1 Tuesday
July 2025
2025 July 1
1447 Mouharrem 5

രാജ്യത്തിന്റെ നിലനില്പിനായി മോദീസര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളെ പിന്തുണക്കണം: കെ എന്‍ എം

മലപ്പുറം ഈസ്റ്റ് ജില്ല കെ എന്‍ എം കോര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

എടവണ്ണ: സംഘപരിവാര്‍ ഭരണത്തില്‍ രാജ്യത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ മുന്നോട്ട് വരുന്നവരെ നിസ്സാരമായ ന്യായങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാവതല്ലെന്ന് കെ എന്‍ എം (മര്‍കസുദഅവ) മലപ്പുറം ഈസ്റ്റ് ജില്ല കോര്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പൊതു ഖജനാവ് കൊള്ളയടിക്കുകയും വിലകയറ്റവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു കൊണ്ടിരിക്കെ ഇനിയും കയ്യും കെട്ടി നോക്കിനില്ക്കാനാവില്ല. രാജ്യം നിലനില്‍ക്കണമെങ്കില്‍ മോദി സര്‍ക്കാറിനെ താഴെയിറക്കുക തന്നെയാണ് പരിഹാരമെന്നിരിക്കെ കേന്ദ്ര സര്‍ക്കാറിനെതിരിലുള്ള രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെ പിന്തുണക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ ഒന്നിക്കണമെന്നും കെ എന്‍ എം അഭ്യര്‍ഥിച്ചു. പ്രളയാനന്തര നവകേരള സൃഷ്ടിപ്പിനായി സ്വരൂപിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിനിയോഗം സുതാര്യവും വ്യവസ്ഥാപിതവുമാക്കാന്‍ നടപടി വേണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. ആധുനിക അറബി സാഹിത്യത്തില്‍ ഹൈദരാബാദ് ഇഫഌ യുണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ എം എസ് എം സംസ്ഥാന പ്രസിഡന്റ് സുഫിയാന്‍ അബ്ദുസ്സത്താറിനുള്ള ഉപഹാരം പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് കല്ലട കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, കെ അലി പത്തനാപുരം, ഡോ. ജാബിര്‍ അമാനി, അബ്ദുറഷീദ് ഉഗ്രപുരം, എ നൂറുദ്ദീന്‍, ഡോ. എന്‍ ലബീദ്, ജാബിര്‍ വാഴക്കാട്, ലുഖ്മാന്‍ പോത്തുകല്ല്, സി അബ്ദുല്ലത്തീഫ്, കെ പി അബ്ദുറഹിമാന്‍ സുല്ലമി, വല്ലാഞ്ചിറ അബ്ദുല്‍കരീം, ബുഷ്‌റ നജാത്തിയ, അബ്ദുല്‍അസീസ് തെരട്ടമ്മല്‍ പ്രസംഗിച്ചു

Back to Top