യേശുക്രിസ്തു: ജന്മവും ആഘോഷവും ഡോ. ജാബിര്‍ അമാനി
യേശുവിന്റെ മാതാവും പ്രവാചകന്‍ സകരിയ്യായുടെ ഭാര്യാസഹോദരിയുടെ മകളുമായ മര്‍യം ദൈവസംരക്ഷണത്തില്‍ കന്യകയായി പ്രത്യേകം പരിരക്ഷ ലഭിച്ച് പള്ളിയുടെ ശുശ്രൂഷകയായി ജീവിച്ചുവരികയാണെന്നാണ് ഉപര്യുക്ത വചനങ്ങള്‍ സൂചിപ്പിക്കുന്നത്. തികച്ചും അമാനുഷികമായ ഒരു സംരക്ഷണം. ദൈവികസംരക്ഷണത്തില്‍ ജീവിച്ചുവരുന്ന മര്‍യമിന് പള്ളിയില്‍വെച്ച് യേശുക്രിസ്തുവിന്റെ ജനനത്തെ കുറിച്ച സുവിശേഷം ലഭിക്കുകയുണ്ടായി എന്ന് ഖുര്‍ആന്‍ തുടരുന്നു.
”മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക): മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്കുകയും ലോകത്തുള്ള സത്രീകളില്‍വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭക്തി കാണിക്കുകയും സാഷ്ടാംഗം ചെയ്യുകയും തല കുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക…
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക): മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു ‘വചനത്തെ’പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും.
അവള്‍ (മര്‍യം) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക. എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെത്തന്നെയാകുന്നു (കാര്യം). താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ‘ഉണ്ടാകൂ’ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.” (വി.ഖു. 3:42-47)
മര്‍യമിന്റെ പരിശുദ്ധിയെ സുവ്യക്തമാക്കുന്ന പരാമര്‍ശമാണ് ഖുര്‍ആനില്‍ നാം കാണുന്നത്. ഇനി നാം ചിന്തിക്കൂ, ജോസഫുമായി വിവാഹം നിശ്ചയിക്കപ്പെട്ടതോ കന്യകത്വത്തില്‍ സംശയം ജനിപ്പിക്കുംവിധമുള്ളതോ ആയ ബൈബിള്‍ സൂചനകളാണോ അതോ ഖുര്‍ആനികാധ്യാപനങ്ങളാണോ മര്‍യമിനെ പരിശുദ്ധപ്പെടുത്തുന്നത്? മര്‍യമിന്റെ പരിശുദ്ധിയും അവരുടെ ഉയര്‍ന്ന പദവിയും സംശയമില്ലാതെ പ്രഖ്യാപിക്കുന്നിടത്ത് ഖുര്‍ആന്‍ മാത്രമല്ലേ ന്യായമായും വിജയിച്ചിട്ടുള്ളൂ? യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളും തഥൈവ.
”വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീല്‍) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുന്നില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ).
അദ്ദേഹം പറഞ്ഞു ‘പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിനുവേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: ‘എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. ‘ അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെത്തന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭംധരിക്കുകയും എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറി താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ‘ഞാന്‍ ഇതിനു മുമ്പുതന്നെ മരിക്കുകയും പാടെ വിസ്മരിച്ചു തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനേ! ഉടനെ അവളുടെ താഴ്ഭാഗത്തുനിന്ന് (ഒരാള്‍) അവളെ വിളിച്ചു പറഞ്ഞു. നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിെന്റ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ഈന്തപ്പന മരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍ കുളിര്‍ക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്നപക്ഷം ഇപ്രകാരം പറഞ്ഞേക്കുക. പരമകാരുണികനുവേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ.”(ഖുര്‍ ആന്‍ 19: 16-26)
യേശുവിന്റെ ജനനത്തെക്കുറിച്ച് സമഗ്രവും സമ്പൂര്‍ണവും സംശയാതീതവുമായ അവതരണവും മാതാവിന്റെ പരിശുദ്ധിയും പതിവ്രത്യവും സുതരാം വ്യക്തമാവുന്നതോടൊപ്പം ദൈവനിശ്ചയപ്രകാരം മാനവര്‍ക്ക് ദൃഷ്ടാന്തവും ദൈവകാരുണ്യവുമായിട്ടാണ് യേശുക്രിസ്തുവിന്റെ ജനനമുണ്ടായതെന്ന യാഥാര്‍ഥ്യം ഖുര്‍ആന്‍ ഉണര്‍ത്തുമ്പോള്‍ യേശുവിനെ മഹത്വപ്പെടുത്തുകയാണ് ഖുര്‍ആന്‍. ജനനത്തെക്കുറിച്ച സന്ദേശങ്ങളല്ല ശക്തമായ സന്ദേശമാണ് ഉപര്യുക്തവചനങ്ങള്‍.