22 Sunday
December 2024
2024 December 22
1446 Joumada II 20

റമദാന്‍ ദാനധര്‍മങ്ങളുടെ പൂക്കാലം – അബൂ ഉസാമ

 

ത്യവിശ്വാസികള്‍ക്ക് ഇതര മനുഷ്യരെക്കാള്‍ ഉന്നതമായ നിരവധി ഗുണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒരു ഗുണമാണ് ഔദാര്യശീലം. അല്ലാഹുവിന്റെ വരദാനമായി തനിക്കു ലഭിച്ചതാണ് സമ്പത്ത് എന്ന് വിശ്വാസി ഓര്‍ക്കുന്നു. ആയതിനാല്‍ അതില്‍ നിന്ന് ആവശ്യക്കാരന് ഔചിത്യപൂര്‍വം നല്‍കാന്‍ അയാള്‍ക്ക് മടിയുണ്ടാവില്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയും ദാനധര്‍മങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കിയതായി കാണാം.
അല്ലാഹു ഈ ലോകത്ത് സമ്പദ്‌സമൃദ്ധി നല്‍കിയത് എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയല്ല. തന്റെ സമ്പത്ത് എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ പോലും പ്രയാസപ്പെടുന്നവരുണ്ട്. ഒരു നേരത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ കഷ്ടപ്പെടുന്നവരുമുണ്ട്. ഈ രണ്ട് വിഭാഗങ്ങള്‍ക്കുമിടയില്‍ വിവിധ തരത്തിലാണ് മനുഷ്യരുടെ സാമ്പത്തികശേഷി. സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അത് തേടിപ്പോകണമെന്നും (62:10), സമ്പത്ത് നമ്മുടെ നിലനില്പിന്നാധാരമാണെന്നും (4:5) വിശുദ്ധഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സമ്പത്ത് കെട്ടിപ്പൂട്ടിവെച്ച് മറ്റാര്‍ക്കും നല്‍കാതിരിക്കുന്നത് ഇഹത്തിലും പരത്തിലും ഭയങ്കരമായ ശിക്ഷയ്ക്ക് കാരണമായിത്തീരുമെന്ന് (9:34,35) ഖുര്‍ആന്‍ ശക്തമായി താക്കീത് നല്‍കുന്നു.
മനുഷ്യര്‍ക്കിടയില്‍ സാമ്പത്തിക അസന്തുലിതത്വം ഇല്ലാതാക്കുന്നതിലൂടെ മാനുഷികതയും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ പറ്റിയ ഒരു സംവിധാനമാണ് ഇസ്‌ലാം ഏര്‍പ്പെടുത്തിയത്. ഒരു നിശ്ചിത പരിധിവരെ സമ്പത്തുണ്ടെങ്കില്‍ അയാള്‍ അതില്‍ നിന്ന് നിര്‍ബന്ധമായും ഒരംശം ഇല്ലാത്തവര്‍ക്കു വേണ്ടിയും സാമൂഹികമായ മറ്റു ചില ആവശ്യങ്ങള്‍ക്കു വേണ്ടിയും മാറ്റിവെക്കണം. ഇതാണ് സകാത്ത്. ഇത് വിശ്വാസികള്‍ക്ക് നിര്‍ബന്ധവും, നല്‍കേണ്ട തോതും വിഹിതവുമെല്ലാം നിര്‍ണിതവുമാണ്. സകാത്ത് നല്‍കാത്ത സമ്പന്നന് ഇസ്‌ലാമില്‍ സ്ഥാനമില്ല. കുറ്റമറ്റ, വ്യവസ്ഥാപിതമായ സകാത്ത് സംവിധാനംപോലെ മറ്റൊരു സാമ്പത്തിക നിയമം ഇസ്‌ലാമിലല്ലാതെ മറ്റൊരു മതത്തിലോ ഇസത്തിലോ കാണുന്നില്ല.
എന്നാല്‍ സകാത്ത് കൊടുത്തുകഴിഞ്ഞാലും ശേഷിയുള്ളവന്റെ ബാധ്യത തീരുന്നില്ല. സമൂഹത്തിലെ ‘ആവശ്യക്കാരുടെ’ പ്രശ്‌നം പരിഹരിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സ്വദഖ അഥവാ ദാനധര്‍മം പ്രസക്തമാകുന്നതിവിടെയാണ്. തന്റെ കഴിവനുസരിച്ച് സമൂഹത്തിന്റെ ആവശ്യത്തിലേക്ക് നല്‍കാന്‍ സന്നദ്ധതയുള്ള ഒരു മനസ്സ്. അതാണ് വിശ്വാസിയുടെ കൈമുതല്‍. അയല്‍വാസി, ബന്ധുക്കള്‍, അനാഥ, അഗതി, വിധവ, മാറാരോഗി, ആരോരുമില്ലാത്തവര്‍ ഇങ്ങനെ എത്രയെത്ര തരത്തില്‍ സമൂഹത്തില്‍ ആവശ്യങ്ങളുണ്ട്. അല്ലാഹു നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുന്നവനാണ് വിശ്വാസി (4:4) എന്ന് ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട കാര്യമാണ്. പ്രവാചകന്‍ ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാനായിരുന്നു (ബുഖാരി). അദ്ദേഹം പണക്കാരനായിരുന്നില്ല. സ്വഹാബികള്‍ ഔദാര്യശീലം ജീവിതത്തില്‍ പാലിച്ചവരായിരുന്നു. ആവശ്യക്കാരനെ കണ്ടാല്‍ സഹായിക്കാന്‍ അവര്‍ മത്സരിക്കുമായിരുന്നു. തനിക്ക് ഒന്നുമില്ലെങ്കിലും അപരന്റെ ആവശ്യത്തിന് മുന്‍ഗണന നല്‍കിയിരുന്നു എന്നതാണ് ഖുര്‍ആന്‍ സ്വഹാബികള്‍ക്ക് നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റ് (59:9). പരോപകാരം തടയുന്നവര്‍ക്ക് നാശമാണെന്നും അത് മതനിഷേധത്തോളം വരുമെന്നും ഖുര്‍ആന്‍ (107:7) മുന്നറിയിപ്പ് നല്‍കുന്നു. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നല്‍കുന്ന താക്കീതായിരിക്കാം മുസ്‌ലിംകള്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതരസമുദായങ്ങളെക്കാള്‍ വേരോട്ടംലഭിക്കാന്‍ കാരണം. സാമ്പത്തിക ശാസ്ത്രമനുസരിച്ച് സമ്പത്ത് വിതരണംചെയ്യുന്നത് സാമ്പത്തിക വികാസത്തിന് കാരണമാകുന്നു. ഇസ്‌ലാമിക കാഴ്ചപ്പാടിലും ദാനം ഒരിക്കലും ഒരു നഷ്ടമല്ല. അപ്പോള്‍ ഈ ലോകത്തും പരലോകത്തും മെച്ചമുള്ള ദനധര്‍മങ്ങള്‍ ഇസ്‌ലാമില്‍ വളരെ പുണ്യകരവും ചിലപ്പോള്‍ നിര്‍ബന്ധവുമായ ഒരു കാര്യമാണ്.
ദാനധര്‍മങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം പരാമര്‍ശങ്ങള്‍ കാണാം. മനോഹരമായ ഒരു ഉപമയിലൂടെ അത് വിവരിക്കുന്നതിങ്ങനെയാണ്: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയിരട്ടിയായി നല്‍കുന്നു” (2:261). ദാനം നല്‍കി പേരെടുക്കാനോ ഗുണഭോക്താവില്‍ നിന്ന് പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ അല്ല വിശ്വാസി സ്വദഖ നല്‍കുന്നത്. ദരിദ്രനും അനാഥയ്ക്കും തടവുകാരനും ആഹാരംനല്‍കി സഹായിക്കുന്ന വിശ്വാസിയുടെ മനോഗതം ഖുര്‍ആന്‍ വിവരിക്കുന്നു: ”അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” (76:10)
ഒരാള്‍ക്ക് ഒരു സഹായം നല്‍കുകയും പിന്നെ അതെടുത്തു പറഞ്ഞുകൊണ്ട് അയാളെ ശല്യപ്പെടുത്തുകയും ചെയ്താല്‍ ആ ദാനം നിഷ്ഫലമാണ്. ആ സ്വദഖയെ അല്ലാഹു ഉദാഹരണസഹിതം വിവരിക്കുന്നു: ”മിനുസമുള്ള ഒരു പാറ. അതിനു മുകളില്‍ അല്പം മണ്ണ്. ആ പാറമേല്‍ ഒരു കനത്ത മഴ പെയ്തു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല.” (2:264)
അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ധര്‍മം ചെയ്യുന്നവരുടെ സ്ഥിതിയോ? അവര്‍ക്കുമുണ്ട് ഖുര്‍ആനില്‍ ഒരു ഉപമ! ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു തോട്ടം. ഒരു കനത്ത മഴ ലഭിച്ചു. അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി കനത്ത മഴയൊന്നും കിട്ടിയില്ല. ഒരു ചാറല്‍മഴയേ കിട്ടിയുള്ളൂ എങ്കില്‍കൂടി അതിന് അതും മതിയാകുന്നതാണ്.
പ്രകടനപരതയും കൊടുത്തത് എടുത്തുപറയലും ദാനധര്‍മങ്ങളുടെ ഫലത്തെ ഒരു തീക്കാറ്റുകണക്കെ കരിച്ചുകളയുന്നു. ഖുര്‍ആന്‍ ഉദാഹരിക്കുന്നതിങ്ങനെ: ”ഒരാള്‍ക്ക് സമൃദ്ധമായ ഒരു തോട്ടമുണ്ട്. അതില്‍ ഈത്തപ്പനകളും മുന്തിരിവള്ളികളുമുണ്ട്. എല്ലാത്തരം കായ്കനികളുമുണ്ടതില്‍. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. അയാള്‍ക്ക് വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാളുടെ മക്കളാണെങ്കില്‍ ദുര്‍ബലരും. ഈ സാഹചര്യത്തില്‍ അഗ്നിയോടുകൂടിയ ഒരു ചുഴലിക്കാറ്റ്. സമൃദ്ധമായ ഈ തോട്ടം കരിഞ്ഞുപോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന്‍ നിങ്ങളിലാരെങ്കിലും ആഗ്രഹിക്കുമോ?” (2:266). അധ്വാനിച്ചുണ്ടാക്കിയത് നിമിഷനേരം കൊണ്ട് നശിച്ചുപോകുന്ന വന്‍ദുരന്തമാണ് ദാനവും ധര്‍മവും എമ്പാടും നല്‍കിയിട്ടും തന്റെ തന്നെ ചെയ്തികള്‍മൂലം അതെല്ലാം നിഷ്ഫലമാകന്നത്. ‘വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം’ ദാനം നല്‍കുന്നവന് അര്‍ഹമായ പ്രതിഫലം ലഭിക്കും.
ഒരാള്‍ താന്‍ ദാനംചെയ്യുന്നത് പരസ്യപ്പെടുത്തുന്നതു മൂലം നന്മയ്ക്ക് ഒരു തുടക്കമോ പ്രേരണയോ ആകുന്നുവെങ്കില്‍ പരസ്യപ്പെടുത്തുന്നതും ആവാം. എന്നാല്‍ അത് രഹസ്യമാക്കിവയ്ക്കുകയും ദരിദ്രര്‍ക്ക് എത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അതായിരിക്കും ഉത്തമം (2:271). യഥാര്‍ഥ ആവശ്യക്കാരനെ കണ്ടെത്തി രഹസ്യമായി നല്‍കുന്ന ദാനം കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരുപോലെ സന്തോഷത്തിലേക്കും മഹത്വത്തിലേക്കും നയിക്കുന്നു.
ഇത്രയും മഹത്തരവും പ്രതിഫലാര്‍ഹവുമായ ദാനധര്‍മങ്ങള്‍ വിശുദ്ധ റമദാനില്‍ നല്‍കുമ്പോള്‍ അതിന് പ്രതിഫലം പതിന്മടങ് വര്‍ധിക്കുന്നു. ഔദാര്യവാനായ പ്രവാചകന്‍ റമദാനില്‍, വിശേഷിച്ചും അവസാനത്തെ പത്ത് വന്നാല്‍ അടിച്ചുവീശുന്ന മാരുതനെപ്പോലെ ഔദാര്യവാനായിത്തീരുമായിരുന്നു എന്ന് ഹദീസുകളില്‍ കാണാം (ബുഖാരി). ആയതിനാല്‍ നമ്മുടെ റമദാനിന്റെ ദിനരാത്രങ്ങള്‍ ധന്യമാക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്കും ഏറെ പങ്കുണ്ട് എന്ന് ഓര്‍ക്കുക. ”രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടിവരികയുമില്ല.” (2:274)
നിര്‍ബന്ധദാനമായ സകാത്തും ഐച്ഛികദാനമായ സ്വദഖയും കൂട്ടിക്കുഴയ്ക്കുന്ന ഒരു നിലപാട് പൊതുവെ കണ്ടുവരുന്നുണ്ട്. അതായത് മിക്ക ആളുകളും റമദാനിലാണ് സകാത്ത് കണക്കാക്കുന്നത്.
കര്‍മങ്ങള്‍ക്ക് ഏറെ പുണ്യമുള്ള റമദാനില്‍ സകാത്ത് നല്‍കുന്നു. അത് സ്വദഖയുടെ എക്കൗണ്ടിലേക്ക് വരവുവയ്ക്കുന്നു. തന്നെയുമല്ല ആയിരം മാസത്തെക്കാള്‍ പുണ്യകരമായ ലൈലത്തുല്‍ഖദ്ര്‍ ഉള്‍ക്കൊള്ളുന്ന അവസാന പത്തുദിവസങ്ങളില്‍ സകാത്ത് നല്‍കാന്‍ തെരഞ്ഞെടുക്കുന്നു. തെറ്റായ ധാരണയില്‍ ചിലര്‍ റമദാന്‍ ഇരുപത്തിയാറില്‍ (ഇരുപത്തിയേഴാം രാവ്) സകാത്താകുന്ന സ്വദഖ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നു. ഈ പ്രവണത ശരിയല്ല.
ചില കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്: ഒന്ന്) സകാത്ത് കണക്കാക്കാന്‍ ഒരാള്‍ റമദാന്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സകാത്തിന് പ്രത്യേക മാസമോ ദിവസമോ ഇല്ല. രണ്ട്) നിര്‍ബന്ധദാനമായ സകാത്ത് റമദാനില്‍ നിര്‍വഹിക്കുന്നതു മൂലം നിര്‍ബന്ധ നമസ്‌കാരമായ ദുഹ്ര്‍, അസ്വ്ര്‍ മുതലായവ നിര്‍വഹിക്കുന്ന പ്രാധാന്യം മാത്രമേ ഉണ്ടാകൂ. നബി(സ) ധാരാളമായി ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സ്വദഖ സകാത്തല്ല. സകാത്ത് നിര്‍ബന്ധമായി പിരിച്ചെടുത്തിരുന്നു. മൂന്ന്) സകാത്ത് കൊടുത്തുകഴിഞ്ഞ മുതലില്‍ നിന്നാണ് സ്വദഖ കൊടുക്കേണ്ടത്. സകാത്ത് നിര്‍ബന്ധമാകാവുന്നത്ര സമ്പത്തില്ലാത്തവരും സ്വദഖ കൊടുക്കേണ്ടതാണ്. നാല്) സ്വദഖ നിര്‍ബന്ധദാനമല്ല. എന്നാല്‍ ചിലപ്പോള്‍ അത് നിര്‍ബന്ധമായിത്തീരുന്നു. ആവശ്യത്തിന്റെ തോതനുസരിച്ച് നിര്‍ബന്ധമായി നല്‍കേണ്ടിവരും. ദരിദ്രനായ അയല്‍വാസി രോഗിയായി കിടക്കുമ്പോള്‍ അയാളെ സഹായിക്കല്‍ നിര്‍ബന്ധമാണല്ലോ. അഞ്ച്) സകാത്ത് നിശ്ചിതമായ വിഹിതം നല്‍കിയാല്‍ മതി. എത്ര കൂമ്പാരം സ്വത്തുണ്ടെങ്കിലും രണ്ടരശതമാനം (പണമാണെങ്കില്‍) മാത്രമേ നല്‍കേണ്ടതുള്ളൂ. സ്വദഖയ്ക്ക് പരിധിയില്ല. കഷ്ടപ്പാട് നിറഞ്ഞ കാലത്തുനടന്ന ത്വബൂക്‌യുദ്ധ ഫണ്ടിലേക്ക് നബി(സ) സ്വദഖ ആവശ്യപ്പെട്ടപ്പോള്‍ അബൂബക്ര്‍(റ) തന്റെ മുഴുവന്‍ സ്വത്തും ഉമര്‍(റ) തന്റെ സമ്പത്തിന്റെ പകുതിയും ദാനംചെയ്തത് ചരിത്രപ്രസിദ്ധമായ സംഭവമാണല്ലോ.
സകാത്തിനെ സകാത്തായും ദാനധര്‍മങ്ങളെ സ്വദഖയായും പരിഗണിക്കുക. സകാത്ത്, സ്വദഖ എന്നീ പദങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ രണ്ടിനും മാറിമാറി പ്രയോഗിച്ചതായി കാണാം. സകാത്തും സ്വദഖയുമായി സമ്പത്ത് സമൂഹത്തില്‍ ഒഴുകി നടക്കണം. അതാണ് സമ്പത്തിന്റെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനും നല്ലത്. വിശ്വാസിയുടെ ഔന്നത്യം കുടികൊള്ളുന്നത് ഇത് പ്രവൃത്തിപഥത്തില്‍ വരുത്തുമ്പോഴാണ്. ഇത്തരം ഒരു സമൂഹത്തില്‍ പലിശയും ചൂഷണവും നിലനില്‍ക്കുകയില്ല. ഇന്നത്തെ ദാതാവ് നാളെ സ്വീകര്‍ത്താവാകാം; മറിച്ചും. ”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു.” (2:276)

Back to Top