യൂറോപ്പിലെ ഏറ്റവും വലിയ പള്ളി
ജര്‍മനിയിലെ കൊളോണില്‍ പണി നടന്ന് വന്ന മുസ്‌ലിം പള്ളി കഴിഞ്ഞയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തത്. ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ പള്ളി ഇതാണ്. തുര്‍ക്കി വംശജര്‍ ഏറ്റവുമധികമുള്ള ജര്‍മന്‍ നഗരമാണ് കൊളോണ്‍. ഇവിടെ പുതിയ പള്ളി സ്ഥാപിക്കുന്നതിനായി മുന്‍കൈ എടുത്തതും തുര്‍ക്കി വംശജരായ മുസ്‌ലിംകളായിരുന്നു. ജര്‍മന്‍ സര്‍ക്കാറിന്റെ സര്‍വ വിധ പിന്തുണയും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇസ്‌ലാമിന്റെ സാമൂഹികമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാകും പള്ളിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുകയെന്നും സംഘാടകര്‍ അവകാശപ്പെട്ടു. എന്നാല്‍ കൊളോണില്‍ പുതിയ മുസ്‌ലിം പള്ളി തുറക്കുന്നതിനെതിരേ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. തുര്‍ക്കി സഹകരണത്തില്‍ ഒരു പള്ളി കൊളോണില്‍ വരുന്നതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്നും പള്ളി ഇവിടെ വേണ്ട എന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. എന്നിട്ടും സര്‍ക്കാര്‍ പള്ളിയുടെ നിര്‍മാണത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി സഹകരനം വാഗ്ദാനം ചെയ്യുകയും ആവശ്യമായ പിന്തുണ നല്‍കുകയുമായിരുന്നു. ഉര്‍ദുഗാന്‍ ഉദ്ഘാടനത്തിനായി വരുന്ന വാര്‍ത്തയറിഞ്ഞ പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ച് മാര്‍ച്ച് നടത്തിയതായും വാര്‍ത്തകളുണ്ട്. ഇത്തവണ പള്ളിക്കെതിരേയല്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന തുര്‍ക്കിയുടെ സാന്നിധ്യവും സഹകരണവുമാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നായിരുന്നു പ്രതിഷേധക്കാരൂടെ വാദം. എന്നാല്‍ ഉര്‍ദുഗാന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് അനുകൂലികളും കൊളോണ്‍ സെന്‍ട്രല്‍ മസ്ജിദില്‍ എത്തിയിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജര്‍മന്‍ ഭരണകൂടം പള്ളിക്ക് ചുറ്റും വന്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു