ടമണിഞ്ഞ് ശവ്വാലമ്പിളി പോല്‍…
വെള്ളേരിമലയും ചാലിയാര്‍ പുഴയും കൈകോര്‍ത്ത വെള്ളേരിക്കുന്ന് ഗ്രാമം. അവിടെ കേളികേട്ടൊരു കളത്തിങ്ങല്‍ തറവാട്ടില്‍ പെരുന്നാള് പോലൊരു കല്യാണം നടക്കുകയാണ്.
നാലുകെട്ടും പടിപ്പുരയും ഉയര്‍ന്നു നില്‍ക്കുന്ന, ആനയും അമ്പാരിയുമുള്ളൊരു പോരിശയാക്കപ്പെട്ട തറവാട്. തറവാട്ടു കാരണവര്‍ സയ്യിദ് സാഹിബും വീട്ടുകാരി ആമിനബീവിയും വീട് നിറഞ്ഞ വിരുന്നുകാര്‍ക്കൊപ്പം ഇത്തിരി തിരക്കിലാണ്.
”ആമീ…”
സയ്യിദ് സാഹിബ് ഭാര്യയെ തിരക്കി.
അകത്തളങ്ങളില്‍ നിന്ന് പെണ്ണുങ്ങളുടെ ചിരികളും സംസാരങ്ങളും പന്തലോളം ഒഴുകി.
അസര്‍മുല്ലപ്പൂവിന്റെ മൊഞ്ചുള്ള പുതുനാരിയെക്കണ്ട് അത്തറ് മണക്കുന്നൊരു കാറ്റ് കസവിട്ട പന്തല്‍വിരിയുടെ അലുക്കുകളില്‍ ചമഞ്ഞുനിന്നു. ഒപ്പന ശീലുകള്‍ പെണ്ണുങ്ങളുടെ ചെഞ്ചുണ്ടുകള്‍ അവരറിയാതെ മൂളി. കുട്ടികള്‍ താളത്തില്‍ കൈകൊട്ടി.
കസവു തട്ടത്തിനുള്ളില്‍ പുതുപെണ്ണിന്റെ മാന്‍മിഴികള്‍ വിടര്‍ന്നു. ഒരു പുതുജീവിതത്തിന്റെ ആകാംക്ഷയോ, വിവശതയോ ഉടലാകെ പടര്‍ന്നു കൂട്ടുകാരികള്‍ ചെവിയില്‍ അടക്കം പറഞ്ഞ് ചിരിച്ചു.
വടക്കേ മുറ്റത്ത് ഉയര്‍ത്തിക്കെട്ടിയ പന്തലില്‍ ബിരിയാണിയുടെയും പോത്തിറച്ചിയുടെയും ഗന്ധമുയര്‍ന്നു. നാട്ടുകാര് അന്നുവരെ കഴിച്ചിട്ടില്ലാത്ത ബിരിയാണിയുണ്ടാക്കാന്‍ വടകരേന്ന് പ്രത്യേകം ആളെ കൊണ്ടുവന്നതാണ്. വലിയ അടുപ്പുകല്ലുകളില്‍ ദം ഇട്ട ബിരിയാണിച്ചെമ്പുകള്‍ ഒരുപാട് രുചിക്കൂട്ടുകളെ ഉള്ളിലൊളിപ്പിച്ച്, ചൂടു പുതച്ച് കാത്തിരുന്നു.
പുതുമണവാളനും കൂട്ടരും എത്തിയിട്ടേ ചെമ്പ് പൊട്ടിക്കൂ. അതാണ് നാട്ടുനടപ്പ്. നിക്കാഹിന്റെ ചടങ്ങുകള്‍ കഴിഞ്ഞാല്‍ പുതിയാപ്പിളയെയും കൂട്ടരെയും പന്തലിലേക്ക് ആനയിച്ചു കൊണ്ടുവരണം. പുതുപെണ്ണിന്റെ ആങ്ങളമാരാണ് കൈപിടിച്ച് കൊണ്ടുവരേണ്ടത്.
”ഹാഷിമേ… ഹാറൂണേ, ഇങ്ങളെവ്‌ടെ? പൊഴക്കല്‍ന്ന് വെടിപൊട്ടിയത് കേട്ടല്ലോ.”
കാര്യസ്ഥന്‍ ഹമീദ്ക്ക തിരക്കുകൂട്ടി.
പുതിയാപ്പിള തോണിയിറങ്ങിക്കഴിഞ്ഞ് പുഴയോരത്ത് വലിയ ശബ്ദത്തില്‍ പടക്കങ്ങള്‍ പൊട്ടി. പുരുഷാരങ്ങളെല്ലാം പുഴവക്കത്തേക്ക് പാഞ്ഞു.
കളത്തിങ്ങല്‍ തറവാടിന്റെ പടിപ്പുര വാതില്‍ക്കല്‍ ശങ്കരന്‍ കുട്ടിയുടെ ഗണപതിയും തലയെടുപ്പോടെ നിന്നു. തുമ്പിക്കൈ ഉയര്‍ത്തി ചെവികളാട്ടി പുതുമണവാളനെ വരവേര്‍ക്കുകയാണ്. ആരോ കൈയിലേല്‍പ്പിച്ച തേങ്ങയും ശര്‍ക്കരയും തുമ്പിക്കൈയില്‍ വെച്ചുകൊടുത്ത് മണവാളന്‍ മധുരം നല്‍കി. അതോടെ പടക്കങ്ങളുടെ മുഴക്കങ്ങള്‍ ഉയര്‍ന്നു. പൂക്കുറ്റിയും മത്താപ്പും ആകാശത്തോളം ഉയര്‍ന്ന് വര്‍ണ വെളിച്ചങ്ങളുടെ പൂമഴ പെയ്യിച്ചു.
ഊദിന്റെ സുഗന്ധവും പേറി പട്ടിന്റെ തിളക്കവുമായി കല്യാണപ്പന്തലിലേക്ക് നടന്നടുക്കുന്ന പുതുമണവാളനെ ജനം നോക്കിനിന്നു. ശുജായി! എല്ലാവരുടെ മുഖത്തും സന്തോഷം കളിയാടി.
‘അസ്സലാമു അലൈക്കും!”
സയ്യിദ് സാഹിബ് മന്‍സൂറിന്റെ കരം ഗ്രഹിച്ചു.
‘വ അലൈക്കും മുസ്സലാം, വറഹ്മത്തുല്ലാഹി വബറകാത്തുഹു…’
ഇരു ചുമലുകള്‍ സ്‌നേഹവായ്‌പോടെ പുണര്‍ന്ന് സാഹിബ് ദൈവത്തിന്റെ പേരില്‍ സമാധാനം നേര്‍ന്നു. പുതിയാപ്പിളയെ കൈപിടിച്ച് അലങ്കരിച്ച ഇരിപ്പിടത്തില്‍ ഇരുത്തി. കാര്യസ്ഥ ഹമീദ്ക്ക കുടിക്കാനുള്ള സര്‍ബത്തുമായി വന്നു.
ബദറുല്‍ മുനീറിന്റെ മൊഞ്ച് കണ്ട് പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു. നല്ല ഉയരവും ചെമ്പകനിറവും ചാമ്പക്കച്ചുണ്ടുകളുമുള്ള പുതമാരനെ കാണാന്‍ പെണ്ണുങ്ങളും കുട്ടികളും തിരക്ക് കൂട്ടി.
‘നോക്കട്ടെ, അന്റെ പൊന്‍നാണയം?’ അകത്ത് കുഞ്ഞിമോനെ തോണ്ടിക്കൊണ്ട് കുട്ടികള്‍ ഒപ്പം കൂടി. അവന്‍ ഉമ്മാന്റെയടുത്തേക്ക് കുതറി ഓടി. അതൊരു ചടങ്ങാണ്. പുതുമണവാളന്‍ വന്ന് കയറുമ്പോള്‍ വീട്ടിലെ ചെറിയ കുട്ടികളിലൊരാള്‍ ഓട്ടുകിണ്ടിയില്‍ പനിനീര്‍ ദളങ്ങള്‍ കുടഞ്ഞിട്ട വെള്ളവുമായി വരും. അത് പുതിയാപ്ലയുടെ കാലില്‍ ഒഴിച്ചുകൊടുക്കണം. പുതിയാപ്ല ആ കിണ്ടിയിലേക്ക് ഒരു സ്വര്‍ണ നാണയം ഇടും. അത് ആ കുട്ടിക്കുള്ള സമ്മാനമാണ്.
പന്തലില്‍ നിക്കാഹിനുള്ള വട്ടംകൂട്ടി മുസ്‌ലിയാരുടെ ഘനഗംഭീര ശബ്ദം നിശ്ശബ്ദതയെ ചൂഴ്ന്നു. കൂടിനിന്നവര്‍ പ്രാര്‍ഥനയോടെ ആ മംഗളകര്‍മത്തിന് സാക്ഷിയായി. ഇലഞ്ഞിപ്പൂ മണമുള്ള തണുത്ത കാറ്റ് അനുഗ്രഹാശ്ശിസുകളുമായി അവരെ തൊട്ടു.
പന്തലില്‍ തിക്കും തിരക്കുമായി. പുതിയാപ്ലയെ പരിചയപ്പെടാനായി ബന്ധുക്കള്‍ ചുറ്റും കൂടി. പുതുപെണ്ണിന്റെ ഉമ്മ പുതിയാപ്ലയുടെ വിരലില്‍ മോതിരമണിയിച്ചു. പുതുമണവാളന്റെ കണ്ണ് അകത്തേക്ക് പാറി വീണു. അകത്തെവിടെയോ തന്റെ പെണ്ണ് തന്നെ കാത്തിരിപ്പുണ്ട്. ഒരിക്കലേ കണ്ടിട്ടുള്ളൂ. ഓര്‍മയില്‍ അവളുടെ വിടര്‍ന്ന മിഴികള്‍ സദാ കളിയാടിയിരുന്നു.
കൂടെ വന്ന പെണ്ണുങ്ങള്‍ തിക്കിത്തിരക്കി അകത്തേക്ക് കയറി. ‘ഞങ്ങള് പെണ്ണിനെ ഒരുക്കീട്ട് വരാം.’ വല്ല്യമ്മായി പറഞ്ഞു.

 

ഇക്കാക്കക്ക് പുയ്യൂട്ടിനെ കാണണ്ടേ?’ ചെറിയ പെങ്ങള്‍ കൈപിടിച്ച് അകത്തേക്ക് വലിച്ചു.
ഒന്ന് നോക്കാനേ പറ്റിയുള്ളൂ. അന്ന് കണ്ടതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു. കിന്നരി വെച്ച കസവു തട്ടത്തിനുള്ളില്‍ അവര്‍ മുഖം മറച്ചു.
പെണ്ണുങ്ങള്‍ അവര്‍ കൊണ്ടുവന്ന പുതുവസ്ത്രമണിയിക്കാനായി പെണ്ണിനെ അറയിലേക്ക് കയറ്റി. മയില്‍പ്പീലിച്ചിറകുകള്‍ തുന്നിയ ചുവന്ന പട്ടുസാരിയില്‍ സുമയ്യ കൂടുതല്‍ സുന്ദരിയായി. ആദ്യമായാണ് സാരിയുടുക്കുന്നത്. അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. മഹറായി കൊണ്ടുവന്ന ആഭരണങ്ങള്‍ മുഴുവന്‍ അണിയിച്ചു.
”ഇനിയിപ്പോ അവര് വന്ന് പണ്ടങ്ങള്‍ കെട്ടിക്കോട്ടെ. ഉമ്മാനെ വിളിക്കൂ.”
മൂത്ത പെങ്ങള്‍ അഭിപ്രായപ്പെട്ടു.
”ഇത് ഗൗരി. ഞങ്ങള്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്! എന്റെ മക്കള്‍ക്കിവള്‍ അമ്മയാണ്.”
”അതേ. മക്കളില്ലാത്ത എനിക്ക് ഇവിടുത്തെ മക്കള്‍ എപ്പോഴും കൂടെയുണ്ട്. സുമി എന്റെ മോള്‍ തന്നെയാണ്.”
ഗൗരിയുടെ കണ്ണ് നിറഞ്ഞു. സുമി അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. കണ്ടുനിന്നവരെല്ലാം കണ്ണു തുടച്ചു. തിളങ്ങുന്ന പച്ചക്കല്ലുള്ള ജിംക്കി ഗൗരി സുമിയുടെ കാതിലണിയിച്ചു. ”ഇത് കുറേക്കാലം മുമ്പേ നിനക്കായി പണിയിച്ചു വെച്ചതാണ്.”
ഗൗരി ചിരിച്ചു.
സുമിയുടെ മുഖം പച്ചക്കല്ലുകള്‍ക്കിടയില്‍ അതിയായി തിളങ്ങി. വന്ന പെണ്ണുങ്ങള്‍ അസൂയയോടെ പരസ്പരം നോക്കി.
”ഇത്രേം അഴകുള്ളൊരു പെണ്ണ്! നമ്മുടെ മന്‍സൂര്‍ ഭാഗ്യവാനാണ്.”
ആരോ പറഞ്ഞു.
ആമിന മകളുടെ മുഖം പിടിച്ചുയര്‍ത്തി.
”എന്താ ഉമ്മീടെ മോള്‍ടെ മുഖത്തൊരു മ്ലാനത?” ഉള്ളില്‍ എവിടെയോ ഒരു വേദന കൊളുത്തി.
വീട് വിട്ട് പോവുമ്പോള്‍ എല്ലാ പെണ്‍കുട്ടികളും വേദനിച്ചുകൊണ്ടല്ലേ ഇറങ്ങുന്നത്. അവര്‍ സ്വയം സമാധാനിച്ചു.
ആഭരണപ്പെട്ടി തുറന്ന് ഏതാനും ആഭരണങ്ങള്‍ ബന്ധുക്കള്‍ ചേര്‍ന്ന് അവളെ അണിയിച്ചു. എന്നിട്ട് വന്നവരോടായി ശബ്ദം താഴ്ത്തി പറഞ്ഞു.
”ആഭരണങ്ങള്‍ മുഴുവന്‍ അണിയിക്കുന്നില്ല. അതിന്റെ ആവശ്യമില്ലല്ലോ. വെറുതെ പ്രൗഢി കാണിക്കാനായി ഒരുപാട് പണ്ടങ്ങള്‍ വലിച്ചുവാരി അണിയുന്നത് അവള്‍ക്കിഷ്ടമല്ല. ഞങ്ങള്‍ക്കും. ബാക്കിയുള്ളത് പെട്ടിയില്‍ വെച്ചിട്ടുണ്ട്. അത് അവിടേക്ക് കൊണ്ടുപോകണം.”
വന്നവരില്‍ ചിലരുടെ മുഖം കോടി. ചിലര്‍ മാറി നിന്ന് പിറുപിറുത്തു. ആനക്കൊമ്പിന്റെ പിടിയുള്ള വീട്ടിയില്‍ തീര്‍ത്ത പിച്ചളക്കെട്ടുള്ള സ്വര്‍ണപ്പെട്ടി മന്‍സൂറിന്റെ മൂത്ത അമ്മായിയെ ഏല്പിച്ച് ആമിന മുറിയില്‍ നിന്നിറങ്ങി.
ഗൗരി ആമിയുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തില്‍ നോക്കി. ആമിന ഗൗരിയെയും കൊണ്ട് ഒരിടത്തിരുന്നു.
”നോക്ക് ഗൗരി… അവളുടെ കൂട്ടുകാരികളായ എത്ര പെണ്‍കുട്ടികളാണ് സ്വര്‍ണത്തിന്റെ പേരില്‍ ഇപ്പോഴും മംഗല്യഭാഗ്യമില്ലാതെ കഴിയുന്നത്. എന്റെ മോളിങ്ങനെ ആവശ്യത്തില്‍ കൂടുതല്‍ അണിയുമ്പോള്‍ അവരുടെ ഉള്ള് പിടയ്ക്കുന്നുണ്ടാവില്ലേ? അത് നമ്മള്‍ ആലോചിക്കണ്ടേ?”
”പിന്നെ സ്വര്‍ണമെന്നത് ഒരിക്കലും ആര്‍ഭാടം കാണിക്കാനുള്ള ഒന്നല്ല. അത് വരുംകാലത്തേക്കുള്ള ഒരു നീക്കിവെപ്പായി കരുതേണ്ട ഒന്നാണ്. അല്ലെങ്കില്‍ കഷ്ടതയനുഭവിക്കുന്നവന് സഹായമാവേണ്ട ഒരു കരുതല്‍ ധനമാണ്…”
ഗൗരി ചിരിച്ചു. ”ആമീ… നീയൊട്ടും മാറിയിട്ടില്ല. പണ്ടത്തെ അതേ കാഴ്ചപ്പാടുകള്‍ തന്നെ! വല്ലാത്തൊരു പെണ്ണ്!” ഗൗരി പഴയ കൂട്ടുകാരിയെ ചേര്‍ത്തുപിടിച്ചു. കല്യാണപ്പന്തലില്‍ തിരക്കുകള്‍ മുറുകി. പെണ്ണിനെയും കൊണ്ട് ചെക്കനും കൂട്ടരും പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. സയ്യിദ് സാഹിബ് മകളെ ആലിംഗനം ചെയ്തു. ആ കണ്ണുകള്‍ ചുവന്ന് കലങ്ങി. നെഞ്ചില്‍ വാത്സല്യത്തിന്റെ കടലിരമ്പി.
”ആമീ, മോള്‍ക്ക് കൊണ്ടുപോവാനുള്ളതെല്ലാം എടുത്തുവെച്ചില്ലേ?” സാഹിബ് ഭാര്യയോട് ചോദിച്ചു. കൃഷ്ണനുണ്ണി മാഷ് സുമയ്യയുടെ കൈപിടിച്ചു. മക്കളില്ലാത്ത മാഷിനും ഗൗരിക്കും അവള്‍ മകള്‍ തന്നെയായിരുന്നല്ലോ.
”അച്ഛന്റെ കുട്ടി പോയി വരൂ..” ഗൗരിക്കൊപ്പം കണ്ടുനിന്നവരേറെയും കണ്ണു തുടച്ചു.
സയ്യിദ് സാഹിബിന്റെ സന്തത സഹചാരിയായിരുന്നു മാഷ്. പുഴക്ക് അക്കരെയും ഇക്കരെയുമാണ് താമസമെങ്കിലും ഒരുമിച്ചൊഴുകുന്ന ഒരു പുഴയായിരുന്നു അവര്‍.
സുമയ്യ മാഷെയും വാപ്പച്ചിയെയും ചേര്‍ത്തുപിടിച്ച് കരഞ്ഞു. ഗൗരിയും ആമിയും ഗദ്ഗതം ഉള്ളിലൊതുക്കി. അകത്ത് കട്ടിലില്‍ കിടക്കുന്ന ഉമ്മൂമ്മയുടെ കൈപിടിച്ച് സുമി യാത്ര ചോദിച്ചു.
”ന്റെ കുട്ടിക്ക് അല്ലാഹുവിന്റെ റഹ്മത്തും ബര്‍ക്കത്തും ഉണ്ടാവട്ടെ. പോയി ബരീം.”
ഉമ്മുമ്മ കണ്ണീര്‍ നനവില്‍ തെരുതെരെ ഉമ്മവച്ചു. മൂത്ത സഹോദരന്‍മാര്‍ ഹാഷിമും ഹാറൂണും പെങ്ങളെ ചേര്‍ത്തുപിടിച്ചു യാത്രാമൊഴിയോതി. അവളുടെ കൈ പിടിച്ച് ഭര്‍ത്താവിന്റെ കൈകളില്‍ ഏല്പിച്ചു. പുഴക്കര വരെ എല്ലാവരും അവരെ അനുഗമിച്ചു. അലങ്കരിച്ച തോണിയില്‍ ചെക്കനും പെണ്ണും കയറി. പൂക്കള്‍ കൊണ്ട് മേലാപ്പ് കെട്ടിയ തോണി.
പുതുക്കക്കാരെയും കൊണ്ട് ബാക്കിയുള്ള തോണികളും ഒഴുകി. പെണ്ണുങ്ങളും കുട്ടികളും പുതുക്കം പോകലിന്റെ ആഹ്ലാദത്തില്‍ കരയിലുള്ളവര്‍ക്ക് നേരെ കൈവീശി.
മകളും ഭര്‍ത്താവും കണ്ണില്‍ നിന്ന് മറയുന്നുവരെ സാഹിബും മാഷും നോക്കിനിന്നു. ഗൗരിയും ആമിയും നെഞ്ചില്‍ പുഴയോളം സങ്കടം നിറച്ച് ഓളങ്ങളിലേക്ക് കണ്ണയച്ചു.
(തുടരും)

Back to Top