രോഗമുക്തി മാത്രമല്ല ആരോഗ്യം – പി കെ ശബീബ്
ആരോഗ്യപൂര്‍ണമായ ജീവിതം ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. സ്വന്തം ആരോഗ്യം മാത്രമല്ല, മറ്റു ജീവജാലങ്ങളുടെയും എന്തിനേറെ, ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും ‘ആരോഗ്യ’പൂര്‍ണമായ അവസ്ഥ നാം ആഗ്രഹിക്കുന്നു. 2020 അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷമാണ്. ‘സസ്യസംരക്ഷണം, ജീവസംരക്ഷണം’ എന്നതാണ് മുദ്രാവാക്യം. ആരോഗ്യപൂര്‍ണമായ ചെടികളില്‍ നിന്നും ലഭ്യമാകുന്ന കരുത്തുറ്റ വിളകളാണ് നമ്മുടെ തേട്ടം. സസ്യാരോഗ്യം പോലും ഏറെ പ്രധാനമാണ് എന്നര്‍ഥം. ആരോഗ്യം ഒരു മനുഷ്യാവകശമാണ്. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 25-ാം വകുപ്പ് ഇത് ഉറപ്പ് നല്‍കുന്നു. വ്യക്തിക്കും കുടുംബത്തിനും ഭക്ഷണം, വസ്ത്രം, താമസം, ആരോഗ്യപരിപാലനം, അടിസ്ഥാന സാമൂഹ്യസേവനങ്ങള്‍ എന്നിവ മനുഷ്യന് വകവച്ച് നല്‍കുന്നു.
മനുഷ്യന്‍ എന്നാല്‍ ശരീരവും മനസ്സും ആത്മാവും ചേര്‍ന്നതാണ്. മാത്രമല്ല, മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. ലോകാരാഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് വ്യക്തിയുടെ ശാരീരികം, മാനസികം, ആത്മീയം, സാമൂഹികം എന്നീ നാല് തലങ്ങളിലുമുള്ള സുസ്ഥിരതയാണ്. അത് കേവലം രോഗങ്ങളില്‍ നിന്നും ബലഹീനതകളില്‍ നിന്നുമുള്ള മോചനമല്ല. നമ്മുടെ ആരോഗ്യ സങ്കല്പം ശാരീരികാരോഗ്യത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് നമ്മുടെ പരാജയം. രോഗങ്ങളെ മാത്രം ചികിത്സിച്ച് ആരോഗ്യം നേടാം എന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു.
ഭാരിച്ച ചികിത്സാചെലവ് കാരണം ഓരോ വര്‍ഷവും പത്ത് കോടിയോളം ജനങ്ങള്‍ ദരിദ്രരായി മാറുന്നു. ഇതിന്റെ മുഖ്യമായ കാരണം നമുക്ക് ഹെല്‍ത്ത് കെയര്‍ – ആരോഗ്യ സുരക്ഷാ പദ്ധതി ഇല്ല എന്നതാണ്. നമുക്ക് ആകെയുള്ളത് രോഗസുരക്ഷാ പദ്ധതികളാണ്. നാം രോഗങ്ങള്‍ സൃഷ്ടിക്കുകയും എന്നിട്ട് രോഗസുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്നു. നമുക്ക് വേണ്ടത് കൃത്യമായ ആരോഗ്യ സങ്കല്പമാണ്.
മനുഷ്യമനസ്സ് ഏറെ രോഗാതുരമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. തന്നിഷ്ടത്തിന് വഴങ്ങാത്തവരെ വധിച്ചുകളയുന്നത് സര്‍വ സാധാരണമായിരിക്കുന്നു. കുടുംബപ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കം, പ്രണയ നൈരാശ്യം തുടങ്ങി എന്തിനും പരിഹാരം സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെയും ഇല്ലായ്മ ചെയ്യലാണ് എന്ന് വന്നിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളും സദാചാര കൊലപാതകങ്ങളും ദുരഭിമാനക്കൊലയും അരങ്ങ് വാഴുന്നു.
‘ഒറ്റപ്പെടല്‍’ ലോകത്ത് വര്‍ധിച്ചുവരുന്നു. മക്കളും ഉറ്റവരും ഉണ്ടായിട്ടും ജീവിത സായാഹ്നത്തില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ ഏറെയാണ്. ഒരുമിച്ചു താമസിക്കുന്നുണ്ടെങ്കിലും മനസ്സുകള്‍ ഏറെ അകന്നു കഴിയേണ്ടി വരുന്നു. ഈ പശ്ചാത്തലത്തിലാണ് 2018-ല്‍ ബ്രിട്ടണ്‍ ലോകത്തിലാദ്യമായി ‘ഏകാന്തതക്കൊരു മന്ത്രി’ (Minister of Lonelines) യെ നിയമിക്കുന്നത്. ഏകാന്തത മനുഷ്യന്റെ ബന്ധ വിച്ഛേദങ്ങളുട സൂചകമാണ്.
”എന്റെ മക്കള്‍ ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ പേറുന്നവരും തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരും ഉന്നത നേട്ടങ്ങളുടെ ഉടമകളുമാണെന്നിരിക്കെ, അവരടുത്തുള്ളപ്പോള്‍ എന്റെ ഏകാന്തതയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ മടിക്കുന്നു. എന്റെ ഉപയോഗ കാലം കഴിഞ്ഞെന്നും അവര്‍ക്കൊരു മധുര സ്മരണയായി അവശേഷിക്കാന്‍ ജീവന്‍ വെടിഞ്ഞേ തീരൂ എന്നും ഞാന്‍ നിരൂപിക്കുന്നു” -മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ വരികളാണിത്. വൃദ്ധരായ മാതാപിതാക്കളുടെ വിലയറിയാന്‍ അവര്‍ മരിക്കണമെന്നിടത്തേക്ക് കാലം സഞ്ചരിക്കുന്നു എന്ന് ചുരുക്കം
ആത്മീയാരോഗ്യം ഏറെ പ്രാധാന്യമുള്ളതാണ്. ലക്ഷ്യബോധമുണ്ടാവുക എന്നത് ആരോഗ്യ ജീവിതത്തിന്റെ നിദാനമാണ്. വ്യക്തിക്ക് സ്വന്തത്തോടും സമൂഹത്തോടും പ്രകൃതിയോടും പ്രപഞ്ചശക്തിയോടുമുള്ള ബന്ധത്തിന്റെ ഊഷ്മളതയാണിത്. ദൈനംദിന ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ് സന്തുഷ്ടമായ ജീവിതം നയിക്കാനുള്ള ലക്ഷ്യബോധമാണത്.
ആരോഗ്യപൂര്‍ണമായ ജീവിതം പോലെ പ്രധാനമാണ് ‘ആരോഗ്യ’പൂര്‍ണമായ മരണവും. ഐ സി യുവിലെ യന്ത്രങ്ങള്‍ക്ക് നടുവില്‍ തണുത്ത് വിറങ്ങലിച്ച് മരിക്കാന്‍ വിധിക്കപ്പെടുന്ന രോഗിക്ക് ഒരുപക്ഷേ ശാരീരികാരോഗ്യത്തിന് വേണ്ട പരിചരണങ്ങള്‍ ലഭിച്ചിരിക്കാം. പക്ഷേ, മാനസികവും ആത്മീയവുമായ അവരുടെ ആരോഗ്യത്തിന് ഒരു പരിഗണനയും ലഭിക്കുന്നില്ല; സമാധാനപൂര്‍ണമായ ഒരു മരണം സാധ്യമാവുകയില്ല.
എബ്രഹാം ലിങ്കന്റെ സൈനിക ആശുപത്രി സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരു സംഭവമുണ്ട്. മരണാസന്നനായ യുവാവിനെ അദ്ദേഹം കാണുന്നു. തന്റെ മുമ്പിലുള്ളത് അമേരിക്കന്‍ പ്രസിഡന്റാണ് എന്ന് ആ യുവാവ് തിരിച്ചറിഞ്ഞിരുന്നില്ല. എന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ എന്ന് ലിങ്കന്‍ ചോദിച്ചു. തന്റെ പ്രിയപ്പെട്ട അമ്മക്ക് ഒരു കത്തെഴുതി തരണമെന്ന് ആ യുവാവ് പറഞ്ഞു. യുവാവ് പറഞ്ഞ കാര്യങ്ങള്‍ വച്ച് ലിങ്കന്‍ കത്തെഴുതി. അവസാനം യുവാവ് പറഞ്ഞു: ”അമ്മ അറിയത്തക്കവണ്ണം അങ്ങയുടെ പേരും ഒപ്പും അതില്‍ ചേര്‍ക്കണം.” എബ്രഹാം ലിങ്കന്‍ അങ്ങനെ ചെയ്തു. പേരും ഒപ്പും കണ്ട യുവാവ് അത്ഭുതപ്പെട്ടു. യുവാവ് പറഞ്ഞു: ”ക്ഷമിക്കണം, പ്രസിഡന്റിനെയാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിച്ചത് എന്ന് അറിഞ്ഞില്ല.” താന്‍ മറ്റെന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ എന്ന് ലിങ്കണ്‍ ചോദിച്ചു. തന്റെ മരണസമയം അടുത്തിരിക്കുന്നുവെന്നും പ്രയാസമില്ലെങ്കില്‍ അന്ത്യനിമിഷത്തില്‍ തന്റെ അടുത്തിരുന്നാല്‍ അതൊരാശ്വാസമായിരിക്കുമെന്നും സൈനികനായ യുവാവ് പറഞ്ഞു. ലിങ്കണ്‍ അപ്രകാരം ചെയ്തു. മരണസമയത്ത് ഓരോ വ്യക്തിക്കും തന്റെ മാനസികവും ആത്മീയവുമായ ആരോഗ്യസങ്കല്പങ്ങള്ക്കനുസരിച് ചുള്ള ‘ആശ്വാസ’ പൂര്‍ണമായ സാഹചര്യമൊരുക്കാന്‍ നമുക്ക് സാധിക്കണം.
ആരോഗ്യത്തിന്റെ നാലാമത്തെ തലം സാമൂഹിക ആരോഗ്യമാണ്. ഒരു വ്യക്തിക്കോ കുടുംബത്തിനോ മാത്രമായി ആരോഗ്യം നേടാനോ നിലനിര്‍ത്താനോ സാധ്യമല്ല. കൊറോണ വൈറസിന്റെയും നിപ വൈറസിന്റെയും രോഗബാധയുടെ സാഹചര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതതാണ്. വ്യക്തിശുചിത്വത്തിന് കൂടെ പരിസര ശുചിത്വവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ശുചിത്വ സംസ്‌കാരം നാം ശീലിച്ചില്ലെങ്കില്‍ സാംക്രമിക രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കും. സാംക്രമിക രോഗങ്ങള്‍ ബാധിക്കപ്പെട്ടാല്‍ അത് മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷ്മത പാലിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
വായുവും മണ്ണും ജലവും മലിനപ്പെടുത്താതിരിക്കുക എന്നത് സാമൂഹികാരോഗ്യത്തില്‍ ഏറെ പ്രധാനമാണ്. വായു മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന ഡല്‍ഹി അടക്കമുള്ള നഗരങ്ങളുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. മനുഷ്യനിര്‍മിതമായ ഓര്‍ഗാനിക് കീടനാശിനികള്‍ ജലം മലിനമാക്കുന്നു. ജീവശരീരങ്ങളില്‍ അവ അടിഞ്ഞുകൂടുന്നു. ആഹാര ശൃംഖലയില്‍ മുകളിലേക്ക് പോകുന്തോറും അവയുടെ വെള്ളത്തിലുള്ളതിനേക്കാള്‍ ഏകദേശം 20,000 ഇരട്ടിയായി കീടനാശിനികളുടെ അളവ് വര്‍ധിക്കുന്നു. ഡി ഡി ടിയും എന്‍ഡോസള്‍ഫാനുമെല്ലാം മനുഷ്യന് ഏറെ ഹാനികരമാവുന്നതിന്റെ കാരണം ഇതാണ്. മനുഷ്യ സഹവാസമില്ലാത്ത ഹിമക്കരടികളില്‍ പോലും ഡി ഡി ടിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുതലായവ വ്യവസായ വിപ്ലവാനന്തര മാലിന്യങ്ങളാണ്. ഇലക്ട്രോണിക് മാലിന്യങ്ങള്‍, ജലത്തിലും മണ്ണിലും മെര്‍ക്കുറി, കാഡ്മിയം, ലിഥിയം തുടങ്ങിയ ഹാനികരമായ ലോഹങ്ങളുടെ സാന്നിധ്യത്തിന് കാരണമാവുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ മാരകമായ ഡയോക്‌സിന്‍ പോലുള്ള വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. കടലിലേക്കൊഴുകി എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിച്ച് സമുദ്ര ജീവികള്‍ക്ക് പോലും ജീവഹാനി സംഭവിക്കുന്നു. മാലിന്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനും നാം തയ്യാറാവുമ്പോള്‍ മാത്രമേ സാമൂഹികാരോഗ്യം സാധ്യമാവൂ.
മനുഷ്യനില്‍ വരുന്ന രോഗങ്ങളുടെ കാരണം പ്രധാനമായും മൂന്നായി തിരിക്കാം. 1). ജീവിത ശൈലീ രോഗങ്ങള്‍, 2). ആഹാര സംബന്ധമായ രോഗങ്ങള്‍, 3). പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലമുള്ള രോഗങ്ങള്‍. വ്യായാമം കുറയുന്നു. സമീകൃതാഹാരത്തിന് പകരം ജങ്ക് ഫുഡുകളുടെ ഉപയോഗവും എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഭോജനം വര്‍ധിച്ചിവരുന്നു. വായുവും മണ്ണും ജലവും മലിനമാവുന്നത് മൂലം സാംക്രമിക രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും സമൂഹത്തില്‍ പെരുകി വരുന്നു. ജീവിതശൈലീ രോഗങ്ങള്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യക്തിയും സമൂഹവും രോഗാതുരമായി മാറുന്നു.
ഇബ്‌റാഹീം നബി(അ) തന്റെ രക്ഷിതാവിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഞാന്‍ രോഗിയായാല്‍ എനിക്ക് ശമനം നല്‍കുന്നവനാണെന്റെ രക്ഷിതാവ്” (26:80). രോഗങ്ങളെല്ലാം മനുഷ്യനിര്‍മിതമാണെന്നും അതിന് ശമനം നല്‍കുന്നവനാണ് തന്റെ രക്ഷിതാവ് എന്നതാണ് അതിന്റെ വിവക്ഷ. ജീവിതശൈലികളിലും ഭക്ഷണ ക്രമത്തിലും പരിസ്ഥിതിയിലും വരുന്ന മാറ്റങ്ങളാണ് രോഗങ്ങള്‍ക്ക് കാരണം. പ്രപഞ്ച നാഥന്‍ അവരെ ശമിപ്പിക്കുന്നവനാണ്.
രോഗസുരക്ഷ അല്ല; മറിച്ച് ആരോഗ്യ സുരക്ഷ ആണ് നമുക്ക് വേണ്ടത്. അതിന് വേണ്ടത് പ്രകൃതിക്കിണങ്ങുന്ന ഒരു ജീവിത സംസ്‌ക്കാരമാണ്. മലിനീകരണമില്ലാത്ത ചുറ്റുപാട്, സമീകൃതാഗഹാരം, ആരോഗ്യ പൂര്‍ണമായ ജീവിതശൈലികള്‍, മാനസികവും ആത്മീയവുമായ ആരോഗ്യം നിലനിര്‍ത്തുന്ന സാമൂഹികാന്തരീക്ഷം – എല്ലാം ചേരുമ്പോള്‍ ജീവിതം ആരോഗ്യപൂര്‍ണമാവും, തീര്‍ച്ച!