4 Friday
July 2025
2025 July 4
1447 Mouharrem 8

രണ്ടു പ്രാണികളും രണ്ടു പക്ഷികളും – ഡോ. പി എം മുസ്തഫ കൊച്ചിന്‍

 

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”നിശ്ചയം ജീവികളില്‍ നാലെണ്ണത്തെ ഹിംസിക്കല്‍ നബി(സ) വിരോധിച്ചിരിക്കുന്നു. നംല്, നഹ്്‌ല്, ഹുദ്ഹുദ്, സ്വുറദ് എന്നിവയാണവ.” (അബൂദാവൂദ്)
ഹാഫിദ് ഇബ്‌നു ഹജറിന്റെ വീക്ഷണത്തില്‍ ഈ നബിവചനത്തിന്റെ നിവേദനപരമ്പര സ്വീകാര്യമാണ്. ഹിംസിക്കുന്നത് നിരോധിക്കപ്പെട്ട ജീവികളെ ഭക്ഷിക്കാവുന്നതല്ലെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹദീസില്‍ ആദ്യം എണ്ണിയ രണ്ട് കീടങ്ങളായ നംലും നഹ്‌ലും നമുക്കറിയാവുന്ന ഉറുമ്പും തേനീച്ചയുമാണ്. അവസാനം എണ്ണിയ രണ്ട് പക്ഷികള്‍ നമുക്ക് അത്ര സുപരിചിതമല്ല. എന്നാല്‍ ഈ രണ്ട് പറവകളും തേനീച്ച, ഉറുമ്പ് പോലുള്ള പ്രാണികളുടെ പ്രകൃത്യായുള്ള അന്തകന്‍മാരാണ്. അവ രണ്ടിനെയും താഴെ പരിചയപ്പെടുത്താം.

ഹുദ്ഹുദ്
ഹുദ്ഹുദ് (Hoopoe) എന്ന പക്ഷി മരം കൊത്തിയാണെന്നും പ്രാവാണെന്നുമാണ് പൊതുവെയുള്ള ധാരണ. മരംകൊത്തിക്ക് അറബിയില്‍ നക്കാര്‍ എന്നും പ്രാവിന് ഹമാം (യമാം) എന്നുമാണ് പറയുന്നത്. പിന്നെ ഹുദ്ഹുദ് ആരാണ്? സുലൈമാന്‍ നബിയുടെ ചരിത്രത്തില്‍ (ഖുര്‍ആന്‍ 27:20) പരാമര്‍ശിക്കുന്ന പക്ഷിയായതിനാല്‍ ഇത് സുലൈമാന്‍ പക്ഷി (Soloman Bird),, രാജകീയ പക്ഷി (Royal Bird) എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ Hoopoe എന്നും ഹിന്ദിയില്‍ ഹുദ്ഹുദ് എന്നും മലയാളത്തില്‍ ഉപ്പൂപ്പന്‍, പുഴുകൊത്തി, ചിലയ്ക്കുന്നപക്ഷി എന്നീ പേരുകളിലും അറിയപ്പെടുന്നു. തേനീച്ച, ഉറുമ്പ് എന്നീ കീടങ്ങളെ മുഖ്യാഹാരമാക്കുന്ന ഇവയെ ‘തോട്ടക്കാരന്റെ മിത്ര’മെന്നും വിളിക്കാറുണ്ട്.

സ്വുറദ്
സ്വുറദ് (Shrike)എന്ന കിളി നമ്മുടെ വീടുകളില്‍ കൂടുകൂട്ടുന്ന കുരുവിയാണെന്നാണ് പൊതുധാരണ. അതുകൊണ്ടാവാം നാം അവയെ കൂടൊരുക്കി സംരക്ഷിക്കുന്നത്. എന്നാല്‍ കുരുവിക്ക് (Sparrow) അറബിയില്‍ ഉസ്വ്ഫൂര്‍ എന്നാണ് പറയുക. പിന്നെ ആരാണീ സ്വുറദ് പക്ഷി? ലാനീഡി (Laniidae) കുലത്തില്‍ പെട്ട ശ്രൈക്കുകളെയാണ് അറബിയില്‍ സ്വുറദ് എന്ന് വിളിക്കുന്നത്. ഇവയുടെ പ്രധാന ആഹാരം ഉറുമ്പ്, തേനീച്ച പോലുള്ള കീടങ്ങളാണ്. പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കുന്നതിനാലാണിവകളെ ശ്രൈക്കുകള്‍ (Shrikes)എന്ന് നാമകരണം ചെയ്തത്.
മലയാളത്തില്‍ ചാരക്കുട്ടന്‍ ശ്രൈക്ക്, തവിടന്‍ ശ്രൈക്ക്, വലിയ ശ്രൈക്ക്, അസുരക്കിളി എന്നീ പേരിലറിയപ്പെടുന്ന പറവകള്‍ ലാനീഡി കുടുംബത്തിലെ ശ്രൈക്കുകളാണ്. കൂടാതെ ഇണക്കാത്തേവന്‍, അസുരത്താന്‍, ചാരപ്പൂക്കണ്ടന്‍, അസുരക്കാടന്‍, കരിന്തൊപ്പി, അസുരപ്പൊട്ടന്‍ എന്നിവയും ശ്രൈക്കിന്റെ ചാര്‍ച്ചക്കാരാണ്.
മൈനയോളം വലുപ്പമുള്ള ചാരക്കുട്ടന്‍ ശ്രൈക്കിന്റെ ശരീരത്തിന്റെ മുകള്‍ഭാഗത്ത് ചാരനിറവും അടിഭാഗത്ത് വെള്ളനിറവുമാണ്. കൊക്ക്, നേത്രം, കര്‍ണം എന്നീ ഭാഗങ്ങളില്‍ കൂടി കടന്നുപോകുന്ന കറുത്ത പട്ടയുണ്ടിവയ്ക്ക്. ആഹാരം ശേഖരിച്ച് വെക്കുന്ന സ്വഭാവം ഇവയുടെ പ്രത്യേകതയാണ്. ഇതിന്നായി മുള്‍ച്ചെടികളില്‍ ഇരകളെ കുത്തിയിറക്കിവെക്കാറുണ്ട്. ഈ പ്രത്യേകത കൊണ്ട് ഇവയെ കശാപ്പുകാരന്‍ പക്ഷി (Butcher Bird) എന്നു വിളിക്കുന്നു.
ഇവ മറ്റു പല പക്ഷികളുടെയും ശബ്ദം അനുകരിക്കുന്ന മിമിക്രിക്കാരനാണ്. ഇതിന്റെ ശബ്ദം വഴാനി വന്യജീവി സങ്കേതത്തില്‍ വെച്ച് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) കേരള ഘടകത്തിലെ എഡ്യൂക്കേഷന്‍ ഓഫീസറായ ശിവകുമാര്‍ ഈ ലേഖകനെ പരിചയപ്പെടുത്തിയിട്ടുണ്ട്.
സ്വുറദ് ഇനത്തില്‍ പെട്ട ഒരു പക്ഷിയാണ് ഉറുമ്പ് ശ്രൈക്ക് (Ant Shrike). തെക്കെ അമേരിക്കയിലെ പെറു രാജ്യത്തെ ആമസോണ്‍ മഴക്കാടുകളില്‍ ഈ ആന്റ് ശ്രൈക്കിനെ കണ്ടതായി ചാള്‍സ് മണ്‍ എന്ന പക്ഷിനിരീക്ഷകന്‍ വിവരിക്കുന്നുണ്ട്.
ആന്റ് ശ്രൈക്കല്ലാത്ത മറ്റു പക്ഷികള്‍ ഉറുമ്പ്, തേനീച്ച പോലുള്ള പ്രാണികളെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് പുറത്ത് ചാടിക്കുമ്പോള്‍ ഈ ആന്റ് ശ്രൈക്ക് ഏതെങ്കിലുമൊരു വൃക്ഷച്ചില്ലയില്‍ കാവലിരിക്കും. പ്രാപിടിയന്‍ പരുന്തുകളാണ് മറ്റു പക്ഷികളുടെ മുഖ്യശത്രു. ശത്രുവിനെ അകലെ കണ്ടാലുടന്‍ ആന്റ് ശ്രൈക്ക് കൂകി വിളിച്ച് ശത്രുസാന്നിധ്യമറിയിക്കും. മറ്റു പക്ഷികളെല്ലാം ഉടന്‍ പറന്ന് രക്ഷപ്പെടും. അങ്ങനെ ആന്റ് ശ്രൈക്കിന്റെ വിൡമറ്റു പക്ഷികള്‍ക്ക് ഉപകാരപ്രദമാണ്.
പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ആന്റ് ശ്രൈക്ക് ഒരു വേല ഇറക്കാറുണ്ട്. മറ്റു പക്ഷികള്‍ കീടങ്ങളെയെല്ലാം പുറത്തുചാടിച്ചു എന്നു കണ്ടാല്‍ ആന്റ് ശ്രൈക്ക് ഒരു കൂകല്‍ കൂവും. ആ സമയം പക്ഷികളെ വേട്ടയാടുന്ന പരുന്ത് സമീപത്തൊന്നും ഉണ്ടാവില്ലെന്ന് മാത്രം. ഇതറിയാത്ത മറ്റിനം പക്ഷികളെല്ലാം പറന്നു പോകുന്ന നേരം ആന്റ് ശ്രൈക്ക് താഴയിറങ്ങി ഈ പ്രാണികളെ അകത്താക്കും.
ഖുര്‍ആന്‍ പറയുന്നു: ”സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്? അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.” (അന്‍കബൂത്ത് 60)
ഉറുമ്പ്, തേനീച്ച തുടങ്ങി പ്രാണികളെ കൊല്ലാനുള്ള ലൈസന്‍സ് നമുക്ക് അല്ലാഹു നിഷേധിച്ചിരിക്കുന്നു. എന്നാല്‍ അത്തരം കീടങ്ങളുടെ ക്രമാതീതമായ വര്‍ധനവ് നിയന്ത്രിക്കാന്‍ ഇത്തരം പക്ഷികളുടെ സംരക്ഷണം സഹായകമാകുന്നു. ഹുദ്ഹുദും ശ്രൈക്കും പ്രകൃതിയിലെ കീടനാശിനികളായതിനാലാവാം ഇവയെ കൊല്ലല്‍ നബി(സ) പ്രത്യേകം വിലക്കിയത്. അല്ലാഹു പറയുന്നു: ”ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസ സ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്.” (ഖുര്‍ആന്‍ 11:6)

Back to Top